മോസ്കോ: ഇരുപത്‌ വർഷം നീണ്ട യുദ്ധത്തിനൊടുവിൽ അഫ്‌ഗാനിസ്ഥാനിലെ അമേരിക്കയുടെ നേട്ടം ‘വട്ടപ്പൂജ്യ’മെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. അമേരിക്കയ്ക്കും അവരുടെ പട്ടാളക്കാർക്കും നഷ്ടമുണ്ടാക്കുകയും അഫ്‌ഗാൻകാരെ ദുരിതത്തിലാക്കുകയും ചെയ്തതൊഴിച്ചാൽ ഒരു ഗുണവും ഉണ്ടായില്ല. പുതിയ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രദേശത്തെ ജനതയുടെ സംസ്കാരവും ജീവിതക്രമവും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഫ്‌ഗാനിൽനിന്ന്‌ പിന്മാറിയത്‌ അമേരിക്കയുടെ ഏറ്റവും നല്ല തീരുമാനമാണെന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. അവിടെ ചെയ്തുവന്ന ‘താണ നിലവാരത്തിലുള്ള’ പ്രവർത്തനങ്ങൾ തുടരാൻ ആവശ്യപ്പെടുന്നവർ ജീവൻ നൽകി പോരാടിയ സൈനികരുടെ താൽപ്പര്യം മനസ്സിലാക്കാത്തവരാണ്‌. രണ്ടു ലക്ഷം കോടി ഡോളർ ചെലവിട്ട  ‘ലക്ഷ്യമില്ലാത്ത യുദ്ധം’ തുടരുന്നതിനു പകരം ചൈനയുമായുള്ള മത്സരത്തിൽ മുന്നിലെത്താൻ അമേരിക്കയുടെ വിഭവങ്ങൾ വിനിയോഗിക്കും. 2001ലെ പ്രശ്‌നങ്ങളല്ല, 2021ലെ ഭീഷണികൾ നേരിടാനാണ്‌ പ്രാധാന്യം നൽകുന്നതെന്നും ബൈഡൻ പറഞ്ഞു.

അഫ്‌ഗാനിൽ തുടരുന്ന ബ്രിട്ടീഷുകാരുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതൻ ദോഹയിൽ താലിബാൻ നേതാക്കളെ കണ്ടു. ഇന്ത്യയും അമേരിക്കയും സംയുക്തമായി തീവ്രവാദത്തിനെതിരെ  പോരാടണമെന്ന്‌ അമേരിക്കൻ കോൺഗ്രസ്‌ അംഗം രാജ കൃഷ്ണമൂർത്തി പറഞ്ഞു. താലിബാനോടുള്ള സമീപനത്തിൽ പാകിസ്ഥാൻ ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്ന്‌ വാർത്താവിതരണമന്ത്രി ഫവാദ്‌ ചൗധരി പറഞ്ഞു. താലിബാൻ അഫ്‌ഗാൻ നേതൃത്വത്തിലെത്തിയതോടെ തീവ്രവാദ സംഘടനകളുടെ ഭീഷണി ശക്തമായെന്ന്‌ ചൈനയിലെ പാക്‌ സ്ഥാനപതി മോയ്‌ൻ ഉൾ ഹഖ്‌ പറഞ്ഞു. ചൈനയുമായി ചേർന്ന്‌ തീവ്രവാദ വിരുദ്ധ പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here