ബഹ്റൈൻ: ചൈനയുടെ കൊവിഡ് പ്രതിരോധ വാക്‌സിനുകൾ വാങ്ങിയ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വ‌ർദ്ധിക്കുന്നതായി പരാതി. ജനസംഖ്യയുടെ 50 മുതൽ 68 ശതമാനം വരെ ആളുകൾക്ക് വാക്‌സിനേഷൻ ഫലപ്രദമായി നടപ്പാക്കിയ പല രാജ്യങ്ങളിലും ഈയാഴ്‌ച അതിവേഗം കൊവിഡ് പടർന്നു പിടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

മംഗോളിയ, ചിലി, സീഷെൽസ്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ രോഗവ്യാപനം ഈയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇത്രയധികം രാജ്യങ്ങളിൽ കൊവിഡ് മടങ്ങിവരുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തിയില്ലായ്‌മയാണ് കാണിക്കുന്നത്. ചൈനീസ് കൊവിഡ് വാക്‌സിനായ സീനോഫാം അംഗീകരിച്ച ആദ്യ രണ്ട് അറബ് രാജ്യങ്ങൾ യു‌എ‌ഇയും ബഹ്റൈനുമാണ്. എന്നാൽ ഇപ്പോൾ ഏറ്റവുമധികം മദ്ധ്യേഷ്യയിൽ രോഗം സ്ഥിരീകരിക്കുന്നതും ഇവിടെയാണ്.

എന്നാൽ ലോകമാകെ വാക്‌സിനേഷനിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ എങ്ങനെ പുതിയ രോഗമുണ്ടാകുന്നു എന്നത് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുകയാണ്. കൊവിഡ് നിയന്ത്രണങ്ങളെ പാടേ ഉപേക്ഷിക്കുന്നതാണ് ഇത്തരം വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഫൈസർ വാക്‌സിൻ വിതരണം ചെയ്‌ത ഇസ്രയേലാണ് ലോകത്തിൽ വാക്‌സിൻ നിരക്കിൽ രണ്ടാമത്, ഇവിടെ പത്ത്‌ ലക്ഷം പേരിൽ 4.95 ആണ് രോഗ നിരക്ക്. സീനോഫാം വിതരണ ചെയ്‌ത സീഷെൽസിൽ ഇത് 716 ആണ്. ചൈനയും അവരുടെ വാക്‌സിൻ ലഭിച്ച 90 രാജ്യങ്ങളും ഭാഗികമായി മാത്രം പ്രതിരോധശേഷി നേടിയതാണ്. വരുംകാലത്ത് ലോകശക്തിയാകാൻ ഒരവസരമായാണ് ചൈന അവരുടെ വാക്‌സിൻ നയതന്ത്രത്തെ കണ്ടത്. ഇതിലാണ് ഇപ്പോൾ ഇടിവ് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം മംഗോളിയയിൽ 800 ആയിരുന്നു രോഗികളുടെ എണ്ണം. ഇത് ഞായറാഴ്‌ച മാത്രം 2400 എത്തി. എന്നാൽ രോഗബാധയും തങ്ങളുടെ വാക്‌സിനും തമ്മിൽ ബന്ധമില്ലെന്നാണ് ചൈനീസ് വിശദീകരണം. വിവിധ രാജ്യങ്ങളിൽ വാക്‌സിനേഷൻ നിരക്ക് കുറവാണ്, അതല്ലെങ്കിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നുമാണ് ചൈന പറയുന്നത്.വാക്‌സിൻ ഉപയോഗിച്ച മിക്ക രാജ്യങ്ങളും അത് സുരക്ഷിതമാണെന്ന് അറിയിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഫൈസർ, മൊഡേണ വാക്‌സിനുകൾക്ക് 90 ശതമാനത്തിലേറെ ഫലപ്രാപ്‌തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈനയുടെ സീനോഫാമിന് 78.1 ശതമാനവും സിനോവാകിന് 51 ശതമാനവുമാണ് ഫലപ്രാപ്‌തി. ഇവയെക്കുറിച്ചുള‌ള കൂടുതൽ വിവരങ്ങൾ ചൈനീസ് കമ്പനികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിലിയിൽ നടത്തിയ പഠനത്തിൽ ഇവയ്‌ക്ക് ഫൈസറിനെയും മൊഡേണയുടെയും പോലെ ഫലപ്രദമായി രോഗം തടയാനുള‌ള കഴിവ് കുറവാണെന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here