ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി സിംഗപ്പൂര്‍. ദോഹ വിമാനത്താവളത്തെ പിന്തള്ളിയാണ് സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളം ഒന്നാമതെത്തിയത്. നേരത്തേയും ചാങ്കി തന്നെയായിരുന്നു ഒന്നാമത്. ഇതോടെ 12-ാം തവണയാണ് ചാങ്കി വിമാനത്താവളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. പക്ഷെ കോവിഡ് കാലത്ത് അതിനെ മറികടന്ന് ഖത്തര്‍ വിമാനത്താവളം ഒന്നാംസ്ഥാനത്തേക്ക് എത്തിയിരുന്നു.

നിലവില്‍ ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. മൂന്നാം സ്ഥാനത്ത് ടോക്യോയിലെ ഹനീദ വിമാനത്താവളമാണ്. ഇതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഏഷ്യന്‍ രാജ്യങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2023-ലെ സ്‌കൈട്രാക്സ് ലോക വിമാനത്താവള പുരസ്‌കാരപ്പട്ടികയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

അമേരിക്കയില്‍നിന്ന് ഒരു വിമാനത്താവളം പോലും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല. ഉപയോക്താക്കളുടെ തൃപ്തി കണക്കിലെടുത്താണ് സ്‌കൈട്രാക്സ് ലോക വിമാനത്താവള പുരസ്‌കാരം കണക്കാക്കുന്നത്. പാരീസിലെ ഷാള്‍ ഡി ഗോള്‍ വിമാനത്താവളമാണ് പട്ടികയില്‍ യൂറോപ്പില്‍നിന്ന് മുന്‍പന്തിയിലുള്ളത്. ഇത് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. വടക്കേ അമേരിക്കയില്‍നിന്നുള്ള സിയാറ്റില്‍ ടാക്കോമ വിമാനത്താവളം പതിനെട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇത് 27-ാം സ്ഥാനത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here