രാജേഷ് തില്ലങ്കേരി


ഉണ്ടചോറിന് നന്ദി കാണിക്കണമെന്നൊരു ചൊല്ലുണ്ട്, കേരളീയർ അത് കാണിച്ചു.
കേരളത്തിലെ വാശിയേറിയ തെരഞ്ഞെടുപ്പിൽ യു ഡി എഫ് മൂക്കുംകുത്തി വീണു. പിണറായി വിജയൻ ചരിത്രം രചിച്ചുകൊണ്ട് നേടിയത് തുടർഭരണം. അഞ്ച് വർഷം  കൂടുമ്പോൾ ഭരണ മാറ്റം എന്ന കലാപരിപാടിക്ക് മാറ്റം വന്നിരിക്കുന്നു.



കിറ്റും, പെൻഷനും വാങ്ങിയ മലയാളികൾ വോട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേരളീയർ അംഗീകരിച്ചു. അവർ ഇടം വലം നോക്കാതെ ഇടതിന് വോട്ടു ചെയ്തു. അങ്ങിനെ കേരളം പുതുചരിത്രം രചിച്ചു,  
പാവം, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാവാനായി ഇത്രയും കാലം വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്ത പാവം രമേശ് ചെന്നിത്തലയുടെ അദ്ധ്വാനമെല്ലാം വെറുതെയായി. ആ ഗാന്ധിശിഷ്യന്റെ വേദനകൾ ആരറിഞ്ഞു.

ബി ജെ പി വോട്ടുകൾ എങ്ങോട്ടുപോയി ?

കേരളത്തിൽ തെരെഞ്ഞെടുപ്പിൽ ഒട്ടേറെ താമരകൾ വിരിയുമെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടിരുന്നത്. താമരകൾ ഭരിക്കുന്ന ഒരു ദിനമാണ് വരാനിരിക്കുന്നതെന്നും താമരപ്പാർട്ടിയുടെ അധ്യക്ഷൻ പറഞ്ഞു കളഞ്ഞു. 140 സീറ്റുകളാണ് കേരളത്തിലുള്ളത്. 35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ മന്ത്രിസഭയുണ്ടാക്കുമെന്നും താമരമാമൻ അവകാശപ്പെട്ടു. ഇതോടെ എല്ലാവരും കോൺഗ്രസിനെ സംശയിച്ചു. കോൺഗ്രസിനെ വിജയിപ്പിച്ചാൽ അത് ബി ജെ പി സർക്കാർ ഉണ്ടാക്കുമോ എന്നൊരു സംശയം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായി, അതോടെ വോട്ടുകളെല്ലാം വഴിമാറി.



പാലക്കാട് മെട്രോമാനെ ബി ജെ പിയുടെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ആ ദിനത്തെക്കുറിച്ചാണ് ഇപ്പോൾ ഓർമ്മവരുന്നത്. പാവം ഇ ശ്രീധരൻ, എത്രയെത്ര പാലങ്ങൾ കെട്ടിയതാണ്. എല്ലാം അതിഗംഭീരമായിരുന്നു, പക്ഷേ, ഒടുവിൽ കെട്ടിയ മനക്കോട്ടകൾ തകർന്നടിഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ശ്രീധരൻ സാറിന്റെ പ്രതികരണം. മെട്രോമാൻ ജിക്ക് വോട്ടു ചോദിക്കാൻ സാക്ഷാൽ മോദി ജി വരെ വന്നു. മോദി ശരിക്കും ആൾക്കൂട്ടം കണ്ട് ഞെട്ടുകയും ചെയ്തു. ഒരു മണ്ഡലത്തിൽ ഇതാണ് കഥയെങ്കിൽ കേരളം താമരകളാൽ സമ്പന്നമാവുമെന്ന് മോദിജി കരുതി. പക്ഷേ, എന്തു ചെയ്യാം, കോൺഗ്രസിലെ യുവ തുർക്കിയ്ക്ക് മുന്നിൽ മെട്രോമാൻ പാളം തെറ്റി വീഴുന്നതാണ് ഒടുവിൽ നാം കണ്ട കാഴ്ച.

 

പാലക്കാട് ഇതാണ് കഥയെങ്കിൽ അങ്ങ് നേമത്ത്, കുമ്മനം ജികേരളത്തിലെ  ഗുജറാത്തിൽ അടിപതറുന്ന കാഴ്ചയാണ് ഹൃദയം തകർത്തത്. വി ശിവൻകുട്ടിയെന്ന വിപ്ലവ പാർട്ടിയുടെ നേതാവ് നേമത്ത് വിജയിച്ചതോടെ നേമത്തിന്റെ ഗുജറാത്ത് പരിവേഷം അസ്തമിക്കുന്നതും നാം കാണേണ്ടിവന്നു. രാജഗോപാൽ ഒരിക്കൽ ജയിച്ചുകയറിയതാണ് നേമത്തെ ഗുജറാത്തായി കുമ്മനം രാജശേഖരന് തോന്നിയത്. നേമത്തിന്റെ എം എൽ എ യാവാൻ മാനസികമായി തയ്യാറാറെടുപ്പുകൾ നടത്തിയ കുമ്മനം ജീ പൊറുക്കുക.

 


കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബി ജെ പി യായിരിക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസന പദ്ധതികൾ തയ്യാറാക്കുകയായിരുന്നു കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ജയിച്ചാൽ ഏത് സീറ്റ് രാജിവെക്കണമെന്ന് ഓർത്ത് വേവലാതിപ്പെടുമ്പോഴാണ് എല്ലാം തീർന്നെന്ന വാർത്ത വരുന്നത്. സ്വാമിയേ ശരണമയ്യപ്പാ…. അറിവില്ലാ പൈതങ്ങളോട് പൊറുക്കണേ….
ശോഭാ സുരേന്ദ്രൻ അവതരിത്തതിന്റെ ഉദ്ദേശം തന്നെ കെ സുരേന്ദ്രനെ രാഷ്ട്രീയമായി ഇല്ലാതാക്കുകയെന്നതാണ്. ഇതാ സംഘാംഗങ്ങളെ ഉടൻ ആ ക്രീയയിലേക്ക് കടക്കും, കാത്തിരിപ്പിൻ.

മന്ത്രിയാവാൻ തയ്പ്പിച്ച കുപ്പായങ്ങൾ വിൽപ്പനയ്ക്ക്… വമ്പിച്ച ആദായ വിൽപ്പന

കുറഞ്ഞ വിലയ്ക്ക് കുറേയധികം മന്ത്രിക്കുപ്പായങ്ങൾ റിഡക്ഷൻ വിലയ്ക്ക് വിൽപ്പനയ്ക്ക് വച്ചിരിക്കയാണ്. 

 
കേരളത്തിൽ മന്ത്രിയാവാനായി  തയ്ച്ച കുപ്പായം വെറുതെയായ സങ്കടത്തിലാണ് പ്രമമുഖരിൽ കുറേപേർ.    അതിൽ ഏറ്റവും ആദ്യം നമ്മൾ കാണാൻ പോവുന്നത് ശ്രീമാൻ ജോസ് കെ മാണിയെ ആണ്. കെ എം മാണി സാറിനെ പിന്നിൽ നിന്നും കുത്തിയവർക്കെതിരെ ഒരു വോട്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രധാന മുദ്രാവാക്യം. പാലായിൽ അത് വോട്ടർമാർ കൃത്യമായി പാലിച്ചു,  അതോടെ ജോസ് കെ മാണി തോറ്റു.
 
 
യു ഡി എഫിൽ നിന്നുകൊണ്ട് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മാണി സി കാപ്പനെ തോൽപ്പിക്കാൻ പറ്റില്ലെന്നും മന്ത്രിയാവുകയെന്ന സ്വപ്‌നം നടപ്പില്ലെന്നും മനസിലാക്കിയ ജോസ് കെ മാണി ഏറെ വൈകാതെ ഇടത് പാളയത്തിലെത്തി. വമ്പിച്ച സ്വീകരണമാണ് ഇടത് മുന്നണി ജോസിന് നൽകിയത്. സാധാരണ മുന്നണിയിൽ ഒരു പാർട്ടിയെ എടുക്കാനുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളുമൊന്നും ഇല്ലാതെ ഉടനായിരുന്നു തീരുമാനം. മാനേജ് മെന്റ് ക്വാട്ടയിൽ പ്രവേശനം കിട്ടിയ ജോസ് കെ മാണി ചോദിച്ച സീറ്റും കൊടുത്തു. 1
 
2 സീറ്റിൽ മത്സരിച്ചു, അഞ്ച് സീറ്റിൽ വിജയിച്ചു. ആഹ്ലാദം തിരതല്ലവേയാണ് ജോസ് കെ മാണി ഒരു കാര്യം തിരിച്ചറിഞ്ഞത്. സ്വന്തം തട്ടകത്തിൽ രണ്ടില വാടിയകാര്യംഇടതുപക്ഷം ഭരണത്തുടർച്ച നേടുമെന്ന് പറഞ്ഞു, അത് നടന്നു, വമ്പിച്ച വിജയം കൊയ്യുമെന്ന് പറഞ്ഞു. വമ്പിച്ചതല്ലെങ്കിലും അഞ്ച് സീറ്റും പിടിച്ചു. പക്ഷേ, ജയിച്ച് മന്ത്രിയാവുമെന്ന പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് കിട്ടിയത്. ജോസിനോട് ഇങ്ങിനെ ഒരു പരീക്ഷണമായിപ്പോയല്ലോ ദൈവമേ!
 
വിൽപ്പനയ്ക്ക് വച്ചൊരു മറ്റൊരു മന്ത്രി കുപ്പായം, ചുരം കയറിയാൽ ഞാത്തിയിട്ടത് കാണാം. അത് സോഷ്യലിസ്റ്റ് പരിവേഷമുള്ള കുപ്പായമാണ്. കൽപ്പറ്റയിലെ പ്രമുഖൻ പ്ലാന്ററും, മാധ്യമ മുതലാളിയും സർവ്വോപരി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രേയാംസ് കുമാറിന്റേതായിരുന്നു അത്. അതും അച്ഛൻ വകയിൽ ലഭിക്കേണ്ട മന്ത്രി സ്ഥാനമാണ്നിർഭാഗ്യവശാൽ പരാജയമെന്ന ദുർഗതി ആ മന്ത്രിക്കും ഉണ്ടായി.

കേരളത്തിന്റെ ഉപമുഖ്യമന്ത്രിയാവാനും പറ്റിയാൽ മുഖ്യമന്ത്രി തന്നെ ആവാനുമായി അങ്ങ് ദില്ലിയിലെ ജോലി മതിയാക്കി എത്തിയ മഹാമനീഷിയാണ് മലപ്പുറം
വേങ്ങരയിലെ ജനാബ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൽ കഴിഞ്ഞ തവണ മന്ത്രിയാവാനായി പോയതാണ്. അവിടെ എത്തിയപ്പോഴാണ് കാര്യം മനസിലായത്. അവിടെ വീണ്ടും താമരയാണ് എന്നത്. അതോടെ ഒന്നര വർഷം ക്ഷമിച്ചുനിന്നു. 
 
കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുള്ളിക്കാരൻ പറന്നിങ്ങ് പോന്നു. ന്യൂനപക്ഷത്തിന്റെ അവകാശ പോരാട്ടത്തിനായി ദില്ലിയിലേക്ക് പുറപ്പെട്ട ജനാബ് കുഞ്ഞാലിക്കുട്ടിക്ക് പെട്ടെന്ന് കാര്യം ബോധ്യപ്പെട്ടു. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. മലപ്പുറത്ത് വിൽക്കാൻ വച്ചിരിക്കുന്ന കുപ്പായം കണ്ട് അണികൾ കുശുകുശുക്കുന്നതിന്റെ ശബ്ദം കൂടിയിട്ടുണ്ട് പോലും.

കൊല്ലം ജില്ലയിലെ ചവറയിലാണ് മറ്റൊരു മന്ത്രിക്കുപ്പായം കണ്ടെത്തിയത്. ചവറ മുതൽ ചവറവരെയുള്ള പാർട്ടിയുടെ നേതാവായ ശ്രീമാൻ ഷിബു ബേബിജോണാണ് ആ കുപ്പായത്തിന്റെ ഉടമയെന്നാണ് പിന്നീട് കണ്ടെത്തിയത്. 
 
കേരളത്തിന്റെ അഭ്യന്ത വകുപ്പ് മന്ത്രിയാവാനായി തിരിച്ച മറ്റൊരു പ്രമുഖ നേതാവിന്റെ കുപ്പായം കോഴിക്കോട് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് കണ്ടെത്തിയത്. വടകരയ്ക്ക് അടുത്ത ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് അത് കണ്ടെത്തിയത്. ലീഡറുടെ മകൻ എന്ന വിശേഷണങ്ങളുള്ള കെ മുരളീധരന്റെ മന്ത്രിക്കുപ്പായം കാണുമ്പോൾ ആർക്കും സങ്കടം വരും. ഹൈക്കമാന്റ് നേരിട്ടാണ് കുപ്പായം തുന്നാനുള്ള നിർദ്ദേശം നൽകിയത്. ശക്തനെ തിരഞ്ഞ് നടന്ന് മടുത്ത ഹൈക്കമാന്റ് പറ്റിച്ച പണി…. എന്നിട്ട് ഒരു നേതാക്കളും നേമത്തേക്ക്  തിരിഞ്ഞുനോക്കിയില്ലത്രേ…

കുണ്ടറയിൽ തോറ്റ മേഴ്‌സി കുട്ടിയമ്മയോട് നിങ്ങൾക്ക് അൽപ്പമെങ്കിലും മേഴ്‌സിയുണ്ടെങ്കിൽ തോൽവിയുടെ കാരണം ചോദിക്കരുത്. ഇല്ലാക്കഥയുണ്ടാക്കി ഒരു ഗൂഢസംഘം, മാഫിയാ സംഘം എന്നും വേണമെങ്കിൽ പറയാം, തകർത്തതാണ് സഖാവ് മേഴ്‌സിക്കുട്ടിയമ്മയെ….

വിസ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അകപ്പെട്ട് ഒരു യുവമന്ത്രിയെ തകർത്തതിലുള്ള പ്രതിഷേധമാണ് തൃപ്പൂണിത്തുറയിൽ അരങ്ങേറുന്നത്. കെ ബാബു, തൃപ്പൂണിത്തുറയുടെ എല്ലാമെല്ലാമായിരുന്ന കെ ബാബു, ബാർ ബാബുവായി തീർപ്പോഴാണ് യുവവിപ്ലവ സിംഹം എം സ്വരാജ് തൃപ്പൂണിത്തുറ പിടിച്ചത്. ഏത് വഴിയിലൂടെയായാലും ശരി, തൃപ്പൂണിത്തുറ തിരിച്ചു പിടിക്കുകയെന്നത് ബാബുവിന്റെ ശപഥമായിരുന്നു. അത് സാധിച്ചു, എന്നാൽ സ്വരാജിന്റെ പരാജയമാണ് പലരെയും വിഷമത്തിലാക്കിയത്.  സ്വാമിയേ ശരണമയ്യപ്പാ….

മുഖ്യമന്ത്രി ബി ജെ പിയെ ഇങ്ങനെ തെറ്റിദ്ധരിക്കരുതായിരുന്നു.

കേരളത്തിൽ ബി ജെ പി വോട്ട് മറിച്ചു കൊടുത്തതിനാലാണ് 22 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം വന്നിരിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ ബി ജെ പി വോട്ട് ഇത്തവണ കാണാനില്ലെന്നും അതെല്ലാം കിട്ടിയിരിക്കുന്നത് കോൺഗ്രസിനാണെന്നും, അതിനാലാണ് കോൺഗ്രസിന് ഇത്രയും സീറ്റുകൾ ലഭിച്ചതെന്നാണ് ആരോപണം. കേരളത്തിൽ ബി ജെ പി -സി പി എം ധാരണയെന്ന ആരോപണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുത്തിരിക്കയാണ്.
 

ഹരിപ്പാട് മുതൽ പെരുമ്പാവൂർ വരെ ബി ജെ പി വോട്ട് മറിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. വോട്ട് ഡീൽ എന്നാണ് ആരോപണം. തോറ്റ് അമ്പിയ ബി ജെ പി ഇനി ഡീലിനും മറുപടി പറയണം. നോക്കണേ പുകില്

കോൺഗ്രസിൽ ഇനിയുള്ള നാടകങ്ങൾ അതിഗംഭീരമാവും.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുമെന്നായിരുന്നു പ്രമുഖ കഥാകൻ മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. നേതൃമാറ്റം അനിവാര്യമെന്ന ആവശ്യം ഹൈക്കമാന്റ് തള്ളി. ആരാണീ ഹൈക്കമാന്റ് എന്ന് അന്വേഷിച്ചപ്പോഴാണ് കോൺഗ്രസിലെ ചില നേതാക്കൾ കാര്യം തിരിച്ചറിഞ്ഞത്. അത് കെ സി വേണുഗോപാലായിരുന്നു. 
 
 
ഡൽഹിയിൽ ഇരുന്ന് രാഹുൽ ഗാന്ധിയെ മണിയടിച്ച് ഹൈക്കമാന്റായി കെ സി തന്റെ താല്പര്യങ്ങൾ നടപ്പാക്കുകയാണെന്ന് വെളിച്ചു പറഞ്ഞതാണ് വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ആരും മൈന്റ് ചെയ്തില്ല. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും, മുല്ലപ്പള്ളിയും ചേർന്നാൽ കേരളത്തിൽ ഭരണം പിടിക്കാമെന്ന് തെറ്റിദ്ധരിച്ച ഹൈക്കമാന്റ് എല്ലാം അവർക്ക് വിട്ടു. 
 
 
എല്ലാം പഴയതുപോലെ, ഒന്നും മാറിയില്ല. ഭരണവും മാറിയില്ല. ഇനി കോൺഗ്രസിൽ നാടകങ്ങളുടെ കാലമാണ്. രാജി, പരസ്പരം ചെളിവാരിയെറിയൽ, പോരാട്ടം, ചക്കളത്തിപ്പോരാട്ടം. അടുത്ത ബെല്ലോടുകൂടി കോൺഗ്രസ് അവതരിപ്പിക്കുന്ന നാടകം ആരംഭിക്കും.

പൂഞ്ഞാറിലെ സിംഹം പൂച്ചയായി

അടി തെറ്റിയാൽ ആനയും വീഴുമെന്ന ചൊല്ല് ഇത്തവണ ശരിക്കും അന്വർത്ഥമായത് പൂഞ്ഞാറിലാണ്. കഴിഞ്ഞ അഞ്ചുവർഷവും പൂണ്ടുവിളയാടുകയായിരുന്നു പൂഞ്ഞാർ സിംഹം എന്ന് സ്വയം വിശേഷിപ്പിച്ച പി സി ജോർജ്. ഇരുമുന്നണികളെയും തോൽപ്പിച്ചതിന്റെ അഹങ്കാരമായിരുന്നു വാക്കുകളിൽ എന്നും. 
 
 
ആരെയും വിമർശിക്കും, എന്ത് അസഭ്യവും പറയും. തരംപോലെ മറുകണ്ടം ചാടാനും ഉളുപ്പില്ലായ്മയായിരുന്നു പി സി യുടെ ഏറ്റവും വലിയ മികവ്. ഭരണം ഞാനും ട്വന്റി 20 യും തീരുമാനിക്കുമെന്നായിരുന്നു പി സി ജോർജ് പ്രഖ്യാപിച്ചത്. ഒടുവിൽ വോട്ടെണ്ണിയപ്പോൾ ജനം തീരുമാനിച്ചിരിക്കുന്നു , പി സി ഓൾ ഔട്ട്…

കാപ്പൻ പാലായുടെ ചങ്ക് തന്നെ

മാണി സി കാപ്പനെ ഇടതുമുന്നണിയിൽ നിന്നും ചാടിക്കാനും, എൻ സി പിയിൽ നിനന്നും പുറത്തേക്കുള്ള വഴിയൊരുക്കാനും മിനക്കെട്ടവർക്കെല്ലാമൊരു തിരിച്ചടിയായിരുന്നു പാലായിലെ തകർപ്പൻ വിജയം. ഇരുവർഷത്തെ നിരന്തരമായ പ്രവർത്തനത്തിലൂടെയാണ് കാപ്പൻ പാല പിടിച്ചത്. ഉപതെരഞ്ഞെടുപ്പിൽ താൻ നേടിയ വിജയം ആവർത്തിക്കാൻ പാലായിൽ തുടർന്നും അവസരം നൽകണമെന്നുള്ള കാപ്പന്റെ അഭ്യർത്ഥന ഇടതുപക്ഷം നിരസിച്ചു. 
 
 
ചർച്ചകൾ നിരവധി, എൻ സി പി അധ്യക്ഷൻ കാപ്പൻ പക്ഷത്ത്, മന്ത്രി എ കെ ശശീന്ദ്രൻ മറ്റൊരു പക്ഷത്ത്. ഒടുവിൽ പാർട്ടിയിൽ നിന്നും കാപ്പൻ പുറത്തേക്ക് പോയി. എൻ സി കെ യുണ്ടാക്കി. പാലായിൽ യു ഡി എഫ് ടിക്കറ്റിൽ പോരാടി വിജയിച്ചു. ‘പാല എന്റെ ചങ്കാണ് ‘ എന്നായിരുന്നു കാപ്പന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതികരണം.
 
 അതേ പാല കാപ്പന്റെ ചങ്കുതന്നെയാണെന്ന് കാലം തെളിയിച്ചു. കാലം സാക്ഷി ചരിത്രം സാക്ഷി. കാപ്പൻ ഇത്തവണ എൻ സി പിയിൽ നിന്ന് ജയിച്ചാൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേനേ… പാർട്ടിയിൽ ഉണ്ടാവാൻ ഇടയുള്ള ഒരു ശത്രുവാണ് ഇല്ലാതായത് എന്ന സന്തോഷത്തിലാണേ്രത എ കെ ശശീന്ദ്രൻ.  

വാൽകഷണം:

വൈറസ് വലിയ അപകടകാരിയാണ്. എന്നാൽ ചിലവൈറസുകൾ തുടർഭരണം വരെ നൽകും. അമേരിക്കയിൽ ട്രമ്പിന് വൈറസ് പണി കൊടുത്തു, ഇങ്ങ് കേരളത്തിൽ വൈറസ് മൂലം പണികിട്ടിയത് ചെന്നിത്തലയ്ക്കായിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here