ചൈനയുടെ സ്‌കൈ ഐ ടെലിസ്‌കോപ്പിലൂടെ അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിഗ്നലുകള്‍ ലഭിച്ചെന്ന ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം അംഗീകരിക്കാതെ ഗവേഷകര്‍. അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ സര്‍വകലാശാലകളിലെ ഗവേഷകര്‍ ചൈനയുടെ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. സ്‌കൈ ഐ കണ്ടെത്തിയ എക്‌സ്ട്രാടെറസ്ട്രിയല്‍ സിഗ്നലുകള്‍ ലഭിച്ചത് മനുഷ്യനിര്‍മിതമായ വസ്തുക്കളില്‍ നിന്ന് തന്നെയാകാമെന്നാണ് ഇവര്‍ പറയുന്നത്. ടെലിസ്‌കോപ്പിലൂടെയെത്തിയ നാരോ ബാന്‍ഡ് റേഡിയോ സിഗ്നലുകള്‍ ഭൂമിയില്‍ നിന്ന് തന്നെയുള്ളതാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. (Chinas alien signal almost certainly came from humans says researchers)

 
 
 

ഭൂമിയില്‍ നിന്നുള്ള സിഗ്നലുകളെ ചൈനീസ് ടെലിസ്‌കോപ്പ് അന്യഗ്രഹ ജീവികളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയുടെ ശാസ്ത്ര മന്ത്രാലയം ഔദ്യോഗികമായി വിവരം സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സെല്‍ ഫോണുകളില്‍ നിന്നും കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നുമുള്ള നാരോ സിഗ്‌നലുകള്‍ കൃത്യമായി എവിടെ നിന്നെന്ന് കണ്ടെത്തുന്നത് വളരെ പ്രയാസമാണ്. അത്തരത്തിലൊരു പിഴവാണ് സ്‌കൈ ഐയ്ക്കും സംഭവിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ടെലിസ്‌കോപ്പുകളിലെ ക്രയോജനിക് റിസീവറുകള്‍ വളരെ സെന്‍സിറ്റീവ് ആണ്. ദുര്‍ബലമായ സിഗ്നലുകളുള്‍പ്പെടെ കോടിക്കണക്കിന് സിഗ്നലുകള്‍ അവ പിടിച്ചെടുക്കുന്നു. സെല്‍ ഫോണുകള്‍, ടെലിവിഷന്‍, റഡാര്‍, ഉപഗ്രഹങ്ങള്‍ എന്നിവയില്‍ നിന്ന് സിഗ്‌നലുകള്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും സ്‌കൈ ഐയ്ക്ക് ലഭിച്ചത് ഭൂമിയില്‍ നിന്ന് ലഭിച്ച സിഗ്നലുകളാണെന്ന് പഠനത്തിലൂടെ കണ്ടെത്തിയെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here