രാജേഷ് തില്ലങ്കേരി

  • 2016 ൽ യു.ഡി.എഫ് ഒരു സീറ്റിൽ ഒതുങ്ങിയ ജില്ല
  • വടക്കാഞ്ചേരി സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത് 42 വോട്ടുകൾക്ക്
  • വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്കെതിരെ തീപാറുന്ന പോരാട്ടം   
  • കുന്നംകുളത്തും ഇഞ്ചോടിഞ്ച് പോരാട്ടം.
  • തൃശൂർ നഗരത്തിൽ ത്രികോണ മത്സരം; പദ്മജയ്ക്ക് സാധ്യത 
  • മണലൂരിലും ത്രികോണമത്സരം; എൽ.ഡി.എഫിന് മുൻതൂക്കം 
  • തൃശൂരിലെ വി.ഐ. പി സ്ഥാനാർത്ഥിയായ് സുരേഷ് ഗോപി വീണ്ടും  
  • ചേലക്കരയിൽ രാധാകൃഷ്ണൻ ആധിപത്യം നിലനിർത്തും
  • കുന്നംകുളത്ത് സി.പി.എമ്മിനെതിരെ അടിയൊഴുക്കുകളുണ്ടായേക്കും 
  • ഗുരുവായൂർ ക്ഷേത്ര നഗരിയിൽ കെ.എൻ.എ ഖാദറിന് മുൻതൂക്കം 
  • ഒല്ലൂരിൽ രാജൻ നിലനിർത്തിയേക്കും 
  • നാട്ടികയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞേക്കും 
  • കൈപ്പമംഗലത്ത്  യു.ഡി.എഫ്. അട്ടിമറി വിജയം നേടിയേക്കും 
  • ഇരിങ്ങാലക്കുട ഉണ്ണിയാടൻ തിരിച്ചുപിടിച്ചേക്കും
  •  ചാലക്കുടി യു.ഡി.എഫ് തിരിച്ചുപിടിക്കും 
  • കൊടുങ്ങല്ലൂരിലും പുതുക്കാടും ഇക്കുറിയും എൽ.ഡി.എഫിന്റെ സമഗ്രാധിപത്യം 



ഉത്സവനഗരിയാണ് തൃശ്ശൂർ.സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമെന്നാണ് തൃശ്ശൂർ അറിയപ്പെടുന്നത്. പൂരങ്ങളുടെ പൂരമെന്നറിയപ്പെടുന്ന പൂരത്തിന്റെ നാട്. തൃശ്ശിവപേരൂർ എന്ന തൃശ്ശൂർ ലോകപ്രശസ്തമായതും പൂരത്തിന്റെ പേരിലാണ്.

കൊച്ചി രാജാവായിരുന്ന രാമവർമ്മ ശക്തൻ തമ്പുരാനാണ് തൃശ്ശൂരിന്റെ ശില്പി. വടക്കും നാഥനും, ഗുരുവായൂരപ്പനും, കൊടുങ്ങല്ലൂർ ഭഗവതിയുമെല്ലാം തൃശ്ശൂർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ചേരമാൻ പെരുമാൾ പള്ളിയും, റോമിലെ ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച പുത്തൻപള്ളിയുമെല്ലാം തൃശ്ശൂർ ജില്ലയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ്.

പീച്ചി, വഴാനി തുടങ്ങിയ അണക്കെട്ടുകളും, ആതിരപ്പള്ളി വെള്ളച്ചാട്ടവും തൃശ്ശൂരിന് സ്വന്തം. സാംസ്‌കാരിക കേന്ദ്രങ്ങളായ ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ മഹാകവി വള്ളത്തോൾ ആരംഭിച്ച കേരള കലാമണ്ഡലവും തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള വള്ളത്തോൾ നഗറിലാണ്. കെ കരുണാകരൻ തൊട്ട് നിരവധി രാഷ്ട്രീയ നേതാക്കൾ അധിവസിച്ചിരുന്നതും തൃശ്ശൂരിലായിരുന്നു. ഒട്ടേറെ രാഷ്ട്രീയ, സംഭവവികാസങ്ങൾക്ക് വേദിയായിരുന്ന ഭൂമികയാണ് തൃശ്ശൂർ.
 
 
തൃശ്ശൂരിൽ ഇടതുമുന്നണി പുലർത്തിയിരുന്ന  ആധിപത്യം ഇത്തവണ ഇല്ലാതാവുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സഭാനേതൃത്വവും മറ്റും നേരത്തെ തന്നെ എൽ ഡി എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. ശബരിമല വിവാദവും മറ്റും ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ സാധ്യതയുള്ള ജില്ലയാണ് തൃശ്ശൂർ. കഴിഞ്ഞ തവണ കഷിട്ടിച്ചു കടന്നുകൂടിയ വടക്കാഞ്ചേരി ഉൾപ്പെടെ ൬ സീറ്റുകൾ നേടുമെന്നാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 12 സീറ്റിൽ 11 നേടിക്കൊണ്ട് എൽ.ഡി.എഫ് നേടിയ സമഗ്രാധിപത്യത്തിനു ഇത്തവണ വിള്ളൽ വീഴും. വക്കഞ്ചേരിയിൽ വെറും 42 സീറ്റിനാണ് യു.ഡി.എഫ് ജയിച്ചത്. എൽ.ഡി.എഫ് നേടിയ 11 സീറ്റുകളിൽ 5 എണ്ണവും ഇക്കുറി യു.ഡി.എഫ് തിരിച്ചു പിടിച്ചേക്കും.
.
തൃശ്ശൂർ ജില്ലയിൽ ഇത്തവണ രാഷ്ട്രീയ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമാണ് തൃശ്ശൂർ. കെ കരുണാകരന്റെ തട്ടകം പിടിക്കാൻ കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയത് മകൾ പത്മജാ വേണുഗോപാലിനെയാണ്. കഴിഞ്ഞ തവണ സി പി ഐ നേതാവും മന്ത്രിയുമായ വി സുനിൽ കുമാർ വിജയിച്ച മണ്ഡലമാണ് തൃശ്ശൂർ. ഇത്തവണ സുനിൽകുമാർ മത്സരംഗത്തില്ല, പകരം സി പി ഐയിലെ പി ബാലചന്ദ്രനാണ്  എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നത്.

സിനിമാ താരം സുരേഷ് ഗോപിയെ ബി ജെ പി രംഗത്തിറക്കിയതോടെ തൃശ്ശൂരിലെ പോരാട്ടം ശക്തമായി.  ത്രികോണ മത്സരമാണ് തൃശ്ശൂരിൽ അരങ്ങേറിയത്. 2016 ൽ കെ സുനിൽകുമാർ പത്മജാ വേണുഗോപാലിനെ 6987 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സി പി ഐ വിജയപ്രതീക്ഷ കൈവിട്ട മണ്ഡലമാണ് തൃശ്ശൂർ. പത്മജ ചിട്ടയായ പ്രവർത്തനം കാഴ്ചവച്ച മണ്ഡലമാണ് തൃശ്ശൂർ. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കാലത്തുണ്ടായ ആവേശം സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നില്ല. അത് ബി ജെ പിക്കും വോട്ടുകുറയാൻ കാരണമായേക്കും.
പത്മജാ വേണുഗോപാൽ തൃശ്ശൂർ പിടിച്ചെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
 


തൃശ്ശൂർ ജില്ലയിലെ സംവരണ മണ്ഡലമാണ് ചേലക്കര. മുൻ സ്പീക്കറും സി പി എം നേതാവുമായ കെ രാധാകൃഷ്ണനാണ് എൽ ഡി എഫിന്റെ സ്ഥാനാർത്ഥി. 2016 ൽ യു ആർ പ്രദീപ് 10200 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം. എൽ ഡി എഫിന്റെ ശക്തി കേന്ദ്രം, കോൺഗ്രസിലെ സി സി ശ്രീകുമാറാണ് രാധാകൃഷ്ണന്റെ എതിരാളി. ഷാജുമോൻ വട്ടേക്കാടാണ്  ബി ജെ പി സ്ഥാനാർത്ഥി.
ചേലക്കരയിൽ ഇത്തവണ രാധാകൃഷണൻ വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നതിൽ ആർക്കും സംശയമില്ല.

സിറ്റിംഗ് എം എൽ എ യും മന്ത്രിയുമായ എ സി മൊയ്തീനാണ് കുന്നംകുളത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി. 2016 ൽ സി എം പി നേതാവ് സി പി ജോണിനെ 7782 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ സി മൊയ്തീൻ പരാജയപ്പെടുത്തിയത്. ഇത്തവണ കോൺഗ്രസിലെ കെ. ജയങ്കറാണ് യു ഡി എഫിനായി രംഗത്തുണ്ടായിരുന്നത്. മണ്ഡലത്തിൽ ഏറെ സ്വീകാര്യനായ ജയശങ്കറിന്റെ സ്ഥാനാർത്ഥിത്വം കുന്നംകുളത്ത് മത്സരം കടുത്തതായി മാറ്റി. കുന്നംകുളം കോൺഗ്രസിന് അനുകൂലമായി വിധിയെഴുതിയിരിക്കുന്നു എന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിന് അനുകൂലവിധിയെഴുത്തുണ്ടായ പ്രദേശം കൂടിയാണ് കുന്നംകുളം.

അടിയൊഴുക്കുകളെയാണ് സി പി എം ഭയപ്പെടുന്നത്. മണ്ഡലത്തിൽ മത്സര രംഗത്ത് ഘടകക്ഷിയല്ലാത്തതിനാൽ കോൺഗ്രസ് ഇത്തവണ വളരെ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നതും സി പി എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. കെ കെ അനീഷ് കുമാറാണ് ബി ജെ പി സ്ഥാനാർത്ഥി.

ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതോടെ എൻ ഡി എ വെട്ടിലായ മണ്ഡലമാണ് ഗുരുവായൂർ. ഒടുവിൽ ദിലീപ് നായർ എന്ന സ്ഥാനാർത്ഥിയെ സ്വന്തം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കേണ്ട ഗതികേടിലായി ബി ജെ പി. ക്ഷേത്രനഗരം എന്ന പേരിൽ അറിയപ്പെടുന്ന ഗുരുവായൂരിൽ കോ -ലീ -ബീ സംഖ്യം ഉണ്ടെന്ന പഴി കേട്ടു. യു ഡി എഫ് സ്ഥാനാർത്ഥിയെ ബി ജെ പി തൃശ്ശൂർ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി  പരസ്യമായി പിന്തുണച്ചതും വിവാദങ്ങൾക്ക് വഴിമരുന്നിട്ടു.

മുസ്ലിംലീഗ് നേതാവ് കെ എൻ എ ഖാദറാണ് ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ സി പി എമ്മിലെ കെ വി അബ്ദുൽ ഖാദർ 15098 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് ഗുരുവായൂർ. ഇത്തവണ സി പി എം എൻ കെ അക്ബറെയാണ് ഗുരുവായൂർ നിലനിർത്താനായി നിയോഗിച്ചിരിക്കുന്നത്. നിലവിൽ ഗുരുവായൂരിലെ രാഷ്ട്രീയ കാലാവസ്ഥ കെ എൻ എ ഖാദറിന് അനുകൂലമാണ, മുസ്ലിം വോട്ടുകൾ നിർണ്ണായകമായ മണ്ഡലംകൂടിയാണ് ഗുരുവായൂർ.

ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് മണലൂർ. സി പി എമ്മിലെ മുരളി പെരുനെല്ലിയാണ് സിറ്റിംഗ് എം എൽ എ, സിറ്റിംഗ് എം എൽ എ മുരളി പെരുനെല്ലിയെ നേരിട്ടത് കോൺഗ്രസിലെ വിജയാ ഹരിയാണ്. ബി ജെ പി നേതാവ് എ. എൻ രാധാകൃഷ്ണനാണ് എൻ ഡി എ സ്ഥാനാർത്ഥി. മുരളി 2016 ലെ തെരഞ്ഞെടുപ്പിൽ 19325 വോട്ടുകൾക്കാണ് കോൺഗ്രസിലെ ഒ അബ്ദുറഹിമാൻകുട്ടിയെ പരാജയപ്പെടുത്തിയത്. ഇത്തവണ ബി ജെ പി കരുത്തനായ നേതാവിനെ അവതരിപ്പിച്ച സാഹചര്യത്തിൽ മത്സരം കടുത്തു. എങ്കിലും വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് സി പി എം. മണ്ഡലത്തിലെ കാറ്റും മുരളി പെരുനെല്ലിക്ക് അനുകൂലമാണ്.

2016 ൽ കോൺഗ്രസിന്റെ മാനം കാത്ത മണ്ഡലമാണ് വടക്കാഞ്ചേരി. കോൺഗ്രസിലെ  അനിൽ അക്കര  43 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫോട്ടോഫിനിഷ് നടത്തിയ മണ്ഡലം. സി പി എമ്മിന് പിന്നീട് ഏറെ തലവേദനകൾ സൃഷ്ടിച്ച എം എൽ എയായി അനിൽ അക്കര മാറി. ഒടുവിൽ വടക്കാഞ്ചേരി ലൈഫ് മിഷന്റെ ഫ്‌ളാറ്റ് നിർമ്മാണ വിവാദത്തിനെതിരെ അനിൽ അക്കര നടത്തിയ നിയമ പോരാട്ടവും സി പി എമ്മിന് അനിൽ അക്കര വലിയ തലവേദനകൾ സൃഷ്ടിച്ചു. ഏത് വിധേനയും അനിൽ അക്കരെയെ പരാജയപ്പെടുത്താൻ സി പി എം തീരുമാനിച്ച മണ്ഡലമാണ് വടക്കാഞ്ചേരി. സേവ്യർ ചിറ്റപ്പള്ളിയെ സ്ഥാനാർത്ഥിയായി കൊണ്ടുവന്നതും  അക്കരെയെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ്യ എന്നാൽ അനിൽ അക്കര ഇത്തവണയും കഷ്ടിച്ച് രക്ഷപ്പെടാനുള്ള സാഹചര്യമാണ് വടക്കാഞ്ചേരിയിൽ . എന്നാൽ കോൺഗ്രസിലെ അടിയൊഴുക്കും ബി ജെ പി വോട്ടുകളും അനിൽ അക്കരയ്ക്ക് വിനയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ടി എസ് ഉല്ലാസ് ബാബുവാണ് ബി ജെ പി സ്ഥാനാർത്ഥി.

ഇടത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മണ്ഡലമാണ് ഒല്ലൂർ. സി പി ഐ നേതാവ് അഡ്വ കെ രാജൻ കഴിഞ്ഞ തവണ കോൺഗ്രസിലെ എം പി വിൻസെന്റിനെ 13248 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ മണ്ഡലം. ഇത്തവണയും കെ രാജനാണ് ഒല്ലൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി. ജോസ് വെല്ലൂരാണ് യു ഡി എഫ് സ്ഥനാർത്ഥി. ബി ജെ പി യുടെ ബി ഗോപാലകൃഷ്ണനും മത്സരരംഗത്തുണ്ട്.
ഒല്ലൂരിൽ കെ രാജൻ ജയിക്കുമെന്നാണ് മണ്ഡലത്തിലെ സൂചനകൾ.

ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലം. 2016 ൽ സി പി ഐയിലെ ഗീതാ ഗോപി 26777 വോട്ടുകൾക്ക് കോൺഗ്രസിലെ കെ വി ദാസനെ പരാജയപ്പെടുത്തിയ മണ്ഡലമാണ് നാട്ടിക. സംവരണ മണ്ഡലമാണ്. തീരദേശം ഉൾപ്പെടുന്ന മണ്ഡലം. ആഴക്കടൽ മത്സ്യബന്ധന കരാർ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള നാട്ടികയിൽ ഇത്തവണ ഭൂരിപക്ഷത്തിൽ കുറവുണ്ടായേക്കാമെന്ന ആശങ്ക ഇടത് നേതാക്കൾക്കുണ്ട്. എന്നാൽ ഇടതു സ്ഥാനാർത്ഥി സി സി മുകുന്ദൻ വിജയിക്കുമെന്ന് നാട്ടികയില  കാറ്റുകൾ വ്യക്തമാണ്. കൊടുങ്കാറ്റുകൾ ആഞ്ഞുവീശിയാൽ മാത്രമേ നാട്ടിക മാറൂ. കോൺഗ്രസിലെ സുനിൽ ലാലൂരാണ് യു ഡി എഫ് സ്ഥാനാർത്ഥി. എ കെ ലോചനൻ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു.

സി പി ഐയുടെ മറ്റൊരു തട്ടകമാണ് കൈപ്പമംഗലം. സിറ്റിംഗ് എം എൽ എ, ഇ ടി ടൈസൺ മാസ്റ്റർ. 2016 ൽ 33440 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാർത്ഥിയായിരുന്ന ടൈസൺ മാസ്റ്റർ വിജയിച്ചത്. യു ഡി എഫ് ആർ എസ് പി ക്ക് നൽകിയ സീറ്റായിരുന്നു കയ്പ്പമംഗലം. എന്നാൽ ഇത്തവണ പ്രാദേശിക കോൺഗ്രസിന്റെ എതിർപ്പുകളെ തുടർന്ന് കയ്പ്പമംഗലം ആർ എസ് പിയിൽ നിന്നും തിരികെയടുക്കേണ്ടിവന്നു.  കോൺഗ്രസ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചാണ് ഘടകകക്ഷിയെ കോൺഗ്രസ് തടഞ്ഞത്. ശുഭാ സുബിൻ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലവുമായി ശുഭയ്ക്കുള്ള വൈകാരികമായ ബന്ധമാണ് കോൺഗ്രസിനുള്ള വിജയപ്രതീക്ഷ. ഇത്തവണ കൈപ്പമംഗലം യു ഡി എഫ് പിടിച്ചെടുക്കുമെന്ന വ്യക്തമായ സൂചനകളാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്നത്. ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി സി ഡി ശ്രീലാലും രംഗത്തുണ്ടായിരുന്നു.

ഇരുമുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന മണ്ഡലമാണ് ഇരിഞ്ഞാലക്കുട. 2016 ൽ സി പി എമ്മിലെ കെ യു അരുണൻ 2711 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയ മണ്ഡലമാണ് ഇരിഞ്ഞാലക്കുട. ഇത്തവണയും  യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടനാണ്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സര രംഗത്തുള്ള ജില്ലയിലെ ഏക മണ്ഡലമാണ് ഇരിഞ്ഞാലക്കുട. ആർ ബിന്ദുവാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. സി പി എം ആക്ടിംഗ് സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ വിജയരാഘവന്റെ ഭാര്യയാണ് ആർ ബിന്ദു. ബിന്ദുവിന്റെ സ്ഥാനാർത്ഥിത്വം സി പി എമ്മിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ചില വനിതാ നേതാക്കൾ പരസ്യമായി എ എതിർപ്പുകളുമായി രംഗത്തെത്തിയതും ഇരിഞ്ഞാലക്കുടയിൽ എൽ ഡി എഫിന് കല്ലുകടിയായി. തൃശ്ശൂർ കേരളവർമ്മ കോളജിലെ അധ്യാപികയായ ആർ ബിന്ദു, പാർട്ടി പ്രവർത്തകയെന്ന നിലയിലാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചതെന്നായിരുന്നു എ വിജയരാഘവന്റെ വാദം. എന്തായാലും വിധിയെഴുത്ത് അനുകൂലമല്ലാതെ വന്നാൽ അത് വിജയരാഘവന് വലിയ തിരിച്ചടിയാവും. മുൻ ഐ പി എസ് ഓഫീസറായിരുന്ന ജേക്കബ്ബ് തോമസാണ് ഇരിഞ്ഞാലക്കുടയിൽ ബി ജെ പി സ്ഥാനാർത്ഥി.
മുൻ എം എൽ എ കൂടിയായ തോമസ് ഉണ്ണിയാടൻ  ഇരിഞ്ഞാലക്കുട തിരിച്ചുപിടിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രണ്ടുതവണ വിജയിച്ച മണ്ഡലമാണ് പുതുക്കാട്. പുതുക്കാട്ടെ വോട്ടർമാരുമായി, വ്യക്തിപരമായി ഉണ്ടായിരുന്ന  അടുപ്പമാണ് രണ്ടുതവണയും പ്രൊഫ രവീന്ദ്രനാഥിന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ  കഴിഞ്ഞത്.
എന്നാൽ ഇത്തവണ സി രവീന്ദ്രനാഥ് മത്സര രംഗത്തില്ല. പകരക്കാരനായി എത്തിയത് സി പി എം നേതാവ് കെ കെ രാമചന്ദ്രനാണ്. 2016 ൽ കോൺഗ്രസിലെ സുന്ദരൻ കുന്നത്തുള്ളിയയെ 38478 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി രവീന്ദ്രനാഥ് പരാജയപ്പെടുത്തിയത്.
ഇത്തവണ കോൺഗ്രസിലെ സുനിൽ അന്തിക്കാടാണ് യു ഡി എഫ് സ്ഥാനാർത്ഥി. എ നാഗേഷാണ് ബി ജെ പിസ്ഥാനാർത്ഥി.
സി പി എമ്മിന് വിജയിക്കാവുന്ന മണ്ഡലമാണ് പുതുക്കാട്. മറ്റ് അടിയൊഴുക്കുകളൊന്നും നടന്നില്ലെങ്കിൽ കെ കെ രാമചന്ദ്രൻ വിജയിക്കും.

നേരത്തെ കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന മണ്ഡലമായിരുന്നു ചാലക്കുടി.  എന്നാൽ 2011, 2016 വർഷങ്ങളിൽ സി പി എം നേതാവ് ബി ഡി ദേവസ്യ വിജയിച്ചതോടെ ചാലക്കുടി ഇടത്  മണ്ഡലമായി. ജില്ലയിൽ ഇടതുമുന്നണി ഇത്തവണ കേരളാ കോൺഗ്രസ് എമ്മിന് നൽകിയ മണ്ഡലംകൂടിയാണ് ചാലക്കുടി.
2016 ൽ കോൺഗ്രസിലെ ടി യു രാധാകൃഷ്ണനെ 26648 വോട്ടുകൾക്കായിരുന്നു ബി ഡി ദേവസി പരാജയപ്പെടുത്തിയത്.
ഇത്തവ കോൺഗ്രസ് ടി ജെ സനീഷ് കുമാർ ജോസഫിനെയാണ് രംഗത്തിറക്കിയത്. കേരളാ കോൺഗ്രസ് എമ്മിലെ ഡെന്നീസ് ആന്റണിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ജില്ലയിൽ ഇത്തവണ കോൺഗ്രസ് തിരിച്ചു പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ചാലക്കുടി. ചാലക്കുടിയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ യു ഡി എഫ് അനുകൂലമാണ്.

കൊടുങ്ങല്ലൂർ സി പി ഐക്ക് ആധിപത്യമുള്ള മണ്ഡലമാണ്. 2016 ൽ വി ആർ സുനിൽകുമാർ കോൺഗ്രസിലെ കെ പി ധനപാലനെ 22791 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ മണ്ഡലമാണ് കൊടുങ്ങല്ലൂർ. സിറ്റിംഗ് എം എൽ എ വി ആർ സുനിൽകുമാർ ഇത്തവണ നേരിട്ടത് കോൺഗ്രസിലെ എം പി ജാക്‌സനെയാണ്. സന്തോഷ് ചിറക്കുളമാണ് ബി ജെ പി സ്ഥാനാർത്ഥി. ബി ജെ പിക്ക് നല്ല വേരോട്ടമുള്ള മണ്ഡലംകൂടിയാണ് കൊടുങ്ങല്ലൂർ. എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാർ രണ്ടാം വട്ടവും വിജയിക്കാനുള്ള സാധ്യതയാണ് കൊടുങ്ങല്ലൂരിലുള്ളത്.

തൃശ്ശൂരിൽ ഇടതുമുന്നണി പുലർത്തിയിരുന്ന  ആധിപത്യം ഇത്തവണ ഇല്ലാതാവും. സഭാനേതൃത്വവും മറ്റും നേരത്തെ തന്നെ എൽ ഡി എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. ശബരിമല വിവാദവും മറ്റും ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ സാധ്യതയുള്ള ജില്ലയാണ് തൃശ്ശൂർ.

LEAVE A REPLY

Please enter your comment!
Please enter your name here