രാജേഷ് തില്ലങ്കേരി ചൈനയിൽ കൊറോണ എന്ന മഹാവ്യാധി റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2019 ഡിസംബറിലാണ്. ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലും. 2020 ജനുവരി 30 നായിരുന്നു.   കോവിഡ് റിപ്പോർട്ട് ചെയ്ത്  ആഴ്ചകൾക്കുള്ളിൽ കോവിഡ് എത്തിയത് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനിൽ വിദ്യാർത്ഥിയായിരുന്ന തൃശ്ശൂർ സ്വദേശിനിക്കാണ് കോവിഡ് ആദ്യമായി ബാധിച്ചത്. ചൈനയിൽ നിന്നും കേരളത്തിലെത്തിയ  വിദ്യാർത്ഥിനിക്ക് കോവിഡ് ബാധിച്ചതോടെ ആരോഗ്യവകുപ്പ് തൃശ്ശൂർ മെഡിക്കൽ കോളജിൽ കോറന്റൈൻ ചെയ്യുകയായിരുന്നു. വിദഗ്ധ സംഘം തൃശ്ശൂരിലെത്തി. രോഗത്തെക്കുറിച്ച് അന്ന് വാർത്തകൾ മാത്രമായിരുന്ന മലയാളി ഒന്നു ഭയന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെ സമയോചിതമായ ഇടപെടലിൽ വിദ്യാർത്ഥിനി രോഗവിമുക്തയായി. പിന്നീട് ചൈനയിൽ നിന്നുവന്ന മറ്റു രണ്ട് വിദ്യാർത്ഥികൾക്കും കൊറോണ ബാധയുണ്ടായി. അപ്പോഴൊന്നും കോവിഡ് 19 എന്ന പേരുപോലും നൽകിയിരുന്നില്ല. ഫെബ്രുവരിയിലാണ് ചില വിദേശ യാത്രക്കാർക്ക് കോവിഡ്  സ്ഥിരീകരിച്ചത്. മാർച്ച് മാസത്തോടെ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പടർന്നു തുടങ്ങി. ഇതോടെ മലയാളികൾ അവിടെ നിന്നും മടങ്ങാൻ തുടങ്ങിയിരുന്നു. മാർച്ച് ആദ്യവാരത്തിൽ തന്നെ കേരളം കോവിഡിന്റെ ഭീതിയിൽ അകപ്പെട്ടു. വിമാനത്താവളങ്ങളിൽ കൊറോണ പരിശോധനയ്ക്ക് സംവിധാനമുണ്ടാക്കി. കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ് മാർച്ചിൽ കോവിഡ് രോഗികൾ അധികവും. വിദേശികളും സ്വദേശികളുമായ യാത്രക്കാർ കോവിഡ് ബാധിതരായി. കളമശ്ശേരി ഗവ.മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയായി സർക്കാർ പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജും, കണ്ണൂർ പരിയാരം മെഡിക്കൽ കോളജും കോവിഡ് ആശുപത്രികളായി. മാർച്ച് പത്തോടെ കേരളം കോവിഡ് ഭീതിയിൽ അകപ്പെടുകയും സിനിമാ ശാലകളുടെ പ്രവർത്തനം നിർത്തി. ട്രെയിനുകളിൽ യാത്രചെയ്യാൻ ആളില്ലാതെ വന്നതോടെ മിക്ക ട്രെയിനുകളും റദ്ദു ചെയ്തു. വിദേശത്തു നിന്നുള്ള വിമാന സർവീസുകളും നിലച്ചുതുടങ്ങി. മാർച്ച് 24 ന് കേന്ദ്ര സർക്കാർ രാജ്യം അടച്ചിടാൻ തീരുമാനിക്കുന്നതിന് മുൻപ് തന്നെ കേരളം അടച്ചിരുന്നു. രോഗികൾ അപ്പോഴും വിദേശത്തു നിന്നും എത്തിയവരും അവരുടെ കുടംുബാംഗങ്ങളും മാത്രമായിരുന്നു. പൊതുജനങ്ങളിലേക്ക് രോഗം പടരുന്നത് തടയുകയായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ലോക്ക് ഡൗണ് പ്രഖ്യാപിക്കുമ്പോൾ പ്രധാന മന്ത്രി പ്രഖ്യാപിച്ചത് നിന്നിടത്തു തന്നെ തുടരുക,  എന്നായിരുന്നു. ഏപ്രിൽ 15 വരെയായിരുന്നു ഒന്നാം ഘട്ട ലോക് ഡൗൺ. പിന്നീട് രാജ്യം കോവിഡിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്താണ് കേരളം അടച്ചിട്ടത്. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാതൃതയായി മാറിയതും കേരളത്തിലെ ആരോഗ്യവകുപ്പായിരുന്നു. കോവിഡ് ബാധയുടെ ആദ്യകാലത്ത് കർണ്ണാടകം ദേശീയപാതയടക്കം അടച്ചതും മലയാളികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ ചകിൽസ നിഷേധിച്ചതുമെല്ലാം വലിയ വാർത്തകളായി. പിന്നീട് കർണ്ണാടകവും, തമിഴ്‌നാടും മഹാരാഷ്ട്രയുമെല്ലാം കോവിഡിന്റെ പിടിയിലമർന്നു. കേരളം കോവിഡിനെ പിടിച്ചുകെട്ടിയെന്നും, കേരളാ മോഡൽ ലോകത്തിന് തന്നെ മാതൃകയാണെന്നുമൊക്കെ വാർത്തകൾ വന്നു. കേരള ആരോഗ്യവകുപ്പ്  മന്ത്രി കെ കെ ശൈലജയെ പ്രകീർത്തിച്ച് നിരവധി വാർത്തകൾ, വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ, അഭിമുഖങ്ങൾ എല്ലാം കോവിഡ് കാലത്തുണ്ടായി. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനവും കോവിഡ് കാലത്തെ പ്രധാന പരിപാടിയായി മാറി. കോവിഡ് ഒരു വർഷം  കഴിയുമ്പോഴും കേരളത്തിൽ നിന്നും വിട്ടൊഴിഞ്ഞില്ലെന്നു മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമായി മാറി. മഹാരാഷ്ട്രയാണ് കോവിഡ് വ്യാപനത്തിൽ ഒപ്പമുള്ള സംസ്ഥാനം. കോവിഡിനെ തടയുന്നതിൽ ഏറ്റവും പഴികേട്ട സംസ്ഥാനമായ മഹാരാഷ്ട്രയും ഏറ്റവും കയ്യടി നേടിയ കേരളവുമാണ് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലെന്നതാണ് വിരോധാഭാസം. ജാഗ്രതക്കുറവാണോ, അതോ വാക്‌സിൻ എത്തിയെന്ന അമിത വിശ്വാസമാണോ, എന്തായാലും രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിൽസയിലുള്ള ഏഴു ജില്ലകളുള്ളതും കേരളത്തിലാണ് എന്നത് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here