ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുമെന്ന് ഉറപ്പായിട്ടും ഇന്നു വെളുപ്പിന് വരെ അതിനെ അഭിമുഖീകരിക്കാതെ ഒളിച്ചുകളിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പട്ടാളത്തിന്റെ കാവലിൽ പാർലമെന്റ് അവിശ്വാസ പ്രമേയം പാസാക്കി. അവസാന ഓവറിലും കടിച്ചുതൂങ്ങിയ മുൻ ക്രിക്കറ്റ് ഓൾ റൗണ്ടർക്ക് രാഷ്ട്രീയ ഇന്നിംഗ്സിൽ നാണംകെട്ട പുറത്താകൽ.

അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്താതെ നാലുവട്ടം സഭ നിറുത്തിവച്ച സ്പീക്കർ അസദ് ഖയ്സറും ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയും രാജിവച്ചു. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. സഭാംഗമായ അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നൽകി വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഭരണ പക്ഷം വിട്ടു നിന്നു. പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യത. പ്രഖ്യാപനം ഇന്നുണ്ടാകും.

പട്ടാളം രംഗത്ത് ഇറങ്ങുന്നതിനു മുമ്പ് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജ്‌വയെ പുറത്താക്കിയെന്ന അഭ്യൂഹത്തിനിടെ ഇമ്രാനെ പട്ടാളം വീട്ടുതടങ്കലിലാക്കിയെന്നാണ് സൂചന.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം സഭയിൽ പരിഗണിക്കാതെ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളുകയും ഇമ്രാന്റെ ശുപാർശ പ്രകാരം പ്രസിഡന്റ് ആരിഫ് അൽവ ദേശീയ അസംബ്ളി പിരിച്ചുവിടുകയും ചെയ്തെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കി അവിശ്വാസം വോട്ടിനിടാൻ കല്പിച്ചതിനെ തുടർന്നാണ് ഇന്നലെ സഭ കൂടിയത്.

രാവിലെ പത്തരയോടെ സഭ ചേർന്നെങ്കിലും ഇമ്രാൻ അടക്കം ഭരണ പക്ഷത്തെ ഒട്ടുമുക്കാലും അംഗങ്ങൾ എത്തിയില്ല. പ്രതിപക്ഷ അംഗങ്ങൾ എല്ലാവരും എത്തിയിരുന്നു. ഇമ്രാനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചനയും ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ സഭ ബഹളത്തിൽ മുങ്ങി. ഉച്ചയോടെ നിറുത്തിവച്ചു.
ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് പുനരാരംഭിച്ചത്. പിന്നാലെ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയുടെ പ്രസംഗം ഏറെ നേരെ നീണ്ടുനിന്നു.

പരമാവധി നേരം പ്രസംഗിച്ച് അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാനാണ് ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷ മന്ത്രിമാർ ശ്രമിച്ചത്.

വൈകുന്നേരം വീണ്ടും ചേർന്നെങ്കിലും

ഇഫ്താർ വിരുന്നിനായി സന്ധ്യയോടെ നിറുത്തിവച്ച യോഗം രാത്രി 8.30 ന് പുനരാരംഭിക്കുമെന്ന് അറിയിച്ചു. ഇഷാ പ്രാർത്ഥനകൾക്കായി 9.30 വരെ വീണ്ടും നിറുത്തിവച്ചു.

രാത്രി 9 ന് ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മന്ത്രിമാരുടെ യോഗം വിളിച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് അപ്പീൽ നൽകിയെങ്കിലും അവധിയായതിനാൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല.
പ്രാദേശിക സമയം ഇന്നലെ രാത്രി പത്തരയ്ക്ക് മുമ്പ് അവിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇത് നടപ്പാക്കുന്നില്ലെന്ന് കണ്ട് രാത്രിതന്നെ കോടതി ചേരാൻ ചീഫ് ജസ്റ്റിസ് നടപടി തുടങ്ങിയിരുന്നു. അതിനിടെയാണ് പട്ടാളത്തിന്റെ ഇടപെടൽ ഉണ്ടായതും വോട്ടെടുപ്പ് നടത്തി ഇമ്രാൻ സർക്കാരിനെതിരായ അവിശ്വാസം പാസാക്കിയതും.

2018 ആഗസ്റ്റ് 17നാണ് ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് സൈന്യത്തിന്റെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയത്.

142 അംഗങ്ങൾ:

ഭരണമുന്നണിയിൽ

199 അംഗങ്ങൾ:

പ്രതിപക്ഷ മുന്നണിയിൽ

172 വോട്ട്:

അവിശ്വാസം പാസാവാൻ

342 അംഗങ്ങൾ:

ദേശീയ അംസംബ്ളിയിൽ

പ്രധാന പ്രതിപക്ഷം

പാകിസ്ഥാൻ മുസ്ലീം ലീഗ് (നവാസ് )-84

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി- 56

പിന്തുണ നൽകുന്ന മറ്റുള്ളവർ-59

LEAVE A REPLY

Please enter your comment!
Please enter your name here