രാജേഷ് തില്ലങ്കേരി


എൻ സി പിയിൽ നിന്നും ആരായിരിക്കും മന്ത്രിയാവുകയെന്ന ചോദ്യത്തിന് അത് മാണി സി കാപ്പൻ തീരുമാനിക്കും എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? ഒരിക്കലുമില്ല. പോന്നൊരുക്കുന്നിടത്ത്യു  ഡി എഫിലേക്ക് പോയി പാലായിൽ നിന്നും നവ എൽ ഡി എഫ് നേതാവിനെ തോൽപ്പിച്ച കാപ്പന് , എൽ ഡി എഫിലെ ഒരു ഘടക കക്ഷിയിൽ എന്താണ് കാര്യം.

എന്നാൽ അങ്ങിനെ ആലോചിക്കാൻ വരട്ടേ, കാപ്പൻ അതിനുള്ള പണി തുടങ്ങിയിരിക്കയാണ്. മന്ത്രി സ്ഥാനത്തെച്ചൊല്ലി എൻ സി പി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും അസ്വസ്ഥതകൾ പുകയാൻ തുടങ്ങിയതോടെയാണ്  കുൽസിത നീക്കങ്ങളുമായി മാണി സി കാപ്പൻ മുംബൈയിലേക്ക് പറന്നത്.


കാപ്പനെ എൻ സി പിയിൽ നിന്നും ഒഴിവാക്കാൻ ഗൂഢാലോചന നടത്തിയ എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കാപ്പൻ ആരംഭിച്ചിരിക്കുന്നത്. കാപ്പന്റെ അടുപ്പക്കാരനും, കുട്ടനാട്ടിൽ നിന്നും വിജയിച്ച തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിലാണ് മാണി സി കാപ്പൻ.


 തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിലാണ് എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്ററും. ഇതിന്റെ ഭാഗമായി ഇന്ന് തോമസ് കെ തോമസ് പീതാംബരൻ മാസ്റ്റരുടെ എറണാകുളത്തുള്ള വീട്ടിൽ സന്ദർശനം നടത്തി ചർച്ചനടത്തിയിരുന്നു. മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള അവകാശം തനിക്കുമുണ്ടെന്നായിരുന്നു തോമസ് കെ തോമസിന്റെ അവകാശവാദം.


കുട്ടനാട് എം എൽ എയായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും മറ്റ് പ്രമുഖ നേതാക്കളുമായും  ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് മുൻ എൻ സി പി നേതാവും പാലാ എം എൽ എയുമായിരുന്ന മാണി സി കാപ്പൻ.

എൻ സി പി ക്ക് പാലാ സീറ്റ് നൽകണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് മാണി സി കാപ്പൻ എൻ സി പിയിൽ നിന്നും പുറത്തേക്ക് പോവുന്നത്. പാലാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകാനുള്ള നീക്കം തുടങ്ങിയ സാഹചര്യത്തിലായിരുന്നു കാപ്പൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുന്നണി വിടാനുള്ള നീക്കത്തിന് എൻ സി പി ദേശീയ നേതാക്കൾ അംഗീകാരം നൽകാത്ത സാഹചര്യത്തിൽ  എൻ സി കെ എന്ന പേരിൽ പാർട്ടിയുണ്ടാക്കാനും, യു ഡി എഫിൽ ചേരാനും കാപ്പൻ നിർബന്ധിതനായി.

 പാലാ സീറ്റിൽ നിന്നും മാറി,  കുട്ടനാട് സീറ്റിൽ മത്സരിക്കാനായിരുന്നു സി പി എം നേതൃത്വം മാണി സി കാപ്പന് മുന്നിൽ വച്ച നിർദ്ദേശം. എന്നാൽ തോമസ് ചാണ്ടി അവസാന കാലത്ത് കുട്ടനാട് സീറ്റിൽ സഹോദരനെ മത്സരിപ്പിക്കണമെന്ന് പാർട്ടി നേതാക്കളോടും, ബന്ധുക്കളോടും ആവശ്യപ്പെട്ടിരുന്നു. ഇത് അറിയാമായിരുന്ന മാണി സി കാപ്പൻ കുട്ടനാട് സീറ്റിൽ മത്സരിക്കാനുള്ള നിർദ്ദേശം സ്വീകരിച്ചില്ല. കുട്ടനാടും മുട്ടനാടും മത്സരിക്കാൻ ഞാനില്ലെന്നും, പാലാ എന്റെ ചങ്കാണെന്നുമായിരുന്നു മാണി സി കാപ്പന്റെ അന്നത്തെ പ്രതികരണം. 

 

വിവാദങ്ങൾക്ക് ഒടുവിൽ എൻ സി പി നേതൃത്വം മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനൊപ്പം നിലയുറപ്പിച്ചു. അപ്പോഴും തോമസ് കെ തോമസും, ടി പി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനോട് ആഭിമുഖ്യം കാണിച്ചു. പാർട്ടിയിൽ നിന്നും പുറത്തുപോയെങ്കിലും എൻ സി പി ദേശീയ നേതൃത്വത്തിലുള്ള തന്റെ ബന്ധം ഉപയോഗിച്ച് തോമസ് കെ തോമസിനെ മന്ത്രി സഭയിൽ അംഗമാക്കാനുള്ള നീക്കമാണ് മാണി സി കാപ്പൻ ആരംഭിച്ചത്. കോവിഡ് കാലമായിട്ടുപോലും കാപ്പൻ മുംബൈയിലേക്ക് ഇന്ന് കാലത്ത് വിമാനം കയറി.  


എൻ സി പി യിൽ നിന്നും മാണി സി കാപ്പനെ പുകച്ച് പുറത്തുചാടിക്കാൻ എ കെ ശശീന്ദ്രൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാർട്ടിയിൽ നിന്നും മാറി, മുന്നണി മാറിയിട്ടും കാപ്പനെ ഭയന്നിരിക്കയാണ് എ കെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് ആരാവും എത്തുകയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.


ഇതിനിടയിൽ മാണി സി കാപ്പന്റെ വിജയത്തിൽ മാണി സി കാപ്പനെ അഭിനന്ദിച്ച് പീതാംബരൻ മാസ്റ്റർ നടത്തിയ അഭിപ്രായ പ്രകടനവും വിവാദമായിട്ടുണ്ട്. പാലാ സീറ്റിൽ നിന്നും കാപ്പനെ ഒഴിവാക്കാൻ നീക്കം നടത്തിയവർക്ക് ഇപ്പോഴെങ്കിലും ആ നിലപാട് തെറ്റായിരുന്നുവെന്ന് മനസിലായിട്ടുണ്ടാവുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞിരുന്നു.


കാപ്പൻ എൻ സി പിയുടെ മുംബൈയിലെ ആസ്ഥാനത്ത് എത്തിയതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും അത് സൗഹൃദ സന്ദർശനമായിരുന്നു എന്നുമാണ് കാപ്പൻ അനുകൂലികളുടെ പ്രതികരണം. എന്നാൽ പ്രഫുൽ പട്ടേലിനെയും ശരത് പവാറിന്റെ മകളെയും മറ്റും കണ്ട് മാണി സി കാപ്പൻ ചർച്ച നടത്തിയെന്ന വാർത്ത ശശീന്ദ്രൻ ക്യാമ്പിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡിങ്കഭഗവാനേ ശശീന്ദ്രനെ കാത്തോളണേ…. പുതുമുഖം ചലഞ്ച് എൻ സി പിയും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ മുഖ്യമന്ത്രിയെ അംഗീകരിച്ചേ പറ്റൂവെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ

മുഖ്യമന്ത്രിയെ തോൽപ്പിക്കുകയായിരുന്നു ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭന്റെ നീക്കം. ധർമ്മടത്ത് അതിനായി കച്ചകെട്ടി ഇറങ്ങിയതും വലിയ ആവേശത്തോടെയാണ്. വോട്ടെണ്ണിയപ്പോഴാണ് പപ്പേട്ടന് കാര്യം മനസിലായത്, മുഖ്യമന്ത്രിയുടെ ജനപിന്തുണ നമ്മൾ വിചാരിക്കുന്നതിലും വലുതാണെന്ന്. കോവിഡ് കാലത്തും മറ്റും മുഖ്യമന്ത്രി നടത്തിയ പ്രവർത്തനങ്ങൾ അതിഗംഭീരമായിരുന്നുവെന്നാണ് ഇന്ന് കണ്ണൂരിൽ സി കെ പത്മനാഭൻ പ്രതികരിച്ചത്. മാത്രമല്ല പപ്പേട്ടൻ ഒരു രഹസ്യവും പരസ്യമായി പറഞ്ഞു, ബി ജെ പിക്ക് കേരളത്തിൽ ഒരു മുന്നേറ്റവും നടത്താനാവില്ലെന്ന്.


സംസ്ഥാന നേതൃത്വം ദുർബലമാണെന്നും, കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നുവെങ്കിൽ ഇത്ര ദയനീയമാവില്ലായിരുന്നു എന്നും.

ഇതേ സമയത്ത് തന്നെയാണ് ബി ജെ പിയുടെ തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ ബി ജെ പി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് കിട്ടിയ വോട്ടുകൾ ഞാൻ തെണ്ടിയുണ്ടാക്കിയതാണെന്നും, ബി ജെ പി വോട്ടുകൾ കോൺഗ്രസിന് പോയെന്നുമായിരുന്നു കെ എസ് രാധാകൃഷ്ണന്റെ ആരോപണം.


ഇത്രയും കേട്ടതോടെ കുന്നുമ്മൽ
സുരേന്ദന്റെ മനസ് ആകെ കലങ്ങിമറിഞ്ഞു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവി ഒഴിയാൻ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ഘടകകക്ഷികൾ ശക്തരായി ഉണ്ടായിരുന്നില്ലെന്നും, പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും പാകപ്പിഴകൾ തലനാരിഴകീറി പരിശോധിക്കുമെന്നും സുരേന്ദ്രൻ പറയുന്നു.


എന്തൊരു ദുരന്തം, കേരളത്തിൽ
ആരായിരിക്കണം ഭരിക്കേണ്ടതന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് പറഞ്ഞ അതേ സുരേന്ദ്രനാണോ ഈ കണ്ണീരണിഞ്ഞു നിൽക്കുന്നതെന്ന് ഒരു വേള സംശയിച്ചുപോയി. എന്റെ അയ്യപ്പാ… നമ്മുടെ സുരേന്ദ്രനെ കാത്തുകൊള്ളണേ….


പാലം കുലുങ്ങിയാലും കുലുങ്ങാത്ത മുല്ലപ്പള്ളി


തോറ്റ്, തോറ്റ് ഇല്ലാതാവുന്ന പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. പക്ഷേ തോൽവി വിജയത്തിന്റെ ലക്ഷണമാണെന്നാ ചില മഹാന്മാരുടെ വചനം.   ആംഗലേയ സാഹിത്യത്തിൽ വലിയ ജ്ഞാനിയായ രാമചന്ദ്രൻ മുല്ലപ്പള്ളിയും അങ്ങിനെ ആലോചിക്കുന്നതിൽ തെറ്റില്ലല്ലോ… രാഷ്ട്രീയത്തിൽ വിജയവും പരാജയവുമുണ്ടാവും. എന്നാൽ പരാജയപ്പെടുമ്പോൾ രാജിവയ്ക്കണമെന്നു പറയുമ്പോൾ വിജയിക്കുമ്പോൾ എന്തു ചെയ്യണമെന്ന് പറയുന്നില്ലല്ലോ എന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം.


നത്തിംഗ് ഡൂയിംഗ്….


എന്തിനാണ് കെ പി സി സി അധ്യക്ഷനായ തന്നോട് സ്ഥാനം ഉഴിയാൻ ആവശ്യപ്പെടുന്നതെന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. കൂടുതൽ സംശയങ്ങൾക്കും സാധ്യതയുണ്ടത്രേ…അസമിൽ തോറ്റതോടെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സ്ഥാനം ഒഴിഞ്ഞത്രേ… അത് കേട്ടിട്ടാണ്
സ്ഥാനമൊഴിയണമെന്ന് മുല്ലപ്പള്ളിയോട് ഇരു ഗ്രൂപ്പുകളും ഒരുപോലെ ആവശ്യപ്പെടുന്നത്.

 തേൽവിയുട മൂന്നാം ദിനത്തിൽ എതിർ നീക്കം ശക്തമാവുമ്പോഴും,  കെ പി സി സി അധ്യക്ഷ കസേരയിൽ തന്നെ തുടരുകയാണ് മുല്ലപ്പള്ളി. എഴുന്നേറ്റാൽ അവിടെ കെ സുധാകരൻ കയറിയിരിക്കുമോ എന്ന സംശയം ഉണ്ടായ സാഹചര്യത്തിൽ ഉറക്കം പോലും കസേരയിലാക്കി. ഇതു കണ്ട് ഹൈബി ഈഡൻ ചോദിക്കുകയാണ്, ഉറങ്ങുന്ന കെ പി സി സി അധ്യക്ഷനെ എന്തിനാണെന്ന്…. എന്തൊരു ചോദ്യമാണ്…

ഹൈക്കമാന്റ് പറയാതെ ഞാനീ കസേരയിൽ നിന്നും എഴുന്നേൽക്കില്ലെന്ന് മുല്ലപ്പള്ളി കട്ടായം പറയുകയാണ്.  നത്തിംഗ് ഡൂയിംഗ്…
ഇനി ആ കസേര എടുത്തുമാറ്റിയാൽ ചിലപ്പോൾ മുല്ലപ്പള്ളി വടകരയിലേക്ക് യാത്രയായേക്കുമെന്നുമാത്രം….

താരിഖ് അൻവർ അല്ലേ യഥാർത്ഥത്തിൽ സ്ഥാനമൊഴിയേണ്ടതെന്ന് ചിലപ്പോൾ മുല്ലപ്പള്ളി പറയും, കാരണം കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതല എ ഐ സി സി ജന.സെക്രട്ടറിമാരിൽ ഒരാളായ താരിഖ് അൻവറിനായിരുന്നു. അദ്ദേഹം ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തുകയായിരുന്നുവല്ലോ. സ്ഥലത്തെ എല്ലാ പ്രമുരെയും നേരിൽ കണ്ട് കോൺഗ്രസിനെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നിട്ടും കോൺഗ്രസിനെ ആരും രക്ഷിക്കാനെത്തിയില്ല.


അപ്പോൾ കുറ്റവാളി ആരാണ് ? ഒരു സംശയവുമില്ല,
താരിഖ് അൻവറും, ഒളിഞ്ഞിരുന്ന് ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കിയ കെ സി വേണുഗോപാലും കുറ്റവാളിതന്നെ.

പാവം ചെന്നിത്തല…. മോഹങ്ങൾ മരവിച്ച ആ മനസ് ആരെങ്കിലും കാണുന്നുണ്ടോ ആവോ….

പിണറായിക്ക് മന്ത്രിമാരെല്ലാം പുതുമുഖം മതിയത്രേ…

രണ്ടാം പിണറായി സർക്കാരിൽ ആരൊക്കെ ഉണ്ടാവുമെന്നാണ് നടക്കുന്ന ചർച്ചകൾ. വലിയൊരു പട്ടിക പുറത്തുവന്നിട്ടുണ്ട്. പഴയ മന്ത്രിമാർ ആരും വേണ്ടെന്ന് പിണറായി. അയ്യോ അപ്പോ കെ കെ ശൈലജയും വേണ്ടേ….?


വേണ്ടെന്നാണ് ക്യാപ്റ്റന്റെ മനോഗതം. എന്നാൽ ദേശീയതലത്തിൽ വരെ ശ്രദ്ധേയയായ ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ, സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച പാർട്ടി സ്ഥാനാർത്ഥിയുമാണ്.

എന്നാൽ ക്യാപ്റ്റന് അതൊന്നും വലിയൊരു കാര്യമായി തോന്നിയിട്ടില്ല. എന്നിരുന്നാലും പാർട്ടിക്ക് വല്ലതും തോന്നിയാലോ  സി.പി. എം അത്ര പെട്ടെന്ന് കെ കെ ശൈലജയെ മാറ്റി നിർത്താൻ തയ്യാറല്ല. ചിലപ്പോൾ കെ കെ ശൈലജയെ മന്ത്രി സ്ഥാനത്ത് പരിഗണിച്ചേക്കാം.

വലിയ വലിയ പുള്ളികളെയൊക്കെ തെരെഞ്ഞെടുപ്പിനു മുൻപേ തന്നെ ഒതുക്കിയ പിണറായി നിലവിൽ ഇലെക്ട് ചെയ്യപ്പെട്ടവരുടെ ഇടയിൽ നിന്നും പുതുമുഖങ്ങൾക്ക് മാത്രം അവസരങ്ങൾ നൽകാനാണ് പരിപാടി. ജയിച്ചവരിൽ മുൻ പരിചയമുള്ളവർ ഒന്നും വേണ്ടന്നെ. എങ്ങാനും അവസരം നൽകിയാൽ അവരൊക്കെയാണ് പിന്നീട് ആളു കളിക്കുക. ഇനിയൊരു ജയരാജന്മാരെയും സുധാകരന്മാരെയുമൊന്നും അടുപ്പിക്കാതിരുന്നാൽ പിള്ളേരെ വച്ച് അസലായി ഭരണം നടത്താം. അവരാകുമ്പോൾ തന്റെ ഒറ്റ നോട്ടത്തിൽ തന്നെ പേടിച്ച് നിക്കറിൽ മുള്ളും. മറ്റവന്മാര് അങ്ങനല്ല. മറുത്തു പറഞ്ഞാൽ മുഷിപ്പാവില്ലെ! 

 

 ഈ ശൈലജ ടീച്ചർ മൈക്കെടുത്താൽ നിലത്തു വയ്ക്കില്ല. വലിയ വലിയ കാര്യങ്ങൾ പറഞ്ഞ്‌ കൈയ്യടി നേടും. എന്നാൽ പിന്നെ അവരെ പിടിച്ച് സ്പീക്കർ ആക്കിയാലോ? അതാവുമ്പോൾ നിയമസഭയിൽ യെസ്.യെസ്. യെസ്. കൺക്ലൂഡ് . കൺക്ലൂഡ് .. എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നോളും. അല്ലെങ്കിൽ അവര് വല്ലാതങ്ങ് ആളു കളിച്ച് കളയൂന്നേ.  ഒന്ന് ശ്രമിച്ചു നോക്കാം. അങ്ങെനെ വന്നാൽ മുഴുവൻ പേരും പുതുമുഖങ്ങൾ എന്ന ഖ്യാതിയും ലഭിക്കും  
 



വാൽക്കഷണം:

കണ്ണൂർ സർവ്വകലാശാലയിലെ ഐച്ച ആർ ഡി അസി.ഡയറക്ടർ പോസ്റ്റിലേക്ക് തയ്യാറാക്കിയ പട്ടികയിൽ എ എം ഷംസീർ എം എൽ എയുടെ ഭാര്യ
ഡോ ഷഹലയുടെ പേരില്ലാത്രേ…
ആറുപേരുടെ ചുരുക്കപ്പട്ടികയാണ് സർവ്വകലാ ശാല തയ്യാറാക്കിയത്. ഒന്നാം റാങ്ക് നൽകിയെന്നും ഷഹലയെ ധൃതി പിടിച്ച് നിയമിക്കാൻ നീക്കമെന്നുമായിരുന്നു ആരോപണം. 
ഗവർണർ ഇടപെട്ടതോടെ പഴയ പട്ടിക മാറി,  പുതിയ പട്ടിക വന്നു. എന്താല്ലേ…. ഭയങ്കരം തന്നെ ബുദ്ധി…..
അപ്പോ, ജി സുധാകരൻ, ഡോ തോമസ് ഐസക് , ഇ പി ജയരാജൻ തുടങ്ങിയവർ ചിരിക്കുന്നു. കുണ്ടറയിൽ തോൽപ്പിക്കപ്പെട്ട മേഴ്‌സിക്കുട്ടിയമ്മയും ചിരിക്കുന്നു.
ക്യാപ്റ്റൻ കീ ജയ്….

LEAVE A REPLY

Please enter your comment!
Please enter your name here