ഫെയ്‌സ്മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഫ്‌ളൈറ്റ് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ വിമാനത്തില്‍ നിന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. ജോഷ്വ കോള്‍ബി കൗണ്‍സില്‍ എന്ന 44 വയസ്സുകാരനാണ് അറസ്റ്റിലായത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്കെത്തിയ ജോഷ്വാ ഫെയ്‌സ് മാസ്‌ക് ധരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫ് ഇയാളെ തടഞ്ഞു നിര്‍ത്തുകയും മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫിനെ വക വെക്കാതെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ജോഷ്വ വിമാനത്തില്‍ കയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മാസ്‌ക് ധരിക്കാതെ വീമാനത്തിനകത്ത് പ്രവേശിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വീണ്ടും തടഞ്ഞു. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി വീമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സീറ്റില്‍ നിന്ന് മാറാന്‍ തയ്യാറായില്ല. ഏറ്റവുമൊടുവില്‍ വീമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ മുഴുവനും വീമാനത്തില്‍ പുറത്തേക്ക് ഇറങ്ങിപ്പോയതോടെയാണ് കൗണ്‍സില്‍ പുറത്തേക്കിറങ്ങാന്‍ തയ്യാറായത്.

പുറത്തിറങ്ങിയ ഇയാളെ പിന്നീട് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. ബുധനാഴ്ച അറസ്റ്റ് ചെയ്ത് സാള്‍ട്ട് ലേക്ക് കണ്‍ട്രി ജയിലില്‍ അടച്ച ഇയാളെ വ്യാഴാഴ്ച രാവിലെ റിലീസ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഫ്‌ളൈറ്റ് പുറപ്പെടാന്‍ 45 മിനിട്ടുകള്‍ വൈകി.

യാത്രക്കാരന്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നുണ്ടായ പ്രശ്ങ്ങള്‍ കാരണം വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറോളം വൈകിയ സംഭവത്തില്‍ തങ്ങള്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്ന് ഡെല്‍റ്റ എയര്‍ ലൈന്‍സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here