അജു വാരിക്കാട്

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങള്‍ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നതായി എല്ലാ രാജ്യങ്ങളും പല കോര്‍പ്പറേറ്റുകളും മിക്ക പൗരന്മാരും അവകാശപ്പെടുന്നു. ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നായി ഹരിത ഊര്‍ജ്ജം അല്ലെങ്കില്‍ ഗ്രീന്‍ എനര്‍ജി ഇന്ന് നമ്മുടെ മുന്‍പിലുണ്ട്. കല്‍ക്കരിക്ക് പകരം ജലവൈദ്യുതവും, ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം സൗരോര്‍ജ്ജവും, പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം വൈദ്യുത വാഹനങ്ങളും ഇന്ന് വന്നു കഴിഞ്ഞിരിക്കുന്നു.

ഇവികള്‍ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവും, സുസ്ഥിരവുമായവയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അവ അങ്ങനെ തന്നെയാണോ? പരിസ്ഥിതിക്ക് ശുദ്ധമായത് യഥാര്‍ത്ഥത്തില്‍ ശുദ്ധമായിരിക്കില്ല. ഒരു ഇവിയുടെ തിളങ്ങുന്ന പുറംമോടിക്ക് താഴെ മറഞ്ഞിരിക്കുന്നത് ചോരപ്പാടുകള്‍ നിറഞ്ഞ ബാറ്ററികളുടെ കഥയാണ്. ഈ കാറുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍, കടുത്ത ദാരിദ്ര്യം, ബാലവേല എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.
ഒരു ഇലക്ട്രിക് കാര്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാം.

എന്നാല്‍ ഈ ബാറ്ററികള്‍ എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ അപൂര്‍വ ലോഹങ്ങള്‍ കൊണ്ടാണ് അവ നിര്‍മ്മിക്കുന്നത്. കോബാള്‍ട്ട് ബാറ്ററികള്‍ക്ക് സ്ഥിരത നല്‍കുകയും സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. കോബാള്‍ട്ട് ഒരു നീലകലര്‍ന്ന ചാരനിറത്തിലുള്ള ലോഹമാണ്. ഇത് ഭൂമിയുടെ പുറംതോടിനുള്ളില്‍ കാണപ്പെടുന്നു. ജെറ്റ് ടര്‍ബൈന്‍ ജനറേറ്ററുകള്‍, ടൂള്‍ മെറ്റീരിയലുകള്‍ പിഗ്മെന്റ്, സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികള്‍ എന്നിവയില്‍ കോബാള്‍ട്ടിന് നിരവധി ഉപയോഗങ്ങളുണ്ട്, പക്ഷേ അതിന്റെ പ്രധാന ഉപയോഗം ലിഥിയം അയോണ്‍ ബാറ്ററികളിലാണ്.

ഉത്പാദിപ്പിക്കുന്ന കോബാള്‍ട്ടിന്റെ പകുതിയും ഇലക്ട്രിക് കാറുകളിലേക്കാണ് പോകുന്നത്. ഒരു ബാറ്ററിയില്‍ 4 മുതല്‍ 30 കിലോ വരെ കോബാള്‍ട്ടിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഈ ലോഹം ലോകമെമ്പാടും കാണപ്പെടുന്നു. ഓസ്ട്രേലിയ, കാനഡ, ചൈന, ക്യൂബ ദക്ഷിണാഫ്രിക്ക, അമേരിക്ക, ഫിലിപ്പീന്‍സ്. എന്നാല്‍ മൊത്തം വിതരണത്തിന്റെ 70% വരുന്നത് ഒരു രാജ്യത്ത് നിന്നാണ്. ആ രാജ്യമാണ് കോംഗോ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. നമുക്ക് ഈ രാജ്യത്തേക്ക് ഒന്ന് സൂം ചെയ്യാം.

ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് കോംഗോ. അതിന്റെ ജിഡിപി ഏകദേശം 49 ബില്യണ്‍ ഡോളറാണ്. സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അഴിമതി എന്നിവയുടെ പര്യായമാണ് കോംഗോ. ലോകത്തിലെ ഏറ്റവും വലിയ കൊബാള്‍ട്ട് നിക്ഷേപമാണ് അവരുടെ ചുവന്ന ഭൂമി യുടെ താഴെയുള്ളത്. 92,000,000 ആളുകള്‍ ഇവിടെ താമസിക്കുന്നു. ഏകദേശം 2,000,000 കോബാള്‍ട്ട് ഉല്‍പാദനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കോംഗോയിലെ കോബാള്‍ട്ട് ഖനനത്തെ 2 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

വ്യാവസായിക അല്ലെങ്കില്‍ വലിയ തോതിലുള്ള ഖനനവും കരകൗശലവ്യവസായ അല്ലെങ്കില്‍ ചെറുകിട ഖനനവും. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? കരകൗശല വ്യവസായ ഖനികള്‍ അനിയന്ത്രിതമാണ്. തൊഴില്‍ നിയമങ്ങള്‍ ഇവിടെ ബാധകമല്ല. സുരക്ഷാ പ്രോട്ടോക്കോളുകളും ഇല്ല. കോംഗോയുടെ കോബാള്‍ട്ടിന്റെ 20 മുതല്‍ 30% വരെ ഈ ഖനികള്‍ ഉത്പാദിപ്പിക്കുന്നു. ഏകദേശം 200,000 ഖനിത്തൊഴിലാളികള്‍ ഈ ഖനികളില്‍ ജോലി ചെയ്യുന്നു.

അവരില്‍ 40,000 പേരെങ്കിലും 6 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഈ കുട്ടികള്‍ ദിവസവും മരണവുമായി ഇടപെടുന്നു. അവര്‍ വളരെ ഇടുങ്ങിയ തുരങ്കങ്ങളില്‍ പ്രവേശിച്ചാണ് അവരുടെ ജോലികള്‍ ചെയ്യുന്നത്. അവയില്‍ മിക്കതും മുതിര്‍ന്നവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തത്ര ഇടുങ്ങിയതാണ്. അതിന്റെ ഉള്ളില്‍ ഒരു ചൂള പോലെയാണ്. സഹിക്കാനാവാതെ ചൂട് നിറഞ്ഞ സാഹചര്യം. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ കൊബാള്‍ട്ടിനായി കുഴിക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് ചെറിയ മണ്ണുമാന്തികള്‍ ഉണ്ടെങ്കിലും മിക്കവാറും അവര്‍ വെറും കൈകള്‍ കൊണ്ട് കുഴിക്കുന്നത്. അവര്‍ക്ക് മാസ്‌കുകളോ കയ്യുറകളോ ജോലി വസ്ത്രങ്ങളോ ഇല്ല, ചിലപ്പോള്‍ 20 മിനിറ്റ് നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമേ അവര്‍ക്ക് ലഭിക്കൂ. പലപ്പോഴും അത്ര തന്നെ കിട്ടാറുമില്ല. ഈ കൊച്ചുകുട്ടികള്‍ മണിക്കൂറുകളോളം അവിടെ പണിയെടുക്കുന്നു. കുഴിച്ചതിനുശേഷം, അവര്‍ പാറകക്ഷണങ്ങള്‍ തകര്‍ത്തു, അവ കഴുകി, വാങ്ങുന്നയാളെ കണ്ടെത്താന്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുന്നു.

ഈ കുട്ടികള്‍ എത്രമാത്രം സമ്പാദിക്കുന്നു? ചിലപ്പോള്‍ ഒരു ഡോളര്‍. കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണ് കൊബാള്‍ട്ട്. 2027-ഓടെ ഇതിന്റെ മൂല്യം 13.63 ബില്യണ്‍ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഈ പണം ഒരിക്കലും ലോഹം കണ്ടെത്തി വേര്‍തിരിച്ചെടുക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നില്ല. ദാരിദ്ര്യത്തില്‍ വലയുന്ന കോംഗോയില്‍ ഒരു ഡോളര്‍ പോലും ജീവന്‍ പണയപ്പെടുത്തുന്നത് മൂല്യവത്താണ്. ഈ പണം ഉണ്ടാക്കാന്‍ ശ്രമിച്ച് പലരും മരിക്കുന്നു. ഖനിയുമായി ബന്ധപ്പെട്ട അപകടത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു സ്ത്രീയെ എബിസി അടുത്തിടെ ഡോക്യുമെന്ററി ചെയ്തു. ആ കുട്ടിക്ക് 13 വയസ്സായിരുന്നു. അവന്‍ അമ്മയോട് അമ്മയ്ക്ക് പാചകം ചെയ്യാന്‍ കല്‍ക്കരി വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. പകരം ആ കുട്ടി ഒരു കൊബാള്‍ട്ട് ഖനിയില്‍ പോയി വീടിനു വേണ്ടി ഒരല്പം അധികം പണം സമ്പാദിക്കാം എന്ന് തീരുമാനിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു ഖനിയുടെ തീരം തകര്‍ന്നു, പിന്നീട് ആ 13 വയസ്സുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല.

2014 നും 2015 നും ഇടയില്‍ കുറഞ്ഞത് 80 കരകൗശല വ്യവസായ ഖനി തൊഴിലാളികള്‍ കോംഗോയില്‍ മരിച്ചു എന്നാണ് കണക്ക്. 2019ല്‍ ഒരു അപകടത്തില്‍ 43 ഖനിത്തൊഴിലാളികള്‍ മരിച്ചു. ഒരു കണക്കനുസരിച്ച് കോംഗോയില്‍ ഓരോ വര്‍ഷവും 2000 അനധികൃത ഖനിത്തൊഴിലാളികള്‍ മരിക്കുന്നു. പലര്‍ക്കും സ്ഥിരമായ ശ്വാസകോശ ക്ഷതം, ചര്‍മ്മ അണുബാധ, ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകള്‍ എന്നിവ സംഭവിക്കുന്നു. 2019-ല്‍ കോംഗോയില്‍ നിന്നുള്ള ചില കുടുംബങ്ങള്‍ ടെസ്ല പോലുള്ള കമ്പനികള്‍ക്കെതിരെ, കുട്ടികളുടെ മരണത്തിനും പരിക്കിനും സഹായിച്ചുവെന്ന് ആരോപിച്ച് ഒരു കേസ് ഫയല്‍ ചെയ്തു. ജോണ്‍ ഡോ വണ്‍ എന്ന് വിളിക്കപ്പെടുന്ന ഒരു കുട്ടിയെക്കുറിച്ചാണ് കേസ്.

ജോണ്‍ 9 വയസ്സ് മുതല്‍ ഒരു മനുഷ്യ കോവര്‍കഴുതയായി ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം $.75 മാത്രം. ഒരു ദിവസം ജോണ്‍ ഒരു തുരങ്കത്തില്‍ വീണു. സഹപ്രവര്‍ത്തകര്‍ അവനെ അതില്‍ നിന്ന് വലിച്ചിഴച്ചു രക്ഷപ്പെടുത്തി, പക്ഷേ അവര്‍ ജോണിനെ നിലത്ത് മറ്റൊരിടത്ത് തനിച്ചാക്കി അവരവരുടെ ജോലിയിലേക്ക് തിരിച്ചുപോയി. ആശുപത്രിയിലോ മറ്റോ ജീവന്‍രക്ഷാ ഉപാധികളൊ നല്‍കുന്നതിന് ശ്രമിച്ചില്ല. അപകടവിവരം അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ഖനന സ്ഥലത്തേക്ക് ഓടിയെത്തി, പക്ഷേ സമയം വളരെ വൈകി. ജോണ്‍ അവശനായിരുന്നു. ഇനിയൊരിക്കലും നടക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഈ ഉയര്‍ന്ന അപകടസാധ്യതയുള്ള ഖനികളില്‍ കുട്ടികള്‍ ജോലി ചെയ്യുന്നത് എന്തുകൊണ്ട്? ദാരിദ്ര്യവും അതില്‍ നിന്ന് കരകയറാനുള്ള പ്രതീക്ഷയും ആണ് കാരണം.
കോംഗോയിലെ കുടുംബങ്ങള്‍ കൊബാള്‍ട്ടില്‍ വലിയ വാതുവെപ്പ് നടത്തുന്നു. അത് അവരുടെ ക്രിപ്‌റ്റോ പോലെയാണ്. കഴിഞ്ഞ ദശകത്തില്‍ കോബാള്‍ട്ട് ലോഹങ്ങളുടെ ആവശ്യം മൂന്നിരട്ടിയായി. 2035 ഓടെ ഇത് വീണ്ടും ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹനങ്ങളാണ് ആവശ്യം വര്‍ധിപ്പിക്കുന്നത്. ഇന്ന് 6.5 ദശലക്ഷത്തിലധികം ഇവികള്‍ റോഡിലുണ്ട്. 2040 ആകുമ്പോഴേക്കും ആ സംഖ്യ 66,000,000 ആകും, അങ്ങനെ 66,000,000 ഇവികളെ 30 കിലോ കൊബാള്‍ട്ട് കൊണ്ട് ഗുണിക്കാം. കണക്ക് നിങ്ങള്‍ ചെയ്യുക.

2050 ആകുമ്പോഴേക്കും കൊബാള്‍ട്ട് ഉല്‍പാദനത്തിന്റെ ആവശ്യം 585% വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോംഗോയിലെ കുടുംബങ്ങള്‍ ഈ വഴിയിലൂടെ സഞ്ചരിക്കാനും ദാരിദ്ര്യത്തെ മറികടക്കാനും ആഗ്രഹിക്കുന്നു, അവരുടെ കുട്ടികളെ ഇത്തരം അപകടകരമായ ഖനികളിലേക്ക് അയയ്ക്കുന്നത് അവര്‍ക്ക് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ആവശ്യമാണ്. ഈ കുട്ടികള്‍ ചെറുകിട ഖനിത്തൊഴിലാളികളായോ അനൗപചാരിക തൊഴിലാളികളായോ ജോലി ചെയ്യുന്നു. അവര്‍ ഒരു കമ്പനിയുടെയും ജോലിക്കാരല്ല. എന്നാല്‍ നിരവധി കമ്പനികള്‍ അവര്‍ ജോലി ചെയ്യുന്നതിന്റെ അംശം വാങ്ങാന്‍ വരിവരിയായി നില്‍ക്കുന്നു. ഒരു നിയന്ത്രിത ഖനിയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഒരു കുട്ടിയില്‍ നിന്നും കൊബാള്‍ട്ട് വാങ്ങുന്നത് ലാഭകരമാണെന്ന് ചൈനയെക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ ആരും കാണില്ല എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണും .

ചോരക്കറ പുരണ്ട ബാറ്ററികള്‍ കൈകാര്യം ചെയ്യുന്ന ഈ കമ്പനികളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നുള്ളതാണ്. കൊബാള്‍ട്ടിന്റെ ആഗോള വിതരണ ശൃംഖലയില്‍ അത് ആധിപത്യം പുലര്‍ത്തുന്നു. ലോഹ ഉല്‍പ്പാദനത്തിന്റെ 50% വരെ ചൈനയുടെ ഉടമസ്ഥതയിലാണ്. ഇത് കോബാള്‍ട്ട് ശുദ്ധീകരണത്തിന്റെ 80% നിയന്ത്രിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി കോംഗോയില്‍ ഖനനം നടത്തുന്ന വടക്കേ അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ചൈനീസ് കമ്പനികള്‍ വാങ്ങിക്കൂട്ടി. ഇന്ന് ഈ രാജ്യത്തെ 19 വ്യാവസായിക ഖനികളില്‍ 15 എണ്ണവും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി, കോംഗോയുടെ കോബാള്‍ട്ടിന് പകരമായി, അടിസ്ഥാന സൗകര്യ വികസന സ്‌കൂളുകളുടെയും റോഡുകളുടെയും രൂപത്തില്‍ ചൈന രാജ്യത്തിന് കോടിക്കണക്കിന് നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയെ ചുറ്റിപ്പറ്റി പറയുന്ന കഥകള്‍ ഒരിക്കലും നന്നായി അവസാനിക്കുന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ കോംഗോ.

ഇന്ന് ചൈന ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ശൃംഖലയിലേക്ക് ചോരക്കറ പുരണ്ട കൊബാള്‍ട്ട് ചോര്‍ത്തുകയാണ്. ചൈനീസ് കമ്പനികള്‍ കുട്ടികളില്‍ നിന്ന് കൊബാള്‍ട്ട് വാങ്ങുന്നു, ചോരക്കറ പുരണ്ട ബാറ്ററികളുടെ വ്യാപാരത്തില്‍ പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. കോംഗോയിലെ ഏറ്റവും വലിയ കോബാള്‍ട്ട് പ്രോസസറുകളില്‍ ഒന്ന് സിഡിഎം അല്ലെങ്കില്‍ കോംഗോ ഡോങ്ഫാംഗ് മൈനിംഗ് എന്ന കമ്പനിയാണ്. ഇത് ഒരു ചൈനീസ് കമ്പനിയായ Zhenjiang huayou കോബാള്‍ട്ടിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ഫോക്സ്വാഗണ്‍ പോലുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് Huayou കൊബാള്‍ട്ട് വിതരണം ചെയ്യുന്നു. ഹുവായുവിന്റെ കോബാള്‍ട്ടിന്റെ 40% വരുന്നത് കോംഗോയില്‍ നിന്നാണ്. 2016-ല്‍ ഈ ചൈനീസ് കമ്പനിയെ ഒരു എന്‍ജിഒ ബാലവേലയുടെ ഗുണഭോക്താവായി മുദ്രകുത്തുകയും ചെയ്തു. Huayou അതിന്റെ പ്രവൃത്തി വൃത്തിയാക്കാമെന്ന് പ്രതിജ്ഞയെടുത്തു. എന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടായോ? വന്ന റിപ്പോര്‍ട്ടുകള്‍ ഗുരുതരമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്.

ഇത് കഥയുടെ ഒരു ഭാഗമാണ്. ചൈനയിലെ വന്‍കിട ഖനികളിലും രക്തമുണ്ട്. അവര്‍ തൊഴിലാളികളെ അധിക്ഷേപിക്കുകയും വിവേചനം കാണിക്കുകയും മര്‍ദ്ദിക്കുകയും കരാറുകളും മതിയായ റേഷനും ഇല്ലാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. ഒരു തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു, ഒരു തൊഴിലാളി മരിച്ചാല്‍ ചൈനക്കാര്‍ അത് സര്‍ക്കാരിനെ അറിയിക്കാറില്ല, അവര്‍ ആ മൃതദേഹം മറവുചെയ്യുകയും കുടുംബത്തിന് മിണ്ടാതിരിക്കാന്‍ കൈക്കൂലി നല്‍കുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ ഇലക്ട്രിക് കാര്‍ റോഡില്‍ എത്തുന്നതിന് മുമ്പ് തന്നെ ആളുകളെ കൊല്ലിയാക്കുന്നത്.

നിങ്ങള്‍ ഇതിനായിട്ടാണോ സൈന്‍ അപ്പ് ചെയ്തത്? ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. ഞാന്‍ സംസാരിക്കുന്നത് ടെസ്ല, വോള്‍വോ, റെനോ, മെഴ്സിഡസ് ബെന്‍സ്, ഫോക്സ്വാഗണ്‍ എന്നിവയെക്കുറിച്ചാണ്, അവയെല്ലാം കോംഗോയിലെ ചൈനീസ് ഖനികളില്‍ നിന്ന് കോബാള്‍ട്ട് ഉത്പാദിപ്പിക്കുന്നു. ബാലവേലയുടെ കാര്യത്തില്‍ അവക്ക് സീറോ ടോളറന്‍സ് പോളിസിയാണ് സ്വീകരിച്ചതെന്ന് കാണിക്കുന്നു, എന്നാല്‍ ഇങ്ങനെയുള്ള കളിയില്‍ വിതരണ ശൃംഖല പൂര്‍ണ്ണമായും മാപ്പ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ക്കും അറിയാം. കോംഗോയുടെ പ്രസിഡന്റ് ഫെലിക്‌സ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ആരോഗ്യം, മനുഷ്യാവകാശം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019-ല്‍ അദ്ദേഹം ഒരു സര്‍ക്കാര്‍ സ്ഥാപനം സ്ഥാപിച്ചു. എന്നാല്‍ ഇത് എങ്ങുമെത്തിയില്ല. കോംഗോയിലെ ഉദ്യോഗസ്ഥര്‍ ബാലവേലയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതായി വരെയാണ് ആരോപിക്കപ്പെടുന്നത്.

2020-ല്‍ ടെസ്ല അതിന്റെ ഇലക്ട്രിക് വാഹനങ്ങളില്‍ കൊബാള്‍ട്ട് രഹിത ലിഥിയം അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു, എന്നാല്‍ കമ്പനി ഗ്ലെന്‍കോറുമായി (ഇതൊരു കോബാള്‍ട്ട് ഖനന കമ്പനിയാണ്) ഒരു കരാര്‍ പ്രഖ്യാപനം നടത്തി, ഈ കരാര്‍ പ്രതിവര്‍ഷം 6000 ടണ്‍ കൊബാള്‍ട്ട് വാങ്ങുന്നതിനു വേണ്ടി ആയിരുന്നു. ഇലക്ട്രിക് കാറുകള്‍ ശുദ്ധമാണെന്ന അവകാശവാദം പോലെ, ഈ കാറുകള്‍ ബ്ലഡ് ബാറ്ററികളുടെ വൃത്തികെട്ട ഊര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കാലാവസ്ഥാ പരിഹാരമല്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്, രണ്ടിനും ഒരുമിച്ച് ഒരിക്കലും പോകുവാന്‍ കഴിയില്ല. കാലാവസ്ഥാ പ്രശ്‌നങ്ങളുടെ പരിഹാരം മനുഷ്യജീവന്റെ ചെലവില്‍ ആയിരിക്കരുത് എന്നാണ് എന്റെ പക്ഷം. ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയോടെ .

 

LEAVE A REPLY

Please enter your comment!
Please enter your name here