രാജേഷ് തില്ലങ്കേരി 

 

 

 

  • ആഴക്കടൽ പ്രഷുബ്ധമായ കുണ്ടറയിൽ അട്ടിമറി സാധ്യത.ആഴക്കടൽ മത്സ്യബന്ധന കരാർ ഏറ്റവും കൂടുതൽ തിരിച്ചടിയാവുന്ന ജില്ല.
  • കുണ്ടറയിൽ മെർസിക്കുട്ടിയമ്മയ്ക്ക് അടിപതറും  പി.സി. വിഷ്ണുനാഥ് ജയിക്കാൻ  സാധ്യത
  • ചവറയിൽ ഷിബു ബേബി ജോൺ ആധിപത്യം നിലനിർത്തും 
  •  കരുനാഗപ്പള്ളിയിൽ യു.ഡി.എഫ്സി സ്ഥാനാർത്ഥി  ആർ മഹേഷ് ജയിക്കാനുള്ള സാധ്യത
  • കൊല്ലത്ത് മുകേഷിന് അടിതെറ്റും; ബിന്ദുകൃഷ്ണയ്ക്ക് ആധിപത്യം 
  • കൊട്ടാരക്കരയിൽ സി.പി.എം . സ്ഥാനാർത്ഥി ബാലഗോപാൽ ചരിത്ര വിജയം നേടുമെന്ന്  സൂചന
  • അടിയൊഴുക്കുകൾ ശക്തമായാൽ പത്തനാപുരത്ത്  ഗണേഷ് കുമാറിന് തിരിച്ചടിയുണ്ടാകും 
  • പുനലൂരും ഇരവിപുരവും  എൽ.ഡി എഫ് നിലനിർത്തും 
  • ചടയമംഗലത്ത് യു.ഡി.എഫ് അട്ടിമറി വിജയം നേടും 
  • കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ ഇക്കുറി എൽ.ഡി. എഫ് സ്വതന്ത്രൻ; വിജയം സുനിശ്ചിതം 
  • ചാത്തന്നൂരിൽ ത്രികോണ മത്സരം; സിപി ഐയുടെ ജി എസ്  ജയലാൽ മണ്ഡലം നിലനിർത്തും 

 
 
 
 
 



കേരളത്തിലെ ഒരു പ്രധാന വാണിജ്യ നഗരമാണ് കൊല്ലം.  മുൻപ് ക്വയ്‌ലോൺ എന്നും ദേശിങ്ങനാട് എന്നും താർഷിഷ്  എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തി നേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.
 

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം.
കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻന്ത്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്നിരുന്ന കാലമുണ്ടായിരുന്നു. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ടായിരുന്നു.

കൊല്ലം നഗരത്തിന് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു.  പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു.
 

തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയും, പടിഞ്ഞാറ് അറബിക്കടൽമാണ് കൊല്ലം ജില്ലയുടെ അതിരുകൾ. കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് കൊല്ലം. അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം കശുവണ്ടി വ്യവസായത്തിന്റെ നാട് എന്നറിയപ്പെടുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന കശുവണ്ടിയുടെ 75 ശതമാനവും കൊല്ലത്ത് ഉത്പാദിപ്പിക്കുന്ന കശുവണ്ടിയാണ്. രണ്ടര ലക്ഷം തൊഴിലാളികളാണ് കശുവണ്ടി മേഖലയിൽ തൊഴിലെടുക്കുന്നത്.

കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ ‘കൊയ്ലൺ’ എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. കുരുമുളകിന്റെ സംസ്‌കൃത പദമായ ‘കൊലം’ എന്നതിൽ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്.

സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ മത്സബന്ധന തുറുമുമുഖമായ നീണ്ടകര കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.
ഉന്നതമായ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ജില്ലയാണ് കൊല്ലം. പ്രഗൽഭരായ നിരവധി രാഷ്ട്രീയ നേതാക്കൾ മന്ത്രിമാരായും പ്രമുഖ നേതാക്കളായും മാറിയ ജില്ലയാണ് കൊല്ലം. കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രം എന്നും ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ഇടത് കോട്ടയെന്നാണ് കൊല്ലം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ കൊല്ലം ജില്ലയിൽ എൽ ഡി എഫിന് സമ്പൂർണ ആധിപത്യമായിരുന്നു.

ആർ എസ് പിയുടെ തട്ടകമായാണ് ചവറ മണ്ഡലം അറിയപ്പെട്ടിരുന്നത്. ചവറയിൽ നിന്നും തുടങ്ങി ഇരവിപുരം വരെയാണ് ആർ എസ് പിയുള്ളതെന്നും, ചവറ പാർട്ടിയെന്നാണ് ആർ എസ് പി അറിയപ്പെട്ടിരുന്നത്.

1977 മുതൽ 2001 വരെ ആർ എസ് പി നേതാവായിരുന്ന ബേബി ജോണായിരുന്നു ചവറയുടെ ജനപ്രതിനിധി. ചവറയെന്നാൽ ബേബി ജോൺ, തൊഴിലാളികൾക്കിടയിൽ അനിഷേധ്യനായ നേതാവായിരുന്നു ബേബി ജോൺ. ബേബി ജോണിന്റെ മരണത്തോടെ ആർ എസ് പി നേതാവായി ഷിബു ബേബിജോൺ ചവറയിൽ മത്സരിച്ചു. ഷിബു ബേബിജോൺ രണ്ടുതവണയും, എൻ കെ പ്രേമചന്ദ്രൻ ഒരുതവണയും ജയിച്ചു മന്ത്രിമാരായി. 
 
രണ്ടായിരുന്ന  ആർ എസ് പി ലയിച്ച് ഒന്നായി യു ഡി എഫിലെത്തിയെങ്കിലും ചവറ കൈവിട്ടു. 2016 ൽ സി എം പി ടിക്കറ്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യവസായി എൻ വിജയൻപിള്ള ചവറ പിടിച്ചു. ആർ എസ് പിയല്ലാത്ത ഒരാൾ ആദ്യമായി ചവറയിൽ നിന്നും വിജയിച്ചു.
2016 ൽ ഷിബു ബേബിജോണിനെ 6189 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയൻ പിള്ള പരാജയപ്പെടുത്തിയത്.

ഇത്തവണ ഷിബു ബേബിജോണിനെ ഇത്തവണ നേരിടുന്നത് ഡോ സുജിത് വിജയനാണ്. സി പി എം ടിക്കറ്റിലാണ് സുജിത് വിജയൻ മത്സരിക്കുന്നത്. നിലവിൽ ലഭിക്കുന്ന സൂചനകൾ ആർ എസ് പി നേതാവ് ഷിബു ബേബിജോണിന് അനുകൂലമാണ്. ചവറ യു ഡി എഫ് തിരിച്ചു പിടിക്കും.

 കരുനാഗപ്പള്ളിയിൽ സിറ്റിംഗ് എം എൽ എ ആർ രാമചന്ദ്രൻ നായരാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. സി പി ഐ നേതവായ ആർ രാമചന്ദ്രൻ നായർ 2016 ൽ 1759 വോട്ടുകൾക്കാണ് കോൺഗ്രസിലെ സി ആര് മഹേഷിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും മത്സരം ഇവർ തമ്മിലായിരുന്നു.
1957 ൽ മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി കോൺഗ്രസിലെ പി കുഞ്ഞുകൃഷ്ണനായിരുന്നു. പിന്നീട് ആർ എസ് പി നേതാവ് രണ്ട് തവണ വിജയിച്ച മണ്ഡലം. 2001 ൽ ജെ എസ് എസിലെ രാജൻ ബാബു വിജയിച്ചതൊഴിച്ചാൽ മറ്റെല്ലായെപ്പോഴും സി പി ഐ സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലമാണ് കരുനാഗപ്പള്ളി. യു ഡി എഫ് ഇത്തവണ കൊല്ലം ജില്ലയിൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി.
സി ആർ മഹേഷ് ജയിക്കാനുള്ള സാധ്യതയാണ് മണ്ഡലത്തിലുള്ളത്. ബിറ്റി സുധീറാണ് ബി ജെ പി സ്ഥാനാർത്ഥി.

കൊല്ലം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോദിച്ചാൽ യു ഡി എഫിന് നിരവധി തവണ വിജയിക്കാൻ അവസരം ലഭിച്ച മണ്ഡലമാണ്.
ആർ എസ് പിയിലെ ബാബു ദിവാകരൻ എൽ ഡി എഫിൽ നിന്നും യുഡി എഫിൽ നിന്നും ജയിച്ചു,  എന്നാൽ സി പി എം നേതാവ്  പി കെ ഗുരുദാസൻ മത്സരരംഗത്തിറങ്ങിയതോടെ കൊല്ലം ഇടത് വശം ചേർന്നു. രണ്ട് തവണ ഗുരുദാസൻ കൊല്ലത്തു നിന്നും ജയിച്ചു കയറി.
2016 ൽ സിനിമാ താരം എം മുകേഷ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തി. കോൺഗ്രസിലെ സൂരജ് രവിയെ 17611 വോട്ടുകൾക്ക് മുകേഷ് പരാജയപ്പെടുത്തി. 
 
സിറ്റിംഗ് എം എൽ എയും തലമുതിർന്ന നേതാവുമായ ഗുരുദാസനെ ഒഴിവാക്കിയതിൽ പാർട്ടിയിൽ നിന്നും കടുത്ത നീരസം ഉയർന്നെങ്കിലും മുകേഷ് വിജയിച്ചു. എന്നാൽ എം എൽ എ യെന്ന നലയിൽ ശോഭിക്കാൻ മുകേഷിന് സാധിച്ചില്ല. മുകേഷിനെ കാണാനില്ലെന്നുവരെ കൊല്ലത്ത് പ്രചരണമുണ്ടായി, എന്നാൽ അതൊന്നും മുകേഷിന് രണ്ടാം തവണയും സീറ്റു ലഭിക്കാതിരിക്കാൻ കാരണമായില്ല. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയാണ് ഇത്തവണ മുകേഷിനെ നേരിടുന്നത്.കേരളത്തിലെ ഏക വനിതാ ഡി സി സി അധ്യക്ഷയായ ബിന്ദു കൃഷ്ണ നേതൃത്വത്തോട് കരഞ്ഞുവാങ്ങിയതാണ് കൊല്ലം സീറ്റ്. കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ ജയിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.
എം സുനിലാണ് ബി ജെ പി സ്ഥാനാർത്ഥി.
 
സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ വിജയിച്ച ചരിത്രമുള്ള മണ്ഡലമാണ് കൊട്ടാരക്കര.  സി പി ഐ നേതാവ് ഇ ചന്ദ്രശേഖരൻ നായരാണ് കൊട്ടാരക്കരയുടെ ആദ്യ ജനപ്രതിനിധി. പിന്നീട് പി എസ് പിയിലെ ദാമോദരൻ പോറ്റിയും, സി പി ഐ നേതാവ് സി അച്ചുതമേനോനും വിജയിച്ച മണ്ഡലം.

1977 മുതൽ 2006 വരെ കേരളാ കോൺഗ്രസ് നേതാവും യു ഡി എഫിന്റെ ശില്പികളിൽ ഒരാളുമായ ആർ ബാലകൃഷ്ണ പിള്ളയായിരുന്നു തുടർച്ചയായി കൊട്ടാരക്കരയുടെ ജനപ്രതിനിധി. 2006 ൽ സി പി എമ്മിലെ പി അയിഷാ പോറ്റിയോട് ബാലകൃഷ്ണ പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കരയിലെ കേരളാ കോൺഗ്രസിന്റെ ആധിപത്യത്തിന് അന്ത്യമായി. മൂന്നു തവണ കൊട്ടാരക്കയിൽ നിന്നും വിജയിച്ച അയിഷപോറ്റി ഇത്തവണ മത്സരരംഗത്തില്ല. പാർട്ടിയുമായി അകന്നു നിൽക്കുകയാണ് സിറ്റിംഗ് എം എൽ എ.

2016 ൽ എതിരാളി കോൺഗ്രസിലെ സവിൻസത്യനെ 42632 വോട്ടുകൾക്കാണ് അയിഷാ പോറ്റി പരാജയപ്പെടുത്തിയിരുന്നത്.
ഇത്തവണ സി പി എം ജില്ലാ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ കെ എൻ ബാലഗോപാലിനെയാണ് എൽ ഡി എഫ് രംഗത്തിറക്കിയത്. കോൺഗ്രസിലെ ആർ രശ്മിയാണ് എതിരാളി. പഴയ എതിരാളികളായ കേരളാ കോൺഗ്രസ് ബി ഘടക കക്ഷിയായതോടെ ഇടതു കോട്ടയായി കൊട്ടാക്കരമാറി. ബാലഗോപാൽ കൊട്ടാരക്കരയിൽ ചരിത്ര വിജയം നേടുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

1967 മുതൽ സിപി എമ്മിനെയും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും തുണച്ച പാരമ്പര്യമുള്ള മണ്ഡലമാണ് കുണ്ടറ. കോൺഗ്രസ് നേതാക്കളായ കടവൂർ ശിവദാസനും, അൽഫോൺസ് ജോണും വിജയിച്ച മണ്ഡലമാണ് കുണ്ടറ. ജെ മേഴ്‌സി കുട്ടിയമ്മ 1987 ലും 1996 ലും 2016 ലും വിജയിച്ച മണ്ഡലമാണ് കുണ്ടറ. സി പി എം നേതാവ് എം എ ബേബി രണ്ടു തവണ വിജയിച്ചതും കുണ്ടറയിൽ നിന്നായിരുന്നു.

ഇത്തവണയും മന്ത്രിയും സിറ്റിംഗ് എം എൽ എയുമായ ജെ മേഴ്‌സി കുട്ടിയമ്മയാണ് കുണ്ടറയിൽ മത്സ രംഗത്തുള്ളത്. പി സി വിഷ്ണുനാഥാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ആഴക്കടൽ മത്സ്യബന്ധനവിവാദം, കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള അഴിമതി വിവാദം തുടങ്ങിയവയെല്ലാം ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പി സി വിഷ്ണുനാഥ് ജയിക്കാനുള്ള സാധ്യതയുള്ള മണ്ഡലമാണ് കുണ്ടറ. ആഴക്കടൽ വിവാദത്തിലെ അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.യുടെ ഉടമയും മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്നുണ്ടെന്നതും കൗതുകകരമാണ്. 

 യു ഡി എഫ് കൊല്ലം ജില്ലയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലവും കുണ്ടറയാണ്. ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി വനജ വിദ്യാധരനും, ഇ എം സിസി ചെയർമാനും കുണ്ടറയിൽ മത്സര രംഗത്തുണ്ടായിരു. 2016 ൽ 30460 വോട്ടുകൾക്ക് കോൺഗ്രസിലെ രാജ് മോഹൻ ഉണ്ണിത്താനെ  ജെ മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെടുത്തിയിരുന്നു.

സി പി ഐയുടെ തട്ടകമായിരുന്നു പത്തനാപുരം. സി പി ഐ യുടെ എൻ രാജഗോപാലൻ നായരായിരുന്നു ആദ്യ എം എൽ എ.  1960 കോൺഗ്രസ് സ്ഥാനാർത്ഥിയായി ആർ ബാലകൃഷ്ണ പിള്ള ഒരു തവണ വിജയിച്ചതൊഴിച്ചാൽ സി പി ഐ യുടെ കുത്തക മണ്ഡലമായി പത്തനാപുരം തുടർന്നു. 2001 ലാണ് സിനിമാ താരവും കേരളാ കോൺഗ്രസ് ബിയുടെ യുവ നേതാവുമായിരുന്ന കെ ബി ഗണേഷ് കുമാർ പത്തനാപുരത്ത് മത്സരിക്കാനായി എത്തുന്നത്. കന്നിയങ്കത്തിൽ തന്നെ വിജയിച്ചു.

ഇ ച്ന്ദ്രശേഖരൻ നായരും, കെ പ്രകാശ് ബാബുവും വിജയിച്ചിരുന്ന മണ്ഡലമാണ് ഗണേഷ് കുമാർ പിന്നീട് സ്വന്തം തട്ടകമാക്കിയത്. ആദ്യ മൂന്നു ടേമിൽ യു ഡി എഫ് സ്ഥാനാർത്ഥി. 2016 ൽ എൽ ഡി എഫിനു വേണ്ടിയും മത്സരിച്ച് വിജയിച്ചു. ഇത്തവണയും ഗണേഷ് മത്സരിക്കുന്നത് എൽ ഡി എഫിനായാണ്. 2016 ൽ സിനിമാ താരങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു പത്തനാപുരത്ത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി  നടൻ ജഗദീഷായിരുന്നു മത്സരിച്ചത്. 24562 വോട്ടുകൾക്കാണ് ഗണേഷ് കുമാർ വിജയിച്ചത്.

എന്നാൽ ഇത്തവണ ഗണേഷിനെതിരെ മത്സര രംഗത്ത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് മത്സരിച്ചത്. മണ്ഡലത്തിൽ പഴയ പ്രതാപത്തിലല്ല ഗണേഷ് കുമാർ. നിരവധി വിവാദങ്ങൾ, കേരളാ കോൺഗ്രസ് ബിയിലെ പിളർപ്പ് തുടങ്ങിയവയും മുന്നണിയിലെ ചില ഘടകക്ഷികൾക്കുള്ള വിയോജിപ്പുമെല്ലാം ഗണേഷിന്റെ പഴയ പ്രതാപത്തിന് തിരിച്ചടിയായിട്ടുണ്ട്. അടിയൊഴുക്കുകൾ ശക്തമായാൽ തിരിച്ചടിയുണ്ടാവും. നിലവിൽ ഗണേഷ് കുമാർ വിജയിക്കുമെന്നാണ് സൂചനകൾ.

ദീർഘകാലമായി സി പി ഐ യുടെ തട്ടകമെന്നറിയപ്പെടുന്ന മണ്ഡലമാണ് പുനലൂർ.  1957 മുതൽ പുനലൂരിൽ സി പി ഐയാണ് വിജയിച്ചിരുന്നത്. പുനലൂർ മധു, സാം ഉമ്മൻ വി സുരേന്ദ്രൻ പിള്ള എന്നിവർ ജയിച്ചതൊഴിച്ചാൽ മറ്റെല്ലാ കാലത്തും സി പി ഐ യാണ് പുനലൂരിൽ വിജയിച്ചിരുന്നത്. പി കെ ശ്രീനിവാസനും, പി എസ് സുപാലും ആയിരുന്നു സി പി ഐയുടെ മുൻ എം എൽ എമാർ. 
 
2006 മുതൽ മൂന്നു ടേമിൽ മന്ത്രി കെ രാജുവാണ് വിജയിച്ചിരുന്നത്. ഇത്തവണ വീണ്ടും പി സ് സുപാലാണ് സി പി ഐ സ്ഥാനാർത്ഥി. മുസ്ലിംലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. 2016 ൽ കെ രാജു 33582 വോട്ടുകൾക്ക് മുസ്ലിംലീഗ് നേതാവ് യൂനൂസ് കുഞ്ഞിനെ പരാജയപ്പെടുത്തിയ മണ്ഡലമാണ് പുനലൂർ.  ഇത്തവണയും സി പി ഐ വിജയിക്കുന്ന മണ്ഡലമായിരിക്കും പുനലൂർ. ആയൂർ മുരളിയാണ് ബി ജെ പി സ്ഥാനാർത്ഥി.

സി പി ഐയുടെ മറ്റൊരു തട്ടകമാണ് ചടയമംഗലം. സി പി ഐയുടെ പ്രമുഖ നേതാക്കളായ വെളിയം ഭാർഗവനും, എം എൻ ഗോവിന്ദൻ നായർ, ഇ ചന്ദ്രശേഖരൻ നായർ, കെ ആർ ചന്ദ്രമോഹൻ തുടങ്ങിയവർ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ചടയമംഗലം. 2001 ൽ കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണൻ വിജയിച്ച ചരിത്രവും ചടയമംഗലത്തിനുണ്ട്. മൂന്നു തവണ എം എൽ എയായിരുന്നത് മുല്ലക്കര രത്‌നാകരനായിരുന്നു.
മുല്ലക്കര 2016 ൽ , കോൺഗ്രസ് നേതാവ് എം എം ഹസ്സനെ 21928 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ഇത്തവണ സി പി ഐയിലെ വനിതാ നേതാവ് ചിഞ്ചുറാണിയാണ് മത്സര രംഗത്തുണ്ടായിരുന്നത്. കോൺഗ്രസിലെ എം എം നസീറാണ് എതിരാളി.
സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അസ്വാരസ്യങ്ങളും മറ്റും ചടയമംഗലത്ത് ഇടതുമുന്നയിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സിറ്റിംഗ് എം എൽ എ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ പരിഗണിക്കാതെ ചിഞ്ചു റാണിയെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി ഐയിലെ ഒരുവിഭാഗത്തിനിടയിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു. സി പി ഐയിൽ നിന്നും കോൺഗ്രസ് പിടിക്കാൻ സാധ്യതയുള്ള സീറ്റാണ് ചടയമംഗംലം.

ആർ എസ് പിയ്ക്ക് വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഇരവിപുരം.  ആർ എസ് പിയിലെ ആർ എസ് ഉണ്ണിയും, വി പി രാമകൃഷ്ണ പിള്ളിയും എ എ അസീസും ജയിച്ച മണ്ഡലമായിരുന്നു ഇരവി പുരം. 2001 മുതൽ 2016 വരെ എ എ അസീസ് ഇരവിപുരത്ത് എം എൽ എയായിരുന്നു.
ആർ എസ് പി ലയനത്തോടെ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച എ എ അസീസ് ഇരവിപുരത്ത് പരാജയപ്പെട്ടു. 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ സി പി എമ്മിലെ എം നൗഷാദ് 28803 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ എ അസീനെ പരാജയപ്പെടുത്തിയത്.
ഇത്തവണ ആർ എസ് പി യിലെ ബാബു ദിവാകരനാണ് ഇരവിപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി. എതിരാളി സിറ്റിംഗ് എം എൽ എ എം നൗഷാദ്.
സി പി എം ഇരവിപുരം നിലനിർത്താനുള്ള സൗധ്യതയാണ് നിലവിലുള്ളത്.

ആർ എസ് പിയ്ക്ക് ഏറെ വളക്കൂറുണ്ടായിരുന്ന ജില്ലയിലെ മറ്റൊരു മണ്ഡലമായിരുന്നു കുന്നത്തൂർ. 1987 മുതൽ ആർ എസ് പി തുടർച്ചയായി വിജയിച്ചുപോരുന്ന മണ്ഡലം. ടി നാണു മൂന്നു തവണ വിജയിച്ചു. കോവൂർ കുഞ്ഞുമോൻ 2001 മുതൽ തുടർച്ചയായി വിജയിക്കുുന്ന മണ്ഡലമാണ് കുന്നത്തൂർ.

2016 ൽ ആർ എസ് പി യു ഡി എഫിന്റെ ഭാഗമായപ്പോൾ കോവൂർ കുഞ്ഞുമോൻ സ്വന്തം പാർട്ടിയുണ്ടാക്കി. എൽ ഡി എഫ് പാർട്ടിയെ മുന്നണിയിൽ എടുത്തില്ലെങ്കിലും കുഞ്ഞുമോൻ എൽ ഡി എഫ് സ്വതന്ത്രനായി വിജയിച്ചു. ഇത്തവണയും കുഞ്ഞുമോൻ എൽ ഡി എഫ് സ്വതന്ത്രനായി മത്സരിച്ചു.  ഉല്ലാസ് കോവൂരാണ് യു ഡി എഫ് സ്ഥാനാർത്ഥി. കോവൂർ കുഞ്ഞുമോനിൽ നിന്നും കുന്നത്തൂർ തിരിച്ചു പിടിക്കുകയാണ് ആർ എസ് പിയുടെ പ്രധാന ലക്ഷ്യം. 2016 ൽ ഉല്ലാസ് കോവൂരിനെ 20529 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
കുഞ്ഞുമോൻ വിജയം ആവർത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

സി പി ഐയും കോൺഗ്രസും മാറി മാറി വിജയിച്ച ചരിത്രമുള്ള മണ്ഡലമാണ് ചാത്തന്നൂർ. സി പി ഐയിലെ ആർ രവീന്ദ്രനും, ജെ ചിത്തരഞ്ജനും വിജയിച്ച മണ്ഡലം. കോൺഗ്രസിലെ സി വി പത്മരാജനും പ്രതാപവർമ്മ തമ്പാനും വിജയിച്ച മണ്ഡലം എന്നീ പ്രത്യേകതകളാണ് ചാത്തന്നൂരിനുള്ളത്. 2011, 2016 തെരഞ്ഞെടുപ്പുകളിൽ സിപി ഐയുടെ ജി എസ്  ജയലാലാണ് ചാത്തന്നൂരിന്റെ സിറ്റിംഗ് എം എൽഎ . ജി എസ് ജയലാൽ വീണ്ടും ജനവിധി തേടുമ്പോൾ കോൺഗ്രസിലെ പീതാംബര കുറുപ്പാണ് എതിരാളി. ബി ജെ പിയിലെ ബി ബി ഗോപകുമാറും ശക്തമായ പ്രതിരോധവുമായി മത്സരരംഗത്തുണ്ടായിരുന്നു. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂർ.
ബി ജെ പിക്ക് കൊല്ലം ജില്ലയിൽ വിജയപ്രതീക്ഷയുള്ള മണ്ഡലമാണിത്.  ചാത്തന്നൂരിൽ ജി എസ് ജയലാൽ വിജയിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here