ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാകിസ്താനി റേഞ്ചേഴ്‌സ് അറസ്റ്റു ചെയ്തു. ദി പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനായ ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദിലെ ഹൈക്കോടതി വളപ്പില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. അല്‍ ക്വദിര്‍ ട്രസ്റ്റ് കേസിലാണ് അറസ്റ്റ്. കേസില്‍ ഇമ്രാന്‍ ഖാന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യുറോ (എന്‍എബി) പല തവണ നോട്ടീസ് അയച്ചിരുന്നു.

 

ജാമ്യം പുതുക്കുന്നതിനായി കോടതിയില്‍ എത്തിയതായിരുന്നു ഇമ്രാന്‍ ഖാന്‍. എന്‍എബിയുടെ നിര്‍ദേശപ്രകാരമാണ് പാകിസ്താനി റേഞ്ചേഴ്‌സിന്റെ അറസ്റ്റ്. ഇമ്രാനെ നാളെ എന്‍എബി കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. വിവിധ കോടതികളിലായി 120 ലേറെ കേസുകളാണ് ഇമ്രാന്‍ ഖാന്റെ പേരിലുള്ളത്.

 

ഇമ്രാന്‍ ഖാനെ കോടതി വളപ്പില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും അഭിഭാഷകര്‍ക്ക മര്‍ദ്ദനമേറ്റുവെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് ഫവദ് ചൗധരി ട്വീറ്റ് ചെയ്തു. ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ പല തവണ ശ്രമിച്ചിരുന്നു. ലഹോറിലെ വീട് റെയ്ഡു ചെയ്യുക വരെയുണ്ടായി. എങ്കിലും ഇമ്രാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഇമ്രാന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് പാര്‍ട്ടിയിലെ മറ്റൊരു നേതാവ് അസര്‍ മഷവാണി അറിയിച്ചു. ഇസ്ലാമാബാദ് നഗരത്തില്‍ പോലീസ് ഇതിനകം തന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here