റിയാദ്: യമന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് സൗദി അറേബ്യ. യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വിശുദ്ധ റമദാന്‍ സമാഗതമാകുന്ന സാഹചര്യത്തില്‍ യുദ്ധം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 2015 മുതല്‍ യുദ്ധം തുടരുന്ന യമനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഐക്യരാഷ്ട്രസഭ.

സൗദി സഖ്യവുമായും ഹൂതികളുമായും യുഎന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ വീര്യം കൂടിയ ബോംബുകള്‍ വര്‍ഷിക്കുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റമദാന്‍ മാസം വരുന്നതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി സഖ്യത്തിന്റെ പ്രഖ്യാപനം.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ശുഭ സൂചനയാണെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ പറയുന്നു. ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും എന്നാണ് സൗദി സഖ്യസേന അറിയിച്ചിട്ടുള്ളത്. റമദാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും എണ്ണ കപ്പലുകള്‍ക്ക് സുഗമമായ പാത ഒരുക്കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ ആവശ്യം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് പകരമായി എണ്ണ കപ്പലുകള്‍ക്ക് യാത്ര സൗകര്യം ഒരുക്കണം, യമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങള്‍ക്ക് സര്‍വീസ് അനുവദിക്കണം എന്നീ ഉപാധികളും യുഎന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 27ന് ശേഷം നാല് എണ്ണ കപ്പലുകളാണ് യമനിലെ ഹുദൈദ തുറമുഖത്ത് പെട്ടിരിക്കുന്നത്. 2015 മുതല്‍ അടച്ചിട്ടിരിക്കുകയാണ് സന്‍ആ വിമാനത്താവളം. 2015ലാണ് സൗദി സഖ്യസേന യമനില്‍ സൈനികമായി ഇടപെട്ടത്. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഭരണകൂടത്തെ ഹൂതികള്‍ അട്ടിമറിച്ചതിനെ തുടര്‍ന്നായിരുന്നു സൗദിയുടെ ഇടപെടല്‍. യമനിലെ കടല്‍, വ്യോമ പാതകള്‍ ഇപ്പോള്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ കരമേഖലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണം ഹൂതികള്‍ക്കാണ്.

യമന്‍ വിഷയത്തില്‍ ജിസിസി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു യോഗം നടക്കാനിരിക്കുകയാണ്. സൗദി വിളിച്ചുചേര്‍ക്കുന്ന യോഗത്തിലേക്ക് ഹൂതികള്‍ക്കും ക്ഷണമുണ്ടെന്നാണ് വിവരം. പങ്കെടുക്കില്ലെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാല്‍ മാത്രമേ സൗദിയുമായി സഹകരിക്കൂ എന്നാണ് ഹൂതികളുടെ പ്രതികരണം. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം ആക്രമണം നിര്‍ത്താന്‍ ഹൂതികള്‍ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സൗദി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ ആക്രമണങ്ങള്‍ക്ക് സാധ്യതയില്ല എന്നാണ് മനസിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here