രാജേഷ് തില്ലങ്കേരി

കോൺഗ്രസിന്റെ അവസാനവാക്ക് ആരാണെന്ന അന്വേഷണത്തിലായിരുന്നു കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പ്രസ്താവനകൾ കേട്ടപ്പോൾ തോന്നിയ സംശയം വേറെയൊന്നായിരുന്നു. ഈ കോൺഗ്രസിന്റെ അന്തകൻ ആരായിരിക്കുമെന്നായിരുന്നു.
ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ദിവസം, എന്തോ ഒരു അത്യാഹിതം നടന്ന ദിവസമെന്നപോലെയാണ് കേരളത്തിലെ തലമുതിർന്ന നേതാക്കൾ പ്രതികരിച്ചത്.


ജീവിതകാലമത്രയും പ്രവർത്തിച്ച്, എം എൽ എ, എം പി, മന്ത്രി, പ്രതിപക്ഷ നേതാവ് ഒക്കെ ആയിരുന്ന നേതാവ്, അമ്പത് വർഷം ഒരേ മണ്ഡലത്തിൽ നിന്നും എം എൽ എ, മന്ത്രി, മുഖ്യമന്ത്രി എന്നീ ചുമതലകൾ വഹിച്ച മറ്റൊരു പ്രമുഖനേതാവ് ഉൾപ്പെടെയായിരുന്നു ഈ കലാപരിപാടിയിലെ പ്രമുഖ നടന്മാർ.


കണ്ണൂരിലെ ഡി സി സി മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ആരാണ് കോൺഗ്രസിന്റെ അവസാന വാക്ക് എന്ന കാര്യത്തിൽ അന്തിമമായ വെളിപ്പെടുത്തലുണ്ടായത്. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ആ പ്രഖ്യാപനം നടത്തിയത്. കെ സുധാകരനാണ് അവസാന വാക്കെന്ന്. ഇത് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഇപ്പോഴും എഴുന്നെള്ളിച്ച് നടക്കുന്ന ചില ഗ്രൂപ്പ് മാനേജർമാർക്കുള്ള താക്കീതു കൂടിയാണ്. ഒരു പരിപാടിയും ഇവിടെ സുധാകരൻ അറിയാതെ നടക്കില്ലെന്നുള്ള വ്യക്തമായ സൂചന.

ഗ്രൂപ്പില്ലാത്ത കെ സി, അതുക്കും മേലെ വളർന്ന കെ. സി.


കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏറെ പറഞ്ഞു കേട്ട ദുരാരോപണമാണ് കെ സി യാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന്. എന്നാൽ അതൊക്കെ എത്രത്തോളം വാസ്തവവിരുദ്ധമാണെന്ന് ഇന്നാണ് മനസിലായത്. എ ഐ സി സി ജന. സെക്രട്ടറിയായ കെ സി വേണുഗോപാൽ ആരംഭിച്ച പുതിയ ഗ്രൂപ്പിന്റെ കളികളാണ് കേരളത്തിലെ കോൺഗ്രസിൽ നടക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ തനിക്ക് ഗ്രൂപ്പില്ലെന്നും, തന്റെ പാർട്ടിമാത്രമാണ് എല്ലാമെല്ലാമെന്നും കണ്ഠമിടറിക്കൊണ്ടാണ് കെ സി പ്രഖ്യാപിച്ചത്. 
 
പാർട്ടിയിൽ ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ പദവി തന്ന് ആദരിച്ച പാർട്ടിയോട് എനിക്ക് വല്ലാത്തൊരു ആദരവ് മാത്രമാണുള്ളതെന്നും, തന്നെ ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ വക്താവാക്കി ചെറുതാക്കിക്കളയരുതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഇനി ഗ്രൂപ്പിന്റെ പേരും പറഞ്ഞ് പരിസരത്തുനിന്നും ചുറ്റിക്കളിക്കുന്ന എല്ലാവർക്കും സ്റ്റാന്റ് വിടാം.


ഗോപിയേട്ടൻ എവ്ടെയാാാാ……സി പി എമ്മിലാണോ, അതോ കോൺഗ്രസിലേക്കു തിരികെയെത്തിയോ….?


പാലക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവാണ് എ വി ഗോപിനാഥ്. എന്നാൽ കുറച്ചുകാലമായി കോൺഗ്രസിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന കൊള്ളിയായിരുന്നു ഈ നേതാവ്. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വിടാൻ തീരുമാനിച്ചതായിരുന്നു ഡി സി സി അധ്യക്ഷനും മുൻ എം എൽ എയുമൊക്കെയായ എ വി ഗോപിനാഥ്.
ആൾ ശുദ്ധ ഗാന്ധിയനാണ്. പച്ചവെള്ളം ചവച്ചുമാത്രം ഇറക്കുന്ന പരമശുദ്ധൻ.  കുറ്റം പറയരുതല്ലോ അഴിമതി വിരുദ്ധൻ, അണികളുടെ പ്രിയപ്പെട്ട നേതാവ്, താഴേത്തട്ടിലുള്ള എല്ലാവിഭാഗം നേതാക്കളുടെയും കണ്ണിലുണ്ണി. എല്ലാവർക്കും പ്രിയങ്കരനായ ഗോപിയേട്ടൻ.

ഗോപിയേട്ടൻ പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എം എൽ എ ആയതിന് ശേഷമാണ് പഞ്ചായത്ത് അധ്യക്ഷനായത്. മറ്റു നേതാക്കളെ പോലെയല്ല, എത്രവലിയ നേതാവായാലും  പെരിങ്ങോട്ടുകുറിശിയെന്ന സ്വന്തം നാടിനെ മറക്കാത്ത രാജ്യസ്നേഹി. പെരിങ്ങോട്ടുകുറിശ്ശിയെ കോൺഗ്രസിന്റെ ത്രിവർണ പതാകയിൽ പൊതിഞ്ഞു സൂക്ഷിച്ച ഈ ഗാന്ധിമാർഗിയെ സത്യത്തിൽ സ്വന്തം പാർട്ടിക്കാർപോലും തിരിച്ചറിഞ്ഞ. തികഞ്ഞ അവഗണനയാണ് അദ്ദേഹം നേരിട്ടത്. അപ്പോൾ എം എൽ എയായതും, പഞ്ചായത്ത് പ്രസിഡന്റായതും സഹകരണ ബാങ്ക് പ്രസിഡന്റായതുമൊക്കെ ഈ അവഗണനയുടെ പേരിലാണ്. 
 
 നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ നേരത്തെ തീരുമാനിച്ചതാണ്. അന്നുപക്ഷേ, വിട്ടില്ല. രണ്ടാം വട്ടമാണ് ഗോപിയേട്ടന് ആ  തീരുമാനം റിയാലിറ്റിയിലേക്ക് എത്തിക്കാൻ സാധിച്ചത്.  ആദ്യ തവണ പാർട്ടി വിടാൻ തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും കെ സുധാകരനും പാഞ്ഞെത്തി, പിന്തിരിപ്പിച്ചു. പാർട്ടിയിൽ അർഹമായ സ്ഥാനം നൽകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു, മോഹിപ്പിച്ചു. പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷനാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പട്ടിക വന്നപ്പോൾ ഗോപി…

തന്നെ അവഗണിച്ചതോടെ ഗോപിനാഥ് പാർട്ടി വിടാൻ തീരുമാനിച്ചു. പട്ടിക വന്ന് കേരളത്തിൽ കൊടുംകാറ്റുണ്ടായതിനു തൊട്ടു പിന്നാലെ ഗോപിനാഥ് മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ചു. ഇതേ സമയം അങ്ങ് ഡൽഹിയിലായിരുന്ന കെ സുധാകരൻ സ്വയം ഞെട്ടി, ഗോപിനാഥിന് അങ്ങിനെ കോൺഗ്രസ് വിട്ടുപോവാൻ പറ്റില്ലെന്ന് പരസ്യമായി പ്രതികരിച്ചു. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരിപ്പ് നക്കാൻ പോലും താൻ തയ്യറാണെന്നൊക്കെ ആവേശത്തിൽ ഗോപിനാഥ് പറഞ്ഞു പോയെങ്കിലും ഇപ്പോൾ താൻ ഒരു പാർട്ടിയിലും ചേരുന്നില്ലെന്ന് പ്രഖ്യാപിച്ച് നിൽക്കുകയാണ്. ഗോപിനാഥിനെ തിരികെ കൊണ്ടുവരണമെന്ന് കെ സുധാകരൻ തീരുമാനിച്ചിരിക്കയാണ്. മുരളീധരനും ഗോപിനാഥിന്റെ തിരിച്ചുവരവ് കാണാനുള്ള ആഗ്രവുമായി  രംഗത്തുണ്ട്. അനിൽ അക്കരെയാണ് ചെരിപ്പു നക്കാൻ പ്രേരിപ്പിച്ചതെന്നും, അത്തരമൊരു പ്രകോപനം വേണ്ടിയിരുന്നില്ലെന്നും കെ പി സി സി അധ്യക്ഷൻ കണ്ടെത്തിയ സാഹചര്യത്തിൽ ഗോപിനാഥ് തിരികെയെത്തുമോ ഇല്ലയോ എന്നാണ് ഇനി അറിയേണ്ടത്.

മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാൻ അസരം ലഭിക്കുമോ ഇല്ലയോ എന്നൊന്നും ആർക്കും അറിയില്ല. പെരിങ്ങോട്ടു കുറിശ്ശിയിലെ പാർട്ടി പ്രവർത്തകർ ചോദിക്കുകയാണ് ഗോപിയേട്ടൻ ഇപ്പോൾ എവിടെയാണ് എന്ന്….

കോൺഗ്രസിലാണോ, സി പി എമ്മിലാണോ… എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഗോപിയേട്ടന് പോലും നിശ്ചയമില്ലത്രേ…. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്താമെന്നും, അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നുമാണ് ഗോപിയേട്ടൻ പറയുന്നത്.

ഗോപിനാഥിനെ ചുവപ്പ് കുപ്പായം ധരിപ്പിക്കാനായി ഇറങ്ങിത്തിരിച്ച എ കെ ബാലൻ ഒരു ഭാഗത്ത്. മറുഭാഗത്ത് ഏറെ അടുപ്പമുള്ള കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, ശരിക്കും ധർമ്മ സംഘടത്തിലായിരിക്കയാണ്  ഗോപിനാഥ്. രാജിവച്ചെങ്കിലും ഞാൻ ഇപ്പോഴും കോൺഗ്രസ് അനുഭാവിയാണെന്നാണ്  ഗോപിയേട്ടൻ ഇപ്പോഴും പറയുന്നത്. ആ മനുഷ്യന്റെ കോൺഗ്രസ് സ്നേഹത്തെയല്ലേ, ആ അക്കരക്കാരൻ അനിൽ തള്ളിപ്പറഞ്ഞത്. ഗോപിയേട്ടനുണ്ടായ ഈ അവസ്ഥ ഒരു കോൺഗ്രസ് നേതാവിനും ഉണ്ടാക്കല്ലേ… എന്റെ കോൺഗ്രസ് മുത്തപ്പാ….



പി കെ ശശി കെ ടി ഡി സി ചെയർമാൻ, വരുന്നു….വിനോദസഞ്ചാരമേഖലയിലൊരു കുതിച്ചുചാട്ടം!


കേരളത്തിലെ വിനോദ സഞ്ചാര മേഖല ഉയർത്തെഴുന്നേൽക്കാൻ പോവുകയാണ് സുർത്തുക്കളെ…. ഷൊർണ്ണൂർ എം എൽ എയായിരുന്ന പി കെ ശശി കെ ടി ഡി സിയുടെ ചെയർമാനായതോടെ തളർന്നു കിടന്ന വിനോദ സഞ്ചാരമേഖലയിൽ പുത്തനുണർവ്വാകും ഇനിയുണ്ടാവുക… തയ്ലാന്റും, ബാലിയുമൊക്കെ കേരളത്തിന്റെ വിനോദസഞ്ചാര വികസനം കണ്ട് അസൂയയോടെ നോക്കിനിൽക്കുന്ന കാലമാണ് സഖാക്കളെ വരാൻ പോവുന്നത്.

ഈ പി കെ ശശി ചില്ലറക്കാരനല്ല, സി പി എമ്മിൽ മൂന്ന് ശശിമാരാണ് ഉണ്ടായിരുന്നത്. ഒന്ന് കണ്ണൂരിലെ പി ശശി. അദ്ദേഹം ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ഒരു ലൈംഗികാരോപണ പരാതിയിൽ കാലിടറിയ സി പി എമ്മിന്റെ ഉന്നത നേതാവായിരുന്നു അത്. രണ്ടാമത്തെ ശശി പി കെ ശശി. ഷൊർണ്ണൂർ എം എൽ എയായിരുന്നു. ലൈംഗികാരോപണം ആ ശശിയെയും അൽപ്പം തളർത്തി.


ഒരുതവണ തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം എൽ എമാർക്കും രണ്ടാം തവണ അവസരം നൽകിയപ്പോൾ പി കെ ശശിക്ക് സീറ്റു കിട്ടിയില്ല. മൂന്നാമത്തെ ശശി  വയനാട്ടിലെ ശശീന്ദ്രൻ സഖാവാണ്. നഗ്‌നപാദനായി പൊതു പ്രവർത്തനം നടത്തിയ പച്ചയായ കമ്യൂണിസ്റ്റു കാരൻ. പശുവളർത്തലും, കൃഷിപ്പണിയും നടത്തി കുടുംബം പോറ്റിയിരുന്ന പഴയ സി പി എം വയനാട്  ജില്ലാ സെക്രട്ടറി. ശശീന്ദ്രൻ സഖാവിന് രണ്ടാം റൗണ്ടിൽ കൽപ്പറ്റയിൽ മത്സരിക്കാൻ ചാൻസുകിട്ടിയില്ല. ഘടകക്ഷിക്കുവേണ്ടി ആ സീറ്റ് ഒഴിഞ്ഞു കൊടുത്തതോടെ ശശീന്ദ്രന് പ്രത്യേകിച്ച് ചുമതലകളൊന്നുമില്ല.

പാലക്കാട്ടെ പി കെ ശശിയെ രണ്ടാമത് മത്സരിപ്പിച്ചാൽ സ്ത്രീ വോട്ടുകൾ നഷ്ടമാവുമെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തെ മാറ്റി നിർത്താൻ നേതൃത്വത്തെ പ്രരിപ്പിച്ചഘടകം. യുവജന സംഘടനാ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് ശശിക്ക് പാരയായത്. പാർട്ടിക്ക് മുന്നിൽ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നതോടെ ആറ് മാസത്തേക്ക് നടപടിയെടുത്ത് പുറത്തു നിർത്തി.  തുടർന്ന് എ കെ ബാലനും, പി കെ ശ്രീമതിയും നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ശശി സഖാവിന് രണ്ടാം വട്ടം നഷ്ടമായത്. പി കെ ശശി പാലക്കാട് ജില്ലയിലെ പാർട്ടിയുടെ അതിശക്തനായ നേതാവാണ്.
 ലൈംഗീകിരോപണത്തിൽ പെട്ട് പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും ശശിയെ കൈവിടാതെ മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കുന്നു. രണ്ടാം തവണ എം എൽ എ ആയിരുന്നുവെങ്കിൽ മന്ത്രിയൊക്കെ ആവേണ്ടിയിരുന്ന നേതാവായിരുന്നു അദ്ദേഹം.

തൊഴിൽ രഹിതനായ പി കെ ശശി പുര നിറഞ്ഞു നിൽക്കുകയായിരുന്നു. ഇതറിഞ്ഞ മുഖ്യമന്ത്രിയും സി പി എം നേതൃത്വവും ആകെ അസ്വസ്ഥരായിരുന്നു, ഒടുവിൽ പാർട്ടി ഒരു തീരുമാനമെടുത്തു, വിനോദത്തിൽ ഏറെ തല്പരനായ ശശിയെ കെ ടി ഡി സി ചെയർമാനാക്കാൻ. ഈ പിണറായി സഖാവിന്റെ കരുതൽ കാണുമ്പോൾ രോമാഞ്ചമാണുണ്ടാവുന്നത്.  ഇനി ശശി ഒരു മന്ത്രിയെപോലെ കഴിയും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ.  നമ്മൾ ഇങ്ങെനെ എന്തെല്ലാം കാണണം, പി കെ ശശി സിന്ദാബാദ്….


ലൈംഗികാരോപണം നേരിട്ട് സ്ഥാനം പോയ  പഴയ എറണാകുളം ജില്ലാ സെക്രട്ടറിയെ പുതുതായി രൂപീകരിച്ച കേരളാ ബാങ്കിന്റെ ചെയർമാനാക്കി. ഷൊർണ്ണൂരിലെ പീഡന കേസിൽ പാർട്ടിതന്നെ കുറ്റക്കാരനായി കണ്ട  പി കെ ശശിയെ വിനോദ സഞ്ചാരവികസനത്തിനായി ചുമതല നൽകി.  കണ്ണൂരിലെ പഴയ ജില്ലാ സെക്രട്ടറി പി ശശിക്ക് മാത്രം ഒരു സുരക്ഷിത ജീവിതം നൽകിയില്ല…. അതുകൂടി ചെയ്താൽ പാർട്ടിയുടെ വിപ്ലവീര്യം കൂടിയേനേ….


കക്കാടം പൊയിലിലെ അനധികൃത തടയണകൾ പൊളിയുമ്പോൾ ….


ആഫ്രിക്കയിൽ പൊന്ന് കുഴിച്ചെടുക്കാൻ പോയ നിലമ്പൂർ എം എൽ എ പി വി അൻവറിന് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷയിൽ പോലും ഉണ്ടായിരുന്നില്ല. കക്കാടംപൊയിലിൽ അനധികൃതമായി ഉണ്ടാക്കിയ നാല് തടയണകൾ പൊളിച്ചുമാറ്റാൻ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിട്ടിരിക്കയാണ്. ഒരു മാസത്തിനകം പൊളിച്ചുമാറ്റണമെന്നാണ് കലക്ടറുടെ ഉത്തരവിൽ പറയുന്നത്.

ആദ്യവട്ടം എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പി വി അൻവറിനെതിരെ ഉയർന്ന ആരോപണമായിരുന്നു കക്കാടംപൊയിലിൽ അനധികൃതമായി പണിത തടയണകൾ. ഭരണ കക്ഷിയായ സി പി എം സഹയാത്രികനായ പി വി അൻവർ ഏറെ വിവാദങ്ങളിൽ അകപ്പെടുന്നതാണ് പിന്നീട് കേരളം കണ്ടത്. എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട്  പി വി അൻവർ നിയമലംഘന പ്രസ്ഥാനം തന്നെ ആരംഭിച്ചു. 
 
ഇതിനിടയിലായിരുന്നു ആഫ്രിക്കൻ യാത്ര. എം എൽ എയെ കാണാനില്ലെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ആഫ്രിക്കയിൽ കിടന്ന് മറുപടി പറഞ്ഞു. രണ്ടാമത്തെ തവണയും പി വി അൻവർ എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ സമ്മേളനങ്ങളിലൊന്നും പങ്കെടുക്കുന്നതിൽ താല്പര്യമില്ലാത്ത എം എൽ എയാണ് പി വി അൻവർ എന്ന വ്യവസായി.

ആഫ്രിക്കയിൽ ഇരുന്ന് ഇവിടുത്തെ മാധ്യമപ്രവർത്തകരെ അപ്പന് വിളിക്കാൻ കെൽപ്പുള്ള അൻവർ, തന്റെ ഉടമസ്ഥതിയിലുള്ള കക്കാടംപൊയിലിലെ പാർക്കിനോടനുബന്ധിച്ച് നിർമ്മിച്ച  തടയിണകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട 
പത്രമാധ്യമങ്ങളുടെ ആക്രമണത്തിൽ സാമ്പത്തികമായി തകർന്നുപോയ അൻവറിക്ക നേരെ ആഫ്രിക്കയിലേക്ക് പോവുകയായിരുന്നു.


സ്വർണം കുഴിച്ചെടുത്ത് കോടികളുമായി കേരളത്തിലെത്തുമ്പോൾ ആഫ്രിക്കയിൽ നിന്നും തിരികെ വരുമ്പോഴേക്കും തടയിണകൾ നാലെണ്ണവും പൊളിച്ചുമാറ്റിയിട്ടുണ്ടാവും.

കടലിനക്കരെ, കാണാപൊന്നിനു പോയ അൻവറിനിനോടു ഈ ചതി വേണ്ടായിരുന്നു സാർ…. തന്റെ പണത്തിനും അധികാരത്തനും മുകളിൽ ഒരു നിയമവും പരുന്തും പറക്കില്ലെന്ന് കരുതിയ പി വി അൻവറിന്റെ അഹങ്കാരത്തിന് ലഭിച്ച കനത്ത അടിയാണ് കക്കാടംപൊയിലിൽ കിട്ടിയത്.

രാത്രിമാത്രം ഇറങ്ങുന്ന കൊറോണാ വൈറസ്…???


കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നിരിക്കുന്നു. ഇതോടെ കോവിഡ് നിയന്ത്രണങ്ങളും കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. ഞായറാഴ്ചത്തെ സമ്പൂർണ അടച്ചിടലും, രാത്രികാല കർഫ്യൂവും വീണ്ടും ആരംഭിച്ചു. രാത്രി 10 മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. രാത്രിയിൽ പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായയിടങ്ങളിൽ സമ്പൂർണ അടച്ചിടലും നടക്കുന്നുണ്ട്.

 
കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്നു, കർണ്ണാടകയും തമിഴ്നാടും സ്‌കൂളുകളും കോളജുകളും തുറക്കാൻ തീരുമാനിച്ചിരിക്കയാണ്. കേരളത്തിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ അയൽ സംസ്ഥാനങ്ങളിൽ പഠിക്കുന്നുണ്ട്. കേരളത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളോട് ഒരാഴ്ചത്തെ കോറന്റൈൻ നിർബന്ധമാണെന്നാണ് കോളജ് അധികൃതർ അറിയിപ്പുനൽകിയിരിക്കുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലേക്ക് വരാൻ അനുഭവിച്ച അതേ ദുരിതമാണ് നിവവിൽ നിലനിൽക്കുന്നത്.

കോവിഡ് വ്യാപനം തടയാൻ രാത്രികാല കർഫ്യൂ സഹായകമാവുമോ എന്നാണ് ഉയരുന്ന ചോദ്യം. ഞായറാഴ്ചകളിലും, രാത്രി 10 മുതൽ രാവിലെ 6 വരെ മാത്രം പുറത്തിറങ്ങുന്നതാണോ കൊറോണാ വൈറസ് എന്ന ചോദ്യമാണ് ഹാസ്യരൂപേണ ഉയരുന്നത്. കേരളം എല്ലാ കാര്യത്തിലും മുന്നിലാണ്. രാത്രി കർഫ്യൂവിന്റെ കാര്യത്തിൽ നമ്മൾ മുന്നിലാണ് എന്ന് ഭാഗ്യമുണ്ടെങ്കിൽ ആരോഗ്യമന്ത്രി ഉടൻ പത്രസമ്മേളനത്തിൽ പറയുന്നതും കേൾക്കാം….



വയൽ നികത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് ഗോവിന്ദർ മാസ്റ്റർ

വയലുകൾ നികത്താൻ ആരെങ്കിലും ആലോചിച്ചുവെങ്കിൽ തന്നെ പിടിച്ച് ജയിലിൽ അടയ്ക്കുമെന്നാണ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നാട്ടിലെ പരിസ്ഥിതിയോട് ഇത്രയേറെ സ്‌നേഹം ഗോവിന്ദൻ മാസ്റ്റർക്ക് ഉണ്ടെന്ന സത്യം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. വയലുകൾ നികത്തുന്നത് പരിസ്ഥിതിക്ക് വലിയ കോട്ടം തട്ടുമെന്നും, കാർഷിക മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നും   സി പി എമ്മിന്റെ ദാർശനിക മുഖം കൂടിയായ ഗോവിന്ദൻ മാസ്റ്റർ പറയുന്നു.
 

ഇതേ ഗോവിന്ദൻ മാസ്റ്ററുടെ നാട്ടിൽ കഴിഞ്ഞ രണ്ട് വർഷം മുൻപ് വയൽ സസംരക്ഷണ സമരം നടന്നിരുന്നു. അന്ന് ആ സമരക്കാരെ ഇല്ലാതാക്കാൻ തീവ്രശ്രമം നടത്തിയത് ഗോവിന്ദൻ മാസ്റ്റരുടെ പാർട്ടിയായിരുന്നുവല്ലോ എന്നാലോചിക്കുമ്പോഴാണ് മാസ്റ്ററുടെ ഒരിത് മനസിലാവുന്നത്.

കീഴാറ്റൂർ വയൽ റോഡ് വികസനത്തിന്റെ പേരിൽ വ്യാപകമായി മണ്ണിട്ട് നികത്താനുള്ള തീരുമാനത്തിന് എതിരായിരുന്നു ആ സമരം. സുരേഷ് കീഴാറ്റൂർ എന്ന പാർട്ടി അനുഭാവിയായിരുന്നു ഈ പിന്തിരിപ്പൻ സമരത്തിന് പിന്നിൽ. പൂർവ്വ സൂരിയായ അന്നത്തെ എം എൽ എ ജെയിംസ് മാത്യു സമരക്കാരെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം ഇപ്പോഴും തളിപ്പറമ്പിലെ ആകാശങ്ങളിൽ കിടക്കുന്നുണ്ടത്രേ… ആ വയൽ കിളികൾ ആരും പറന്നു പോയതല്ല, തല്ലിയോടിച്ചതാണ് മാഷേ… എന്തായാലും കീഴാറ്റൂരിൽ ഒഴികെ മറ്റൊരു സ്ഥലത്തും വയലുകൾ നികത്തരുതെന്നും, അങ്ങിനെ നികത്തിയാൽ പണികിട്ടുമെന്നും ഗോവിന്ദർ മാസ്റ്റർ തിരുത്തണം.



യൂത്ത് കോൺഗ്രസായാലും മൂത്ത കോൺഗ്രസായാലും ഗ്രൂപ്പിസം ഗ്രൂപ്പിസം തന്നെയാണ്…

യൂത്ത് കോൺഗ്രസിന് അഞ്ച് വക്താക്കളെ പ്രഖ്യാപിച്ചത് യൂത്ത് കോൺഗ്രസിലും കലാപകൊടിയുയർത്തിയിരിക്കയാണ്. പാവമായ കോൺഗ്രസ് നേതാവ്, തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനാണ് ആ പഞ്ചവക്താക്കളിൽ ഒരാൾ എന്നതാണ് മറ്റൊരു സത്യം.
 

അച്ഛനെ അറിയുകപോലും ഇല്ലെന്ന് പലതവണ പറഞ്ഞതിന്റെ പേരിൽ കിട്ടിയ ഈ അംഗീകാരം വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് അർജുൻ രാധാകൃഷ്ണന്റെ പ്രതികരണം. സത്യമാണ്, നമ്മൾ ഒരു വേദിയിലും ഈ പാവം അർജ്ജുന യൂത്തനെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. അങ്ങിനെ കൊണ്ടുവരാൻ തിരുവഞ്ചൂർ എന്ന ശുദ്ധ കോൺഗ്രസുകാരൻ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ആ യുവാവ് ചില നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു.

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ കുറച്ച് കലിപ്പിലാണേ്രത ഇക്കാര്യത്തിൽ. ഈ പഞ്ച കഥയൊന്നും ഷാഫി അറിഞ്ഞിട്ടേയില്ലെന്നാണ് പറയപ്പെടുന്നത്. പാവം ഷാഫി, ആ ചെന്നിത്തലയുടെ അവസ്ഥയിലേക്കാണല്ലോ സാർ താങ്ങളെയും കൊണ്ടുപോവുന്നത്.


പടച്ചവൻ എത്രവലിയവൻ, ഈ ഇ ഡിയെത്ര നല്ലവർ….


പടച്ചോൻ വലിയവനാണെന്നാണ് മുൻമന്ത്രി കെ ടി ജലീൽ പറയുന്നത്. കാരണമെന്തെന്നോ… മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യലിനായി ഇ ഡി വിളിപ്പിച്ചകാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് സാക്ഷാൽ ഈ കെ ടി ജലീലാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്ത്, തലയിൽ മുണ്ടിട്ട്, പതുങ്ങിയാണ് കെ ടി ജലീൽ കൊച്ചിയിൽ എത്തിയത്. അന്നൊക്കെ ഇ ഡിയാണോ, കസ്റ്റംസാണോ, എൻ ഐ എയാണോ ആദ്യം ഈ ജലീലിനെ അറസ്റ്റു ചെയ്യുകയെന്ന് നോക്കിയിരിപ്പായിരുന്നു മുസ്ലിംലീഗുകാർ.
 

കാലം മാറി, ഇതാ ഇ ഡി ആപ്പീസിൽ ഗമയിൽ ഒരാൾ വന്നിരിക്കുന്നു, അതാരാപ്പാന്ന് മാത്രം ചോദിക്കരുത്, മറ്റാരുമാകാൻ വഴിയില്ലല്ലോ. അത് കെ ടി ജലീലായിരുന്നു.

ഖുറാൻ കടത്ത്, ഡോളറ് കടത്ത്, റംസാൻ റീലീഫിന്റെ പേരിൽ ഈന്തപ്പഴം കടത്ത്…. പലവിധ ഗുമാലിന്റെ നടുവിലായിരുന്നു മന്ത്രിയായിരുന്ന ജലീൽ. എന്നാൽ ഇപ്പോ ജോലിയൊന്നും കാര്യമായില്ലാത്ത സാഹചര്യത്തിൽ ലീഗിന്റെ അന്ത്യമാണ് കെ ടി ജലീലിന്റെ പ്രധാനവർത്തന ലക്ഷ്യം.  

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ പാലാരിവട്ടം പാലത്തിന്റെ അഴിമതിപണം വെളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ്, ഈ പൊല്ലാപ്പ്.
കുഞ്ഞാപ്പയെ നശിപ്പിക്കുമെന്ന് ശപഥം ചെയ്തിരിക്കയാണ് കെ ടി ജലീൽ എന്ന പഴയ ശിഷ്യൻ. പടച്ചോനേ, എന്തല്ലാം കാണണം ഈ ജന്മത്തിൽ. വേങ്ങരയിലെ ഒരു സഹകരണ ബാങ്കിൽ കോടിക്കണക്കിന് കള്ളപ്പണം കുഞ്ഞാലിക്കുട്ടി ബനാമി പേരിൽ നിക്ഷേപിച്ചിട്ടുണ്ടുപോലും… ബരട്ടേ, എല്ലാം ബരട്ടേ, ഞമ്മള് ഈനെകാളെല്ലാം ബെശമങ്ങളിലൂടെ കടന്നു പോയീക്ക്ണ് എന്നാണ് കുഞ്ഞാലിക്കുട്ടീന്റെ മനസ് പറേണ്….


വാൽകഷണം :

കോൺഗ്രസിലെ ഇപ്പോഴത്തെ തല്ല് കണ്ട് ഭയന്നിരിക്കയാണ് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ. മുന്നണി വിടാൻപോലും ആർ എസ് പി തീരുമാനിച്ചേക്കുമെന്നാണ് ഷിബു പറയുന്നത്. പാർട്ടിയിൽ നിന്നും ആറുമാസത്തേക്ക് ലീവെടുത്ത കാര്യം ഷിബു മറന്നുപോയോ ആവോ…?

LEAVE A REPLY

Please enter your comment!
Please enter your name here