രാജേഷ് തില്ലങ്കേരി

വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റി എന്നൊരു യൂണിവേഴ്‌സിറ്റിയുണ്ടോ… ഇല്ലേ…ഉണ്ടെന്നാണല്ലോ മുഖ്യമന്ത്രി പിണറായിവിജയൻ പറയുന്നത്. അപ്പോ അതെവിടെയായിരിക്കും ? കൊല്ലത്താണോ, അതോ തിരുവനന്തപുരത്താണോ ? അത്രനിശ്ചയമില്ല അല്ലേ….
സമുദ്രപഠന കേന്ദ്രങ്ങളാണെങ്കിൽ കൊച്ചിയിലാണ്. ആഴക്കടലിൽ ആണ് ഗവേഷണമെങ്കിൽ അതിനും സൗകര്യമുണ്ട്. പക്ഷേ, ഈ വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റിയിൽ ആഴക്കടൽ മത്സ്യബന്ധനകോഴ്‌സുനടത്തുന്നുണ്ടോ.. ഇല്ല, അപ്പോ മുഖ്യമന്ത്രി പറഞ്ഞത്….. പക്ഷേ, ഐ എ സുകാരനെക്കുറിച്ചാണല്ലോ പറഞ്ഞത് , അതിപ്പം ന്താന്ന് മനസിലായില്ലല്ലോ…



ഇ എം സി സിയുമായുണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാർ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എന്ന കുറേ വാട്‌സ് ആപ്പ് മെസ്സേജുകൾ  തെളിവായി കിട്ടിയെന്ന കഴിഞ്ഞ ദിവസത്തെ വാർത്തയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് തെളിവുകൾ നിരത്തിയത്. ഇതോടെയാണ് കെ എസ് ഐ ഡി സിയുടെ എം ഡിയായ എൻ പ്രശാന്ത് ഐ എ എസിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രശാന്തിനെ മഹാൻ എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. കൊച്ചിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെയാണ് പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി  വീണ്ടും രംഗത്തെത്തിയത്. അപ്പോ മുഖ്യമന്ത്രിക്ക് നേരിയൊരു ഭയം ഉണ്ടായിട്ടുണ്ട് എന്ന് സാരം.  



ഒരു ദല്ലാളുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് ആഴക്കടൽ വിവാദം. അതൊന്നും തീരദേശത്ത് വിലപ്പോവില്ല.
തീരദേശത്തെത്തിപ്പോൾ ശാന്തതയാണ്,  പ്രശാന്തിന്റെ പദ്ധതിയൊന്നും നടപ്പില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഇ എം സി സി കരാർ വലിയ ഗൂഢോചനയാണെന്ന് കുണ്ടറയിൽ സഖാവ് ജെ മേഴ്‌സിക്കുട്ടിയമ്മ ഇതേ സമയത്ത് പ്രസ്താവിച്ചിട്ടുണ്ട്. എന്തായാലും പ്രശാന്തിന്റെ ചീട്ട് എടുത്ത് പുറത്ത് വച്ചിട്ടുണ്ട് എന്നർത്ഥം.

ഇ എം സി സി ഉടമ ദരിദ്രനെന്ന്


അമേരിക്കൻ കമ്പനിയായ ഇ എം സി സി ആഴക്കടലിൽ നിന്നും മത്സ്യബന്ധനം നടത്തുന്നതിനുള്ള വലിയൊരു പദ്ധതിയുമായി എത്തി. അയ്യായിരം കോടി ഡോളറിന്റെ പദ്ധതിയായിരുന്നു ഇത്. എന്നാൽ രമേശ് ചെന്നിത്തലയെന്ന വികസന വിരുദ്ധൻ ഇടങ്കോലിട്ടതോടെ ആഴക്കടൽ മത്സ്യബന്ധനം ഇല്ലാതായി.


 
മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ വഞ്ചിച്ചു എന്ന ആരോപണവുമായി ഇ എം സി സിയുടെ ചെയർമാൻ കുണ്ടറയിൽ മത്സരിക്കുകയാണ്. കോടീശ്വരന്റെ പത്രികകണ്ട് കുണ്ടറക്കാർ ഞെട്ടിയത്രേ, ഉടുത്ത കോടി മാത്രമേയുള്ളൂവെന്ന്,,  പത്രികയോടൊപ്പം സമർപ്പിച്ച രേഖ പ്രകാരം പതിനായിരം രൂപ മാത്രമേ കയ്യിലുള്ളൂ. ഇന്ത്യയിൽ മറ്റ് നിക്ഷേപം ഒന്നുമില്ല. വിദേശത്ത് നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടുമില്ല. 
 
അങ്ങിനെയെങ്കിൽ ദരിദ്രനാണ് എന്നു പറയേണ്ടിവരും. അപ്പോ 500  യാനം, രണ്ട്  കപ്പൽ, ഫുഡ് കടലിൽ നിന്നുതന്നെ പ്രോസസിംഗ്, പാക്കിംഗ്, കയറ്റുമതി എന്നൊക്കെ പറഞ്ഞത് ചുമ്മാതാണോ സാർ, വെറുതെ കോട്ടും സ്യൂട്ടും ഇട്ടുള്ള നാടക മായിരുന്നോ…. വിദേശ വ്യവസായി എന്നു കണ്ടപ്പോ ആവേശം കയറിയതാണോ മന്ത്രിക്ക്. പവനായി ശവമായി എന്നു പറഞ്ഞപോലെയാണോ???

ആ വെല്ലുവിളി സ്വീകരിക്കണം മന്ത്രിയമ്മേ…..

ആഴക്കടൽ മത്സ്യബന്ധന കരാർ എന്തിനാണ് റദ്ദാക്കിയതെന്ന് പറയണമെന്നാണ് ഇ എം സി സി യുടെ എം ഡി ഷി എം വർഗീസിന്റെ ആവശ്യം. തങ്ങളെ വഞ്ചിച്ച മന്ത്രി മേഴ്‌സികുട്ടിയമ്മ മറുപടി പറയണമെന്നാണ് ഷിജുവിന്റെ ആവശ്യം. ഇ എം സി സി ഒരുതട്ടിപ്പു കമ്പനിയാണെന്നും കമ്പനിയുടെ ഷെയർഹോൾഡർമാരെന്ന നിലയിൽ ചിലരെ അവതരിപ്പിച്ചത് കോട്ടും സ്യൂട്ടുമിട്ട ഇന്ത്യക്കാരെയാണെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. 
 
 
എന്നാൽ രണ്ട് ഇന്ത്യക്കാരൊഴികെ ബാക്കിയെല്ലാം അമേരിക്കൻസാണെന്നും അവരുടെ വിവരങ്ങൾ കോൺസുലേറ്റിൽ നൽകിയിരുന്നതാണല്ലോ എന്നുമാണ് ഇ എം സി സിയുടെ എം ഡിയുടെ ചോദ്യം. മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനായി പൊതു വേദിയിൽ പ്രത്യക്ഷപ്പെടണമെന്നും കെ എം സി സി എംഡി ഷിജു എം വർഗീസ് ആവശ്യപ്പെട്ടിരിക്കയാണ്.
 

പ്രൊജക്റ്റ് ആകെ തകർത്തത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണെന്നും ഷിജു എം വർഗ്ഗീസ് ആരോപിച്ചിരുന്നു. കുണ്ടറയിൽ സ്ഥാനാർത്ഥിയാണ് ഷിജു.
താങ്കൾ ഇത്രയും വലിയൊരു പ്രജക്റ്റ് നടപ്പാക്കാൻ കെൽപ്പുള്ള വ്യവസായി ആണോ എന്ന ചോദ്യത്തിന്, അതൊന്നും താങ്കളറിയേണ്ട കാര്യമില്ലെന്നായിരുന്നു ഇ എം സി സി എം ഡിയുടെ പ്രതികരണം.
എന്തായാലും മന്ത്രി മേഴ്‌സി കുട്ടിയമ്മ ഈ ചോദ്യവും ഉത്തരവുമൊന്നും കണ്ടഭാവമില്ല. പണം ഇറക്കിയവൻ ഇനിയെന്ത് ചെയ്യുമെന്ന് വരും ദിനസങ്ങളിൽ അറിയാം.


ഗുരുവായൂപരപ്പൻ തുണച്ചു, ബി ജെ പിക്ക് തലചായ്ക്കാനൊരിടമായി

ദൈവത്തിന് നന്ദിപറയുകയാണ് ബി ജെ പിക്കാർ, ഗുരുവായൂരിൽ എന്ത് ചെയ്യുമെന്ന ആശങ്കയിൽ അകപ്പെട്ട ബി ജെ പി. അവർക്ക് ഒരു കച്ചിത്തുരുമ്പായി ഒരു സ്ഥാനാർത്ഥിയെ ലഭിച്ചിരിക്കുന്നു.


ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർത്ഥി ദിലീപ് നായരെയാണ്   ബി ജെ പി പിന്തുണയ്ക്കുക. സ്ഥാനാർത്ഥിയില്ലാതായ ഗുരുവായൂരിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലായിരുന്നു ബി ജെി പി നേതാക്കൾ. വോട്ട് ചെയ്യാൻ ഒരാളെ ചൂണ്ടിക്കാണിച്ചേ പറ്റൂ…. ഇത്തരമൊരു ചെയ്ത് ആരും പ്രതീക്ഷിച്ചതല്ലല്ലോ…. ഗുരുവായൂരിൽ മാത്രമല്ല അങ്ങ് വടക്ക് തലശ്ശേരിയിലും ഇതേ ഗതികേടിലാണ് സാർ ബി ജെ പി.
സംഘ് പരിവാർ ശക്തികൾക്ക് നല്ല സ്വീധീനമുള്ളിടങ്ങളാണ് തലശേരിയും , ഗുരുവായൂരും. ഗുരുവായൂരിൽ എല്ലാം കോപ്ലിമെന്റ്‌സാക്കി…. ഗുരുവായൂരപ്പാ കാത്തോണേ….

അപ്പോ തലശേരിയിലോ, അതൊന്നും ആയില്ലെന്നേ, എപ്പോ ആവും…. ?

ചർച്ചയിലാണ്…
ആരും ഇതുവരെ വോട്ട് ചെയ്യാൻ സമ്മതിച്ചിട്ടില്ല…

അപ്പോ നമ്മുടെ വോട്ട് എന്തു ചെയ്യും ?  അറിയില്ല,
ബി ജെ പി വോട്ട് വേണ്ടെന്ന് ഹസ്സൻ ജി പറഞ്ഞല്ലോ.
അപ്പോ രമേശ് ചെന്നിത്തല പറഞ്ഞതോ,

അയ്യോ യു ഡി എഫ് കൺവീനറല്ലേ ഹസ്സൻജി…അദ്ദേഹം പറയുന്നതല്ലേ കേൾക്കേണ്ടത് .
ഈശ്വരാ … അപ്പോ ബി ജെ പി ഈ വോട്ടൊക്കെ എന്ത് ചെയ്യും.. ?

വല്ലാത്തൊരു പ്രതിസന്ധിതന്നെ…അല്ലേ,

ചർച്ചകൾ നടക്കട്ടേ, വോട്ടർമാർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് നൽകട്ടേ….നിങ്ങളുടെ വോട്ടവകാശം ഉപയോഗിക്കൂ…


രമേശ് ചെന്നിത്തലയുടെ ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ


ചെന്നിത്തലയെന്ന കോൺഗ്രസ് നേതാവിനെ  മഹാത്മാ ഗാന്ധിയോട് ഉപമിക്കാനാണ് ഇപ്പോൾ തോന്നുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് രമേശ് ജി നടത്തുന്നത്. വോട്ടിരട്ടിപ്പ് സംഘത്തെ കണ്ടെത്താനും, അത് തടയാനുമായി രമേശ് ചെന്നിത്തല നടത്തുന്ന പോരാട്ടം ആരെയും ആവേശം കൊള്ളിക്കും. ജനാധിപത്യം അട്ടിമറിക്കുന്നതാണ് ഇരട്ടവോട്ടുകളെന്നായിരുന്നു രമേശ് ജിയുടെ ആരോപണം. കോൺഗ്രസിന്റെ ഒട്ടേറെ നേതാക്കൾ ജീവൻനൽകി നേടിയെടുത്തൊരു സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ തടയണം, തീർച്ചയായും രമേശ് ചെന്നിത്തലയുടെ പോരാട്ടത്തെ ബഹുമാനപ്പെട്ട ഹൈക്കോടതി വളരെ സീരിയസായാണ് കണ്ടിരിക്കുന്നത്.

ഇരട്ടവോട്ട് ഒരിക്കലും അംഗീകരിക്കാനാവില്ല, അത് പെരുമ്പാവൂർ എം എൽ എ ആയാലും കോൺഗ്രസിന്റെ ഉന്നത നേതാവായാലുമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.


രമമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും, കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥി എസ് എസ് ലാലിനും ഇരട്ടവോട്ടുണ്ടത്രേ, കോൺഗ്രസിന്റെ ദേശീയ വക്തവ് ഷമ മുഹമ്മദിനും ഇരട്ടവോട്ടെന്ന ആരോപണവുമായി  ഇതാ കണ്ണൂരിൽ നിന്നും എം വി ജയരാജനും രംഗത്തെത്തിയിരിക്കയാണ്.
എൽദോസ് കുന്നപ്പള്ളിക്കും, ഭാര്യക്കും ഇരട്ടവോട്ടെന്നാണ് ഒടുവിൽ വരുന്ന വാർത്തകൾ, വാർത്തകൾ. ഇനിയെല്ലാം കോടതി തീരുമാനിക്കട്ടേ….
എന്തായാലും കടകംപള്ളി പ്രതികരിച്ചിട്ടുണ്ട്. ഉൽസവ പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് ചെന്നിത്തലയെന്ന്,

ബി ജെ പി തീരുമാനിച്ചാൽ എൽ ഡി എഫ് ജയിക്കും, തീരുമാനിച്ചില്ലെങ്കിൽ യു ഡി എഫ് വരും

കേരളത്തിൽ ആര് അധികാരത്തിൽ വരുമെന്ന ചോദ്യത്തിന് ഇതുവരെ ഒരു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കോൺഗ്രസും ബി ജെ പിയും ചില രഹസ്യ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് സി പി എമ്മും,  സി പി എം – ബി ജെ പി ദാരണയുണ്ടെന്ന് കോൺഗ്രസും ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ ബി ജെ പി വോട്ട് ഈ തെരഞ്ഞെടുപ്പിൽ വളരെ നിർണായകമാണ്.


കേരളത്തിൽ വ്യക്തമായ ത്രികോണ മത്സരം നടക്കുന്നത് കേവലം പത്ത് മണ്ഡലങ്ങളിൽ മാത്രമാണ്. തലസ്ഥാനത്ത് നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലും. തൃപ്പൂണിത്തുറ, കോന്നി, തൃശ്ശൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരത്തും മാത്രമാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കേരളത്തിൽ 70 സീറ്റുകൾ നേടുമെന്ന് പ്രസ്താവന പുറപ്പെടുവിക്കുന്ന ബി ജെ പി നേതാക്കൾ, സീറ്റ് പിടിച്ചെടുക്കാൻ എന്തെങ്കിലും നീക്കങ്ങൾ നടത്തിയോ എന്ന ചോദ്യത്തിന് മറുപടിപോലും ഇല്ല.

പാലക്കാട് സീറ്റിൽ ഒരു ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നുവെങ്കിൽ ബി ജെ പി  സ്ഥാനാർത്ഥി വിജയിച്ചേനേ…ഇ ശ്രീധരൻ നല്ല സ്ഥാനാർത്ഥിയാണ് , എന്നാൽ ശ്രീധരന്റെ ഗുഡ് വിൽ വോട്ടാവില്ലെന്ന നിലപാടിലാണ് ബി ജെ പി നേതൃത്വം.
കേരളത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും ബി ജെ പിക്ക് ഒരു സീറ്റുപോലും കിട്ടില്ലെന്നാണ് ചില സർവ്വേക്കാർ പറയുന്നത്. മഴയും, കൊടുങ്കാറ്റും നേരത്തെ പ്രവചിക്കാൻ പറ്റാതിരുന്നത് പോലെതന്നെ കേരളത്തിൽ ആര് ജയിച്ചുകയറുമെന്ന സംശയത്തിന് ഒരു പരിഹാരമുണ്ടാക്കാൻ ഇന്നുവരെ പറ്റിയില്ല.
പറശനിക്കടവ് മുത്തപ്പാ കാത്തോണേ….

പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല ഇ ഡിയെ വിടില്ലെന്ന്



എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ സ്വർണക്കടത്തു കേസിൽ വലിയ വഴിത്തിരിവാണ് വന്നിരിക്കുന്നത്. സ്വപ്‌ന സുരേഷിനെയും, സന്ദീപ് നായരെയും മൊഴിമാറ്റാൻ ഇ ഡി അധികൃതർ നിർബന്ധിച്ചുവെന്നാണ് പരാതി. ഇഡി അധികൃതരെ കുരുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വ്യക്തമായ നിയമോപദേശം തേടിയാണ് കേരളാ മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ പ്രേരിപ്പെച്ചെന്നാണ് ആരോപണം.

വിഷു കിറ്റ് ഏപ്രിൽ ഒന്നു മുതൽ വിടില്ല തെരെഞ്ഞെടുപ്പ് കമ്മീഷനെയും



വിഷു കിറ്റ് വിതരണം നിർത്തി വയ്ക്കാൻ ഉത്തരവിട്ട ഇലക്ഷൻ കമ്മീഷന് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ല. അങ്ങിനെ അറിയുമായിരുന്നുവെങ്കിൽ കമ്മീഷൻ ഇങ്ങനെയൊക്കെ തീരുമാനിക്കുമോ, ഇല്ലേയില്ല. അതിനാൽ നിയമ നടപടി നേരിടാൻ ഒരുങ്ങിക്കോളൂ… ആരുടെയും അരിമുടക്കരുത്, അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ഇതൊക്കെ മനസിലാവും

വാൽകഷണം :
സോളാർ കേസിൽ ഇനിയും അന്വേഷണം നേരിടാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സി ബി ഐ വരട്ടേ,  സത്യം തെളിയട്ടേ എന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here