കൈറോ: ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിലെ ഇരട്ടപാത വിപുലീകരണത്തിന് തുടക്കമായി. സൂയസ് കനാൽ അതോറിറ്റിയുടെ (എസ്‌സി‌എ) മേൽനോട്ടത്തിലാണ് ഡ്രെഡ്ജിങ് ജോലികൾ ആരംഭിച്ചത്.

മാർച്ച് 23ന് ചരക്കുകപ്പൽ ‘എവർ ഗിവൺ കുടുങ്ങിയ സ്ഥലത്തിന് സമീപം കനാലിന്‍റെ തെക്കു ഭാഗത്ത് രണ്ടു വഴികളിലൂടെ ഗതാഗതം അനുവദിക്കുന്ന രണ്ടാമത്തെ പാതയാണ് വിപുലീകരിക്കുന്നത്. 2015ൽ തുറന്ന രണ്ടാമത്തെ കനാൽപാത 10 കിലോമീറ്റർ നീട്ടാനാണ് പദ്ധതി. ഇതുവഴി പാതയുടെ നീളം 82 കിലോമീറ്ററായി ദീർഘിപ്പിക്കാനാവും.

മാർച്ച് 23നാണ് കാറ്റിലുലഞ്ഞ് കരയിലേക്ക് ഇടിച്ചുകയറിയ രണ്ടുലക്ഷം ടൺ ചരക്കുകയറ്റിയ പടുകൂറ്റൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഇരുവശങ്ങളിലും ചെളിയിൽ പുതഞ്ഞത്. കപ്പൽ കുടുങ്ങിയത് ഇതുവഴിയുള്ള ഗതാഗതം ആറു ദിവസം തടസപ്പെടാൻ ഇടയാക്കി.

‘എവർ ഗിവൺ’ വഴിമുടക്കിയതിന് പിന്നാലെ സൂയസ് കനാൽ മാത്രമല്ല, കനാലുമായി ബന്ധിപ്പിക്കുന്ന മെഡിറ്ററേനിയനിലും ചെങ്കടലിലുമായി 422 കപ്പലുകളാണ് കുടുങ്ങിയത്. ഒരാഴ്ച നീണ്ട രക്ഷാദൗത്യത്തിന് ശേഷമാണ് കനാൽപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചത്.

ഇതിന് പിന്നാലെയാണ് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസി രണ്ടാം പാതയുടെ വിപുലീകരണം വേഗത്തിലാക്കാൻ സൂയസ് കനാൽ അതോറിറ്റിക്ക് നിർദേശം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here