രാജേഷ് തില്ലങ്കേരി 
 
കണ്ണൂർ ജില്ലയിലെ ആകെ യുള്ള 11 മണ്ഡലങ്ങളിൽ 7 മണ്ഡലങ്ങളിൽ  എൽ ഡി എഫും നാല് സീറ്റിൽ  യു ഡി എഫും വിജയിക്കാനുള്ള സാധ്യതയാണ് കാണുന്നത്.  
കണ്ണൂർ സീറ്റ് എൽ ഡി എഫിൽ നിന്നും യു ഡി എഫ്  പിടിച്ചെടുക്കാനുള്ള  സാധ്യത ഏറിയിരിക്കയാണ്.  

നിലവിൽ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് എന്നിവ   യു ഡി എഫിനൊപ്പം നിൽക്കുന്ന മണ്ഡലങ്ങളാണ്. കണ്ണൂർ മണ്ഡലം തിരികെ പിടിക്കുകയെന്നതാണ് യു ഡി എഫ് ലക്ഷ്യം.
 

കേരളത്തിൽ ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന ജില്ലയാണ് കണ്ണൂർ. സി പി എമ്മിന് എന്നും നല്ല മേൽക്കോയ്മയുള്ള മണ്ണ്. കരിവെള്ളൂരും, കാവുമ്പായി, മുനയൻ കുന്ന് തുടങ്ങിയ രക്തസാക്ഷി ഗ്രാമങ്ങൾ കണ്ണൂരിന്റെ മണ്ണ് ചുവക്കാൻ കാരണമായി.
മുഖ്യമന്ത്രി, സംസ്ഥാന ആരോഗ്യമന്ത്രി, തുറമുഖവകുപ്പ് മന്ത്രി തുടങ്ങിയവർ ജനവിധി തേടുന്ന ജില്ലയാണ് കണ്ണൂർ. രാഷ്ട്രീയമായി ഏറെ വീറും വാശിയുമുള്ള ജനത അധിവസിക്കുന്ന പ്രദേശം.

ദേശീയ രാഷ്ട്രീയത്തിന്റെ ചരിത്രമുറങ്ങുന്ന രണ്ടാം ബർദോളിയെന്ന് അറിയപ്പെടുന്ന പയ്യന്നൂർ. എന്നും ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പയ്യന്നൂരിന്. എം വി രാഘവനും, സുബ്രഹ്മണ്യഷേണായിയും പിണറായി വിജയനും ഒക്കെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ എൽ ഡി എഫിന്റെ തട്ടകം.
കഴിഞ്ഞ രണ്ടുതവണയും സി കൃഷ്ണനായിരുന്നു പയ്യന്നൂരില സിറ്റിംഗ് എം എൽ എ. സി കൃഷ്ണൻ 2016 ൽ നേടിയത് 83226 വോടട്ടുകളായിരുന്നു. കോൺഗ്രസിലെ സാജിദ് മവ്വാൽ 42963 വോട്ടുകളും നേടി. 15341 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചിരുന്നത്. 40,263 വോട്ടുകളുടെ ഭൂരിപക്ഷമാണ് സി കൃഷ്ണൻ നേടിയത്.
 

ഇത്തവണ എൽ എഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസസൂദനനാണ്. ഭൂരിപക്ഷം വർധിക്കുമെന്നാണ് നിഗമനം. കോൺഗ്രസിലെ എം പ്രദീപ് കുമാർ ദുർബലനായ സ്ഥാനാർത്ഥിയായതും മധുസൂദനന്റെ വിജയത്തിന് തിളക്കം കൂട്ടും.
ബി ജെ പി സ്ഥാനാർത്ഥിയായി എ ശ്രീധരനാണ് മത്സരരംഗത്തുള്ളത്.

ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങിൽ പ്രമുഖമണ്ഡലമാണ് തളിപ്പറമ്പ്. സി പി എമ്മിലെ പ്രമുഖൻ, രണ്ടാമൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന എം വി ഗോവിന്ദൻ ആണ് തളിപ്പറമ്പിൽ ഇത്തവണ സ്ഥാനാർത്ഥി. ജെയിംസ് മാത്യുവായിരുന്നു സിറ്റിംഗ് എം എൽ എ.  91106 വോട്ടുകളാണ് ജെയിംസ് മാത്യുവിന് ലഭിച്ചിരുന്നത്. കേരളാ കോൺ എം സ്ഥാനാർത്ഥി രാജേഷ് നമ്പ്യാർക്ക് 50489 വോട്ടും, ബി ജെ പി സ്ഥാനാർത്ഥിക്ക് 14742 വോട്ടുകളും ലഭിച്ചു.

40,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ൽ ജെയിംസ് ജയിച്ചുകയറിയത്. ഇത്തവണ എം വി ഗോവിന്ദൻ മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ആന്തൂരിലെ സാജൻ കേസും, കീഴാറ്റൂർ വയൽകിളി പ്രക്ഷോഭവും, പാർട്ടിയിലെ ചില അടിയൊഴുക്കുകളും എം വി ഗോവിന്ദന്റെ വിജയത്തിന് മാറ്റു കുറയ്ക്കുമെന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങളിലുണ്ട്. എന്തായാലും ഒരു അട്ടിമറിയൊന്നും തളിപ്പറമ്പിൽ പ്രവചിക്കാനാവില്ല. കോൺഗ്രസിലെ വി പി അബ്ദുൽ റഷീദാണ് തൊട്ടടുത്ത എതിരാളി.

കോൺഗ്രസിന്റെ കുത്തകമണ്ഡലം എന്നറിയപ്പെടുന്ന ഇരിക്കൂർ ഇത്തവണ ഏറെ വിവാദങ്ങൾക്ക് വേദിയായി. സ്ഥാനാർത്ഥി നിർണയം തന്നെയാണ് കോൺഗ്രസിലെ ഗ്രൂപ്പിസം ശക്തിപ്രാപിക്കാൻ കാരണമായത്. കെ സി ജോസഫ് എട്ട് തവണ എം എൽ എയായിരുന്ന ഇരിക്കൂറിൽ സജീവ് ജോസഫാണ് സ്ഥാനാർത്ഥി.
കോൺഗ്രസ് മണ്ഡലം നിലനിർത്തും,  ഗ്രൂപ്പിസവും വിവാദവുമൊന്നും വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 72,548 വോട്ടുകളാണ് കഴിഞ്ഞ തവണ കെ സി ജോസഫിന് ലഭിച്ചത്. സി പി ഐയിലെ കെ ടി ജോസിന് 62,901 വോട്ടുകളും ലഭിച്ചു. 9647 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സി ജയിച്ചുകയറിയത്.

ബി ജെ പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമല്ലെങ്കിലും 8,294 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ഇടതുമുന്നണി കേരളാ കോൺഗ്രസ് എമ്മിന് വിട്ടുനൽകിയ സീറ്റാണ് ഇരിക്കൂർ. സജി കുറ്റിയാനിമറ്റമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
വൻഭൂരിപക്ഷമൊന്നും ലഭിക്കാനിടയില്ലെങ്കിലും ഇരിക്കൂറിൽ കോൺഗ്രസിലെ സജി ജോസഫ് വിജയിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

പേരാവൂർ മണ്ഡലം രൂപം മാറി വന്നതിന് ശേഷം സിറ്റിംഗ് എം എൽ എ അഡ്വ. സണ്ണി ജോസഫാണ്. മണ്ഡലത്തിൽ നല്ല വേരുകളുള്ള വ്യക്തിയാണ്. 7989 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സണ്ണി ജോസഫ് വിജയിച്ചത്. ബിനോയ് കുര്യനായിരുന്നു എതിരാളി. ഇത്തവണ സി പി എമ്മിലെ സക്കീർ ഹുസൈനാണ് സ്ഥാനാർത്ഥി. അടിയൊഴുക്കുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ പേരാവൂരിൽ സണ്ണി ജോസഫ് വിജയിക്കും.

മണ്ഡലരൂപീകരണത്തിന് ശേഷം മട്ടന്നൂരിൽ രണ്ട് തവണ ഇ പി ജയരാജനായിരുന്നു സിറ്റിംഗ് എം എൽഎ . ഇത്തവണ മന്ത്രി കെ കെ ശൈലജയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ഇടത് കോട്ടയെന്നറിയപ്പെടുന്ന മട്ടന്നൂരിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമാണ് തർക്കം. 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ പി കഴിഞ്ഞതവണ മട്ടന്നൂരിൽ ജയിച്ചത്. ഇത് 50,000 ൽ എത്തിക്കുകയും, സംസ്ഥാത്തെ റിക്കോർഡ് ഭൂരിപക്ഷം നേടുകയെന്നതുമാണ് എൽ ഡി എഫിന്റെ ലക്ഷ്യം. ഭൂരപക്ഷം കൂടുമെന്നുതന്നെയാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
ആർ എസ് പിയിലെ ഇല്ലിക്കൽ അഗ്റ്റിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. യു ഡി എഫിന്റെ പ്രകടനം ഏറ്റവും ദയനീയമാവുന്ന മണ്ഡലമായിരിക്കും മട്ടന്നൂർ.  

പഴയപെരങ്ങളവും, കൂത്തുപറമ്പും കൂടിചേർന്നതാണ് ഇപ്പോഴത്തെ കൂത്തുപറമ്പ്. കഴിഞ്ഞതവണ കെ കെ ശൈലജ വിജയിച്ച മണ്ഡലം. എൽ ജെ ഡി എൽ ഡി എഫിലെത്തിയതോടെ മണ്ഡലം അവർക്ക് വിട്ടുകൊടുത്തു. ഇത്തവണ കെ പി മോഹനനാണ് സ്ഥാനാർത്ഥി. എൽ ഡി എഫിന് നിർണായക ശക്തിയുള്ള മണ്ഡലമാണെങ്കിലും, അടിയൊഴുക്കുകൾ ഉള്ള മണ്ഡലം. മുസ്ലിംലീഗിന് പുതുതായി ലഭിച്ച മണ്ഡലംകൂടിയാണ് കൂത്തുപറമ്പ്. പെരിങ്ങളത്ത് കെ എം സൂപ്പി വിജയിച്ചതിന്റെ ചരിത്രം ആവർത്തിക്കുമെന്ന് യു ഡി എഫ് വിശ്വസിക്കുന്ന മണ്ഡലം. കഴിഞ്ഞ തവണ യു ഡി എഫിൽ നിന്നും കെ പി മോഹനൻ തോറ്റ മണ്ഡലമാണ്. അതിനാൽ എന്തും സംഭവിക്കാവുന്ന രാഷ്ട്രീയ കാലാവസ്ഥ. കെ പി മോഹനൻ നേരിയ ഭൂരിപക്ഷത്തിലായാലും ജയിക്കുമെന്നാണ് സൂചനകൾ.

ഒട്ടേറെ പ്രഗൽഭമതികൾ ജനപ്രതിനിധികളായി വന്ന മണ്ഡലമാണ് തലശേരി. വി ആർ കൃഷ്ണയ്യർ, കെ പി പി ആർ ഗോപാലൻ, എൻ ഇ ബലറാം, പാട്യം ഗോപാലൻ, ഇ കെ നായനാർ തുടങ്ങിയവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം. സിറ്റിംഗ് എം എൽ എ എൻ ഷംസീറാണ് സ്ഥാനാർത്ഥി.
ഇത്തവ സംസ്ഥാനത്ത് ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലമെന്ന നിലയിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ തലശ്ശേരി ബലാബലമാണ്. വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ബി ജെ പി വോട്ടുകൾ കുറഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് സി പി എം. എന്നാൽ പാർട്ടിയിലെ അടിയൊഴുക്കുകൾ, സി ഒ ടി നസീറിന്റെ സ്ഥാനാർത്ഥിത്വം എന്നിവയൊക്കെ ഷംസീറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തലശ്ശേരിയിൽ തിരിച്ചടികളൊന്നും ഉണ്ടാവില്ലെങ്കിലും സി പി എമ്മിന് ലഭിക്കുന്ന വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും.
കോൺഗ്രസിലെ അരവിന്ദാക്ഷൻ ശ്രദ്ധേയമായ നിലയിൽ വോട്ട് നേടും.

കേരളത്തിലെ വി ഐ പി മണ്ഡലമാണ് ധർമ്മടം. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലം. കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിപോലുമില്ലാത്ത മണ്ഡലമാണ് ധർമ്മടം. സി രഘുനാഥാണ് യു ഡി എഫ് സ്ഥാനാർത്ഥി.
ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനും മത്സര രംഗത്തുണ്ട്.
കഴിഞ്ഞ തവണ മമ്പറം ദിവാകരനെ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിണറായി പരാജയപ്പെടുത്തിയത്. വാളയാർ പീഡനകേസിലെ അമ്മയും ഇവിടെ മത്സരരംഗത്തുണ്ട്. കുറച്ചധികം വോട്ടുകൾ അവർക്ക് ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ഇക്കുറി പല കാരണങ്ങളാൽ മുഖ്യമന്ത്രി പിണറായി വിജയന് ഭൂരിപക്ഷം കുറഞ്ഞേക്കും. വാളയാർ പീഡനകേസിലെ അമ്മയായിരിക്കും പിണറായി വിജയന്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിന് പ്രധാനമായും കരണമാകുക.

കണ്ണൂർ നിയോജകമണ്ഡലത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് നേതാവ്  സതീശൻ പാച്ചേനിയാണ് എതിരാളി. കോൺഗ്രസിന്റെ കുത്തകമണ്ഡലമായിരുന്നു കണ്ണൂർ. കണ്ണൂർ ഇത്തവണ തിരിച്ചു പിടിക്കുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ തവണയുണ്ടായ മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതും, കടന്നപ്പള്ളിക്ക് സ്വീകാര്യത നഷ്ടപ്പെട്ടതും യു ഡി എഫിന് ഗുണം ചെയ്യും.


വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് അഴീക്കോട്. സിറ്റിംഗ് എം എൽ എ മുസ്ലിംലീഗിലെ കെ എം ഷാജിയെയാണ് യു ഡി എഫിനായി പോരാട്ട ഭൂമിയിലിറക്കിയത്. കഴിഞ്ഞ തവണ എം വി നികേഷ് കുമാറായിരുന്നു ഷാജിയെ നേരിട്ടത്. 2016 ൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ എം ഷാജിയുടെ വിജയം.
കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഷാജിയെ സർക്കാർ ഹിറ്റ്‌ലിസ്റ്റിൽ പെടുത്തിയിരിക്കുകയായിരുന്നു. സ്‌കൂൾ കോഴകേസ്, അനധികൃത ധനസമ്പാദനം തുടങ്ങി നിരവധി കേസുകളാണ് ഷാജിയെ കീഴടക്കാനായി ആവനാഴിയിലുള്ളത്. എന്നാൽ അതൊന്നും ഷാജിയെ കീഴടക്കാനുള്ള യഥാർത്ഥ ആയുധമാവില്ലെന്ന ഉറപ്പിലാണ് യു ഡി എഫ്. ജില്ലാ പഞ്ചായത്ത് അധ്യനെന്ന നിലയിൽ നല്ല ഇമേജുണ്ടായിരുന്ന കെ വി സുമേഷാണ് ഷാജിയുടെ എതിരാളി.  അഴീക്കോട് യു ഡി എഫ് വിജയം ആവർത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കല്യാശേരിയിൽ ഇത്തവണയും യുവാക്കൾ തമ്മിലുള്ള പോരാട്ടമാണ് നടന്നത്. ടി വി രാജേഷായിരുന്നു സിറ്റിംഗ് എം എൽ എ.  42891 വോട്ടുകൾക്ക് ടി വി രാജേഷ് വിജയിച്ച മണ്ഡലമാണ് കല്യാശേരി. ഇത്തവണ കല്യാശേരിയിൽ എസ് എസ് ഐ നേതാവായിരുന്ന  എം വിജിനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
കല്യാശ്ശേരിയിൽ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിലാണ് സി പി എം. ബ്രിജേഷ് കുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഭൂരിപക്ഷം കുറഞ്ഞാലും സി പി എമ്മിന് നല്ല വിജയം കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് കല്യാശേരി.

LEAVE A REPLY

Please enter your comment!
Please enter your name here