ലണ്ടൻ∙ ബർമിങ്ങാം സർവകലാശാലയുടെ ഗ്രന്ഥശേഖരങ്ങൾക്കിടയിൽനിന്ന്, തോലിലെഴുതിയ, ഏകദേശം 1370 വർഷം പഴക്കമുള്ള ഖുർആൻ കയ്യെഴുത്തുപ്രതിയുടെ ഭാഗങ്ങൾ കണ്ടെടുത്തു. ലഭ്യമായതിൽ വച്ചേറ്റവും പഴക്കമേറിയ ഖുർആൻ കയ്യെഴുത്തുപ്രതിയാണിതെന്നു ഗവേഷകർ കരുതുന്നു.

ഓക്‌സ്‌ഫഡ് സർവകലാശാലയുടെ ലാബിൽ നടത്തിയ റേഡിയോ കാർബൺ പരിശോധനയിൽ തോൽപാളി എഡി 568നും 645നും ഇടയിലുള്ളതാണെന്നു 95.4% കൃത്യതയോടെ വ്യക്‌തമായിട്ടുണ്ട്. ഖുർആൻ ഭാഗങ്ങളിൽ 18 മുതൽ 20 വരെയുള്ള സൂറത്തുകൾ (അധ്യായങ്ങൾ) ആണുള്ളത്. ഹിജാസി എന്നറിയപ്പെടുന്ന ആദ്യകാല അറബിക് ലിപിയിൽ മഷി കൊണ്ടാണു രചന.

പശ്‌ചിമേഷ്യൻ പൗരാണിക ലിഖിതങ്ങളുടെ ഭാഗമായിട്ടു കാഡ്‌ബറി റിസർച് ലൈബ്രറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിനൊടുവിൽ രചിക്കപ്പെട്ട മറ്റൊരു ഖുർആൻ കയ്യെഴുത്തുപ്രതിക്കൊപ്പം തുന്നിച്ചേർത്ത നിലയിലായിരുന്നു ഈ ഭാഗങ്ങൾ.

ഖുർആൻ പുസ്‌തകരൂപത്തിൽ ലഭ്യമാക്കുന്നതിനും മുൻപേ, പ്രവാചകന്റെ കാലശേഷമുള്ള ദശകങ്ങളിൽ എഴുതപ്പെട്ടതാണ് ഈ കയ്യെഴുത്തുപ്രതി എന്നാണു ഗവേഷക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here