വാഷിംഗ്ടൺ : യു.എസിൽ കുട്ടികൾക്കുള്ള ഫൈസർ, മൊഡേണ കൊവിഡ് 19 വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകി നൽകിയതിന് പിന്നാലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെയും (സി.ഡി.സി) അംഗീകാരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാക്സിനുകൾക്ക് എഫ്.ഡി.എ അംഗീകാരം നൽകിയത്. എന്നാൽ, സി.ഡി.സിയുടെ അനുമതിയുണ്ടെങ്കിലേ വിതരണം ആരംഭിക്കാനാകൂ എന്നിരിക്കെ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയതോടെ ശുപാർശ ചെയ്യുകയായിരുന്നു. മൊഡേണയുടെ വാക്സിൻ ആറ് മാസം മുതൽ 5 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് രണ്ട് ഡോസായാണ് നൽകുന്നത്. ഫൈസറിന്റേത് ആറ് മാസം മുതൽ 4 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് ഡോസായാണ് നൽകുക. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളൊഴികെ മറ്റെല്ലാ വിഭാഗക്കാർക്കും യു.എസിൽ കൊവിഡ് വാക്സിന് അർഹതയുണ്ടായിരുന്നു. കുട്ടികൾക്കുള്ള ഫൈസർ, മൊഡേണ വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യു.എസ്. ഈ ആഴ്ച മുതൽ വാക്സിനുകൾ ലഭ്യമായിത്തുടങ്ങുമെന്നും വിതരണ നടപടികൾ ആരംഭിച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എഫ്.ഡി.എയുടെ അനുമതി ലഭിച്ച ഉടൻ 10 ദശലക്ഷം ഡോസുകൾ വിതരണത്തിന് സജ്ജമാക്കാൻ യു.എസ് ഭരണകൂടം നിർദ്ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here