കൊറോണ ലോകത്തെ അവസാനത്തെ പകര്‍ച്ച വ്യാധിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അന്താരാഷ്ട്ര പകര്‍ച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ മഹാമാരികളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ പുറകോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും കാലങ്ങളായി ലോകത്തെ ജനങ്ങളില്‍ ഭീതിയും അലംഭാവവുമാണുള്ളത്. മഹാമാരികളെ ചെറുക്കാന്‍ ധാരാളം പണം നാം ചിലവഴിക്കുന്നു. എന്നാല്‍ ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ചെറുക്കാനായി യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 ഒരു പാഠമാക്കണമെന്ന് ഗെബ്രിയേസസ് നിര്‍ദ്ദേശം നല്‍കി.

ഒരു മഹാമാരി പ്രതിരോധിക്കാന്‍ പണം മുടക്കുമ്പോള്‍ അടുത്തതിനെപ്പറ്റി നമ്മള്‍ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോള്‍ അത് തടയാന്‍ ശ്രമിക്കുന്നു. ഇത് ദീര്‍ഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നമ്മള്‍ കടുത്ത മഹാമാരിയെ അഭിമുഖീകരിച്ചേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതായിരിക്കില്ല അവസാന മഹാമാരി. മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെയാണ് ഈ മഹാമാരി തെളിയിക്കുന്നത്. ഈ ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മനുഷ്യാരോഗ്യം മെച്ചപ്പെടില്ല. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതം ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here