തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണ സംഖ്യ 37000 കടന്നു. ദുരന്തം നടന്ന് എട്ട് ദിവസം കഴിഞ്ഞു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തല്‍. ചില ഇടങ്ങളില്‍ നിന്ന് ഇനിയും ഇത്തരത്തില്‍ ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിനായി അതിര്‍ത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിക്കുന്നതിനായാണ് തുര്‍ക്കിയോട് ചേര്‍ന്നുള്ള രണ്ട് അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി യു എന്‍ ജനറല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവാലാണ് അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചത്.

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും തുര്‍ക്കിയിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരില്‍ ചിലരെങ്കിലും ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലേക്ക് ആദ്യ യുഎന്‍ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്.

തുര്‍ക്കിയുടെ തെരുവുകളില്‍ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്. ഭൂകമ്പത്തില്‍ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകള്‍ക്കും കമ്പിളി പുതപ്പുകള്‍ക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാന്‍ രാത്രി മുഴുവന്‍ തെരുവിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാണ് രക്ഷിതാക്കളില്‍ പലരും.

LEAVE A REPLY

Please enter your comment!
Please enter your name here