രാജേഷ് തില്ലങ്കേരി 

ജീവിതത്തിൽ രേഖപ്പെടുത്തുന്ന ദൈവത്തിന്റെ ചിലവിരലടയാളങ്ങളെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. പൊതുപ്രവർത്തന രംഗത്ത് സഹപ്രവർത്തകനായിരുന്ന ഒരാൾ, കാലം അയാളെ കാലയവനികകളിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ ജീവിതസ്വപ്നങ്ങൾ മൂടിവെക്കേണ്ടിവന്ന ഒരു സ്ത്രീ. അവരുടെ ജീവത്തിലേക്ക് ദൈവത്തിന്റെ സന്ദേശവുമായി കടന്നുവന്ന ഒരു സഹപ്രവർത്തക, അവരുടെയൊക്കെ  കഥയാണ് ഇവിടെ പറയുന്നത്.

 
കാലം ചില ചുമതലകൾ ചിലരെ ഏൽപ്പിക്കും, അത് ദൈവത്തിന്റെ ചില പദ്ധതികളാണ്. ചരിത്രപരമായ ചിലദൗത്യങ്ങൾ ഏറ്റെടുത്തുനടത്തുകയെന്നത് മഹത്തായൊരു കടമയുമാണ്. അങ്ങിനെയൊരു കർമ്മമായിരുന്നു മഹിളാ കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ ജോണിന്റേത്.

വൈപ്പിൻ ഞാറയ്ക്കൽ മരോട്ടിയാൻ വീട്ടിൽ ശ്രീകലയുടെ ജീവിതയാത്രയിലാണ് താങ്ങായി സിമി റോസ്  എന്ന പൊതുപ്രവർത്തക എത്തിയത്.വൈപ്പിൻ ഞാറയ്ക്കൽ മരോട്ടിയാൻ വീട്ടിൽ ശ്രീകലയുടെ ജീവിതയാത്രയിലാണ് താങ്ങായി സിമി റോസ് ബെൽ ജോൺ  എന്ന പൊതുപ്രവർത്തക എത്തിയത്. മുൻ പി.എസ് സി ബോർഡ് അംഗം കൂടിയായ സിമി യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രെട്ടറി കൂടിയായിരുന്നു. മലയാള മനോരമയിലെ സീനിയർ റിപ്പോർട്ടർ ആയിരുന്ന പരേതനായ സാജൻ എബ്രഹാം ആയിരുന്നു ഭർത്താവ്. 

അകാലത്തിൽ ലോകത്തോടു വിടപറയേണ്ടിവന്ന സഹപ്രവർത്തകന്റെ സഹോദരിയെ വൈകിയാണെങ്കിലും മംഗല്യഭാഗ്യമൊരുക്കി, ദാമ്പത്യജീവിതത്തിലേക്ക് കൈപിടിച്ചെത്തിക്കുകയെന്ന മഹത് കർമ്മമാണ് സിമി നിർവ്വഹിച്ചത്. വിവാഹാവശ്യത്തിനായി വേണ്ടുന്ന വസ്ത്രങ്ങളും അണിയാനുള്ള ആഭരണങ്ങളും വരെ സിമിയാണ് വാങ്ങി നൽകിയത്. എന്തിനേറെ കല്യാണ പന്തൽ വരെ ഒരുക്കിയും സദ്യ ഒരുക്കിയുമാണ് സിമി ഈ വിവാഹത്തിനൊപ്പം നിന്നത്.  ഒപ്പം ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിയായ ഏക മകൻ സിബൽ ജോൺ സാജന്റെ ഊറ്റമായ പിന്തുണ ഈവലിയ പുണ്യ കർമ്മം പൂർത്തീകരിക്കാൻ സിമിക്കൊപ്പം ഉണ്ടായിരുന്നു.  വിവാഹ ഒരുക്കങ്ങൾക്കായി സ്വന്തം വീട്ടുകാരനെ പോലെ ഓടി നടന്ന്എല്ലാ സഹായ ഹസ്തവുമായി സിബിൽ ജോൺ എപ്പോഴും അമ്മയുടെ കൂടെയുണ്ടായിരുന്നു.

മോഹൻ ഷാജി ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നാട്ടിൽ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായി  പൊതുപ്രവർത്തന മണ്ഡലത്തിൽ ശോഭിച്ച് നിൽക്കെയാണ് ഹൃദയസംബന്ധമായ രോഗംബാധിച്ച് മോഹൻ ഷാജി വിടപറയുന്നത്. ആ കുടുംബത്തിനേറ്റ ആഘാതമായിരുന്നു അകാലത്തിലുള്ള മോഹൻ ഷാജിയുടെ മരണം.

കിടപ്പ് രോഗിയായ അമ്മയുടെയും മറ്റുകുടുംബാംഗങ്ങളെയും സംരക്ഷിക്കാനായി ഞാറയ്ക്കലിലെ വീടിനോടുത്ത് ഒരു പെട്ടിക്കടയിട്ടായിരുന്നു ശ്രീകല ഉപജീവനം കഴിച്ചിരുന്നത്. അവിവാഹിതയായികഴിഞ്ഞിരുന്ന സഹോദരി ശ്രീലകയുടെ വിവാഹമായിരുന്നു മോഹൻ ഷാജിയുടെ ഏറ്റവും വലിയ മോഹം. ആ മോഹത്തിന്റെ സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം മരോട്ടിയാൻ വീട്ടിൽ നടന്നത്.

ഞാറയ്ക്കലിലെ വീട്ടിൽ നടന്ന ഹൃദ്യമായ ചടങ്ങ്. ആ ചടങ്ങിൽ ഹൃദയം നിറയെ ആശംസയുമായി ഒട്ടേറെ പ്രമുഖരും എത്തിയിരുന്നു. വധുവിനുള്ള മനസുനിറഞ്ഞുള്ള ആശംസയുമായാണ് എം കെ സാനുമാഷും മറ്റു പ്രമുഖരും ചടങ്ങിലെത്തിയത്. സിമ്മി റോസ്ബെൽ  ഹൃദയത്തോട്  ചേർത്ത് നൽകിയ  സ്വർണഭരണങ്ങൾ  പ്രൊഫസർ  എം. കെ സാനു  വധു  ശ്രീകലയുടെ  കഴുത്തിൽ അണിയിച്ചു. വരൻ ബിജു വർഗീസ് സാനു മാഷിന്റെ കാൽ തൊട്ടുഅനുഗ്രഹം വാങ്ങിയപ്പോൾ അദ്ദേഹം അവർക്ക് പിതൃ തുല്യനായി മാറിയ അപൂർവ കാഴ്ചയും ഞാറക്കൽ  എന്ന ഗ്രാമത്തിനു അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും ധന്യമുഹൂർത്തമാണ് സമ്മാനിച്ചത്. ഒപ്പം സിമ്മി റോസ്ബെൽ  ജോണിന്റെയും മകൻ സിബൽ ജോൺ സാജന്റെയും ജീവിതത്തിലെ ദൈവാനുഗ്രഹങ്ങളുടെ മറ്റൊരു ധന്യമുഹൂർത്തങ്ങൾക്കും അത് സാക്ഷ്യമായി മാറി.


ശ്രീകലയെ ജീവതയാത്രയിൽ ഒപ്പം കൂട്ടിയത് നാട്ടുകാരൻ കൂടിയായ ബിജുവർഗീസാണ്. ഒരു പക്ഷേ, സഹായസഹസ്തമില്ലായിരുന്നുവെങ്കിൽ ജീവിതയാത്രയിൽ തനിച്ചായിപ്പോവുമായിരുന്ന ശ്രീകലയെ സ്വന്തം സഹോദരിയെപ്പോലെയാണ് കതിർമണ്ഡപത്തിൽ സിമി കൈപിടിച്ചിരുത്തിയത്. 

ശ്രീകലയ്ക്ക് ഒരു ജീവിത പങ്കാളിയെ തേടുന്നുവെന്ന വിവരം അറിഞ്ഞ ബിജു വർഗീസ് വിവാഹാലോചനയുമായി എത്തിയപ്പോഴാണ് അറിയുന്നത്. ഇവർ തമ്മിൽ 10 വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന്. ശ്രീകലയുടെ വീട്ടിലെ പ്രശ്നങ്ങൾ മനസിലാക്കിയ ഇരുവരും ഒരുമിച്ചു ജീവിക്കാനുള്ള മോഹം മനസ്സിൽ അടക്കി പിടിച്ച് ഇക്കാലമത്രയും കഴിയുമ്പോഴാണ് അകാലത്തിൽ പൊലിഞ്ഞുപോയ സഹോദരന്റെ സഹപ്രവർത്തകയായിരുന്നു  സിമി റോസ് ബെൽ ജോൺ എന്ന മഹിളാ കോൺഗ്രസ് നേതാവും കാരുണ്യപ്രവർത്തകയുമായ ദൈവത്തിന്റെ കൈയ്യൊപ്പുമായി എത്തുന്നത്.



” ഞാൻ യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ മോഹൻ ഷാജി ദലിത് കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു മോശം കാലാവസ്ഥയിൽ നിന്നും വരുന്നതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഡോ തോമസ് ഐസക്കിനെതിരെ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാലത്താണ് മോഹൻ ഷാജിയുടെ വീട് ആദ്യമായി കാണുന്നത്.


ഞാറയ്ക്കലിൽ ഇങ്ങനെയും ഒരു വീടോ എന്ന് ഞാൻ മനസിൽ പറഞ്ഞു.  ഞാറയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ എസ് സി , എസ് ടി പ്രമോട്ടറായിരുന്നു ശ്രീകല.  ദലിത് കോൺഗ്രസിന്റെ നേതാവായിരുന്ന മോഹൻ ഷാജിയുടെ സദോഹരിയായ ശ്രികലയ്ക്ക്   ഒരു ജോലി കിട്ടേണ്ടതായിരുന്നു. അതിനായി ഞങ്ങൾ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിനെ കാണുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.  എന്നാൽ ആ ജോലി കിട്ടിയില്ല, ശിവകുമാറിന് അത് ചെയ്യാമായിരുന്നു, എന്തോ അതുണ്ടായില്ല.  മോഹൻ ഷാജിക്ക് അതിൽ വലിയ വിഷമമുണ്ടായിരുന്നു. പിന്നീട് മോഹൻ ഷാജിയും അകാലത്തിൽ വിടപറഞ്ഞു… ഇതോടെയാണ് അവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചത്….”- സിമി റോസ് പറയുന്നു….

ചടങ്ങിന് സാക്ഷിയാവാൻ ജീവതത്തിന്റെ നാനാതുറകളിൽ പെട്ട ഒട്ടേറെ പേർ എത്തിയതോടെ ഈ വിവാഹദിനം ഏറെ സമ്പന്നമായി. വൈപ്പിൻ എം.എൽ.എ കെ. എൻ. ഉണ്ണികൃഷ്ണൻ, എറണാകുളം എം.എൽ.എ ടി. ജെ. വിനോദ്, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് എന്നിവർ വീശിഷ്ടാഥിതികളായി  ചടങ്ങിന്  എത്തിയപ്പോൾ വിവാഹം നാടിന്റെ പ്രൗഢഗംഭീരമായ ഒരു ഉത്സവമായി മാറി.

ശ്രീകലയുടെയും ബിജു വർഗീസിന്റെയും വിവാഹത്തിലും അവസാനിച്ചില്ല സിമിയുടെ ദൗത്യം. വധുവരന്മാർക്കും തളർന്നു കിടക്കുന്ന ശ്രീകലയുടെ അമ്മയ്ക്കും ബിജുവിന്റെ മാതാപിതാക്കൾക്കും  തല ചായ്ക്കാൻ സ്വന്തമായി ഒരു ഭവനം എന്ന മറ്റൊരു ദൗത്യത്തിനും സിമി എന്ന കാരുണ്യ പ്രവർത്തകയായ കോൺഗ്രസ് നേതാവ് തുടക്കം കുറിച്ചുകഴിഞ്ഞു. 

അമേരിക്കയിലെ പ്രമുഖ കാരുണ്യ പ്രവർത്തകനും ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പിള്ളിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചുകൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. സിമിയുടെ ഉറ്റ സുഹൃത്തുക്കളായ പോൾ കറുകപ്പള്ളിയോടും ലത പോളിനോടും ഇക്കാര്യത്തിനായി സഹായം അഭ്യർത്ഥിച്ചപ്പോൾ യാതൊരു മടിയും കൂടതെ സഹായ ഹസ്തം നീട്ടുകയായിരുന്നുവെന്ന് സിമി നന്ദിയോടെ സ്മരിക്കുന്നു. ഈ തുക പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരിക്കും അവർക്കു കൈമാറുക. ഇവർക്കൊരു ഭവനം എന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ കൂടുതൽ സുമനസുകളിൽ നിന്ന് സഹായം അഭ്യർത്ഥിക്കുകയാണ് സിമി റോസ് ബെൽ ജോൺ എന്ന സാമൂഹ്യപ്രവർത്തകയായ രാഷ്ട്രീയക്കാരി.


ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങൾ സമ്മാനിച്ച സിമി റോസ്‌ബെൽ ജോൺ, എന്ന പൊതുപ്രവർത്തകയ്ക്കാവട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ.  

LEAVE A REPLY

Please enter your comment!
Please enter your name here