സിംഗപ്പൂര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച ബ്രിട്ടീഷുകാരന് ആറ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 52 കാരനായ നിഗല്‍ സ്‌കീയയാണ് സിംഗപ്പൂരിന്റെ കോവിഡ് നിയമങ്ങള്‍ ലംഘിച്ചത്. സിംഗപ്പൂരിലെ പഞ്ചനക്ഷത്ര റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ തന്റെ മുറിയില്‍ നിന്ന് ഭാവിവധു അഗത മഗേഷ് ഇയാമലയെ (39) മറ്റൊരു മുറിയില്‍ സന്ദര്‍ശിക്കാന്‍ പോയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നിയമലംഘനത്തിന് കേസെടുത്തിരിക്കുന്നത്.

സിംഗപ്പൂരിലെത്തുന്ന യാത്രക്കാര്‍ പതിനാല് ദിവസത്തേക്ക് ഹോട്ടലിലോ, വീടുകളിലോ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിയമം. ഈ സമയം മറ്റുള്ള ആളുകളുമായി സഹവാസം പാടില്ല. എന്നാല്‍ നിഗല്‍ സ്‌കീയ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് നിയമം ലംഘിച്ച് ക്വാറന്റൈനില്‍ അല്ലാതിരുന്ന ഭാവിവധുവിന്റെ മുറിയില്‍ പ്രവേശിക്കുകയും ഒന്‍പത് മണിക്കൂറോളം ചെലവഴിക്കുകയും ചെയ്യുകയായിരുന്നു. മൂന്ന് തവണ ഇയാള്‍ ഇയാമലയുടെ മുറിയിലേക്ക് പോയിരുന്നു. ഇതില്‍ ഒരു തവണ മാസ്‌ക് ധരിക്കാതെ എമര്‍ജന്‍സി സ്‌റ്റെയര്‍വാളിലൂടെ മുറിയിലേക്ക് പ്രവേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസിനാസ്പദമായി നിയമലംഘനം നടക്കുന്ന സമയത്ത് അഗത മഗേഷ് ഇയാമല സ്‌കീയുടെ ഭാവി വധുവായിരുന്നുവെങ്കിലും പിന്നീട് ഇവര്‍ വിവാഹിതരായിരുന്നു. അതേസമയം ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് നിഗല്‍ സ്‌കീയ ഖേദം പ്രകടിപ്പിച്ചു. പങ്കാളിയെ സഹായിക്കുകയും മുറിയില്‍ വരാന്‍ അനുവദിക്കുകയും ചെയ്തതിന് നിഗല്‍ സ്‌കീയയുടെ ഭാര്യ അഗത മഗേഷ് ഇയാമലയും ഖേദം പ്രകടിപ്പിച്ചു. ദമ്പതികള്‍ക്ക് ഫെബ്രുവരി 26 ന് കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ശിക്ഷ ലഭിച്ചേക്കും. ഓരോരുത്തര്‍ക്കും ആറ് വര്‍ഷം വരെ തടവും 7,558 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ദമ്പതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here