ഉമ സജി 


എത്ര മനോഹരമാണ് നമ്മുടെ ഭൂമി. എല്ലാഋതുക്കൾക്കും അതിന്റേതായ ഭംഗി നല്കി നമ്മെ അനുഗ്രഹീതരാക്കിയ ഭൂമി. ഋതുഭേദങ്ങളുടെ ചാരുത നമുക്ക് നഷ്ടപ്പെടുത്തി പലപ്പോഴും കാലവർഷവും, കാലം തെറ്റി പെയ്യുന്ന വർഷവും പേമാരിയും ദുരന്തങ്ങളും, വിതയ്ക്കുന്നതിന് കാരണക്കാർ ആരാണ്? ഗ്രീഷ്മത്തെ ചുട്ടുപൊള്ളുന്നതാക്കിയത്, കാട്ടു തീയ്ക്കും, വന്യജീവി സമ്പത്തിന്റെ നഷ്ടത്തിനും കാരണക്കാരാവുന്നത് ആരാണ്? വസന്തത്തെ വരവേൽക്കുന്ന പക്ഷികളും പൂക്കളും, അരുവികളും, നദികളും, നമ്മുടെ നീലത്താഴ്‌വാരങ്ങളും നീലമലകളും, മഞ്ഞണിഞ്ഞ മലനിരകളും പർവ്വതശിഖരങ്ങളുമെല്ലാം പ്രകൃതി കനിഞ്ഞു തന്ന സമ്പത്തുകളല്ലെ? ഈ ഭൂമിയുടെ സംരക്ഷകർ മാത്രമായ നമ്മൾ അവകാശികളായി മാറുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുക്കളിൽ ഏറ്റവും വലുതല്ലെ യുദ്ധങ്ങൾ?

 ഈ ഭൂമിയിൽ അവകാശം എന്ന് പറയുന്നത് ആറടി മണ്ണിന് മാത്രമാണ്. പൊതുശ്മശാനത്തിലാണ് അന്ത്യയാത്രയെങ്കിൽ ആറടി മണ്ണിനവകാശം പോലും ആവശ്യമില്ല. ഭൂമി ഒരാളുടെയും സ്വന്തമല്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പ്രപഞ്ച സ്വത്താണ്. എന്നിട്ടും ആദിമ കാലത്ത് മനുഷ്യൻ ഉണ്ടായ കാലം മുതൽ എന്തിനെന്നറിയാതെ ചോരവീഴ്ത്തി മണ്ണിനെ ചുവപ്പിക്കുന്നു മനുഷ്യൻ.

കായേനും ആബേലും, ആദമിനും ഹവ്വയ്ക്കും പിറന്ന മക്കൾ. മനുഷ്യനോടൊപ്പം തന്നെ അസൂയയും അസഹഷ്ണിതയും ജന്മം കൊണ്ടിരുന്നു എന്നതിന്റെ തെളിവായിരുന്നു കായേൻ വയലിലേക്ക് കൂട്ടിക്കൊണ്ടു പോയി ആബേലിനോട് ദൈവത്തിന് തോന്നിയ അനുഗ്രഹത്തിന്റെയോ ഇഷ്ടത്തിന്റെയോ പേരിൽ വാക്കുതർക്കത്തിൽ സഹോദരൻ എന്ന് പോലും നോക്കാതെ ആബേലിനെ കൊന്നത്.

അന്ന് കർത്താവ് കായേനോട് പറയുന്നു “നിന്റെ സഹോദരന്റെ രക്തം മണ്ണിൽ നിന്ന് എന്നെ വിളിച്ച് കരയുന്നു. നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വായ് പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷിചെയ്യുമ്പോൾ മണ്ണ് നിനക്ക് ഫലം തരികയില്ല”.

ഓരോ യുദ്ധങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാവും എല്ലാ യുദ്ധങ്ങളും നടന്നിട്ടുള്ളത് മണ്ണിനോ പെണ്ണിനോ വേണ്ടിയാണെന്ന്. കുരുക്ഷേത്ര ഭൂമിയിൽ നടന്ന പാണ്ഡവ-കൗരവയുദ്ധം. പരശുരാമൻ ക്ഷത്രിയരെ ഇരുപത്തൊന്ന് പ്രാവശ്യം കൊന്നൊടുക്കി രക്തം വീണ് നനഞ്ഞ മണ്ണ്. പിന്നീട് യാഗങ്ങൾ നടത്തി പവിത്രമാക്കിയ ഭൂമി. കൗരവ-പാണ്ഡവയുദ്ധം, ധർമ്മം പുന:സ്ഥാപിക്കാൻ വേണ്ടി നടന്ന യുദ്ധം. ആ യുദ്ധത്തിൽ എത്രയോ ജീവനുകൾ നഷ്ടമായി. പതിനെട്ട് ദിവസത്തെ യുദ്ധം കൊണ്ടു തന്നെ ഭൂമി രക്തപ്പുഴയിലും, കബന്ധങ്ങളാലും നിറഞ്ഞ് നശിപ്പിക്കപ്പെട്ടിരുന്നു.

രാജ്യം വെട്ടിപ്പിടിക്കാനും വിസ്തൃതമാക്കാനും, പ്രശസ്ഥിക്കും വേണ്ടി നടന്ന ഓരോ യുദ്ധങ്ങളും എന്താണ് അന്നത്തെ ജനങ്ങൾക്കും പുതിയ തലമുറയ്ക്കും നേടിത്തന്നതെന്ന് ആലോചിക്കുക. യുദ്ധശേഷം യുദ്ധക്കളം സന്ദർശിച്ച അശോക ചക്രവർത്തി മനസ്താപത്താൽ ബുദ്ധമതം സ്വീകരിച്ച് യുദ്ധം ചെയ്യില്ല എന്ന് തീരുമാനിച്ചതും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം സമാധാനത്തിനും അഹിംസാ പ്രചാരണത്തിനും വേണ്ടി നീക്കി വച്ചതും ചരിത്രത്തിലുണ്ട്.

“അലക്സാണ്ടർ ദ ഗ്രേറ്റ്” എന്നറിയപ്പെടുന്ന അലകാസണ്ടർ ചക്രവർത്തി 10 വർഷത്തോളം തുടർച്ചയായി യുദ്ധം ചെയ്ത് പേർഷ്യ മുഴുവൻ കീഴടക്കിയ കഥയും ചരിത്രം നമെ പഠിപ്പിച്ചു. ഒടുവിൽ മരണത്തിന് മുൻപ് അതുവരെ നേടിയതിന്റെ നിരർത്ഥകതയെ കുറിച്ചോർത്ത് അദ്ദേഹം പശ്ചാത്തപിച്ചു. അദ്ദേഹം തന്റെ പടയാളികളോട് പറഞ്ഞു മരിക്കുമ്പോൾ തന്റെ ഒഴിഞ്ഞ കൈകൾ രണ്ടും ശവപ്പെട്ടിക്കു പുറത്തേക്ക് എല്ലാവരും കാണുംവിധം തൂക്കിയിടണമെന്ന്. നേടിയതൊന്നും കൂടെ കൂട്ടാതെ ഒഴിഞ്ഞ കൈകളുമായി പോകുന്നു.

എന്നിട്ടും ആരെങ്കിലും എന്തെങ്കിലും പഠിച്ചതായി ചരിത്രത്തിലോ ഇന്നും നമ്മുടെ ജീവിതത്തിലോ ഇല്ല. ഓരോ യുദ്ധങ്ങളും നേടിത്തരുന്നത് തകർന്നടിഞ്ഞ് ശവങ്ങളാൽ നിറഞ്ഞ് ചീഞ്ഞ മണ്ണും, മലിനമായ ജലാശയങ്ങളും, അനാഥരായ ജനസമൂഹവും മാത്രമല്ലെ?

രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിതഫലം, ന്യൂക്ലിയർ വെപ്പൺസിന്റെ  ദോഷഫലം ഇന്നും അനുഭവിക്കുന്ന ഹിരോഷിമയും നാഗസാക്കിയും. യുദ്ധം മൂലം അല്ലെങ്കിൽ പോലും ചെർണോബിൽ ന്യൂക്ലിയാർ ദുരന്തത്തിന്റെ ആഘാതം.
യമൻ, പാലസ്തീൻ, ഇസ്രായേൽ, ഇറാക്ക്, ഇറാൻ തുടങ്ങി ഓരോ രാജ്യങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന യാതനകൾ, രാഷ്ട്രയ അരാജകത്വം മൂലം പട്ടിണിയും അഭയന്തര കലഹവും അനുഭവിക്കുന്ന അഫഗാനിലെ ജനത, ഭരണ പരാജയം മൂലം അവശ്യ വസ്തുക്കൾ പോലും ലഭ്യമല്ലാതായ ശ്രീലങ്കയിലെ ജനത,  പലായനങ്ങൾ. അനാഥരാകുന്ന ബാല്യങ്ങൾ, നിരാലംബരായ വയോധികർ, സംരക്ഷണ വലയം നഷ്ടപ്പെടുന്ന സ്ത്രീകൾ, ബലാൽക്കാരത്തിനിരയാകുന്ന പെൺകുഞ്ഞുങ്ങളും സ്ത്രീകളും, തകർന്നടിഞ്ഞ ജീവിതയാഥാർത്യങ്ങളെ നോക്കി പകച്ചുനിൽക്കുന്ന ജനസമൂഹം, പട്ടിണിയും രോഗപീഡകളാലും നട്ടം തിരിയുന്ന ജീവച്ഛവങ്ങൾ. ഇതൊക്കെയല്ലെ യുദ്ധം നേടിത്തരുന്ന സമ്പാദ്യങ്ങൾ? 
 
ഇന്ന് നമുക്ക് മുന്നിൽ റക്ഷ്യ-യുക്രെയ്ൻ യുദ്ധം. ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾ മാത്രമാണോ ദുരിതം അനുഭവിക്കുന്നത്? അതിന്റെ പ്രത്യാഘാതം ലോകം മുഴുവനുമുള്ള ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യൻ ജനതയുടെ പട്ടിണിയെപ്പോലും വക വയ്ക്കാതെ രാജ്യത്തിൻറെ വിഭവ സമ്പത്തുകൾ മുഴുവൻ യുദ്ധ സാമഗ്രികളും പടക്കോപ്പുകളും വാങ്ങാനായി റഷ്യ ചെലവഴിക്കുന്നു. ഉക്രൈനിലെ കൈക്കുഞ്ഞുങ്ങൾ അടക്കമുള്ള ജനത ബോബുകൾക്കു മുൻപിൽ ചത്തൊടുങ്ങുന്നു. നിരപരാധികൾ കശാപ്പുചെയ്യപ്പെടുന്നു.അമ്മമാരുടെ മുൻപിൽ വച്ച് പെണ്മക്കളെയും മക്കളുടെ മുൻപിൽ വാച്ച് അമ്മമാരെയും പട്ടാളക്കാർ ബാലസംഘം ചെയ്തു കൊന്നു കളയുന്നു. ഈ രക്തക്കറകളെല്ലാം പതിയുന്നത് ഈ മനോഹര ഭൂമിയിലാണല്ലോ. ഇതിന്റെയെല്ലാം വേദന പേറുന്ന ഭൂമി ഹൃദയം പിളർന്ന് കരയുന്നതുകൊണ്ടാണ് പ്രകൃതി പോലും ക്ഷോഭിക്കുന്നത്. ഋതുഭേദങ്ങൾ താന്താങ്ങളുടെ കാലം കാക്കാതെ സ്വന്തം വരവിനായി വൈകി വരുന്നതും അതുകൊണ്ടാകാം.

ഓരോ രാജ്യങ്ങളും മത്സരിച്ച് ആണവായുധങ്ങളും, ജൈവായുധങ്ങളും ഉണ്ടാക്കുകയും, ആണവശക്തികളായി മാറുകയും ചെയ്യുമ്പോൾ ലോക സമാധാനത്തേക്കാൾ ഏറെ ഭയാനകമായ അസമാധാനത്തിനല്ലെ വിത്ത് പാകുന്നത്.
ഓരോ യുദ്ധങ്ങളും പണപ്പെരുപ്പം കൂട്ടാനും, ഗ്യാസിന്റെയും ഓയിലിന്റെയും ലഭ്യത തടസ്സപ്പെടുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും, ക്ഷാമത്തിനും കാരണമാക്കും. യാത്രാക്കൂലിയും ചരക്ക് കൂലിയും കൂട്ടും. ആഗോളതലത്തിൽ തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒന്നല്ലെ യുദ്ധം.

ഓരോ യുദ്ധങ്ങളും നടക്കുമ്പോഴും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. എങ്കിലും യുദ്ധങ്ങളുടെ ഭീകരത, ആഗോളതലത്തിൽ പ്രകൃതിയിലും ഭൂമിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, ജനജീവിതത്തിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ എല്ലാം രണ്ടു കൂട്ടർക്കും ഒരുപോലെ ബാധകമാണ്.

നമ്മുടെ മനോഹരമായ ഭൂമിയെ മലിനമാക്കി, ഉപയോഗശൂന്യമാക്കി, മാറ്റുന്നത് നമ്മൾ തന്നെയല്ലെ? നമുക്ക് വേണ്ടി, വരും തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ഇനിയും വൈകാതിരിക്കാൻ ശ്രമിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here