റഷ്യയില്‍ കൂട്ടവെടിവയ്പി‍‌ൽ 15 പൊലീസുകാരും ഒരുവൈദികനും മരണപ്പെട്ടു. ഇവര്‍ക്കുപുറമെ ജനങ്ങളും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. സിനഗോഗിനും 2 ക്രിസ്ത്യന്‍ പള്ളികള്‍ക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്നും അഞ്ചുഭീകരരെ വെടിവച്ച് കൊന്നെന്നും റഷ്യ. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനകള്‍ ഏറ്റെടുത്തിട്ടില്ല.

ഇന്നലെ വൈകുന്നേരം റഷ്യയിലെ ഡാഗസ്താന്‍ ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലായിരുന്നു ആക്രമണം. ഡര്‍ബന്‍റിലെ ഒരു ഓര്‍ത്തഡോക്സ് പള്ളിക്കും സിനഗോഗിനും നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുയായിരുന്നു. ഡാഗസ്താന്‍ തലസ്ഥാനമായ മഖാഖോല നഗരത്തിലെ പൊലീസ് പോസ്റ്റിനും പള്ളിക്കും നേരെയും വെടിയുതിര്‍ത്തു. ഡര്‍ബന്‍റിലെ പള്ളിയും സിനഗോഗും കത്തിനശിച്ചു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഭീകരാക്രമണമാണെന്ന് ഉറപ്പിക്കുകയാണ് റഷ്യ. അഞ്ച് ആക്രമികളെ വെടിവച്ചുകൊന്നെന്ന് റഷ്യയിലെ ഭീകരവിരുദ്ധ കമ്മിറ്റി അറിയിച്ചു. അക്രമികള്‍ എത്രപേരായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആക്രമണസമയത്ത് സിനഗോഗില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് കരുതുന്നെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഭീകരാക്രമണത്തില്‍ 145 പേര്‍ കൊല്ലപ്പെട്ടതിന് മൂന്നുമാസത്തിനുശേഷമാണ് വീണ്ടും ആക്രമണം. യുക്രെയ്നാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചെങ്കിലും മോസ്കോ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.