രാജേഷ് തില്ലങ്കേരി

കടുത്ത പ്രകൃതി സ്‌നേഹികളാണ് സി പി ഐക്കാർ. കാനം രാജേന്ദ്രൻ എന്ന പേരിൽ പോലുമുണ്ട് ആ പ്രകൃതി സ്‌നേഹത്തിന്റെ ചില സൂചനകൾ. ബിനോയ് വിശ്വം അതിലേറെ പ്രകൃതി സ്‌നേഹിയാണ്. ആമസോൺ കാടുകൾ കത്തെയെരിഞ്ഞപ്പോൾ ഉള്ളറിഞ്ഞ് നിലവിളിച്ചവരാണ് സി പി ഐ ക്കാർ.
 
അതിരപ്പള്ളിയിൽ പ്രകൃതിയെ നോവിച്ചുകൊണ്ട് വൈദ്യുതപദ്ധതി സ്ഥാപിക്കാനുള്ള സി പി എം നീക്കത്തെ  മുന്നണിയിൽ നിൽക്കുമ്പോൾ പോലും ശക്തമായി എതിർത്തവരാണ് സി പി ഐക്കാർ. യു എ പി എ എന്ന കരിനിയമത്തെ പല്ലും നഖവുമുപയോഗിച്ച് എതിർത്തു, കരുളായി വനത്തിൽ മാവോയിസ്റ്റുകൾ വേട്ടയാടപ്പെട്ടപ്പോൾ അഭ്യന്തര വകുപ്പിനെതിരെപോലും നിലപാട് സ്വീകരിച്ചു. 
 
 
ശരിക്കും കേരളീയ സമൂഹം സി പി ഐ നേതാക്കളെ മനസാ സ്വീകരിക്കുകയും മനസിൽ മൂന്ന് തവണയെങ്കിലും ഇക്വിലാബ് വിളിക്കുകപോലും ചെയ്തവരുണ്ടായിരുന്നു.  പക്ഷേ, ഇപ്പോൾ കേരളത്തിലെ വനം വെട്ടുകേസിൽ മൗനത്തിലാണ് സി പി ഐ നേതാക്കൾ. കാനം രാജേന്ദ്രനെന്ന പാർട്ടി സെക്രട്ടറി തികഞ്ഞ മൗനത്തിലാണ്. 
 
പാർട്ടിയുടെ കയ്യിലുണ്ടായിരുന്ന വനം വകുപ്പ് വേണ്ടെന്ന് വച്ചിട്ടും വിവാദം സി പി ഐയെ തേടി എത്തിയിരിക്കയാണ്. ചില മുള്ളുകൾ അറിയാതെ വസ്ത്രത്തോടൊപ്പം കയറിയാണ്  എം എൻ സ്മാരകത്തിലേക്ക് വിവാദത്തിന്റെ വരവ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വനം മന്ത്രി അഡ്വ.പി. രാജു, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരാണ് ഇപ്പോൾ മരം മുറി വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. രണ്ട് വകുപ്പുകളും സി പി ഐ കൈകാര്യം ചെയ്തിരുന്നവയായിരുന്നു. തിരഞ്ഞെടുപ്പിന് ഏതാണ്ട് തൊട്ടടുത്താണ് ഈ കടും വെട്ടുവെട്ടിയിരിക്കുന്നത്.
 

പണ്ട് പേര്യയിൽ നടന്ന മരം വെട്ട് കേസിൽ വിവാദ നായകനായത് അന്നത്തെ സി പി ഐ മന്ത്രിയായിരുന്ന കെ ഇ ഇസ്മായിലായിരുന്നു. അന്നത്തെ വിവാദത്തിൽ നിന്നും എങ്ങിനെയൊക്കയോ ആണ് സി പി ഐ രക്ഷപ്പെട്ടത്. ഇതിന്റെ പേരിലാണ് കെ ഇ ഇസ്മായിലിനെ പിന്നീട് പലപ്പോഴായി മറുഗ്രൂപ്പുകാർ ഭയപ്പെടുത്തിയിരുത്തിയിരുന്നത്. അന്നത്തെ ഓർമ്മകളിലാണ് കാനം രാജേന്ദ്രനെന്ന ഉഗ്രപ്രതാപിയായ സി പി ഐ സംസ്ഥാന സെക്രട്ടറി.
 
സി പി ഐ മന്ത്രിമാരല്ല പ്രശ്‌നക്കാരെന്നും ഉദ്യോഗസ്ഥരാണ് ഈ കുഴപ്പത്തിനെല്ലാം കാരണമെന്നും സി പി ഐ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കയാണ്. കാനം  എന്തെങ്കിലും പറയുമെന്നാണ് കേരളീയ സമുഹം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. മുട്ടിൽ മരം മുറിയിൽ തുടങ്ങി കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പടരുന്ന വിവാദത്തിൽ ബിനോയ് വിശ്വവും എന്തെങ്കിലും പ്രതികരിക്കുമായിരിക്കാം…. എന്തായാലും പേര്യ മരം വെട്ടുകേസു പോലെ ഇതും അവസാനിക്കുമെന്നുതന്നെയാണ് കേരളീയർ വിശ്വസിക്കുന്നത്.

മരം വെട്ട് കേസിൽ മുഖ്യമന്ത്രിക്ക് യാതൊരു ആശങ്കയുമില്ല. വിവാദങ്ങളിലൊന്നും കുലുങ്ങുന്നതല്ലല്ലോ മുഖ്യമന്ത്രി. ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്ന പഴയ ചൊല്ല് വീണ്ടും മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. സാർ ഈ പഴയ ചൊല്ല് ഒന്നു മാറ്റി ”ഉപ്പുതിന്നവർക്ക് ബി പി കൂടും ”  എന്നാക്കിക്കൂടെ.  പുതുമുഖങ്ങളെ പരീക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് പുതിയ ചൊല്ലും ആവാമല്ലോ……

എത്ര തവണ വഞ്ചിക്കപ്പെട്ടാലും പഠിക്കാത്ത മലയാളികൾ

കേരളത്തിൽ ഒരു വർഷത്തിൽ കുറഞ്ഞത് മൂന്നിലേറെ വൻ സാമ്പത്തിക തട്ടിപ്പുകേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അതിൽ ഏറ്റവും ഒടുവിൽ കേട്ടതാണ് തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്. പത്തനംതിട്ടയിൽ കഴിഞ്ഞ വർഷം നടന്ന വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പ്. അതൊക്കെ ഇപ്പോൾ എന്തായി എന്നൊന്നും നിലവിൽ ആർക്കും അറിയില്ല. പണം പോയവർ ഏറെ പേരുണ്ട്. വിചാരണയും കേസും ഒക്കെ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. കോടികളാണ് നഷ്ടമായതെന്നാണ് അന്ന് പുറത്തുവന്ന വാർത്തകൾ.

ഇപ്പോഴിതാ പത്തനംതിട്ടയിലെ മറ്റൊരു സ്വകാര്യ സാമ്പത്തിക സ്ഥാപനം കൂടി പൊട്ടിയിരിക്കുന്നു. 600 കോടി രൂപയുടെ തട്ടിപ്പാണ് തറയിൽ ഫിനാൻസ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. 
തറയിൽ ഫിനാൻസ് തട്ടിപ്പ്, പ്രതികൾക്കായി പത്രപരസ്യം നൽകുമെന്നാണ് ഏറ്റവും പുതുതായി വരുന്ന വിവരം.

സജി സാം, എന്ന വ്യക്തി നടത്തിയിരുന്ന സ്ഥാപനമാണ് തറയിൽ ഫിനാൻസ്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പത്തനംതിട്ട, ഓമല്ലൂർ ശാഖകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സജിയും കുടുംബവും മുങ്ങിയതോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.

എന്തിനാണ് ഇത്രയേറെ ബാങ്കുകളും, മറ്റ് സർക്കാർ ധനകാര്യ സ്ഥാപനങ്ങളുമുള്ളപ്പോൾ ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതെന്ന് ചോദിച്ചാൽ അതിനൊന്നും വ്യക്തമായ ഉത്തരമില്ല. ഒരു വ്യക്തി, അല്ലെങ്കിൽ ഒരു കുടുംബം ഒക്കെ നടത്തുന്ന സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനാണ് ആളുകൾക്ക് ഇഷ്ടം. അവർ അന്യായമായ പണം നൽകുമെന്ന് വിശ്വസിപ്പിക്കുന്നതാണ് ആളുകളെ അവരിലേക്ക് ആകർഷിക്കുന്ന ഒരു ഘടകം. ആദ്യഘട്ടത്തിൽ നല്ല തുക പലിശയായി നൽകുകയും ചെയ്യും. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ പിന്നീട് മുതലും പലിശയുമെല്ലാം വെട്ടിച്ച് കടന്നുകളയുകയാണ് പതിവ്.
 
ടോട്ടൽ ഫോർയു , ലിസ് തുടങ്ങി… എത്രയെത്ര തട്ടിപ്പുകേസുകളാണ് കേരളത്തിൽ അരങ്ങേറിയതെന്ന് ഒരിക്കലെങ്കിലും ആലോചിക്കുന്നവർ പിന്നീട് ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കില്ല, എന്നാൽ വൻകിട ചിട്ടികമ്പനികളിലും മറ്റും പണം നിക്ഷേപിച്ച് എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും പെരുകുന്നതിൽ അത്ഭുതം തോന്നണം.
 
പണ്ടുകാലങ്ങളിലെ ബ്ലേഡ് ബാങ്കുകൾ ഇപ്പോഴും നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. അവരൊക്കെ കഴുത്തറപ്പൻ പലിശയും ഈടാക്കുന്നുണ്ട്. ഇതോടെയാണ് പലരും നിക്ഷേപത്തിന് തയ്യാറാവുന്നത്. അമിതമായ ലാഭം പ്രതീക്ഷിച്ച് എത്തുന്നവരാണ് ഗർത്തത്തിൽ അകപ്പെടുന്നത്. എന്നാണ് ഇവർക്കൊക്കെ ബുദ്ധിയുണ്ടാവുകയെന്നാണ് ഇത്തരം തട്ടിപ്പുകൾ വാർത്തയാവുമ്പോൾ ആലോചിക്കുന്നത്.

വളരുകയും പിളരുകയും പരസ്പരം പഴിചാരുകയും ചെയ്യുന്ന കേരളാ കോൺഗ്രസ്


കേരളാ കോൺഗ്രസ് എത്രയെണ്ണമുണ്ടെന്ന് പെട്ടെന്നാർക്കും പറയാൻ കഴിഞ്ഞെന്നു വരില്ല. കാരണം എപ്പോഴാണ് അത്പിളരുകയെന്ന് ആർക്കും നിശ്ചയമില്ലല്ലോ. വളരുകയും പിളരുകയും വീണ്ടും ഐക്യപ്പെടുകയും ഒക്കെ ചെയ്യുന്നത് കേരളാ കോൺഗ്രസുകളുടെ ഒരു പതിവ് പരിപാടിയാണ്.

കേരളാ കോൺഗ്രസുകളുടെ ഐക്യം സംഭവിക്കുകയും പിന്നീട് അടിച്ചു പിരിയുകയും ചെയ്തതിനു ശേഷം ജോസ് കെ മാണിയുടെ പാർട്ടിയാണത്രെ  വളർച്ചയിൽ മുന്നിൽ നിൽക്കുന്നത്. ഇടത് പക്ഷത്തോടൊപ്പം ചേർന്നതോടെ വലിയ നിലയിലായ കേരളാ കോൺഗ്രസ് എമ്മിലേക്ക് ഇപ്പോൾ വലിയ ഒഴുക്ക് നടക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്. 
 
 
പാലായിൽ തോറ്റുപോയെങ്കിലും ജോസിനെ അത് തെല്ലും ബാധിച്ചിട്ടില്ലെന്നാണ് കേരളാ കോൺഗ്രസുകാരുടെ വീരവാദം. പി ജെ ജോസഫിനൊപ്പമുള്ള വീരശൂര പരാക്രമികളായ നേതാക്കളെല്ലാം വൈകാതെ തന്നോടൊപ്പം വരുമെന്നാണ് ജോസ് കെ മാണി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ചില നേതാക്കളുടെ പേരും ജോസ് മോൻ മൊഴിഞ്ഞിരുന്നു. 
 
എന്നാൽ അതൊക്കെ ജോസ് മോന്റെ വെറും ആഗ്രഹമാണെന്നും ഒരാളും അങ്ങോട്ടേക്ക് പോവില്ലെന്നുമാണ് കടുത്തുരുത്തി എം എൽ എയും ജോസഫ് പക്ഷത്തെ രണ്ടാമനുമായ മോൻസ് ജോസഫിന്റെ  മറുപടി. ജോസ് മോന്റെ പാർട്ടിയിൽ നിന്നും ചിലർ ജോസഫ് പക്ഷത്തേക്ക് വൈകാതെ എത്തുമെന്നാണ് മോൻസിന്റെ തിരിച്ചടി.

അഞ്ച് എം എൽ എമാരുള്ള കേരളാ കോൺഗ്രസിന് ഒരു മന്ത്രിയും ഒരു ക്യാബിനറ്റ് പദവിയും ഉണ്ടെങ്കിലും അധികാര കസേരയില്ലാത്തതിന്റെ മാനസിക സംഘർഷത്തിലാണ്   ജോസ് മോൻ. ഏറെ വൈകാതെ റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് കേരളാ കോൺഗ്രസിൽ രൂപപ്പെടുമെന്നും അതോടെ തന്റെ അവസ്ഥ ദയനീയമാവുമെന്നും ജോസ് ഭയക്കുന്നുണ്ട് എന്ന് വ്യക്തം. 
 
കേഡർ സ്വഭാവമില്ലാത്തതാണ് കേരളാ കോൺഗ്രസിന്റെ പിളർപ്പിന് കാരണമെന്ന് ജോസും മോൻസും തിരിച്ചറിഞ്ഞതും ഈക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇതോടെ ഇരുകേരളാ കോൺഗ്രസ് പാർട്ടികളും കേഡർ സ്വഭാവത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞത്രേ…

ഒരു ഭാഗത്ത് സുന്ദര, മറുഭാഗത്ത് പ്രസീദ, നടുഭാഗത്ത് കൊടകര, പടുകുഴിയിൽ സുരേന്ദ്രൻ! 

സി കെ ജാനുവിന് പണം നൽകിയെന്ന കാര്യത്തിൽ ആർക്കും ഇനി സംശയമുണ്ടാവില്ല. ജാനുവിന്റെ പാർട്ടിയുടെ സംസ്ഥാന ട്രഷററാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഇപ്പോഴിതാ പണം നൽകുന്ന കാര്യം കൃഷ്ണദാസ് അറിയരുതെന്ന് പറഞ്ഞതായുള്ള ഓഡിയോ ക്ലിപ്പും പുറത്തു വന്നിരിക്കുന്നു. 
 
 
വിഭാഗീയത മറന്ന് കെ സുരേന്ദ്രനെ സംരക്ഷിക്കാനുള്ള തയ്യാറാടുപ്പിലായിരുന്നു കൃഷ്ണദാസ്. അതിനിടയിലാണ് സി കെ ജാനുവിന് പണം നൽകുന്നത് കൃഷ്ണദാസ് അറിയരുതെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവരുന്നത്. നേരത്തെ ബി ജെ പിയുടെ ദേശീയ ആധ്യക്ഷനായിരുന്ന ബങ്കാരു ലക്ഷ്മൺ പെട്ടതുപോലുള്ള ഗതികേടിലാണ് സുരേന്ദ്രൻ പെട്ടിരിക്കുന്നത്. ഒരു ഭാഗത്ത് സുന്ദര, മറുഭാഗത്ത് പ്രസീദ, നടുഭാഗത്ത് കൊടകര….
വല്ലാത്തൊരു പരീക്ഷണമാണല്ലോ അയ്യപ്പാ….സുരേന്ദ്രനോട് കാണിക്കുന്നത്…


വാൽകഷണം :

വിവാദങ്ങൾ കത്തി നിൽക്കുന്ന ലക്ഷദ്വീപിൽ പരിഷ്‌ക്കാരവുമായി മുന്നോട്ട് പോവുമെന്ന് അഡ്മിനിസ്‌ട്രേറ്റർ. ഇതിനിടെ, മോഡൽ ഐഷാസുൽത്താന ഉയർത്തുന്ന വിവാദം ഇപ്പോഴും കത്തി നിൽക്കുകയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here