hand-in-leg-china.jpg.image.784.410

ബെയ്ജിങ്∙ അപകടത്തില്‍ അറ്റുപോയ കൈ കാലില്‍ വച്ചുപിടിപ്പിച്ചു വളര്‍ത്തി ഒരു മാസത്തിനു ശേഷം തിരികെ കൈത്തണ്ടയില്‍ തുന്നിച്ചേര്‍ത്ത് ചൈനീസ് ഡോക്ടര്‍മാര്‍. കൈയ്യിലെ ഞരമ്പുകളും മറ്റും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹുനാന്‍ പ്രവശ്യയില്‍ ചാങ്ഷായിലെ ഒരു ആശുപത്രിയിലാണ് അത്യപൂര്‍വമായ ശസ്ത്രക്രിയ നടന്നത്.

ഫാക്ടറി തൊഴിലാളിയായിരുന്ന ഷൗ എന്ന യുവാവിന്റെ കൈയാണ് മെഷീനിലെ ബ്ലേജിൽ കുടുങ്ങി അറ്റുപോയത്. ഉടന്‍ തന്നെ ചാങ്ഷായിലെ സിയാന്‍ക്യ ആശുപത്രിയില്‍ ഷോയെ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽ അറ്റ കൈപ്പത്തിക്കും കൈയുടെ മറ്റു ഭാഗത്തിനും വളരെയധികം മുറിവുകളും ചതവുകളും ഉള്ളതിനാൽ കൈപ്പത്തി തുന്നിച്ചേർക്കാൻ സാധിക്കില്ലായിരുന്നു.

ഇതേത്തുടര്‍ന്ന് അറ്റുപോയ കൈ കാലില്‍ തുന്നിച്ചേര്‍ന്ന് രക്തചംക്രമണം നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. കൈയ്യിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒരു മാസത്തിന് ശേഷം കാലില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി നീക്കം ചെയ്ത് പത്തു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പഴയതുപോലെ യുവാവിന്റെ കൈത്തണ്ടയില്‍ തുന്നിച്ചേര്‍ത്തു.

രണ്ടു വര്‍ഷം മുമ്പ് സമാനമായ അപകടത്തില്‍പെട്ട് കൈ അറ്റുപോയത് കാലില്‍ വളര്‍ത്തി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ന്ന ദൗത്യം വിജയകരമായി നടത്തിയ ഡോ. ടാങ് ജുയു തന്നെയാണ് ഷൗയെയും ചികിത്സിക്കാനെത്തിയത്. ഇപ്പോള്‍ ഷൗവിനു വിരലുകള്‍ അനക്കാന്‍ കഴിയുന്നുണ്ട്. കൈയ്ക്കു കുറച്ചു പ്രത്യേക വ്യായാമം കൂടി ലഭിക്കുന്നതോടെ പൂര്‍വസ്ഥിതിലാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here