ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപരന്ത്യം ശിക്ഷ കൂടി വിധിച്ച് കോടതി. നിലവില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോക്ടര്‍ മനീഷ് ഷായ്ക്കാണ് വീണ്ടും ജീവപരന്ത്യം ശിക്ഷ ലഭിച്ചിരിക്കുന്നത്. 115 കേസുകളാണ് മനീഷ് ഷായ്ക്ക് എതിരെ ഉള്ളത്. സ്ത്രീകളില്‍ സ്തനാര്‍ബുദ ഭീതി ഉണ്ടാക്കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ അടക്കം ആരോഗ്യസാഹചര്യം വിശദീകരിച്ചായിരുന്നു ചൂഷണം.

കഴിഞ്ഞ മാസമാണ് ഇയാള്‍ 25 പീഡനക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കിഴക്കന്‍ ലണ്ടനിലുള്ള റോംഫോര്‍ഡിലെ ക്ലിനിക്കില്‍ വച്ചായിരുന്നു പീഡനം. 53കാരനായ മനിഷ് ഷായെ 90 കേസുകളില്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 15 നും 34നും ഇടയില്‍ പ്രായമുള്ള 28 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2009ല്‍ മുതല്‍ തന്റെ ഡോക്ടര്‍ പദവിയെ ഇയാള്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. പ്രദേശത്ത് സാമാന്യത്തിലധികം തിരക്കുള്ള ക്ലിനിക് ആയിരുന്നു മനീഷിന്റേത്. കാന്‍സര്‍ രോഗത്തേക്കുറിച്ച് ക്ലിനിക്കിലെത്തുന്ന സ്ത്രീകളില്‍ ഭീതി ജനിപ്പിക്കുകയും പരിശോധനയുടെ പേരില്‍ ഇവരെ ദുരുപയോഗിക്കുകയും ആയിരുന്നു മനീഷ് ഷാ ചെയ്തിരുന്നു.

15ഉം 17ഉം പ്രായമുള്ള കുട്ടികളെ വരെ മനീഷ് ദുരുപയോഗിച്ചതാണ് ജീവപരന്ത്യം ശിക്ഷ നല്‍കാന്‍ കോടതിയെ പ്രേരിപ്പിച്ചതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഡോക്ടര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. 12 വര്‍ഷത്തോളം നടന്ന സംഭവങ്ങളുടെ ഭീതി വേട്ടയാടിയതായി കോടതിയില്‍ അതിജീവിതകളിലൊരാള്‍ വിശദമാക്കിയിരുന്നു. സ്ത്രീയെന്ന നിലയിലെ വളര്‍ച്ചാ കാലത്തെയാണ് മനീഷ് ഷാ നശിപ്പിച്ചതെന്നാണ് അതിജീവിതകളില്‍ ഒരാള്‍ കോടതിയില്‍ വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് അപകടകാരി എന്ന വിലയിരുത്തലോടെയാണ് മനീഷ് ഷായ്ക്ക് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here