രാഹുല്‍ ഗാന്ധിയെ ലോക് സഭ അംഗത്വത്തില്‍ നിന്നു നീക്കം ചെയ്തതിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുഖകരമായ ദിനമാണിതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ഉപാധ്യക്ഷന്‍ ജോര്‍ജ് എബ്രഹാം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ മോദി സര്‍ക്കാര്‍ ഇന്ത്യക്കാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് മരണമണി മുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ പറഞ്ഞ ഒരു അഭിപ്രായത്തിന്റെ പേരില്‍ ബാലിശമായൊരു കേസ് കൊണ്ടു വന്നു ഇത്തരമൊരു നടപടിക്കു വഴിയൊരുക്കിയത് ലജ്ജാവഹവും ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ ലംഘനവുമാണ്. രാഹുല്‍ സംസാരിച്ചത് കര്‍ണാടകയില്‍ ആണെങ്കില്‍ എന്തു കൊണ്ട് ഈ കേസ് അവിടെ എടുക്കാതെ ഗുജറാത്തില്‍ കൊണ്ടുപോയി?
മോദി എന്നത് ജാതിയല്ല, പേരിന്റെ ഭാഗമാണ്. വര്‍ഗീയവാദികളായ ബിജെപിക്കാര്‍ പറഞ്ഞിട്ടുള്ളതൊക്കെ പരിശോധിക്കുകയാണെങ്കില്‍ എന്തെല്ലാം നടപടികള്‍ വേണം. ഈ സംഭവം രാഹുലിനെ കുറിച്ചല്ല. ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചാണ്. നീതിയും ന്യായവും വാഴുന്ന സമൂഹമാണ് നെഹ്രുവും അംബേദ്കറും വിഭാവനം ചെയ്തത്. അധികാരത്തില്‍ ഇരിക്കുന്നവര്‍ ദിവസേന അതിനെ നശിപ്പിക്കുകയാണ്. സ്വാതന്ത്ര്യത്തെ മാനിക്കുന്നവര്‍ ആശങ്കപ്പെടണം എന്ന് ജോര്‍ജ് എബ്രഹാം പറഞ്ഞു.