രാജേഷ് തില്ലങ്കേരി 

 

  • നേമത്തും, കഴക്കൂട്ടത്തും, തിരുവനന്തപുരത്തും ശക്തമായ ത്രികോണ മത്സരം.
  • ബി.ജെ.പി. കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന നേമം ഇക്കുറി നഷ്ട്ടമാകും.
  • വെല്ലുവിളി ഏറ്റെടുത്ത് എംപി സ്ഥാനം ഉപേക്ഷിക്കാൻ തയാറായ കെ. മുരളീധരന് ജയപ്രതീക്ഷ 
  • തിരുവന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥി നടൻ കൃഷ്ണൻകുമാർ രണ്ടാം സ്ഥാനത്ത് വന്നേക്കും 
  • തിരുവന്തപുരം ശിവകുമാർ തന്നെ നിലനിർത്തും 
  • ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്ത് ഡോ. എസ്.എസ്. ലാലിന് ജയസാധ്യത 
  • കഴക്കൂട്ടത്ത് ബി.ജെ.പി പ്രതിരോധത്തിൽ കടകംപിള്ളി സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് പോയേക്കും 
  • അരുവിക്കരയിൽ ശബരീനാഥ്‌ സീറ്റ് നിലനിർത്തും 
  • ആറ്റിങ്ങൽ സി.പി.എം. നിലനിർത്തും ; ചിറയിൻകീഴിൽ സി.പി.ഐയുടെ വി.ശശിയും മണ്ഡലം നിലനിർത്തും 
  • കാട്ടാക്കട മലയിൻകീഴ് വേണുഗോപാലിലൂടെ കോൺഗ്രസ് തിരിച്ചുപിടിക്കും 
  • നിലന്റെ വെല്ലുവിളിയെ അതിജീവിച്ച് കോവളത്ത് എം. വിൻസെന്റ് സീറ്റ് നിലനിർത്തും
  • നെടുമങ്ങാടും നെയ്യാറ്റിൻകരയും കോൺഗ്രസ് തിരിച്ചുപിടിക്കും 
  • പാറശാലയും വാമനപുരവും  സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ എമാർ നിലനിർത്തും 
  • വർക്കല തിരിച്ചുപിടിക്കാൻ യു.ഡി. എഫ് 
  • പോസ്റ്റർ വിവാദത്തിൽ മുങ്ങിയ വട്ടിയൂർക്കാവിൽ കോൺഗ്രസിന് ദയനീയ പരാജയമാകും
  • അരുവിക്കരയും, കോവളവും നിലനിർത്തും. കഴക്കൂട്ടത്ത് അട്ടിമറി വിജയ സാധ്യത.
  • നേമത്തും കഴക്കൂട്ടത്തും ബി ജെ പിക്ക് വിജയിക്കാനാവില്ലെന്ന് വ്യക്തമായ സൂചനകൾ


തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത് . പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. 
 
 
ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷ വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു. നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്‌ലിംകളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ ‘ഇസ്ലാം ധർമപരിപാലനസംഘം’, ‘ജമാഅത് ഉൽ ഇർഷാദ്’ എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൗലവി ആയിരുന്നു.

1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്.
 

 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സംയോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. 
 
സംയോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്‌കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്‌നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.

സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് തിരുവനന്തപുരം. എന്നും അധികാരത്തിന്റെ സിരാകേന്ദ്രം. തലസ്ഥാന നഗരമെന്ന നിലയിൽ തിരുവനന്തപുരത്തിന് മറ്റ് ജില്ലകൾക്കില്ലാത്ത പ്രത്യേകതകളാണുള്ളത്. അനന്തന്റെ ഭൂമിയിൽ ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്ന് അറിയാൻ ഇനി കേവലം രണ്ടു ദിനങ്ങൾ മാത്രം.

തിരുവന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറിയത്.

നേമം കേരളത്തിലെ ഗുജറാത്താണെന്നായിരുന്നു ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്റെ അഭിപ്രായം. നേമം തെരഞ്ഞെടുപ്പ് ഇത്രയേറെ ദേശീയ ശ്രദ്ധയാകർഷിക്കാനുണ്ടായ കാരണവും അതുതന്നെ. ബി ജെ പി 2016 ൽ അക്കൗണ്ട് തുറന്ന ഏക മണ്ഡലമായിരുന്നു നേമം. സി പി എമ്മിലെ വി ശവൻകുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ബി ജെ പിനേതാവ് ഒ രാജഗോപാൽ നേമം പിടിച്ചത്. സിറ്റിംഗ് എം എൽ എയായിരുന്ന എൻ ശക്തൻ രണ്ട് തവണ വിജയിച്ച സീറ്റ് 2011 ൽ വി ശിവൻകുട്ടി പിടിച്ചു. ശിവൻകുട്ടിയെ രണ്ടാം ടേമിൽ പരാജയപ്പെടുത്തിയാണ് ബി ജെ പി നേമത്ത് വെന്നിക്കൊടി നാട്ടിയത്.

സി പി എമ്മിനും കോൺഗ്രസിനും ശക്തമായ അടിത്തറുണ്ടായിരുന്ന നേമത്ത് കെ കരുണാകരനും, സി പി എം നേതാവ് വി. ജെ. തങ്കപ്പനും വിജയിച്ച മണ്ഡലമാണ്. ഇത്തവണ നേമത്ത് ബി ജെ പി രംഗത്തിറക്കിയത് കുമ്മനം രാജശേഖരനെയാണ്. കോൺഗ്രസ് കെ.മുരശീധരനെയും സി പി എം വി.ശിവൻകുട്ടിയെ രംഗത്തിറക്കിയതോടെ മത്സരം കൊഴുത്തു.  എ ഐ സി സി നിർദ്ദേശത്തെ തുടർന്നാണ് വടകര എം പിയായ കെ മുരളീധരൻ നേമത്ത് മത്സരിക്കാനെത്തിയത്.

നേരത്തെ വട്ടിയൂർക്കാവിൽ എം എൽ എയായിരുന്ന മുരളി വടകരയിൽ മത്സരിച്ച് ജയിച്ചതോടെ വട്ടിയൂർക്കാവിൽ നിന്നും മാറി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള അവസരമായാണ് മുരളീധരൻ നേമം പോരാട്ടത്തെ കാണുന്നത്. 
 
നേമത്ത് കടുത്ത മത്സരമാണ് അരങ്ങേറിയത്. ബി ജെ പിയെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് മുരളീധരൻ. കുമ്മനം രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അങ്ങിനെ സംഭവിച്ചാൽ ബി ജെ പിയ്ക്ക് അത് വലിയ ക്ഷീണമാവും. കേരളത്തിൽ വലിയ മുന്നേറ്റം പ്രതിക്ഷിക്കുന്ന ബി ജെ പി യുടെ  പ്രതീക്ഷകൾക്ക്  വലയി തിരിച്ചടിയാണ് ഉണ്ടാവുക.

തിരുവനന്തപുരം വെസ്റ്റിൽ 1977 ൽ ആർ എസ് പി നേതാവ് കെ പങ്കജാക്ഷനായിരുന്നു വിജയിച്ചത്. എന്നാൽ 1980ലും 82 ലും ലീഗിലെ പി എ മുഹമ്മദായിരുന്നു വിജയിച്ചത്. കോൺഗ്രസ് നേതാവ് എം എം ഹസ്സൻ രണ്ടുതവണ വിജയിച്ചതും ഇതേ മണ്ഡലത്തിൽ. കേരളാ കോൺഗ്രസിലെ ആന്റണി രാജുവും തിരുവനന്തപുരത്തുനിന്നും ജയിച്ചുകയറി. 2001 ൽ സി എം പി നേതാവ് എം വി രാഘവൻ വിജയിച്ചു. 2006 ൽ വി സുരേന്ദ്രൻ പിള്ളയാണ് നിയമസഭ കണ്ടത്.

2011ലും 2016 ലും തിരുവനന്തപുരത്തുനിന്നും വിജയിച്ചത് കോൺഗ്രസിലെ വി എസ് ശിവകുമാറായിരുന്നു.
ഇത്തവണ കടുത്ത ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് അരങ്ങേറിയത്. 2016 ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച ആന്റണി രാജു വിനെ 10905 വോട്ടുകൾക്കാണ് വി എസ് ശിവകുമാർ പരാജയപ്പെടുത്തിയത്. ഇത്തവയും സിറ്റിംഗ് എം എൽ എ വി എസ് ശിവകുമാറിനെതിരെ മത്സരിച്ചത് ആന്റണി രാജുവായിരുന്നു. എന്നാൽ ബി ജെ പിക്കുവേണ്ടി മത്സര രംഗത്തിറങ്ങിയ നടൻ കൃഷ്ണകുമാർ ഇരുമുന്നണികൾക്ക് വലിയ പ്രതിരോധമാണ് തീർത്തത്.
കൃഷ്ണ കുമാർ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. വി എസ് ശിവകുമാർ മണ്ഡലം നിലനിർത്തും. എൽ ഡി എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോവും.
ശക്തമായ ത്രികോണ മത്സരം അരങ്ങറുന്നമറ്റൊരു മണ്ഡലം കഴക്കൂട്ടമാണ്.

കഴക്കൂട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിരവധി അട്ടിമറികൾ നടന്നിട്ടുണ്ട്. കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു കഴക്കൂട്ടം. തലൈക്കുന്നേൽ ബഷീറും, എം എം ഹസ്സനും, നബീസാ ഉമ്മാളും എം വി രാഘവനും എം എ വാഹിദും വിജയിച്ച മണ്ഡലം. കടകംപള്ളിസുരേന്ദ്രൻ 1996 ൽ വിജയിച്ച കഴക്കൂട്ടത്ത് രണ്ടു തവണ തുടർച്ചയായി കോൺഗ്രസിലെ എം എ വാഹിദ് വിജയിച്ചു. കഴിഞ്ഞ തവണ കടകംപള്ളി സുരേന്ദ്രൻ വീണ്ടും കഴക്കൂട്ടത്ത് അട്ടിമറി വിജയം നേടി. 
 
മുന്നണികൾ മാറി മാറി വന്ന ചരിത്രം ഇത്തവണയും മണ്ഡലത്തിൽ ആവർത്തിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
ദേവസ്വം മന്ത്രിയായ കടകംപള്ളി വീണ്ടും കഴക്കൂട്ടത്ത് മത്സരിക്കാനെത്തിയതോടെ ബി ജെ പി ശക്തമായ പ്രതിരോധമാണ് തീർത്തിരിക്കുന്നത്. വിശ്വാസികൾ കടകംപള്ളിയെ പരാജയപ്പെടുത്തുമെന്നാണ് മണ്ഡലത്തിൽ പ്രചരിച്ചിരുന്ന വാർത്തകൾ.
മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടുന്നത് കോൺഗ്രസിലെ ഡോ എസ് എസ് ലാലാണ്. പ്രഗൽഭനായ ആരോഗ്യ പ്രവർത്തകനാണ് ഡോ ലാൽ. ലോകാരാഗ്യസംഘടനയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഡോ എസ് എസ് ലാലിന്റെ വിജയം മണ്ഡലം ആഗ്രഹിക്കുന്നുണ്ട്.

ബി ജെ പി നേതാവ് ശോഭാസുരേന്ദ്രനാണ് എൻ ഡി എ സ്ഥാനാർത്ഥി. ബി ജെ പിയിലെ ഗ്രൂപ്പിസം ശക്തമായതിനെ തുടർന്ന് ഏറെ വൈകിയാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിക്കാനെത്തിയത്. ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞുനിന്നിരുന്നശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കാൻ എത്തിയതോടെ ഇരുപക്ഷവും കടുത്ത പോരാട്ടമാണ് നേരിട്ടത്.

ശബരിമല വിഷയമാണ് കഴക്കൂട്ടത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം. ശബരിമലവിഷയത്തിൽ മന്ത്രി തെറ്റുകൾ ഏറ്റുപറഞ്ഞതും വിവാദമായിരുന്നു. ബി ജെ പി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമായിരുന്നു കഴക്കൂട്ടം. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ വി മുരളീധരനെ 7347 വോട്ടുകൾക്കാണ് കടകംപള്ളി പരാജയപ്പെടുത്തിയത്.

കടകംപള്ളി ഇത്തവണ മൂന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയാണ് കഴക്കൂട്ടത്തുള്ളത്. കോൺഗ്രസിൽ അടിയൊഴുക്കുകളൊന്നും നടന്നില്ലെങ്കിൽ ഡോ എസ് എസ് ലാൽ കഴക്കൂട്ടത്ത് വിജയിക്കും.

അരുവിക്കരയിലും ശക്തമായ പോരാട്ടമാണ് നടന്നത്. സിറ്റിംഗ് എം എൽ എ ശബരീനാഥനാണ് യു ഡി എഫ് സ്ഥാനാർത്ഥി.
കോൺഗ്രസ് പാരമ്പര്യം കാത്തു സൂക്ഷിച്ചിരുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് അരുവിക്കര. കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായിരുന്ന ജി കാർത്തികേയനായിരുന്നു 2011 ൽ അരുവിക്കരയിൽ വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെതുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മകൻ ശബരീനാഥൻ മത്സരിക്കാനെത്തുന്നത്. മികച്ച ഭൂരിപക്ഷം നേടി വിജയിച്ചു. സി പി എം നേതാവും മുൻ സ്പീക്കറുമായിരുന്ന എം വിജയകുമാറിനെയാണ് കെ എസ് ശബരീനാഥൻ പരാജയപ്പെടുത്തിയത്. ബി ജെ പിയിലെ ഒ രാജഗോപാൽ 34,145 വോട്ടുകൾ നേടിയ തെരഞ്ഞെടുപ്പായിരുന്നു അത്.

 2016ലും ശബരീനാഥൻ അരുവിക്കര മണ്ഡലം  നിലനിർത്തി. സി പി എമ്മിലെ എ എ റഷീദിനെ  21314 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ അരുവിക്കരയിൽ ശക്തമായ മത്സരമാണ് അരങ്ങേറിയത്. ജി സ്റ്റീഫനായിരുന്നു ശബരീനാഥന്റെ എതിരാളി. ബി ജെ പി സ്ഥാനാർത്ഥി സി ശിവൻകുട്ടിയും മത്സര രംഗത്ത് സജീവമായിരുന്നു.
സ്റ്റീഫനിലൂടെ അട്ടിമറി വിജയമാണ് സി പി എം അരുവിക്കരയിൽ ലക്ഷ്യമിടുന്നത്. എന്നാൽ ഭൂരിപക്ഷം കുറഞ്ഞാലും ശബരീനാഥൻ തന്നെ വിജയിക്കുമെന്നാണ് ലഭിക്കുന്ന ഫല സൂചനകൾ.

1957 സി പി ഐ യിലെ ആർ പ്രകാശം ആദ്യമായി നിയമ സഭയിൽ എത്തിയത് ആറ്റിങ്ങൽ നിയമസഭയിൽ നിന്നും ആയിരുന്നു. പിന്നീട് കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ നാല് തവണ തുടർച്ചയായി വിജയച്ച മണ്ഡലമായിരുന്നു ആറ്റിങ്ങൽ. സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ ഇടവിട്ട് മൂന്ന് തവണയും ആറ്റിങ്ങലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2006 ൽ ഇടത് പക്ഷത്തേക്ക് മാറി.  പിന്നീട് ബി സത്യൻ രണ്ട് തവണ തുടർച്ചയായി വിജയിച്ചതോടെ ആറ്റിങ്ങൽ മണ്ഡലം ഇടത് മണ്ഡലമായിമാറി. 2016 ൽ ആർ എസ്  പിയിലെ കെ ചന്ദ്രബാബുവിനെ 40383 വോട്ടുകൾക്കാണ് ബി സത്യൻ പരാജയപ്പെടുത്തിയത്.
ഇത്തവണ ആറ്റിങ്ങൽ നിലനിർത്താൻ ഒ എസ് അംബികയാണ് സി പി എം നിയോഗിച്ചിരിക്കുന്നത്. ആർ എസ് പിയിലെ  എ ശ്രീധരനായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പി സ്ഥാനാർത്ഥി പി സുധീറും ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ആറ്റിങ്ങൽ തിരിച്ചു പിടിക്കാനുള്ള യു ഡി എഫ് നീക്കം ഇത്തവണയും വിജയിക്കില്ലെന്ന് വ്യക്തം.

സംവരണ മണ്ഡലമായ ചിറയിൻകീഴിൽ 2011 ൽ വിജയിച്ചത് സി പി ഐയിലെ വി ശശിയായിരുന്നു. 2016 ലും ശശി വിജയം ആവർത്തിച്ചു.
കോൺഗ്രസിലെ കെ അസ് അജിത് കുമാറിനെ 14322 വോട്ടുകൾക്കാണ് സിറ്റിംങ് എം എൽ എയായ വി ശശി പരാജയപ്പെടുത്തിയത്.
ഇത്തവണ അനൂപ് ബി സി യാണ് വി ശശിയെ നേരിടുന്ന കോൺഗ്രസ് സ്ഥാനാർത്ഥി. ബി ജെ പിയിലെ ആശാനാഥും മത്സരരംഗത്തുണ്ട്. ശക്തമായ പോരാട്ടമാണ് ചിറയിൻ കീഴിൽ നടന്നത്. നിലവിലുള്ള സൂചനകൾ വി. ശശിക്ക് അനുകൂലമാണ് മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ.

2011 ൽ കോൺഗ്രസിലെ എൻ.ശക്തനായിരുന്നു കാട്ടാക്കടയിൽ നിന്നും വിജയിച്ചത്. 2016 ൽ സി പി എമ്മിലെ ഐ ബി സതീഷാണ് വിജയിച്ചത്. 849 വോട്ടുകൾക്കാണ് ഐ ബി സതീഷ് കഴിഞ്ഞ തവണ എൻ ശക്തനെ പരാജയപ്പെടുത്തിയത്. ഇത്തവണ മലയിൻകീഴ് വേണുഗോപാലാണ് യു ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് ഇത്തവണ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച മണ്ഡലമാണ്  കാട്ടാക്കട. ബി ജെ പി നേതാവ് പി കെ കൃഷ്ണദാസാണ് എൻ ഡി എ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കോൺഗ്രസിലുണ്ടായിരുന്ന സംഘടനാ പ്രശ്‌നങ്ങളാണ് പരാജയത്തിന് വഴിവച്ചതെന്നാണ് നേതാക്കളുടെ പ്രതികരണം. ഇത്തവണ കോൺഗ്രസിലുണ്ടായ ഐക്യവും മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ്.

നാടാർ വോട്ടുകൾ നിർണായകമാവുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോവളം. കോൺഗ്രസിനും സോഷ്യലിസ്റ്റ് പാർട്ടിക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കോവളം. നീലലോഹിക ദാസൻ നാടാർ, എം ആർ രഘുചന്ദ്രബാൽ, എൻ ശക്തൻ നാടാർ, എന്നിവർ വിജയിച്ച മണ്ഡലം. 1987 മുതൽ 2001 വരെ ജനതാദൾ നേതാവ് നീലലോഹിതദാസൻ നാടാറായിരുന്നു കോവളത്തിന്റെ എം എൽ എ.

വിവാദങ്ങളെ തുടർന്ന് മാറി നിൽക്കുകയായിരുന്നു നീലലോഹിതദാസൻ നാടാർ. 2006 ൽ കോൺഗ്രസിലെ ജോർജ്ജ് മെർസിയറും, പിന്നീട് എൽ ഡി എഫിലെ ജമീല പ്രകാശും 2016 ൽ കോൺഗ്രസിലെ എം വിൻസെന്റും വിജയിച്ച മണ്ഡലമാണ് കോവളം. ഇത്തവണ സിറ്റിംഗ് എം എൽ എ എം വിൻസെന്റും, മുൻ എം എൽ എ നീലലോഹിതദാസ് നാടാരുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2016 ൽ എൽ ഡി എഫിലെ ജമീല പ്രകാശത്തെ  2615 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയിരുന്നത്. കടുത്ത പോരാട്ടമാണ് കോവളത്ത് അരങ്ങേറിയത്. എം വിൻസെന്റ് കോവളം നിലനിർത്തുമെന്നാണ് ലഭിക്കുന്നല സൂചനകൾ.

സി പി ഐ യും കോൺഗ്രസും ഇടവിട്ട് വിജയം കൈവരിക്കുന്ന രാഷ്ട്രീയ ചരിത്രമാണ് നെടുമങ്ങാടിനുള്ളത്. സി പി ഐയുടെ പ്രമുഖനേതാക്കളായിരുന്ന എൻ നീലകണ്ഠരു പണ്ഡാരത്തിൽ, കെ ജി കുഞ്ഞുകൃഷ്ണ പിള്ള, കണിയാപുരം രാമചന്ദ്രൻ, കെ വി സുരേന്ദ്രനാഥ് എന്നിവർ ജനപ്രതിനിധികളായിരുന്ന മണ്ഡലമാണ് നെടുമങ്ങാട്. കോൺഗ്രസ് നോതാവായിരുന്ന പാലോട് രവി രണ്ട് തവണ തുടർച്ചയായി വിജയിച്ചു. പാലോട് രവിയിൽ നിന്നും  നേടുമങ്ങാട് മണ്ഡലം തിരിച്ചു പിടിച്ചത് സി ദിവാകരനായിരുന്നു. 2016 ൽ സി ദിവാകരൻ 3621 വോട്ടുകൾക്കാണ് പാലോട് രവിയെ പരാജയപ്പെടുത്തിയത്.

ഇത്തവണ നെടുമങ്ങാട് എല്ലാവരും പുതുമുഖങ്ങളായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പി എസ് പ്രശാന്തും, ഇടത് സ്ഥാനാർത്ഥി സി പി ഐയിലെ ജി ആർ അനിലും, ബി ജെ പിയിലെ ആർ പത്മകുമാറുമാണ് നെടുമങ്ങാട് മത്സരിച്ചത്. കോൺഗ്രസ് തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലം നെടുമങ്ങാടാണ്.

നെയ്യാറ്റിൻകരയിലും ശക്തമായ പോരാട്ടമാണ് ഇത്തവണ നടന്നത്. സി പി ഐയിലെ ഒ ജനാർദ്ദനൻ നായരായിരുന്ന നെയ്യാറ്റിൻകരയിൽ നിന്നും ആദ്യം നിയമ സഭയിലെത്തിയത്. 1991 മുതൽ 2006 വരെ മൂന്ന് തവണ നെയ്യാറ്റിൻകരയിൽ നിന്നും വിജയിച്ചത് കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയായിരുന്നു. 2006ൽ സി പി എമ്മിലെ വി ജെ തങ്കപ്പൻ മണ്ഡലം തിരിച്ചു പിടിച്ചു. 2011 ൽ സി പി എം ടിക്കറ്റിൽ വിജയിച്ച ആർ സെൽവ രാജ് പിന്നീട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണിത്.

നെയ്യാറ്റിൻകരയിൽ ഇത്തവണ മത്സര രംഗത്തുള്ളത് സിറ്റിംഗ് എം എൽ എ കെ ആൻസലനും കോൺഗ്രസിലെ ആർ സെൽവരാജുമാണ്. നെയ്യാറ്റിൻകരയും കോൺഗ്രസ് പിടിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 2016 ൽ കെ ആൻസലൻ 9543 വോട്ടുകൾക്കാണ് ആർ സെൽവരാജിനെ പരാജയപ്പെടുത്തിയത്. ബി ജെ പി ടിക്കറ്റിൽ ഹോട്ടൽ വ്യവസായിയാ രാജശേഖരൻ നായരും മത്സരരംഗത്തുണ്ട്.

കോൺഗ്രസിനും സി പി എമ്മിനും ഒരുപോലെ അംഗബലമുള്ള മണ്ഡലമാണ് പാറശ്ശാല. നാടാർ വോട്ടുകൾ നിർണ്ണായകമായ മറ്റൊരു മണ്ഡലമാണിത്. കോൺഗ്രസ് നേതാവായിരുന്ന എം കുഞ്ഞുകൃഷ്ണൻ നാടാറായിരുന്നു 1957ലും 1990 ലും പാറശ്ശാലയുടെ ജനപ്രതിനിധി. പിന്നീട് സി പി എമ്മിലെ എം സത്യനേശനും, കോൺഗ്രസിലെ എൻ സുന്ദരൻനാടാറും എ ടി ജോർജ്ജും വിജയിച്ചമണ്ഡലമാണ് പാറശ്ശാല. 2016 ൽ സി പി എമ്മിലെ സി കെ ഹരീന്ദ്രനാണ് വിജയിച്ചത്. 2016 ൽ കോൺഗ്രസിലെ സിറ്റിംഗ് എം എൽ എയായിരുന്ന എ ടി ജോർജ്ജിനെ 18566  വോട്ടുകൾക്കാണ് സി. കെ ഹരീന്ദ്രൻ പരാജയപ്പെടുത്തിയത്.

ഇത്തവണ കോൺഗ്രസിലെ അൻസാജിത റസലാണ് സിറ്റിംഗ് എംഎൽഎ. സി. കെ. ഹരീന്ദ്രനെ നേരിട്ടത്. ബി ജെ പിയിലെ കരമന ജയനും ശക്തമായ പ്രതിരോധം തീർത്തിരുന്നു. സി കെ ഹരീന്ദ്രൻ വീണ്ടും വിജയിക്കാനുള്ള സാധ്യതയാണ് മണ്ഡലത്തിലുള്ളത്.

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഇടത് കോട്ടയാണ് വാമനപുരം. സി പി എമ്മിലെ എൻ വി പിള്ളയാണ്  വാമനപുരത്തിന്റെ ആദ്യ എം എൽ എ. പിന്നീട് കോൺഗ്രസ് മണ്ഡലം പിടിച്ചു. 1977 ൽ മണ്ഡലം എൻ വാസുദേവൻ പിള്ള തിരിച്ചുപിടിച്ചു. 1980 മുതൽ നാലുതവണ തുടർച്ചയായി കോലിയക്കോട് കൃഷ്ണൻ നായരും, പിരപ്പൻകോട് മുരളിയും വിജയിച്ചു. 2016 ൽ ഡി കെ മുരളി 9596 വോട്ടുകൾക്കാണ്  കോൺഗ്രസ് നേതാവ് ടി ശരത്ചന്ദ്രപ്രസാദിനെ പരാജയപ്പെടുത്തിയത്.

ഇത്തവണ സിറ്റിംഗ് എം എൽ എ ഡി കെ മുരളിയെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത്  ആനന്ദ് ജയനെയാണ്. ബി ഡി ജെ എസ് നേതാവ് തഴവ സഹദേവനാണ് എൻ ഡി എ സ്ഥാനാർത്ഥി. ഡി കെ മുരളി വാമനപുരം സീറ്റ് നിലനിർത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ജില്ലയിൽ സി പി എമ്മിനും കോൺഗ്രസിനും ഒരുപോലെ പ്രതീക്ഷയുള്ള മണ്ഡലമാണ് വർക്കല. 1957 കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി അബ്ദുൽ മജീദാണ് മണ്ഡലത്തിലെ ആദ്യം ജനപ്രതിനിധി. 1977 ൽ സി പി എം നേതാവ് വർക്കല രാധാകൃഷ്ണൻ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് വർക്കല.

2001 ൽ മണ്ഡലം കോൺഗ്രസ് നേതാവ് വർക്കല കഹാർ തിരിച്ചു പിടിച്ചു. 15 വർഷം വർക്കല കഹാറിന്റെ തട്ടകമായി വർക്കല മാറി.  2016 ൽ സി പി എമ്മിലെ വി ജോയ്  2386 വോട്ടുകൾക്കാണ് വർക്കല കഹാറിനെ പരാജയപ്പെടുത്തി വർക്കല തിരിച്ചുപിടിച്ചത്.  
ഇത്തവണ വർക്കല തിരിച്ചുപിടിക്കാൻ ബി ആർ എം ഷഫീറിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരുന്നത്. ബി ഡി ജെ എസ് സ്ഥാനാർത്ഥി അജി എസ് ആർ എമ്മും മത്സര രംഗത്തുണ്ടായിരുന്നു. ശ്കതമായ പോരാട്ടം നടക്കുന്ന വർക്കലയിൽ കോൺഗ്രസിലെ ഷഫീർ ജയിക്കുമെന്നു തന്നെയാണ് റിപ്പോർട്ടുകൾ.

2011 ൽ നിലവിൽ വന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. തിരുവനന്തപുരം നോർത്ത് മണ്ഡലങ്ങൾ പുനസംഘടിപ്പിച്ചാണ് വട്ടിയൂർക്കാവ് മണ്ഡലം രൂപീകരിച്ചത്. പി എസ് പി ടിക്കറ്റിൽ മത്സരിച്ചപട്ടംതാണുപിള്ളയാണ് ആദ്യ ജനപ്രതിനിധി.1970 ൽ ആർ എസ് പി നേതാവായിരുന്ന കെ പങ്കജാക്ഷനും. കോൺഗ്രസ് നേതാവ് ജി കാർത്തികേയനും വിജയിച്ചു. മുൻ സ്പീക്കർ എം വിജയകുമാർ 1987 മുതൽ മൂന്നു ടേമിൽ വിജയിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്.

2011 ൽ കോൺഗ്രസിലെ കെ മോഹൻ കുമാറും, 2006 ൽ വീണ്ടും എം വിജയകുമാറും വിജയിച്ചു. 2011 ൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ തിരിച്ചു പിടിച്ചു. എന്നാൽ 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മേയർ ബ്രോ വി കെ പ്രശാന്ത് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയതോടെ സി പി എമ്മിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായി വട്ടിയൂർക്കാവ് മാറി. കോൺഗ്രസിലെ വീണാ നായരാണ് യു ഡി എഫിനായി മത്സരിച്ചത്. പോസ്റ്റർ വിവാദവും മറ്റുമുണ്ടായ വട്ടിയൂർക്കാവിൽ കോൺഗ്രസിന് ദയനീയ പരാജയമുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here