വീണ്ടും ഒരു വിഷു ദിനം കൂടി വരവായി. നല്ല നാളുകളുടെ സ്വപ്നങ്ങൾ പൂവണിയുന്നതിനായി എല്ലാ മലയാളികളും നല്ല വിഷുക്കണി കാണുവാൻ ജഗദീശ്വരന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു. എല്ലാ നന്മകളും നിറഞ്ഞ ഒരു പുതിയ പുലരി പിറക്കുന്ന നല്ല ദിനങ്ങൾക്കായി ലോകം മുഴുവൻ കാതോർക്കുകയാണ്. കഴിഞ്ഞ ഒന്നര ആണ്ടിന്റെ നീറുന്ന ഓർമ്മകൾക്ക് ആശ്വാസം പകരുന്ന ശുഭദിനങ്ങൾക്കായി ഈ വിഷു ദിനത്തിലെ നല്ല കണികൾ എല്ലാവർക്കും സാധ്യമാകട്ടെ എന്നും പ്രാർത്ഥിക്കുകയാണ്.

നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ വധിച്ചതിന്റെ ഓർമ്മയായിട്ടാണ് വിഷു ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. അതിനുമപ്പുറം നാളെ മലയാള മാസത്തിലെ മേടം ഒന്ന്. ഒരു വർഷം മുഴുവൻ നല്ല ദിനങ്ങൾക്കായി പ്രതീക്ഷയർപ്പിക്കുന്ന മലയാള മാസത്തിലെ പുതുവർഷപ്പുലരിയാണ് വിഷുദിനം അഥവാ മേടം ഒന്ന്. വിളവെടുപ്പിന്റെ ഉത്സവമായ വിഷു ദിനത്തിൽ നല്ല വിളവുകളുടെ കാഴ്ച്ചകൾ കൂടി ഒരുക്കിയാണ് മലയാളികൾ  വിഷുക്കണിയൊരുക്കുന്നത്.

വിഷുക്കണിയും കൈനീട്ടവും സദ്യയുമായി എല്ലാ മലയാളികളും ആനന്ദത്തിമിർപ്പിലാകുന്ന ഉത്സവമാണ് വിഷു. വീട്ടിനുള്ളിൽ ഒരുക്കുന്ന വിഷുക്കണി ആദ്യം ദർശിക്കുക മുതിർന്നവർ ആയിരിക്കും . അവർ കണി കണ്ടു കൈ നീട്ടം നൽകും. അമ്പലങ്ങളിലും വിഷുക്കണി കാണാനും കൈനീട്ടം വാങ്ങാനും നല്ല തിരക്കുള്ള ദിവസമാണ് വിഷു ദിനം. ഒരു വർഷം മുഴുവനും നല്ല കർമ്മങ്ങൾ ചെയ്യാൻ വിഷുദിനത്തിലെ കർമ്മങ്ങൾ കരണമാകുമെന്ന് വിശ്വാസം.

മേടമാസമടുത്താൽ വിളവുകളെല്ലാം പറിയ്ക്കാൻ പാകമായി വിളഞ്ഞു നിൽക്കും.പ്രത്യേകിച്ച് സ്വർണ നിറമുള്ള കണി വെള്ളരിക്കയും ഒപ്പം സ്വർണനിറമുള്ള കണിക്കൊന്നയും നടാടെ പൂത്തുലയും. കണിക്കൊന്ന പൂക്കാത്ത വിഷുദിനം ഉണ്ടാകാറില്ല. ഓട്ടുരുളിയിൽ കണിവെള്ളരിക്കയും മറ്റു കണി വസ്തുക്കളും നിറയ്ക്കും. ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹത്തിനടുത്തുള്ള കണി വസ്തുക്കൾ കണ്ട് നിർവൃതിയടയനായി  ആ വർഷം മുഴുവൻ സമൃദ്ധിയുണ്ടാകുമെന്ന പ്രാർത്ഥനയോടെയും  പ്രതീക്ഷയോടെയുമാണ് ഓരോരുത്തരും കണികാണാനായി കണ്ണുതുറക്കുക. ഒരു നല്ല വിഷുക്കണി ആ വർഷത്തെ മുഴുവൻ ശുഭകാര്യങ്ങളുടെ പ്രതീകമായിട്ടാണ് കാണുന്നത്. രാവിലെ കുളിച്ച് ഈറനണിഞ്ഞു കണിക്കൊന്നകൊണ്ടലങ്കരിച്ച കണ്ണനെ കൺകുളിർക്കെ കണികണ്ട് നിർവൃതിയടയുന്നവർക്ക് ആ വർഷം മുഴുവനും നല്ല സൗഭാഗ്യങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം

 

 മേടം ഒന്ന് പുലരുമ്പോൾ നല്ല നാളെയുടെ പ്രതീക്ഷക്കായി കാത്തിരിക്കുകയാണ് ലോകം മുഴുവനുമുള്ള മലയാളികൾ. അമേരിക്കയിലോ യൂറോപ്പിലോ ഗൾഫിലോ എവിടെയുമായിക്കോട്ടെ മലയാളി എവിടെയായാലും വിഷുക്കണി ഒഴിവാക്കാൻ കഴിയില്ല. കണിക്കൊന്നയും കണി വെള്ളരിക്കയുമൊക്കെ കടൽ കടന്നും മലയാളികൾക്ക് കണിയായി എത്തും. പ്രത്യാശയുടെയും പ്രതീക്ഷയുടെയും നല്ല നാളുകളുടെ വരവിനായി നമുക്ക് ഓരോരുത്തർക്കും കാത്തിരിക്കാം.  . 

  നല്ല കണികൾ കാണേണ്ടിയിരുന്ന നമ്മുടെ പ്രിയപ്പെട്ടവരായ പല ബന്ധുക്കളെയും സുഹൃത്തുക്കളെയും കഴിഞ്ഞ ഒന്നരയാണ്ടായി തുടരുന്ന കോവിഡ് മഹാമാരി മൂലം ജീവൻ പൊലിഞ്ഞതിനാൽ  അവർ  ഇന്ന് നമ്മോടൊപ്പമില്ല. കോവിഡ്  മഹാമാരിയുടെ ബന്ധനങ്ങളും മറകളുമില്ലാത്ത, അന്ധകാരമില്ലാത്ത, ഉദയസൂര്യന്റെ പ്രകാശത്താൽ സന്തോഷവും ആഹ്ലാദവും അലയടിക്കുന്ന ഒരു നല്ല നാളേക്കായി നമുക്ക് കണി കാണാം. 

 കേരള ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും  വിഷുദിനാശംസകൾ നേർന്നുകൊണ്ട് 

പോൾ കറുകപ്പള്ളിൽ 

മാനേജിംഗ്   ഡയറക്ടർ, കേരള ടൈംസ് 

LEAVE A REPLY

Please enter your comment!
Please enter your name here