ആലപ്പുഴയിലെ വീട്ടില്‍ അവധിയാഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് എഞ്ചിനീയറായ അശോക് താമരാക്ഷനും ഭാര്യ അഭിലാഷയും അവരുടെ രണ്ട് പെണ്‍കുട്ടികളും. ലണ്ടനില്‍ നിന്ന് വിമാനത്തിലാണ് ഈ കൊച്ചുകുടുംബം കേരളത്തിലെത്തിയത്, എന്നാലിതിലെന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ എല്ലാവരേയും പോലെ പണം മുടക്കി ഫ്‌ളൈറ്റ് ടിക്കറ്റെടുത്തല്ല ഇവര്‍ നാട്ടിലെത്തിയത്. പകരം സ്വന്തമായി നിര്‍മ്മിച്ച കുഞ്ഞന്‍ വിമാനത്തിലാണ്. ഇതുതന്നെയാണ് ഇവരെ വ്യത്യസ്ഥരാക്കുന്നതും.

കോവിഡ് ലോക്ക്ഡൗണില്‍ വീട്ടില്‍ തീര്‍ത്തും ലോക്കായ സമയത്താണ് മെക്കാനിക്കല്‍ എഞ്ചിനീയറായ അശോകിന് സ്വന്തമായൊരു വീമാനം എന്ന ആശയം ഉദിക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇഷ്ടമുള്ളിടത്തൊക്കെ പോകാന്‍ സ്വന്തമായൊരു വീമാനം. ലോക്ക് ഡൗണ്‍ ഇഷ്ടം പോലെ സമയം തന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ അശോക് വിമാനത്തിന്റെ പണി തുടങ്ങി.

2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയിട്ടുള്ള അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുട്ടികള്‍ കൂടിയായതോടെയാണ് കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. പക്ഷേ അത്തരം വിമാനങ്ങള്‍ വാടകയ്ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് എങ്കില്‍ പിന്നെ സ്വന്തമായൊരെണ്ണം ഉണ്ടാക്കിയാലോ എന്നൊരു ചിന്ത വന്നത.

പിന്നീട് ഇതു സംബന്ധിച്ച അന്വേഷണങ്ങളിലായിരുന്നു. ഒടുവില്‍ ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് ആ കമ്പനി ഫാക്ടറി സന്ദര്‍ശിക്കുകയും സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കുകയുമായിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ കൂടിയാതോടെ വീട്ടിലിരുന്ന് അശോക് സ്വപ്‌നത്തിന് ചിറക് മുളപ്പിക്കുകയും ഒടുവില്‍ വിമാനം പറപ്പിക്കുകയും ചെയ്തു.

2019 മേയില്‍ ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് സ്ഥാപിച്ചാണ് വിമാനത്തിന്റെ പണി തുടങ്ങിയത്. രണ്ട് വര്‍ഷം പിന്നിട്ട് 2021 നവംബര്‍ 21ന് നാലു പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്വപ്‌ന വിമാനത്തിന്റെ പണി പൂര്‍ത്തിയായി. പിന്നീട് ലൈസന്‍സ് ലഭിക്കാനായി മൂന്ന് മാസം പരീക്ഷാണാടിസ്ഥാനത്തില്‍ പറക്കല്‍ നടത്തി. ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ തന്നെ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അശോക് 2022 ഫെബ്രുവരി ഏഴിന് സ്വന്തമായി നിര്‍മ്മിച്ച വിമാനത്തില്‍ കുടുംബത്തോടൊപ്പം ആദ്യമായി ആകാശത്തേക്കുയര്‍ന്നു.

വിമാനമെന്ന സ്വപ്നം സഫലമായതോടെ കഴിഞ്ഞ മെയ് ആറിന് അശോകും കുടുംബവും ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്വന്തം വിമാനത്തില്‍ പറന്നു. ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി എന്നതിനൊപ്പം ഇളയ മകള്‍ ദിയയുടെ പേരു കൂടി ചേര്‍ത്ത് ജി-ദിയ എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. 1.8 കോടി രൂപ ചെലവിലാണു ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. മുന്‍ എം.എല്‍.എ പ്രഫ. എ.വി താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകനാണ് അശോക് താമരാക്ഷന്‍. ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയായ ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here