രാജേഷ് തില്ലേങ്കരി 

കൊച്ചി : കോൺക്രീറ്റ് കാടുകൾ നിറഞ്ഞ കൊച്ചി നഗരത്തിൽ ഒരു കപ്പത്തോട്ടം. ആ കപ്പത്തോട്ടത്തിന്റെ കാവൽകാരൻ ഒരു റിട്ടയേർഡ് പൊലീസ് ഓഫീസർ. ചിലരുടെയൊക്കെ നെറ്റി ചുളിയും, ശരിയാണ് നഗരത്തിൽ ഒരിക്കലും സാധ്യമല്ലെന്ന് തോന്നിയേക്കാവുന്ന കൃഷിയാണ് പ്രസന്നൻ എന്ന റിട്ടയേർഡ് പൊലീസ് ഓഫീസർ ഏറ്റെടുത്തത്. 
 
നഗരത്തിൽ ഒട്ടേറെ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. കോടികൾ വിലയുള്ള ഭൂമിയാണ് അതൊക്കെ. തരിശുഭൂമിയിൽ കൃഷിയിറക്കുമെന്നൊക്കെ സർക്കാർ പ്രഖ്യാപനം  വരും. എന്നാൽ ആരും ഒന്നും ചെയ്യില്ല. എല്ലാം ഒരു തരം  പബ്ലിസിറ്റി മാത്രം.

എന്നാൽ റിട്ടയേർഡ് പൊലീസ് ഇൻസ്‌പെക്ടറായ പ്രസന്നൻ ഒരു പരീക്ഷണമെന്ന നിലയിലാണ് ഒരു ഭൂമി കാർഷികാവശ്യത്തിന് ലഭിക്കുമോ എന്ന അന്വേഷണം നടത്തിയത്. കോടികൾ വിലയുള്ള സ്ഥലമാണ്, എന്നാലും കൃഷി ചെയ്യാൻ ഇപയോഗിക്കാമെന്ന അനുമതി ലഭിച്ചു. സ്ഥലം ഉടമ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. പീയൂസ് പ്രസന്നന് എന്ത് കൃഷി വേണമെങ്കിലും നടത്താമെന്നുള്ള അനുമതി നൽകുന്നു. 
 
 
ജോലിയിൽ നിന്നും പ്രസന്നൻ വിരമിക്കുന്നത് 2013 ലാണ്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പ്രസന്നൻ ജോലി ചെയ്തിരുന്നത്. എറണാകുളം ജില്ല ഒരു വ്യവസായ നഗരമാണ്. തിരക്കേറിയ ജീവിതം, മണ്ണിന് പൊന്നിന്റെ വില. ആർക്കും കൃഷിയിലൊന്നും താല്പര്യമില്ല. 32 വർഷങ്ങൾ നീണ്ട പൊലീസ് ജീവിതം പ്രസന്നനെ, കാർഷിക മേഖലയിലേക്ക് ഏറെ ആകർഷിച്ചിരുന്നു.

കൊച്ചി നഗരത്തിലെ അത്രയൊന്നും തിരക്കില്ലാത്ത ഒരു സ്ഥലമാണ് പ്രസന്നൻ തുടർ ജീവിതത്തിനായി കണ്ടെത്തിയത്.
ഒരു ഫ്‌ളാറ്റിലായിരുന്നു പ്രസന്നന്റെ തുടർ ജീവിതം. ജീവിതയാത്രയിൽ തനിക്കേറെ കടമകൾ നിറവേറ്റാനുണ്ടെന്ന തിരിച്ചറിവാണ് കാർഷിക ലോകത്തേക്കുള്ള പ്രസന്നന്റെ വഴിമാറ്റത്തിന് കാരണം. നഗരമധ്യത്തിൽ ചെയ്യാവുന്ന പരമ്പരാഗത കൃഷിയിലൊന്നും പ്രസന്നന് താല്പര്യമുണ്ടായിരുന്നില്ല. അങ്ങിനെയാണ് കപ്പ കൃഷിയെന്ന ആശയം തിരഞ്ഞെടുത്തത്. 
 
 
ആദ്യഘട്ടത്തിൽ ഈ നഗരത്തിൽ കപ്പ വിളയുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. പ്രസന്നൻ എല്ലാവരുടെയും സംശയം ദൂരീകരിച്ചു. കുറച്ച് കപ്പയായിരുന്നു ആദ്യം കൃഷി ചെയ്തത്. അത് വിജയമായി, തുടർന്ന് കൃഷി വിപുലപ്പെടുത്തി. കപ്പ കൃഷിയോടൊപ്പം ചേന, ചേമ്പ്, മാവ്, വാഴ തുടങ്ങിയ കൃഷിയും ഒപ്പം കൂടെ കൂട്ടി.
 
 2018 ൽ കപ്പ കൃഷിയിൽ വൻ നഷ്ടം സംഭവിച്ചു. വെള്ളപ്പൊക്കത്തിൽ എല്ലാം നശിച്ചു. ഇനിയൊരു പരീക്ഷണം വേണ്ടെന്നായിരുന്നു കുടുംബാംഗങ്ങളുടെ നിർദ്ദേശം. എന്നാൽ പ്രസന്നന്റെ മനസിലെ കർഷകൻ വെറുതെയിരിക്കാൻ തയ്യാറായിരുന്നില്ല. വീണ്ടും കൃഷിയിലേക്ക് ഇറങ്ങി.

പ്രസന്നൻ ഇത്തവണ വിളവെടുത്തത്  ക്വിന്റൽ കണക്കിന് കപ്പയാണ്. ഒറ്റയിനം കപ്പയല്ല കൃഷിയിടത്തിലുണ്ടായിരുന്നത്, വിവിധയിനം കപ്പകൾ. ഓരോ മൂടിലും തഴച്ചുവളർന്ന കപ്പ പ്രസന്നന്റെ സ്വപ്‌നത്തേക്കാൾ കൂടുതലായിരുന്നു.

കൃഷി ഏറെ  സന്തോഷമാണ് നൽകുന്നതെന്നാണ് പ്രസന്നൻ പറയുന്നത്. വിദേശ മലയാളികളുടെ ഒരു കൂട്ടയ്മയിലൂടെ കൊച്ചി നഗരത്തിൽ വലിയൊരു കാർഷിക കൂട്ടായ്മയാണ് പ്രസന്നൻ ലക്ഷ്യമിടുന്നത്.
 
 കൃഷിയിൽ താൽപര്യമുള്ളവരെ ഏകോപിപ്പിച്ച് കപ്പയടക്കം ഒട്ടേറെ കാർഷിക ഉൽപ്പന്നങ്ങൾ നഗരത്തിൽ വിളിയിക്കാനുള്ള മുന്നൊരുക്കത്തിലാണ് പ്രസന്നൻ. വളരെ ചിട്ടയുള്ള ഒരു പൊലീസ് ഓഫീസറായിരുന്നു പ്രസന്നൻ. അദ്ദേഹം കൃഷിയിടം ഒരുക്കിയപ്പോഴും ആ ചിട്ടയ്‌ക്കൊന്നും മാറ്റം വരുത്തിയില്ല.

കൊച്ചിയെ കപ്പയുടെ നഗരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രസന്നൻ. കപ്പ ഒട്ടേറെ ഉൽപ്പന്നങ്ങളാക്കി മാറ്റാം. അടുത്ത കൃഷിയിലൂടെ വിളവെടുക്കുന്ന കപ്പ ഉപയോഗിച്ച് വലിയൊരു കപ്പ പ്രദർശനം പ്രസന്നൻ പ്ലാൻ ചെയ്തിരിക്കയാണ്. ഉണക്കകപ്പമുതൽ, കപ്പപപ്പടം വരെയുള്ള 30 ഇനം ഫുഡ് പ്രൊഡകറ്റുകളുടെ പ്രദർശനവും അദ്ദേഹം പ്ലാൻ ചെയ്തിരിക്കയാണ്.

കൊറോണ കാലത്ത് കൃഷിയിലേത്ത് വഴി മാറാൻ സർക്കാർ നിർദ്ദേശമുണ്ടായി. എല്ലാവർക്കുമൊപ്പം പ്രസന്നനും ആവേശ പൂർവം കൃഷിയിൽ മുഴുകി. ആരും തിരിഞ്ഞു നോക്കിയില്ല. എല്ലാ വിജയവു പ്രസന്നൻ തനിച്ച് കൊയ്തതാണ്. നഗരത്തിലെ കപ്പ വിപ്ലവത്തിന്റെ കഥയറിഞ്ഞ് സിനിമാ താരം സുരേഷ് ഗോപിയെത്തി. പ്രസന്നനെ ആധരിച്ചു. നിരവധി പേർ പ്രസന്നന്റെ തോട്ടം കാണാനായി എത്തുന്നു. 
 
പ്രസന്നൻ കുറച്ചുകൂടി വലിയൊരു നീക്കത്തിലാണ്. ഹെക്ടർ കണക്കിന് ആരും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്യാനുള്ള വമ്പിച്ചൊരു പദ്ധതിയിലാണ് പ്രസന്നൻ.
കെ ഐ പ്രസന്നൻ പിറവം, മണീട് നീർക്കുഴി സ്വദേശിയാണ്. കുട്ടോത്ത് പ്രസന്നൻ എന്നയാൾ നിലവിൽ കൊച്ചി വടുതല ഡി ഡി സിൽവര്‍‌സ്റ്റോമിലെ താമസക്കാരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here