രാജേഷ് തില്ലങ്കേരി


മഞ്ഞ് പെയ്തിറങ്ങുന്ന ഞായർ, രാവിലെ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കുടുംബ വീട്ടാണ് ലൊക്കേഷൻ. പാർട്ടിയുടെ പ്രാദേശിക നേതാക്കളും കുറച്ച് അണികളും മറ്റും അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഒ സി രാവിലെ എഴുന്നേൽക്കും, ഒരു കള്ളിമുണ്ടും ബനിയനും ധരിച്ച് പ്രവർത്തകരുമായുള്ള സംസാരം നടക്കുകയാണ്. ഇതിനിടയിലാണ്  ഒരു സ്റ്റേറ്റ് കാർ നല്ല വേഗതയിൽ അവിടെക്ക് കടന്നുവന്നത്. 
അപ്രതീക്ഷിതമായി എത്തിയ സ്റ്റേറ്റ് കാർ കണ്ട് ഒ സി യുടെ ആരാധകർ അൽപ്പമൊന്ന് ശങ്കിച്ചു, ഒരു പക്ഷേ, ഉമ്മൻ ചാണ്ടിയെ സി പി എമ്മിലേക്ക് ക്ഷണിക്കാൻ ഏതെങ്കിലും സി പി എം നേതാവായ മന്ത്രിയോ മറ്റോ ആണോ കാറിലെത്തിയതെന്നുപോലും ചിലർ സംശയിച്ചു. കാർ കണ്ടപ്പോഴേ ഒ സി ക്ക് ആളെ മനസിലായി. അദ്ദേഹം മനസിൽ പറഞ്ഞു, തലമുറമാറിയ പ്രതിപക്ഷ നേതാവ്….
 
മുഖത്തൊരു പ്ലാസ്റ്റിക്ക് ചിരിയുമായി കാറിൽ നിന്നും ഇറങ്ങിയ വി ഡി സതീശനെ കണ്ട് ഒ സി ആരാധകരും ചിരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സൗമ്യമായാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്.  വി ഡി സതീശൻ ഒരു ചായ കുടിച്ചു തീരുംമുൻപ് ഒ സി വേഷം മാറിയെത്തിയിരുന്നു. പിന്നാലെ മാധ്യമ പടയെത്തുമെന്ന് അറിയാവുന്നഒ സി ഖദർ മുണ്ടും ഷർട്ടും ധരിച്ച് സതീശനുമായി സംസാരം ആരംഭിച്ചു.

സംസാരം പെട്ടെന്ന് അവസാനിച്ചു. മാധ്യമ പട ചോദിച്ചു, മഞ്ഞുരുകിയോ എന്ന്, രാവിലെ 9.30 ആയിരുന്നു. സൂര്യപ്രകാശം ശക്തം, മഞ്ഞുപെയ്യുന്നതൊക്കെ അവസാനിച്ചിരുന്നു. ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും,  പാർട്ടി ഫസ്റ്റ്…. ഗ്രൂപ്പ് രണ്ടാമതാണ് എന്നും ഒ സി പ്രഖ്യാപിച്ചു. പാർട്ടിയുണ്ടെങ്കിൽ മാത്രമേ ഗ്രൂപ്പുണ്ടാവൂ എന്ന സത്യം ഒ സിക്കറിയാം, അതറിയാത്തത് ചെന്നിത്തലയ്ക്കാണല്ലോ… . ഞായറാഴ്ച വിശുദ്ധ ദിനമാണ്, ദൈവദോഷം വരുന്നതൊന്നും പറയുകയും ചെയ്യുകയും അരുതെന്നാണ് വിശ്വാസം അതാണ് ഒ സിയുടെ രീതിയും. കോൺഗ്രസിന്റെ ചരിത്രത്തിൽ ഈ ഞായർ പുതുഞായർ എന്നറിയപ്പെടും.

കാനം എന്ന കാനനവാസിയും ആനിരാജയെന്ന അന്യദേശവാസിയും


കേരളാ പൊലീസിനെതിരെ ആഞ്ഞടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വ്യക്തിയായിരുന്നു കാനം രാജേന്ദ്രൻ. കരുളായി വനത്തിൽ മാവോയിസ്റ്റുകളെ പൊലീസ് വേട്ടയാടിയപ്പോഴും, കോഴിക്കോട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് മുദ്രകുത്തി ജയിലിൽ അടച്ചപ്പോഴും സി പി ഐ സംസ്ഥാന സെക്രട്ടറിയായ കാനം അതി ശക്തമായി പൊലീസിനെതിരെ പ്രതികരണവുമായി എത്തിയിരുന്ന കാലമുണ്ടായിരുന്നു.

ഭരണകക്ഷിയായിരിക്കെത്തന്നെ കേരളാ പൊലീസിന്റെ ക്രൂരനടപടിയിൽ പ്രതികരിച്ച് നാട്ടുകാരുടെ കയ്യടി നേടിയ കാനത്തിന് കുറച്ചുകാലമായി അതിലൊന്നും വിശ്വാസമില്ല. ജനങ്ങളുടെ കയ്യടിയിൽ വിസ്വാശമില്ലെന്ന്. മുട്ടിൽ മരം മുറി നടന്നപ്പോൾ സ്വന്തം സഖാക്കളായിരുന്നല്ലോ വനം മന്ത്രിയും റവന്യൂ മന്ത്രിയും. ഈ മന്ത്രിമാർ അറിയാതെ മരം മുറി നടക്കുമോ എന്നൊക്കെയുള്ള ചർച്ചകൾ നടക്കുമ്പോഴും കാനം മൗനത്തിലായിരുന്നു. മൗനം വിദ്ധ്വാന് ഭൂഷണം എന്നാണല്ലോ ചൊല്ല്.

മുട്ടിൽ മരം മുറി നടന്നിട്ട് മാസങ്ങളായി, കേസും പുക്കാറും, അറസ്റ്റും ഒക്കെയായി സംസ്ഥാനത്തെ ഏറ്റവും വിവാദമായി തീർന്നു മുട്ടിൽ മരം മുറി. എന്നാൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു പ്രതികരണവും തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന കഠിനമായ തീരുമാനത്തിലാണ് കാനം രാജേന്ദ്രൻ. കാനനവാസിയായി കാനം മാറി, മുനിയായി മൗനിയായി ഒക്കെ അഭിനയിച്ചു.
   

നാട്ടിൽ എന്ത് അനീതയുണ്ടായാലും അതിൽ ശക്തമായി പ്രതികരിച്ചിരുന്ന വിപ്ലസിംഹമായിരുന്നു കാനം രാജേന്ദ്രൻ. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി നിഴലിനെപോലും ഭയക്കുന്ന പൂച്ചയായി കാനം മാറിയിരിക്കുന്നു. എന്താണ് സഖാവെ പ്രതികരണമെന്ന്  ആരെങ്കിലും ചോദിച്ചാൽ കാനം തന്നെ മറുപടി പറയും. ‘അതൊക്കെ ഒന്നാം പിണറായി സർക്കാറിന്റെ കാലത്തല്ലേ എന്ന്….’

സി പി ഐ എന്ന വിപ്ലവപാർട്ടി തങ്ങളുടെ വിപ്ലവാവേശമൊക്കെ താഴേയിറക്കിവച്ച് സമരസപ്പെട്ട് കഴിയുന്ന കാര്യമൊന്നും ആനി രാജയെന്ന ദേശീയ നേതാവ് അറിഞ്ഞിരുന്നില്ല. ആനിരാജ് കണ്ണൂരിൽ നിന്നും പണ്ട് ഡൽഹിയിലേക്ക് തിരിക്കുമ്പോൾ സി പി ഐ വിപ്ലവം തിളച്ചുമറിയുന്ന പാർട്ടിയായിരുന്നുവല്ലോ.
കേരളത്തിൽ വരുമ്പോഴൊക്കെ പൊലീസിനെതിരെ ആഞ്ഞടിക്കാനും ആനി രാജ മറക്കാറില്ല.

കേരളത്തിലെ സ്ത്രീസുരക്ഷയിലും മറ്റും ഏറെ ഉത്കണ്ഠയുള്ള ദേശീയ നേതാവാണ് ആനി രാജ. കഴിഞ്ഞ ദിവസവും ആനി രാജ പൊലീസിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ പൊലീസുകാരിൽ ആർ എസ് എസ് പക്ഷക്കാരുണ്ടെന്നും അവരുടെ അജണ്ടകളാണ് പൊലീസ് സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നുമായിരുന്നു അവരുടെ ആരോപണം.

കേരളത്തിലെ പൊലീസ് സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും, പ്രത്യേക പൊലീസ് സംവിധാനം ഉണ്ടാക്കണമെന്നും  ആനി രാജയുടെ ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസ് സംവിധാനം സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു ആനി രാജാ പറഞ്ഞതിന്റെ അകം പൊരുൾ.

മൗനത്തിലായിരുന്ന കാനം ഇതുകേട്ട് പൊട്ടിത്തെറിഞ്ഞു. കേരളത്തിലേക്ക് ഇടക്കുകയറിവന്നുള്ള ഈ പ്രകടനം വേണ്ടെന്നുതന്നെ പറഞ്ഞുകളഞ്ഞു കാനം. ദേശീയ നേതൃത്വത്തിന് പരാതി നൽകാനും കാനം മറന്നില്ല,  അല്ല പിന്നേ….

കേരളത്തിലെ പൊലീസിനെ കുറിച്ചും, എക്സൈസിനെ കുറിച്ചുമൊക്കെ പറയാൻ പുരനിറഞ്ഞു നിൽക്കുന്ന കുറേ വിപ്ലവനേതാക്കൾ ഇവിടെയുണ്ടെന്നും, മേലാൽ ഇത്തരം അഭ്യാസവുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്നും, ഇനി അത്ര നിർബന്ധമാണെങ്കിൽ കേരളത്തിലെത്തുമ്പോൾ എം എൻ സ്മാരക മന്ദിരത്തിലേക്ക് വന്ന് ഇവിടെ എന്തൊക്കെ പറയണം, എന്തൊക്കെ പറയരുത് എന്നൊക്കെയുള്ള കുറിപ്പ് തയ്യാറാക്കി വച്ചിട്ടുണ്ടെന്നും അത് വാങ്ങി പഠിച്ചുവേണം വലിയ വായിൽ അഭിപ്രായം പറയാനെന്നും കാനം വ്യക്തമാക്കിയിരിക്കയാണ്.  
 
ആറ്റിങ്ങലിൽ ഒരു ഏഴുവയസുകാരിയെയും അച്ഛനെയും മോഷണകേസ് ചുമത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസും മറ്റുമാണ് ആനി രാജയെ ചൊടിപ്പിച്ചത്. അറ്റ് ലീസ്റ്റ് ഒരു വെടിവെപ്പെങ്കിലും നടത്താത്ത പൊലീസിനെ എങ്ങിനെയാണ് വിമർശിക്കുകയെന്നതായിരുന്നു കാനത്തിന്റെ ചോദ്യം. മുന്നണിയിൽ ഒരുമിച്ചു നിൽക്കുകയും അധികാരം ഒരുമിച്ച് അനുഭവിക്കുകയും ചെയ്യുമ്പോൾ ഇങ്ങിനെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് കാനം ഇപ്പോൾ പറയുന്നത്.

ലാൽ സലാം കാനം സഖാവെ…. കഴിഞ്ഞ പോയ കാലം കാറ്റിനക്കരേ…കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ….
എന്ന പാട്ടാണ് ഇപ്പോൾ ഓർമ്മയിൽ….


തെറ്റായിപ്പോയി, ആർ എസ്  പിയെ വെറുതെ നമ്മൾ വെറുതേ…സംശയിച്ചു

ആർ എസ് പി യു ഡി എഫ് വിടുമെന്നൊക്കെ വെറുതെ സംശയിച്ചു. മുന്നണിയെ ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്ന ആർ എസ് പി നേതാക്കൾക്കെതിരെ ആരാണീ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതെന്നായിരുന്നു കേരളം ചർച്ച ചെയ്തത്.

ആർ എസ് പി ഇതാ ഇടതുപക്ഷത്തേക്ക് പോവുന്നു എന്നായിരുന്നു വെള്ളിയാഴ്ച മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ പ്രചരിപ്പിച്ചിരുന്നത്. ഷിബു ബേബിജോൺ എന്ന ആർ എസ് പിയെ അതിവിപ്ലവകാരിയുടെ നേതൃത്വത്തിൽ സി പി എം നേതാക്കളുമായി ചർച്ച നടത്തിയെന്നും, ഇനി ആർ എസ് പി യു ഡി എഫ് വിട്ടാൽ മതിയെന്നുമൊക്കെയായിരുന്നു പറഞ്ഞു കേട്ടത്. 
എന്നാൽ അതൊന്നും ശരിയല്ലെന്നാണ് ശനിയാഴ്ച ചേർന്ന ആർ എസ് പിയുടെ സംസ്ഥാന സമിതി യോഗത്തിൽ നേതാക്കൾ പറയുന്നചത്. പാർട്ടി ശക്തമായി യു ഡി എഫിൽ നിൽക്കുമെന്നും, മുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് ആർ എസ് പിക്കുള്ളതെന്നുമായിരുന്നു എ എ അസീസ് പറഞ്ഞത്. അപ്പോ കോൺഗ്രസിനെതിരെ ഷിബു പ്രതിഷേധവുമായി പരസ്യമായി രംഗത്തുവന്നതോ എന്നു ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്, അത് അവരെ നേരെയാക്കാനുള്ള ചില പൊടിക്കൈ കളല്ലേ, എന്നായിരുന്നു.  
 
ആർ എസ് പിയുടെ ദേശീയ സമ്മേളനം ചർച്ച ചെയ്യാനായാണ് സംസ്ഥാന സമിതി ചേർന്നതെന്നുള്ള സൂചനയാണ് എൻ കെ പ്രേമചന്ദ്രൻ എം പി നൽകിയത്. ഈ വിപ്ലവ പാർട്ടിയെയാണല്ലോ കേരളീയർ സംശയിച്ചതെന്ന് ഓർക്കുമ്പോഴാണ്….

ഐ എൻ എല്ലിൽ വെടിനിർത്തലും; കാന്തപുരം എന്ന ക്രാന്തദർശിയും

ഐ എൻ എല്ലിൽ തല്ലു തുടങ്ങിയിട്ട് മാസം രണ്ടായി. പാർട്ടി 27 വർഷം കാത്തിരുന്നാണ് കേരളത്തിൽ ഒരു അരമന്ത്രിയെ കിട്ടിയത്. ഇതോടെ പാർട്ടിയിൽ തല്ലും തുടങ്ങി. ആദ്യമാദ്യം പരസ്യമായ തർക്കമായിരുന്നു, പിന്നീട് കയ്യാങ്കളിയായി. സർക്കാരിനെയാകെ നാണക്കേടിലാക്കിയ തല്ലും പിളർപ്പും പരിഹരിക്കാനുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്. ജന.സെക്രട്ടറിയായ കാസിം ഇരിക്കൂറും, അബ്ദുൽ വഹാബും ഇരുപക്ഷത്തായതോടെ സി പി എമ്മും വെട്ടിലായി. മന്ത്രിയെ അടക്കം പിൻവലിക്കേണ്ടിവരുമെന്ന ഭീഷണിയിലാണ് ഐ എൻ എല്ലിന്റെ ഉരുവിഭാഗങ്ങളും ഒതുങ്ങിയത്. പരസ്പരം പോരാടി ശക്തരാകാനുള്ള നീക്കം അവസാനിപ്പിച്ച് ഒന്നിക്കണമെന്ന് സി പി എം അന്ത്യശാസനം നൽകി.

മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി വിഭാഗവും എതിർ വിഭാഗവും തമ്മിൽ പ്രശ്‌നമുണ്ടാവുമ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് പാണക്കാട് തങ്ങളാണ്. തങ്ങൾ ആത്മീയ നേതാവുകൂടിയായതിനാൽ പിന്നീട് ആരും പ്രതികരിക്കില്ല. എന്നാൽ ഐ എൻ എൽ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ആത്മീയ നേതാവില്ല എന്നതാണ്. സി പി എം തന്നെയാണ് ആ പ്രശ്‌നത്തിനും പരിഹാരം നിർദ്ദേശിച്ചത്. 
 
കാന്തപുരം മുസ്ലലിയാരെ ആ ചുമതല ഏൽപ്പിക്കുക, അദ്ദേഹം ചർച്ച ചെയ്ത് കാര്യങ്ങൾ ഒരു വഴിക്കെത്തിക്കും. ഐ എൻ എല്ലിൽ ഇടനിലക്കാരനായി അങ്ങിനെ ഒരു ആത്മീയ നേതാവിനെയിറക്കി, കാന്തപുരവും മകനും ചേർന്ന് ചർച്ച നടത്തി. ഐ എൻ എൽ സംസ്ഥാന അധ്യക്ഷൻ അബ്ദുൽ വഹാബും മറുവിഭാഗം നേതാവും ജന.സെക്രട്ടറിയുമായ കാസിം ഇരിക്കൂറും ഒരുമിച്ചിരുന്നു. തെറ്റുകൾ പരസ്പരം ഏറ്റു പറഞ്ഞു, പൊരുത്തപ്പെട്ടു. കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. 
 
ഇതെല്ലാം കണ്ട് ആനന്ദകണ്ണീർ പൊഴിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിലും. എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കിയെന്നും, ഒരുമിച്ച് മുന്നോട്ട് പോവുമെന്നും ഞായറാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞതോടെ ആ എപ്പിസോഡിന് അന്ത്യമായി.

ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്താലൊന്നും രക്ഷയില്ലത്രേ…

മുട്ടിൽ മരം മുറി കേസിൽ തുടക്കം തൊട്ട് മുഖ്യമന്ത്രി പറഞ്ഞു, ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന്. ഉപ്പ് നേരിട്ട് തിന്നുന്നത് കണ്ടതുകൊണ്ടാണ് അന്നത് പറഞ്ഞിരുന്നതെന്ന് ആർക്കും അറിയുമായിരുന്നില്ല. ധർമ്മടത്തുകാരൻ ദീപക് എന്ന മാധ്യമ പ്രവർത്തകന്റെ ചില ഇടപെടലുകൾ പുറം ലോകം അറിഞ്ഞത് ഈ യടുത്തകാലത്തായിരുന്നു. 
 
കേസിൽ ചിലരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തകൻ ശ്രമിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ചിത്രം വ്യക്തമായത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു ദിപക്. ഒരു സ്വകാര്യ ചാനലിന്റെ റിപ്പോർട്ടറായ ദീപകുമായി ചേർന്നുള്ള അനധികൃത ഇടപെടലുകളുടെ രേഖകളാണ് അന്വേഷണ സംഘം സർക്കാറിന് സമർപ്പിച്ചത്.

ആഘോഷ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വീട് സന്ദർശിക്കാനും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനുമുള്ള സ്വാതന്ത്രമുള്ള മാധ്യമ സിംഹമാണ് ദീപക്. ആ സ്വാതന്ത്ര്യമാണ് മുട്ടിൽ കേസിലേക്ക് നീണ്ടതും. ഓണത്തിന് വീട്ടിൽ വന്നതും ഒരുമിച്ച് ഫോട്ടോ എടുത്തതുമൊക്കെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഫോട്ടോ എടുത്തതുകൊണ്ടു മാത്രം അന്വേഷണ പരിധിയിൽ നിന്നും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഓണത്തിന് വീട്ടിൽ വന്നപ്പോൾ ദീപക് തിന്ന ഉപ്പിന്റെ അളവ് മുഖ്യമന്ത്രിയും കണ്ടതാണ്. കുടിക്കും, കുറേയധികം വെള്ളമെന്ന് മുഖ്യമന്ത്രിക്ക് അപ്പോൾ തന്നെ ബോധ്യപ്പെട്ടതാണ്. കുടിക്കട്ടേ, വെള്ളം, ധാരാളം.


വീരവാദം വിനയായി, ബി.ജെ.പി വട്ടപൂജ്യവുമായി

വീരന്മാരാണ് ആർ എസ് എസുകാരും ബി ജെ പിക്കാരും.  എന്തിനെയും സധൈര്യം നേരിടും. അതു വൻപരാജയമായാൽ പോലും. കേരള നിയമസഭയിലേക്ക് 35 പേരെ എത്തിക്കുമെന്നായിരുന്നു ബി ജെ പി അധ്യക്ഷന്റെ പ്രഖ്യാപനം. 140 സീറ്റുകളിൽ 71 സീറ്റു കിട്ടിയാൽ മാത്രമേ സംസ്ഥാനം ഭരിക്കാനാവൂ,  എന്നാൽ  ബി ജെ പിക്ക് 35 സീറ്റുകിട്ടിയിൽ ഭരണത്തിലെത്തുമെന്ന് പ്രഖ്യാപിച്ച നേതാവാണ് കെ സുരേന്ദ്രൻ. 
 
നേമം ഗുജറാത്താണെന്നായിരുന്നു മറ്റൊരു നേതാവായ കുമ്മനം ജിയുടെ പ്രഖ്യാപനം. പാലക്കാട് മത്സരിച്ച മെട്രോമാൻ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്നും പ്രഖ്യാപനമുണ്ടായി. എന്നിട്ടോ, ഫലപ്രഖ്യാപനം വന്നപ്പോൾ നേമം എന്ന ഗുജറാത്തിൽ ചെങ്കൊടിപാറി. രണ്ട് സീറ്റിൽ മത്സരിച്ച കെ സുരേന്ദ്രനും പൊട്ടി. ആകെയുണ്ടായിരുന്ന അക്കൗണ്ടും പൂട്ടിക്കെട്ടി ബി ജെ പി സ്ഥലം വിടേണ്ട അവസ്ഥയിലുമായി. തോൽവിയുടെ കാരണം അന്വേഷിച്ച സംഘം കണ്ടെത്തിയ വിവരങ്ങൾ നാട്ടുകാർക്കെല്ലാം അറിയുന്നത് തന്നെ.

കെ എസ് ആർ ടി സിയിൽ ചെന്ന് രാപ്പാർക്കാം…

മദ്യപന്മാർക്ക് മദ്യം വാങ്ങാൻ വൃത്തിയുള്ള സ്ഥലസൗകര്യം ഉണ്ടാക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിലെ മിക്കവാറും എല്ലാ ബിവറജസ് ഔട്ട്‌ലറ്റുകളും കാലിത്തൊഴുത്തിനെക്കാൾ മോശമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ചെളിനിറഞ്ഞ് ദുർഗന്ധം വമിക്കുന്ന ഈ ഔട്ട് ലറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു എന്നത് സത്യമാണ്. ഈ ഉത്തരവിന്റെ മറപിടിച്ച് കെ എസ് ആർ ടി സിയുടെ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് മദ്യവിൽപ്പന ശാലകൾ മാറ്റാനായി സർക്കാർ ശ്രമം ആരംഭിച്ചിരിക്കയാണ്.
 

കെ എസ് ആർ ടി സി ബസ്റ്റാന്റിംൽ മദ്യശാലകൾ ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കടക്കെണിയിലായ കെ എസ് ആർ ടി സിയെ രക്ഷിക്കനാണ് ഈ തീരുമാനമെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. തീരുമാനം പിൻവലിക്കണമെന്ന് കെ സി ബി സിയും, മദ്യനിരോധന സമിതിയും, കോൺഗ്രസ് നേതാവ് വി എം സുധീരനും ആവശ്യപ്പെട്ടിട്ടുണ്ട്.

കെ എസ് ആർ ടി സി സ്റ്റാന്റിലല്ല, ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മദ്യശാലകൾ ആരംഭിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. കെ എസ് ആർ ടി സിയിൽ മദ്യശാലകൾ ആരംഭിച്ചാൽ ഗുണം ഏറെയാണ്. ആളുകൾ ബസിൽ വന്നിറങ്ങുന്നു സ്റ്റാന്റിംൽ നിന്നും സാധനം വാങ്ങുന്നു, അവിടെ എവിടെയെങ്കിലും ഇരുന്ന് രണ്ടെണ്ണം അടിക്കുന്നു, നടക്കാൻ പറ്റാതായാൽ സ്റ്റാന്റിൽ കിടക്കുന്നു. രാവിലെ കിട്ടുന്ന ബസിൽ സ്ഥലം വിടുന്നു,  ഇതിൽ പരം സൗര്യം സ്വപ്‌നങ്ങളിൽ മാത്രം. ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനമാണ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം.

വാൽകഷണം :

പാചക വാതക വില എല്ലാ രണ്ടാഴ്ചയിലും വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന ജനതയ്ക്ക് മറ്റൊരു ഇരുട്ടടിയാണ് പാചക വാതക വില വർധന.

LEAVE A REPLY

Please enter your comment!
Please enter your name here