ടെൽ അവീവ്: ഗാസയിൽ പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) ഗ്രൂപ്പ് അംഗങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. 204 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം, ഗാസയിലെ ജബാലിയയിൽ നടന്ന ആക്രമണത്തിൽ കുട്ടികളുടെ മരണത്തിന് കാരണമായത് ഇസ്ലാമിക് ജിഹാദ് ഭീകരരുടെ റോക്കറ്റാണ് ഇസ്രായേൽ പറഞ്ഞു. ജബാലിയയിൽ ഉണ്ടായ ആക്രമണത്തിൽ എത്ര കുട്ടികൾ മരിച്ചുവെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ ഉന്നത കമാൻഡർ തയ്‌സീർ ജബരിയുൾപ്പെടെയുള്ള പി.ഐ.ജെ അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മുതൽ ഇസ്രയേലിന് നേരെ 300 റോക്കറ്റാക്രമണങ്ങൾ ഗാസ നടത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിച്ച മിസൈലുകളെയെല്ലാം ഇസ്രയേൽ അയൺഡോം മിസൈൽ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിച്ചതിനാൽ സിവിലിയൻമാർക്ക് പരിക്കേറ്റിട്ടില്ല. വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിനിടെ 19 പി.ഐ.ജെ അംഗങ്ങളെ ഇസ്രയേൽ അറസ്റ്റ് ചെയ്തു.

മദ്ധ്യ ഇസ്രയേലിൽ ബോംബാക്രമണം നടത്തുമെന്ന പി.ഐ.ജെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ഐ.ജെ ഇറാന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. സിറിയയിലെ ഡമാസ്കസിൽ ആസ്ഥാനമുള്ള പി.ഐ.ജെ ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here