പോര്‍ച്ചുഗലിനായി ലോകകപ്പുയര്‍ത്തുക എന്നതായിരുന്നു തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് വൈകാരികമായ ഇന്‍സ്റ്റഗ്രാം കുറിപ്പുമായി റൊണാള്‍ഡോ എത്തിയത്. എന്റെ ഏറ്റവും വലിയ സ്വപ്നത്തിന് നേര്‍ക്ക് ഞാന്‍ മുഖം തിരിച്ചില്ല. ആ സ്വപ്നം ഒരിക്കലും ഉപേക്ഷിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ സ്വപ്നം അവസാനിച്ചു എന്നും റൊണാള്‍ഡോ കുറിച്ചു.

റൊണാള്‍ഡോയുടെ വാക്കുകള്‍:

പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ സ്വപ്നം. പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. രാജ്യത്തിന്റെ പേര് ലോകത്തിന്റെ ഏറ്റവും മുകളില്‍ എത്തിക്കുക എന്നത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം.

ഇതിനായി ഞാന്‍ പോരാടി. വളരെ കഷ്ടപ്പെട്ട് പോരാടി. 16 വര്‍ഷക്കാലം ഞാന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. മികച്ച കളിക്കാര്‍ക്കൊപ്പം ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയോടെ ഞാന്‍ കളിക്കളത്തില്‍ എന്റെ എല്ലാം നല്‍കി. എന്റെ ഏറ്റവും വലിയ സ്വപ്നത്തിന് നേര്‍ക്ക് ഞാന്‍ മുഖം തിരിച്ചില്ല. ആ സ്വപ്നം ഒരിക്കലും ഉപേക്ഷിച്ചില്ല.

നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ സ്വപ്നം അവസാനിച്ചു. ധാരാളം പറഞ്ഞിട്ടുണ്ട്. ധാരാളം എഴുതിയിട്ടുണ്ട്. ഒരുപാട് ഊഹിക്കപ്പെടുന്നുമുണ്ട്. പോര്‍ച്ചുഗലിനോടുള്ള എന്റെ അര്‍പ്പണബോധം കടുകിട പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടേയും ലക്ഷ്യത്തിനായി പോരാടിയ ഒരാളായിരുന്നു ഞാന്‍. എന്റെ കൂടെയുള്ളവരോടും എന്റെ രാജ്യത്തോടും ഒരിക്കലും ഞാന്‍ പുറംതിരിഞ്ഞ് നില്‍ക്കില്ല.

കൂടുതലായൊന്നും പറയാനില്ല. നന്ദി പോര്‍ച്ചുഗല്‍. നന്ദി ഖത്തര്‍. ആ സ്വപ്നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു. ഇപ്പോള്‍, ഒരു നല്ല ഉപദേശകനാകാനും ഓരോരുത്തര്‍ക്കും അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാനും സമയമായി.

LEAVE A REPLY

Please enter your comment!
Please enter your name here