പ്രത്യാശയുടെ സന്ദേശവുമായി ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ലോകത്തെ മുഴുവന്‍ വീടുകള്‍ക്കുള്ളിലൊതുക്കിയ കോവിഡെന്ന മഹാവ്യാധിയുടെ പിടിയില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ടിരിക്കുന്ന സമയത്തെ ഈസ്റ്ററാഘോഷത്തിന് നിറങ്ങള്‍ കൂടുതലാണ്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാതിരാകുര്‍ബാനയും പ്രാര്‍ത്ഥനകളുമായി വിശ്വാസികളും പള്ളികളും ഭക്തിയുടെ അലയൊലികളാല്‍ വീണ്ടും സജീവമായി.

ഈസ്റ്ററില്‍ ഏറ്റവും പ്രാധാന്യം പാതിരാകുര്‍ബാനയ്ക്കാണ്. അതു കഴിഞ്ഞാല്‍ പിന്നെ ഈസ്റ്റര്‍ വിഭവങ്ങളൊരുങ്ങും. നിരവധി അനവധി വിഭവങ്ങള്‍ക്കൊപ്പം ഈസ്റ്റര്‍ എഗ്ഗുമുണ്ടാകും. ഈസ്റ്റര്‍ എഗ്ഗ് അഥവാ ഈസ്റ്റര്‍ മുട്ട ഒരു പ്രതീകമാണ്. കുരിശിലേറ്റിയതിന്റെ മൂന്നാം നാള്‍ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയ്ക്കാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ ഒഴിഞ്ഞ ശവകല്ലറയുടെ അടയാളമായി, ഈസ്റ്റര്‍ മുട്ടകള്‍ യേശുവിന്റെ പുനരുത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു.

പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ട. മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ തിരിച്ചു വരവിനെ ഈസ്റ്റര്‍ മുട്ട തയ്യാറാക്കിയാണ് വിശ്വാസികള്‍ ആഘോഷിക്കുക. പാതിരാ കുര്‍ബാനയ്ക്കു ശേഷം പള്ളികളില്‍ ഈസ്റ്റര്‍ മുട്ട ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു വിതരണം ചെയ്യും. പുഴുങ്ങിയ കോഴിമുട്ട അലങ്കരിച്ച ഭംഗിയാക്കിയാണ് ഈസ്റ്റര്‍ എഗ്ഗ് തയ്യാറാക്കുന്നത്. മുട്ടയുടെ പുറത്ത് പല നിറങ്ങള്‍ നല്‍കിയും ചായം പൂശിയും അലങ്കരിച്ച് ആകര്‍ഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റര്‍ മുട്ട.

ഇന്നിപ്പോള്‍ ഈസ്റ്റര്‍ എഗ്ഗഗിന് പല തരം വ്യത്യസ്ഥതകളുണ്ട്. ഫോയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകള്‍, കൈകൊണ്ട് നിര്‍മ്മിച്ച തടിയിലുള്ള മുട്ടകള്‍, ചോക്ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകള്‍ എന്നിവയെല്ലാം കൂടുതല്‍ ഭംഗിക്കായും പാരമ്പര്യത്തെ പിന്തുടര്‍ന്നുമൊക്കെ ഉപയോഗിക്കാറുണ്ട്. ഈസ്റ്റര്‍ എഗ്ഗ് വളരെ സന്തോഷത്തോടെ എല്ലാവരും തയ്യാറാക്കുകയും കൈമാറുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണമറിയില്ല.

അതേസമയം ഈസ്റ്റര്‍ എഗ്ഗുമായി ബന്ധപ്പെട്ട് പലതരം കഥകള്‍ പ്രചരിക്കുന്നുമുണ്ട്. ഈസ്റ്റര്‍ എഗ്ഗിനെ മുയലുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളാണ് അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളത്. ഈസ്റ്റര്‍ ബണ്ണിയെന്ന മുയലുകളാണ് ഈസ്റ്റര്‍ മുട്ട കൊണ്ടുവരുന്നതെന്നാണ് ഈ രാജ്യങ്ങളിലെ വിശ്വാസം. ഐതിഹ്യമെന്തു തന്നെയായാലും ഹൃദ്യമായ സമീപനമാണ് ഈസ്റ്റര്‍ മുട്ടകള്‍ പ്രദാനം ചെയ്യുന്നത്. മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ തിരിച്ചു വരവിനെ ഈസ്റ്റര്‍ മുട്ട തയ്യാറാക്കി ആഘോഷിക്കുകയാണ് ക്രൈസ്തവ വിശ്വാസികള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here