Friday, June 2, 2023
spot_img
Homeന്യൂസ്‌പുതിയ വാർത്തകൾഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോ ഫെസ്റ്റിവലിന് ഇന്ന് (ശനിയാഴ്ച) തുടക്കമാകും

ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോ ഫെസ്റ്റിവലിന് ഇന്ന് (ശനിയാഴ്ച) തുടക്കമാകും

-

കൊച്ചി: പരിസ്ഥിതിസ്നേഹികളും ഫോട്ടോഗ്രഫിപ്രേമികളും ഏറെ കാത്തിരിക്കുന്ന 13-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോ ഫെസ്റ്റിവലിന് ശനിയാഴ്ച (നവംബര്‍ 20) ഗ്രീന്‍സ്റ്റോമിന്റെ വെബ്സൈറ്റായ www.greenstorm.green-ല്‍ തുടക്കമാകും.

42 രാജ്യങ്ങളില്‍ നിന്നുള്ള 3519 ഫോട്ടോഗ്രാഫര്‍മാരാണ് ഇക്കുറി ഗ്രീന്‍സ്റ്റോം ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ക്കായുള്ള ആദ്യഘട്ടത്തില്‍ മത്സരിച്ചത്. യുഎസ്എ, യുകെ, റഷ്യ, ഇറാന്‍, ഫിലിപ്പീന്‍സ്, അയര്‍ലണ്ട്, മൊറോക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

യുഎന്‍ഇപിയുെട സഹകരണത്തോടെ നടത്തി വരുന്ന മത്സരത്തിന്റെ ഈ പ്രദര്‍ശനഘട്ടത്തില്‍ നിന്ന് പ്രമുഖരുള്‍പ്പെട്ട ജൂറി 25 ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ഈ 25 ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനും പ്രേക്ഷകരുടെ വോട്ടിംഗിനുമായി എത്തിയിരിക്കുന്നത്. അഡ്വര്‍ടൈസിംഗ് ഗുരു പ്രതാപ് സുതനാണ് ഈ വര്‍ഷത്തെ ജൂറി ചെയര്‍പെഴ്സണ്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ ഐശ്വര്യ ശ്രീധര്‍, ബംഗളൂരുവില്‍ നിന്നുള്ള ലാന്‍ഡ്സേക്പ് ആര്‍ക്കിടെക്റ്റ് മൈക്ക്ള്‍ ലിറ്റ്ല്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഓരോ വര്‍ഷവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ എന്‍ട്രികള്‍ വരുന്നത് ഗ്രീന്‍സ്റ്റോം ഫോട്ടോഗ്രാഫി അവാര്‍ഡിന്റെ പ്രസക്തി വര്‍ധിച്ചു വരുന്നതിന്റെ സൂചനയാണെന്ന് ജൂറി ചെയര്‍മാന്‍ പ്രതാപ് സുതന്‍ പറഞ്ഞു. പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതില്‍ നമുക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ഈ മത്സരത്തിനും പ്രദര്‍ശനത്തിനും സാധിക്കുന്നുണ്ട്. ഒപ്പം മനോഹരമായ കലാസൃഷ്ടികള്‍ കൂടിയാണ് ഇവിടെ മത്സരിക്കുന്ന ഈ ഫോട്ടോഗ്രാഫുകള്‍, പ്രതാപ് സുതന്‍ പറഞ്ഞു.

ബംഗാളിലെ ഒരു കടല്‍ത്തീരത്ത് ഇഴഞ്ഞു നീങ്ങുന്ന നൂറു കണക്കിന് റെഡ് ഗോസ്റ്റ് ഞണ്ടുകളുടെ കൂട്ടം, മ്യാന്‍മറിലെ സാക്കാ ഇന്‍ ഗ്രാമത്തില്‍ അവിശ്വസനീയമായി കാണപ്പെടുന്ന ഒരു തടാകത്തിനു നടുവിലെ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ വേണ്ടി പൊളിഞ്ഞു വീഴാറായ ഒരു പാലം കടന്നു പോകുന്ന പെണ്‍കുട്ടി, ഇറാനിലെ നവവത്സരാഘോഷമായ നവ്രൂസിനായി അലങ്കരിച്ച ബസ്സില്‍ യാത്ര ചെയ്യുന്ന പ്രായം ചെന്ന ദമ്പതിമാര്‍, ബംഗ്ലാദേശിലെ റീസൈക്ക്ളിംഗ് ഫാക്ടറിയിലെ പ്ലാസ്റ്റിക് കുപ്പികളുടെ മലയില്‍ വിശ്രമിക്കുന്ന വനിതാജോലിക്കാര്‍, 2019ലെ വെള്ളപ്പൊക്ക സമയത്ത് ആലപ്പുഴ-നാകപ്പുഴ ജലപാതയിലൂടെ ഒഴുകിനടക്കുന്ന തെര്‍മോക്കോള്‍ കണ്ടെയ്നറില്‍ മുള പൊട്ടിയ അപൂര്‍വമായ ഒരു കണ്ടല്‍ച്ചെടി… ഇത്തവണത്തെ പ്രദര്‍ശന മത്സരത്തിന് അണിനിരക്കുന്ന മനോഹരങ്ങളായ ഫോട്ടോഗ്രാഫുകള്‍ പറയുന്ന കഥകളില്‍ ചിലതാണ് ഇവ. ഇത്തരം 25 ചിത്രങ്ങളാണ് പ്രകൃതിയുടെ പുനരുത്ഥാനത്തിനു വേണ്ടി ഗ്രീന്‍സ്റ്റോമിന്റെ വെബ്സൈറ്റില്‍ കണ്ണുകളെ തേടുന്നത്.

സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനിലൂടെ അവരവര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ക്ക് വോട്ടു ചെയ്യാം. പ്രവേശനം സൗജന്യം. ജൂറി മാര്‍ക്കുകളുടേയും വോട്ടുകളുടേയും അടിസ്ഥാനത്തില്‍ വിജയികളെ തെരഞ്ഞെടുക്കും. യുഎന്‍ഇപിയുടെ ലോകപരിസ്ഥിതിദിന ഇതിവൃത്തത്തിലൂന്നിക്കൊണ്ട് പച്ച പാരമ്പര്യം പുനസ്ഥാപിക്കുക എന്നതായിരുന്നു ഇത്തവണത്തെ മത്സരവിഷയം. തങ്ങളുടെ ചുറ്റുപാടുമുള്ള പ്രകൃതിയുടെ പുനരുജ്ജീവനഗാഥകള്‍ ക്യാമറയിലാക്കാനായിരുന്നു ഫോട്ടോഗ്രാഫര്‍മാരുടെ വെല്ലുവിളി.

ഡിസംബര്‍ 15 വരെ ഓണ്‍ലൈന്‍ പ്രദര്‍ശനം തുടരും. വിജയികള്‍ക്ക് മൊത്തം 1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും.

ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം നടത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണന്‍ പറഞ്ഞു. പ്രകൃതിയുടെ പുനരുജ്ജീവനത്തിനും പുനസ്ഥാപനത്തിനും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സര്‍ഗാത്മകമായി എന്തു ചെയ്യാന്‍ കഴിയും എന്ന അന്വേഷണമാണ് ഇതിലൂടെ മുന്നോട്ടു വെയ്ക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പബ്ലിക് ട്രസ്റ്റായ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ 52 രാജ്യങ്ങളിലെത്തിയിട്ടുണ്ട്. 12 വര്‍ഷത്തിനിടെ 1.2 കോടി ആളുകള്‍ വിവിധ പ്രദര്‍ശനങ്ങള്‍ കണ്ടു.

ഫോട്ടോ ക്യാപ്ഷന്‍

1. മ്യാന്‍മറില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ ക്യാവ് തുവിന്റെ ഫോട്ടോ – മ്യാന്‍മറിലെ സാക്കാ ഇന്‍ ഗ്രാമത്തില്‍ അവിശ്വസനീയമായി കാണപ്പെടുന്ന ഒരു തടാകത്തിനു നടുവിലെ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ വേണ്ടി പൊളിഞ്ഞു വീഴാറായ ഒരു പാലം കടന്നു പോകുന്ന പെണ്‍കുട്ടി2. ഇറാനില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ മുഹമ്മദ്‌റെസ മസൂമിയുടോ ഫോട്ടോ – ഇറാനിലെ ഖാല്‍ഖലില്‍ മനുഷ്യര്‍ നട്ടുവളര്‍ത്തിയുണ്ടാക്കിയ കാട്3. കശ്മീരിലെ അമിതാവ ചന്ദ്രയുടെ ഫോട്ടോ – ദാല്‍ തടാകത്തിലെ ഒഴുകിനടക്കുന്ന പച്ചക്കറിച്ചന്ത4. ഫിലിപ്പീന്‍സിലെ ജോഫെല്‍ ബൊടെറോ യിബിയോസയുടെ ഫോട്ടോ – സുസ്ഥിരമായ ഒരു ഭാവിയുടെ പ്രതീകാത്മക ചിത്രം


5. പശ്ചിമ ബംഗാളില്‍ നിന്നുള്ള അപര്‍ണ ബസു ചൗധരിയുടെ ഫോട്ടോ – തെക്കന്‍ ബംഗാളിലെ ചണക്കൃഷി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: