ജനീവ: ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ നല്‍കിയ ശേഷവും രോഗികളിടെ എണ്ണത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടായ സീഷെല്‍സില്‍ നിന്നുള്ള കോവിഡ് വിവരങ്ങള്‍ അവലോകനം ചെയ്തുവരികയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്നാണ് രാജ്യത്ത് നിന്നുള്ള കോവിഡ് വിവരങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ എടുക്കാത്തവരും അല്ലെങ്കില്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരുമാണെന്ന് സീഷെല്‍സ് ആരോഗ്യ മന്ത്രാലയവും ഡബ്ല്യു.എച്ച്.ഒയും വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരും മരണമടഞ്ഞിട്ടില്ലെന്നും കഠിനമായി രോഗം ബാധിക്കുകയും ചികിത്സ ആവശ്യമായി വരികയും ചെയ്തവര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വിവരങ്ങള്‍ അവലോകനം ചെയ്യുകയാണെന്നും പുരോഗതി വിലയിരുത്തുകയും പ്രവണതകള്‍ മനസിലാക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ. വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം ഏപ്രില്‍ 30 ലെ 120 ല്‍ നിന്ന് മെയ് എട്ടിന് 314 ആയി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും മറ്റൊരു വ്യക്തിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള സീഷെല്‍സ് തങ്ങളുടെ ജനതയ്ക്ക് വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചൈനയുടെ പക്കല്‍ നിന്ന് ലഭിച്ച സിനോഫാമും ഇന്ത്യയില്‍ നിന്ന് കിട്ടിയ കോവിഷീല്‍ഡുമാണ് സീഷെല്‍സ് വാക്‌സിനേഷനായി ഉപയോഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here