രാജേഷ് തില്ലങ്കേരി 

 

  • ആലപ്പുഴ ജില്ലയിലെ സി പി എം കോട്ടകളിൽ വിള്ളൽ വീഴ്ത്തുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം.

  • കണ്ണൂർ ജില്ല കഴിഞ്ഞാൽ ഇടത് മുന്നണി മന്ത്രിസഭയിൽ മൂന്ന് മന്ത്രിമാരുണ്ടായിരുന്ന ജില്ല.

  • ആലപ്പുഴ ജില്ലയിൽ ഇത്തവണ മൂന്ന് മന്ത്രിമാരും മത്സര രംഗത്തില്ല.

  • പ്രതിപക്ഷ നേതാവ് മത്സര രംഗത്തുള്ള ജില്ല; സ്റ്റാർ മണ്ഡലം ഹരിപ്പാട് മാത്രമായി.

  • ആലപ്പുഴ സി പി എമ്മിലെ വിഭാഗീയതയും സീറ്റ് സമവാക്യങ്ങളിൽ വലിയ അട്ടിമറിയുണ്ടാക്കും.

  • ആലപ്പുഴ കമ്മ്യൂണിസ്റ്റ് കോട്ട; എന്നാൽ പാർട്ടിയിൽ ഭിന്നിപ്പ് മറനീക്കി പുറത്തുവന്ന ജില്ല.

  • ജനപ്രിയ നേതാക്കളുടെ അഭാവം സി പി എമ്മിൽ തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിക്കും

  • ചേർത്തലയിലും ആലപ്പുഴയിലും ശക്തമായ പോരാട്ടം

  • മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് എന്നിവിടങ്ങളിൽ എൽ ഡി.എഫ് വിജയം ആവർത്തിക്കും 

  • അരൂർ ഷാനിമോൾ നിലനിർത്തും

  • തിലോത്തമന്റെ അഭാവം ചേർത്തലയിൽ സി.പി.ഐയ്ക്ക് ശുഭാക്തിവിശ്വാസം ചോർന്നുപോയി

  • ആലപ്പുഴയിൽ  ശക്തമായ പ്രതിരോധം തീർത്ത് യു ഡി എഫ്; സി.പി.എമ്മിന് തിരിച്ചടിയുണ്ടാകാൻ സാധ്യത.

  • അമ്പലപ്പുഴയിൽ എം.ലിജു അട്ടിമറി വിജയം നേടും.

  • ലിജു വിജയിച്ചാൽ ജി.സുധാകരനെതിരെയുള്ള പടനീക്കം ശക്തമാകും.

  • അടിമുടി വിവാദത്തിലായ കായംകുളത്ത് യു.പ്രതിഭ പരാജയം ഉറ്റുനോക്കുന്നു

  • ഹരിപ്പാട് ചെന്നിത്തലയുടെ വിജയം സുനിശ്ചിതം.

  • ചെങ്ങന്നൂരിൽ സി.പി.എമ്മിലെ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.

  • മാവേലിക്കരയിൽ ഇടതു മുന്നേറ്റം ആവർത്തിക്കും.

  • കുട്ടനാട്ടിൽ ഇക്കുറിയും  എൻ സി.പി. സീറ്റ് നിലനിർത്തും. 

     



    കിഴക്കിന്റെ വെനീസ് എന്ന അരപനാമത്തിലാണ് ആലപ്പുഴ അറിയപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരമേഖല. കയർവ്യവസായമാണ് ആലപ്പുഴയുടെ പരമ്പരാഗത തൊഴിൽ. കേരളത്തിന്റെ നെല്ലറയെന്നാണ് കുട്ടനാട് അറിയപ്പെടുന്നത്.
    ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വള്ളംകളിയിലൂടെ പ്രസിദ്ധമാണ് പുന്നമടക്കായൽ. ചുണ്ടൻ വള്ളങ്ങൾ തുഴയെറിയുന്ന പുന്നമടക്കായൽ.   നെഹ്രുട്രോഫി വള്ളം കളിയിലൂടെ ലോക പ്രശസ്തമായ കായൽ പുന്നമട.

     


    പുന്നമടക്കായലിൽ സവാരി നടത്താൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വന്നു ചേരുന്ന നിരവധി സഞ്ചാരികൾ.
    മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൗഢകാലത്ത് ജലഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് കൈത്തോടുകളെയായിരുന്നു.
    പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്ന ദേശമാണ് ആലപ്പുഴയെന്നാണ് ചരിത്രമതം.

    അമ്പലപ്പുഴ, ചേർത്തല ഭാഗങ്ങൾ അറബിക്കടലിനടിയിലായിരുന്നുവെന്നും, നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ  പ്രളയത്തിനുശേഷം ഉണ്ടായതാണ് അമ്പലപ്പുഴയും, ചേർത്തലയുമെന്നാണ് വിശ്വാസം. കടൽ പിൻമാറി ഉണ്ടായതാണ് ആലപ്പുഴയിലെ പ്രധാന ഭാഗങ്ങളെന്നാണ് പറയപ്പെടുന്നത്.
    കടലും കായലും ഇടതോടുകളും അതിരിട്ടു നിൽക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം. വിദേശ, അഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്. സമുദ്ര നിരപ്പിനോട് ചേർന്നു കിടക്കുന്ന ആലപ്പുഴയിൽ മലയോ, കാടുകളോ ഇല്ല.


    പരന്നു കിടക്കുന്ന കുട്ടനാടൻ ജലാശയം വിനോദ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടസ്ഥലമാണ്. നിരവധി വഞ്ചിവീടുകൾ നിറഞ്ഞുനീങ്ങുന്ന കുട്ടനാടൻ കായൽ. കച്ചവടത്തിനായി ആലപ്പുഴയിൽ ഗുജറാത്തികളും പിന്നീട്, കൊങ്ങിണി ബ്രാഹ്മണരും ആലപ്പുഴയിലെത്തി. ആലപ്പുഴയുടെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിൽ വലിയ പങ്കാണ് കൊങ്ങിണി ബ്രാഹ്മണർ വഹിച്ചത്.

    ഓണാട്ടുകരയുടെ സാംസ്‌കാരിക പാരമ്പര്യം ആലപ്പുഴയുടെ ചരിത്രത്തിന് മുതൽകൂട്ടാണ്. ചെട്ടിക്കുളങ്ങര ഭരണിയും കെട്ടുകാഴ്ചകളും ലോകപ്രശസ്തമാണ്. യുനസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഉത്സവാഘോഷമാണ് ചെട്ടിക്കുളങ്ങരിയിലേത്.

    സാഹിത്യത്തിലും, രാഷ്ട്രീയത്തിലും ആലപ്പുഴ രചിച്ച ചരിത്രം കേരളത്തിലെ മറ്റ് ഏത് ദേശത്തിനും അവകാശപ്പെടാനാവുന്നതല്ല. കമ്യൂണിസ്റ്റ് ചരിത്രത്തിൽ മറക്കാനാവാത്ത നാമമാണ് കൃഷ്ണപിള്ള. സാഹിത്യത്തറവാട്ടിൽ തകഴി ശിവശങ്കപിള്ള, പിന്നെ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച വയലാറിന്റെ മണ്ണാണ് ആലപ്പുഴ.  

    കെ ആർ ഗൗരിയമ്മയെയും വി എസ് അച്ചുതാനന്ദനെയും പോലുള്ള ഉന്നതരായ നേതാക്കളെ സംഭവാന ചെയ്ത ആലപ്പുഴ.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എന്നും ജ്വലിക്കുന്ന ഓർമ്മകളാണ് പുന്നപ്ര-വയലാർ സമരവും, രക്ത സാക്ഷികളും.ഉന്നതരായ കോൺഗ്രസ് നേതാക്കളായ എ കെ ആന്റണിയുടേയും വയലാർ രവിയുടെയും ജന്മനാടാണ് ആലപ്പുഴ.

    കമ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടാവുന്ന മണ്ഡലങ്ങളാണ് ജില്ലയിൽ ഭൂരിപക്ഷവും. അരൂരിൽ ഉണ്ടായ തിരിച്ചടി ഒഴിച്ചു നിർത്തിയാൽ ഇടതുമുന്നണിയുടെ സെയിഫ് സോൺ എന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലങ്ങളാണ് ആലപ്പുഴയിൽ ഭൂരിഭാഗവും.
    പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും, സി പി എമ്മിന്റെ പ്രമുഖ നേതാക്കളായ ജി സുധാകരനും,  ഡോ തോമസ് ഐസകും വിജയിച്ചു കയറിയിരുന്ന ജില്ലയാണ് ആലപ്പുഴ.

    എന്നാൽ ആലപ്പുഴയിൽ നാളിതുരെയില്ലാത്ത അടിയൊഴുക്കുകളാണ് ഇത്തവണ ഉണ്ടാവുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആലപ്പുഴയിലെ രാഷ്ട്രീയ നാടകങ്ങൾ ചിലതൊക്കെ പുറത്തുവന്നു തുടങ്ങി. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകളാണ് ആലപ്പുഴയിൽ നിന്നും ലഭിക്കുന്നത്.

    എറണാകുളം നഗരവുമായി ഏറെ അടുത്തു നിൽക്കുന്ന മണ്ഡലമാണ് അരൂർ. കെ ആർ ഗൗരിയമ്മയെ വിജയിപ്പിച്ചിരുന്നൊരു ചരിത്രമാണ് അരൂരിന് ഓർക്കാനുണ്ടാവുക. അതിന് ശേഷം ഒരു സ്ത്രീ എം എൽ എയുണ്ടാവുന്നത് വർഷങ്ങൾക്ക് ശേഷമാണ്. ഗൗരിയമ്മയെ തോൽപ്പിച്ചാണ് സി പി എമ്മിലെ ആരിഫ് അരൂരിൽ ആദ്യവിജയം നേടുന്നത്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതോടെ അരൂരിൽ നിന്നും ആരിഫ് മാറി. ഉപതെരഞ്ഞെടുപ്പിൽ അരൂർ വലതുപക്ഷത്തേക്ക് മറിഞ്ഞു.


    കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ സി പി എം സ്ഥാനാർത്ഥി മനു സി പുളിക്കനെ പരാജയപ്പെടുത്തിയാണ് അരൂർ പിടിച്ചത്. 2016 ൽ എ എം ആരിഫ് 38518 വോട്ടുകൾക്ക് സി ആർ ജയപ്രകാശിനെ പരാജയപ്പെടുത്തിയ അരൂരാണ് ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായത്. ഇത്തവണ സിറ്റിംഗ് എം എൽ എ ഷാനിമോളെതന്നെയാണ് കോൺഗ്രസ് ഇത്തവണയും രംഗത്തിറക്കിയത്.


    അരൂർ പിടിക്കാൻ സി പി എം നിയോഗിച്ചത് ഗായികയും ജില്ലാ പഞ്ചായത്ത് അംഗവുമായ ദലീമ ജോർജിനെയാണ്. ബി ഡെ ജെ എസ് സ്ഥാനാർത്ഥി അനിയപ്പനും സജീവമായി മണ്ഡലത്തിലുണ്ടായിരുന്നു. ഇരുമുന്നണികളും വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതോടെ വനിതകളുടെ പോരാട്ടമാണ് അരൂരിൽ നടന്നത്. വലത്തോട്ട് ചാഞ്ഞ അരൂരിനെ ഇടത്തോട്ട് എത്തിക്കാൻ ഇത്തവണ കഴിയില്ലെന്നാണ് അരൂരിലെ രാഷ്ട്രീയ ചിത്രം നൽകുന്ന സൂചനകൾ. ഷാനി മോൾ വീണ്ടും ജയിച്ചുകയറാനാണ് സാധ്യത. മണ്ഡലം യു ഡി എഫ് നിലനിർത്തും.

    സി പി ഐ യുടെ ജില്ലയിലെ സിറ്റിംഗ് സീറ്റായാണ് ചേർത്തല അറിയപ്പെട്ടിരുന്നത്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ മൂന്ന് തവണ തുടർച്ചയായി ജയിച്ച മണ്ഡലംകൂടിയായിരുന്നു ചേർത്തല. മണ്ഡലത്തിലെ ആദ്യ എം എൽ എ കെ ആർ ഗൗരിയമ്മയായിരുന്നു. രണ്ട് തവണ ഗൗരിയമ്മ ചേർത്തലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എൻ പി തണ്ടാറും ജയിച്ചുകയറി. 1970 ൽ കോൺഗ്രസ് നേതാവായ എ കെ ആന്റണി ജയിച്ചതോടെ രണ്ട് ടേം ചേർത്തല കോൺഗ്രസ് മണ്ഡലമായി. പിന്നീട് സി പി ഐയിലെ പി എസ് ശ്രീനിവാസൻ ചേർത്തല തിരിച്ചു പിടിച്ചെങ്കിലും തുടർന്ന് കോൺഗ്രസ് നേതാവ് വയലാർ രവി ചേർത്തലയിൽ നിന്നും രണ്ടു തവണ വിജയിച്ചു. സി പി ഐ നേതാവ് സി കെ ചന്ദ്രപ്പൻ വിജയിച്ച മണ്ഡലം. 1996 ലും, 2001ലും എ കെ ആന്റണിയെ വീണ്ടും വിജയിപ്പിച്ചു. 2006 മുതൽ മൂന്ന് തവണ സി പി ഐ യിലെ തിലോത്തമനെയാണ് ചേർത്തല വിജയിപ്പിച്ചത്.

    വിചിത്രമായൊരു രാഷ്ട്രീയ ചരിത്രമാണ് ചേർത്തല മണ്ഡലത്തിനുള്ളത്. ഇത്തവണ തിലോത്തമന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി പ്രസാദാണ് എൽ ഡി എഫിനായി മത്സരരംഗത്തുണ്ടായിരുന്നത്. എസ് ശരത്തായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. സി പി എം പ്രാദേശീക നേതാവായിരുന്ന പി എസ് ജ്യോതിസ്  ബിഡി ജെ എസ് ടിക്കറ്റിൽ മത്സരിക്കാനെത്തി. തിലോത്തമനെതിരെ 2016 ലും എസ് ശരത്താണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുണ്ടായിരുന്നത്. 7196 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിലോത്തമൻ വിജയിച്ചത്.

    ചേർത്തലയുടെ  ചരിത്രം പരിശോധിച്ചാൽ അപ്രതീക്ഷിത രാഷ്ട്രീയമാറ്റങ്ങൾക്ക് വിധേയമാവുന്ന മണ്ഡലമാണെന്ന് മനസിലാക്കാം. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം യു ഡി എഫിന് അനുകൂലമാണ്. തിലോത്തമനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. അടിയൊഴുക്കുകൾക്ക് ഏറെ സാധ്യതയുള്ള മണ്ഡലമാണ് ചേർത്തല. സി പി ഐക്കും ചേർത്തലയിൽ ജയിക്കുമെന്ന ശുഭ പ്രതീക്ഷയില്ലെന്നതും ശ്രദ്ധേയമാണ്.

    പുനസംഘടനയിൽ മാരാരിക്കുളം ആലപ്പുഴയോട് ചേർക്കപ്പെട്ടതോടെ ഉറച്ച ഇടത് കോട്ടയായി ആലപ്പുഴ മാറി. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും, എ എ ഷുക്കൂറും വിജയിച്ച ആലപ്പുഴയിൽ രണ്ട് വട്ടം ജയിച്ചുകയറിയത് ഡോ തോമസ് ഐസക്കായിരുന്നു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗവുമായ ടി വി തോമസും, സി പി ഐ നേതാവ് പി കെ വിയും ഒക്കെ ജയിച്ചുകയറിയ പാരമ്പര്യമാണ് ആലപ്പുഴയുടേത്. നഫീസ ബീവി, റോസമ്മ പുന്നൂസ് തുടങ്ങിയ വനിതാ സ്ഥാനാർത്ഥികളും വിജയം കൈവരിച്ച മണ്ഡലം. എൻ ഡി പി നേതാവ് കെ പി രാമചന്ദ്രൻ നായർ രണ്ടുതവണ ആലപ്പുഴയുടെ എം എൽ എയായിരുന്നു. കെ സി വേണുഗോപാൽ മൂന്ന് തവണ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. സി പി എമ്മിലെ വിഭാഗീയത കൊടികുത്തി വാഴുന്നകാലം, 2009 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്നത്തെ ആലപ്പുഴയിൽ പെടുന്ന മാരാരിക്കുളത്ത് വി എസ് അച്ചുതാനന്ദൻ തോറ്റ ചരിത്രവുമുണ്ട്.സി പി എമ്മിലെ വിഭാഗീയതയായിരുന്നു വി എസിന്റെ പരാജയത്തിലിക്ക് നയിച്ചത്.

    ആലപ്പുഴയിൽ അതിന് സമാനമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്. സി പി എമ്മിലെ പി പി ചിത്തരഞ്ജനാണ് ഇത്തവണ ഇടത് സ്ഥാനാർത്ഥി. മുൻ എം പിയും സി.പി. എം സഹയാത്രികനുമായിരുന്ന കെ എസ് മനോജാണ് കോൺഗ്രസ് ടിക്കറ്റിൽ ആലപ്പുഴയിൽ മത്സരരംഗത്തുള്ളത്. ഡോ തോമസ് ഐസക്കിനുള്ള ജനപിന്തുണ ചിത്തരഞ്ജന് ഇല്ല. സി പി എമ്മിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്‌നങ്ങളും ഡോ കെ എസ് മനോജിന്റെ വിജയസാധ്യത വർധിപ്പിക്കുന്നുവെന്നാണ് ആലപ്പുഴയിൽ നിന്നും ലഭ്യമാവുന്ന സൂചനകൾ. ആലപ്പുഴയിലെ കാറ്റ് ചിലപ്പോൾ മാറ്റിവീശാം. വി എസ് അച്ചുതാനന്ദൻ കടപുഴകി വീണ് പഴയ മാരാരിക്കുളം അടങ്ങുന്ന മണ്ഡലമാണ് ആലപ്പുഴ. 2016 ൽ ഡോ തോമസ് ഐസക് കോൺഗ്രസിലെ ലാലി വിൻസെന്റിനെ 31032 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്. എന്നാൽ സ്ഥാനാർത്ഥി മാറിയതും എതിരാളി ശക്തനായതും ആലപ്പുഴയിൽ സി പി എമ്മിന് തിരിച്ചടിയുണ്ടാവാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

    വി എസ് അച്ചുതാനന്ദനായിരുന്നു അമ്പലപ്പുഴയിലെ ആദ്യ എം എൽ എ. പിന്നീട് ആർ എസ് പി നേതാവ് പി കെ കുമാരപിള്ള. കോൺഗ്രസ് നേതാവ് വി ദിനകരൻ രണ്ട് തവണ ജയിച്ചമണ്ഡലം കൂടിയാണ് അമ്പലപ്പുഴ. സി പി എമ്മിലെ പ്രമുഖ വനിതാ നേതാവായിരുന്ന സുശീലാ ഗോപാലൻ 1996 ൽ ജയിച്ച മണ്ഡലത്തിൽ 2001 ൽ വരുമ്പോഴേക്കും കോൺഗ്രസിലെ ഡി സുഗതനാണ് വിജയിച്ചത്. 2006 മുതലാണ് അമ്പലപ്പുഴ സി പി എമ്മിലെ ജി സുധാകരനെ തുടർച്ചയായി മൂന്ന് തവണ വിജയിപ്പിച്ചത്. ഇത്തവണ സുധാകരനല്ല ഇടത് മുന്നണി സ്ഥാനാർത്ഥി. എച്ച് സലാമിനെയാണ് അമ്പലപ്പുഴ നിലനിർത്താനായി സി പി എം രംഗത്തിറക്കിയത്.
    കോൺഗ്രസ് സ്ഥാനാർത്ഥി ഡി സി സി അധ്യക്ഷൻ എം ലിജുവാണ്.

     

    ജി സുധാകരൻ 2016 ൽ 22621 വോട്ടുകൾക്കാണ് എതിരാളിയായ ഷെയ്ക് പി ഹാരിസിനെ പരാജയപ്പെടുത്തിയത്. അമ്പലപ്പുഴയിൽ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പടപ്പുറപ്പാട്  സി പി എമ്മിലുണ്ടായിരിക്കുന്ന ചേരിതിരിവിന് പ്രകടമായ ഉദാഹരണമാണ്. അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഉടലെടുത്ത വിഭാഗീയത ഏറ്റവും അപകടകരമായ അവസ്ഥയിലെത്തി നിൽക്കുകയാണ്.
    നിരവധി ആരോപണങ്ങളാണ് സുധാകരനെതിരെ പാർട്ടിയിലെ നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുകയാണെങ്കിൽ ജി സുധാകരൻ രാഷ്ട്രീയമായി ഏറെ ആരോപണങ്ങൾ നേരിടേണ്ടിവരുന്നൊരു സാഹചര്യമാണ് നിലവിൽ അമ്പലപ്പുഴയിൽ. നിലവിൽ ലഭ്യമാവുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി എം ലിജു അമ്പലപ്പുഴയിൽ അട്ടിമറി വിജയം നേടുമെന്ന് പറയാം.

    എൽ ഡി എഫിനും യു ഡി എഫിനും രാഷ്ട്രീയ വിജയം നേടിയ മണ്ഡലമാണ് കായംകുളം. തച്ചടി പ്രഭാകരനെയും എം എം ഹസ്സനെയും വിജയിപ്പിച്ച മണ്ഡലമാണ് കായംകുളം. തച്ചടി പ്രഭാകരനിൽ നിന്നും ജി സുധാകരൻ കായംകുളം തിരിച്ചുപിടിച്ചെങ്കിലും ശക്തമായ ഇടത് കോട്ടയായിരുന്നില്ല കായംകുളം. 2006 ൽ സി പി എം നേതാവ് സി കെ സദാശിവനാണ് കായംകുളം തുടർച്ചയായി രണ്ടുതവണ ഇടത് വശത്തേക്ക് മാറ്റിയത്. 2016 ൽ യു പ്രതിഭ കായംകുളത്തുനിന്നും വജയിച്ചുകയറിയതോടെ കായംകുളം ഉറച്ച ഇടത് മണ്ഡലമായിമാറി. സിറ്റിംഗ് എം എൽ എ യു പ്രതിഭയാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി.

    രണ്ട് വനിതാ സ്ഥാനാർത്ഥികൾ ഏറ്റമുട്ടുന്ന മണ്ഡലമാണ് കായംകുളം. കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയത് യുവനേതാവ് അരിതാ ബാബുവിനെയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് അരിത ബാബു. 2016 ൽ കോൺഗ്രസ് നേതാവ് എം ലിജുവിനെ 11857 വീഴ്ത്തിയാണ് യു പ്രതിഭ കായംകുളം പിടിച്ചത്. കായംകുളത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു വിഭാഗം പാർട്ടി പ്രവർത്തകരുമായി നിരന്തരമായി പോരാടിയാണ് പ്രതിഭ കായംകുളത്ത് നിലനിന്നിരുന്നത്. ഒട്ടേറെ വിവാദങ്ങളും പ്രതിഭ ഉണ്ടാക്കി.
    ഒടുവിൽ തെരഞ്ഞെടുപ്പിന് ശേഷം ആലപ്പുഴ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയിൽ പരോക്ഷ പ്രതികരണവുമായി പ്രതിഭയെത്തിയതും സി പി എമ്മിനെ പ്രതിരോധത്തിലാക്കി.

    പ്രതിഭ കായംകുളത്ത് തോൽക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അരിത ബാബുവിനെതിരെ ആരിഫ് എം പി നടത്തിയ പാൽസൊസൈറ്റി പ്രയോഗവും തിരിച്ചടിക്ക് കാരണമാവുമെന്നാണ് വിലയിരുത്തൽ. കായംകുളം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, അരിതാ ബാബുവിന് വിജയിക്കാനുള്ള സാഹചര്യമാണ് കായംകുളത്തുള്ളത്.  ബി ഡി ജെ എസ് സ്ഥാനാർത്ഥി പ്രദീപ് ലാലും ശക്തമായ പ്രതിരോധവുമായി രംഗത്തുണ്ടായിരുന്നു.

    പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ തട്ടകമാണ് ഹരിപ്പാട്. ഹരിപ്പാട് ഏറ്റവും കൂടുതൽ ജനപ്രതിനിധിയായിരുന്ന നേതാവ് രമേഷ് ചെന്നിത്തലയാണ്. 1982 ൽ സി പി എം നേതാവ് സി ബി സി വാര്യരിൽ നിന്നും രമേഷ് ചെന്നിത്തല ഹരിപ്പാട് പിടിച്ചെടുക്കുകയായിരുന്നു. രണ്ട് തവണ ചെന്നിത്ത, പിന്നീട് കെ കെ ശ്രീനിവാസനും, ആർ എസ് പിയിലെ എ വി താമരാക്ഷനും ഹരിപ്പാടു നിന്നും ജയിച്ചുകയറി. കോൺഗ്രസിലെ ബി ബാബു പ്രസാദ് 2006ൽ ഹരിപ്പാട് തിരിച്ചുപിടിച്ചു. 2011 മുതൽ രമേഷ് ചെന്നിത്തലയാണ് ഹരിപ്പാട് എം എൽ എ. നാല് തവണ ജയിച്ചുകയറിയ രമേഷ് ചെന്നിത്തലയാണ് ഇത്തവണയും ഹരിപ്പാട് യു ഡി എഫ് സ്ഥാനാർത്ഥി.


    ഹരിപ്പാട് എന്റെ വളർത്തമ്മയാണെന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ രമേഷ് ചെന്നിത്തല ഹരിപ്പാട് മത്സരിക്കാനായി എത്തിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല നടത്തിയ പോരാട്ടങ്ങളുടെ പിൻബലവും ഇത്തവണത്തെ മത്സരത്തിന് മാറ്റുകൂട്ടുന്നുണ്ട്. സി പി ഐയിലെ ആർ സജിലാലാണ് രമേശ് ചെന്നിത്തലയെ നേരിടുന്നത്. കെ സോമനാണ് ബി ജെ പി സ്ഥാനാർത്ഥി. 2016 ൽ സി പി ഐയിലെ പി പ്രസാദിനെ 18621 വോട്ടുകൾക്കാണ് രമേഷ് ചെന്നിത്തല പരാജയപ്പെടുത്തിയിരുന്നത്. രമേഷ് ചെന്നിത്തലയ്ക്ക് ശക്തമായ എതിരാളികളില്ല , എന്നതിനാൽ ഹരിപ്പാട് മറിച്ചൊന്നും സംഭവിക്കാൻ സാധ്യതയില്ല.

    എൽ ഡി എഫിനെയും , യു ഡി എഫിനെയും വിജയിപ്പിച്ച ചരിത്രമാണ് ചെങ്ങന്നൂരിനുമുള്ളത്. എന്നൽ 1991 ൽ കോൺഗ്രസ് അംഗമായിരുന്ന ശോഭനാ ജോർജ്ജ് തുടർച്ചയായി മൂന്നു തവണയും പിന്നീട് രണ്ട് തവണ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പി സി വിഷ്ണുനാഥും വിജയിച്ച മണ്ഡലമാണ് ചെങ്ങന്നൂർ. 2016 ൽ സി പി എമ്മിലെ കെ കെ രാമചന്ദ്രൻ നായർ ചെങ്ങന്നൂർ തിരിച്ചു പിടിച്ചു.  രാമചന്ദ്രൻ നായരുടെ മരണത്തോടെ ഉണ്ടായ ഉപതെരഞ്ഞെടുപ്പിൽ സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ചെങ്ങന്നൂരിൽ നിന്നും വിജയിച്ചു. സിറ്റിംഗ് എം എൽ എയായ സജി ചെറിയാനാണ് ഇത്തവണയും ചെങ്ങന്നൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ എം മുരളിയാണ് സജി ചെറിയാന്റെ എതിരാളി, 2016 ൽ 7983 വോട്ടുകൾക്കാണ് കെ കെ രാമചന്ദ്രൻ നായർ പി സി വിഷ്ണുനാഥിനെ തോൽപ്പിച്ചത്. എം വി ഗോപകുമാറാണ് ബി ജെ പി സ്ഥാനാർത്ഥി. പ്രളയകാലത്ത് സജി ചെറിയാൻ നടത്തിയ ഇടപെടലുകളും മറ്റും ചെങ്ങന്നൂരിൽ ജനപിന്തുണ വർധിക്കാൻ കാരണമായിട്ടുണ്ട്.
    സജി ചെറിയാൻ നല്ല ഭൂരിപക്ഷത്തിൽ വീണ്ടും വിജയിക്കുമെന്നാണ് ചെങ്ങന്നൂരിൽ നിന്നും ലഭിക്കുന്ന സൂചനകൾ.


    കോൺഗ്രസിനും സി പി എമ്മിനും ഒരു പോലെ ശക്തിയുള്ള മണ്ഡലമാണ് മാവേലിക്കര. കോൺഗ്രസിലെ എം മുരളി 20 വർഷക്കാലം തുടർച്ചയായി ജനപ്രതിനിധിയായിരുന്ന മണ്ഡലമാണിത്. സി പി എമ്മിലെ എസ് ഗോവിന്ദകുറുപ്പ് 15 വർഷം എൽ ഡി എഫിന്റെ തട്ടകമായി സംരക്ഷിച്ചുവന്നിരുന്ന മാവേലിക്കര എം മുരളിയാണ് വലതുപക്ഷത്തേക്ക് എത്തിച്ചത്. 2011 ൽ സി പി എമ്മിലെ ആർ രാജേഷ് മണ്ഡലം തിരിച്ചു പിടിച്ചു.
    ഇത്തവണ മാവേലിക്കരയിൽ എം എസ് അരുൺകുമാറാണ് സി പി എം രംഗത്തിറക്കിയത്. കെ കെ ഷാജുവാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പി സ്ഥാനാർത്ഥി സഞ്ചുവാണ്. സിറ്റിംഗ് എം എൽ എ ആർ രാജേഷ് ഇത്തവണ മത്സര രംഗത്തില്ല. 31542 ഭൂരിപക്ഷം നേടിയാണ് 2016 ൽ മാവേലിക്കരയിൽ ആർ രാജേഷ് വിജയിച്ചിരുന്നത്. മാവേലിക്കരയിൽ ഇത്തവണയും ഇടത് മുന്നേറ്റം ആവർത്തിക്കും.

    കേരളാ കോൺഗ്രസ് തട്ടകമായിരുന്നു കുട്ടനാട്. 1982 മുതൽ 2001 വര തുടർച്ചയായി അഞ്ച് തവണ കേരളാ കോൺഗ്രസ് നേതാവ് കെ സി ജോസഫ് വിജയിച്ച മണ്ഡലം. 2006 ൽ കെ കരുണാകരന്റെ ഡി ഐ സിയുടെ സ്ഥാനാർത്ഥിയായാണ് തോമസ് ചാണ്ടി കുട്ടനാട്ടിൽ മത്സരിക്കാനെത്തുന്നത്. ഡി ഐ സി ടിക്കറ്റിൽ,  യു ഡി എഫ് ഘടകക്ഷിയായി മത്സരിച്ച തോമസ് ചാണ്ടി 2011 ൽ എൻ സി പി യുടെ സ്ഥാനാർത്ഥിയും എൽ ഡി എഫിനുവേണ്ടിയാണ് രംഗത്തെത്തിയത്. 2011ലും 2016 ലും തോമസ് ചാണ്ടി കുട്ടനാടിൽ വിജയിച്ചു.

    തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെതുടർന്ന് തെരഞ്ഞെടുപ്പ് നടന്നില്ല.
    ഇത്തവണ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസാണ് എൻ സി പി ടിക്കറ്റിൽ കുട്ടനാട്ടിൽ നിന്നും ജനവിധി തേടുന്നത്.
    കേരളാ കോൺഗ്രസ് (ജെ ) നേതാവ് ജേക്കബ്ബ് അബ്രഹാമാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ഡി ജെ എസിനുവേണ്ടി തമ്പി മേട്ടുതറയും മത്സര രംഗത്തുണ്ട്.


    2016 ൽ ജേക്കബ്ബ് അബ്രഹാമിനെ 4891 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. തോമസ് ചാണ്ടിയുടെ അഭാവത്തിൽ കുട്ടനാട് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ എൻ സി പി കുട്ടനാട് സീറ്റ് നിലനിർത്തുമെന്നാണ്  എൽ ഡി എഫിന്റെ വിശ്വാസം. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദങ്ങളും മറ്റും കുട്ടനാട്ടിൽ എൻ സി പി ക്ക് തിരിച്ചടിയുണ്ടാവുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. കുട്ടനാട് ഇടതുപക്ഷം നിലനിർത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here