രാജേഷ് തില്ലങ്കേരി 

 

നർക്കോട്ടിക്ക് ജിഹാദാണ് കേരളത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പുതിയ വിഷയം. പാലാ ബിഷപ്പാണ് ഈ പുതിയ സംഭവം കണ്ടെത്തിയത്. ലൗ ജിഹാദ് പോലെ അപകടം പിടിച്ചമറ്റൊരു നീക്കം മയക്കുമരുന്നിന്റെ വ്യാപനത്തിനു പിന്നിൽ നടക്കുന്നുണ്ടെന്നാണ് പാലാബിഷപ്പ് പറഞ്ഞത്.
ബിഷപ്പിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും, അത് തിരുത്തപ്പെടേണ്ടതാണെന്നുമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളും പറയുന്നത്. കോൺഗ്രസും സി പി എമ്മും പാലാ ബിഷപ്പിനെ തള്ളി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ഭാഷയിൽ തന്നെ നർക്കോട്ടിക്ക് ജിഹാദിനെ തള്ളിപ്പറഞ്ഞു.

 
ബിഷപ്പിനെ തള്ളി ഇടത് നേതാക്കൾ രംഗത്തെത്തിയപ്പോൾ വെട്ടിലായത് കേരളാ കോൺഗ്രസ് എമ്മാണ് വെട്ടിലായത്. പാലാ എം എൽ എ മാണി സി കാപ്പൻ ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ ജോസ് കെ മാണിക്ക് മൗനം വെടിയേണ്ടിവന്നു. ആകെ ധർമ്മ സങ്കടത്തിലായ  ഒടുവിൽ ജോസ് മോനും ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തി.  ഇടതുമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തേണ്ടിവന്നിരിക്കയാണ്  ജോസ് കെ മാണിക്ക്.


മുസ്ലിംസംഘടനകൾ കൂട്ടത്തോടെ  ബിഷപ്പിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കയാണ്.  സമസ്തയുടെ മുഖപത്രം മുഖപ്രസംഗം എഴുതി. ബിഷപ്പിനെ അനുകൂലിച്ച് ദീപിക ദിനപത്രവും മുഖപ്രസംഗം എഴുതി. ഇതോടെ വിവാദം കൂടുതൽ വളരുകയാണ്. വിവാദങ്ങൾ ഊതിവളർത്തി, ക്രിസ്റ്റിയൻ ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമങ്ങളിലായിരുന്ന ബി ജെ പിക്ക് ഇത് നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്.

ബിഷപ്പിനെ വളഞ്ഞിട്ട് അക്രമിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതിനകം പ്രഖ്യാപിച്ചിരിക്കയാണ്. സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും മുതലക്കണ്ണീരുമായി രംഗത്ത് എത്തിയതോടെ വിഷയത്തിന് രാഷ്ട്രീയ മുഖവും വന്നുകഴിഞ്ഞു. പള്ളിത്തർക്കത്തിലും മറ്റും ഇടപെട്ട് വിവിധ ക്രിസ്റ്റ്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ നേരത്തെ ബി ജെ പി നേതാക്കൾ ശ്രമം നടത്തിയിരുന്നു. നർക്കോട്ടിക് ജിഹാദ് ആരോപണത്തിൽ കേന്ദ്ര അഭ്യന്തര വകുപ്പിനെയിറക്കി കുളം കലക്കി മീൻ പിടിക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. കണ്ടുതന്നെ അറിയണം എന്തൊക്കെ പുകിലാണ് വരാനിരിക്കുന്നതെന്ന്.


ജാഗ്രത വേണം കെ ടീ…. കാടടച്ച് വെടിവച്ചാൽ ചാവുന്നത് നമ്മളായിരിക്കും….


‘കെ ടി ജലീൽ നല്ലവനായ ഇടത് സഹയാത്രികനാണ്, ഇന്നും,  എന്നും അങ്ങിനെത്തന്നെയായിരിക്കും….മറിച്ചുള്ള പ്രചാരണങ്ങളൊന്നും ശരിയല്ല ‘ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിവിജയൻ നടത്തിയ വെളിപ്പെടുത്തലായിരുന്നു മേൽപ്പറഞ്ഞത്. അപ്പോ, കെ ടി ജലീൽ സി പി എം അല്ലേ ? വെറും സഹയാത്രികൻ മാത്രമോ…. വെറും സഹയാത്രികൻ മാത്രമായ കെ ടി ജലീൽ അപ്പോപിന്നെ എങ്ങിനെയാണ് ഇത്രേം വലിയ നേതാവായത്  ?  അപ്പോ ഈ ചങ്ങായി എന്താ പാർട്ടീൽ ചേരാതിരുന്നത് ?
 അങ്ങിനെ പാർട്ടിയിൽ ചേർന്നാൽ മലപ്പുറത്തു ജലീലിനെ കാട്ടി ലീഗിൽ കലാപ മുണ്ടാക്കാൻ പറ്റ്വോ….?

ഹാ… ശര്യാണല്ലോ….

പി കെ കുഞ്ഞാലിക്കുട്ടിയെ തോണ്ടിയപ്പോ പെട്ടെന്ന് പിണറായിയും സംഘവും ജലീലിനെ തള്ളിയതോ….?
അത് കുഞ്ഞാലിക്കുട്ടിയോടുള്ള സ്‌നേഹമൊന്നുമല്ല, ഏ ആർ നഗർ ബാങ്കിൽ ഇ ഡി യെത്തിയാൽ കേന്ദ്രം കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും കയറി നിരങ്ങും, പാർട്ടിയുടെ നട്ടെല്ലായ സഹകരണ സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള പലതരം ഇടപാടും പുറത്തുവരും, കേന്ദ്രസർക്കാർ സഹകരണ മേഖലയിൽ കൈ വെക്കാനായി ചില നീക്കങ്ങൾ ആരംഭിച്ചത് ജലീൽ മന്ത്രിയല്ലാത്തതിനാൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. എലിയെ ചുടാനായി ഇല്ലം ചുടുന്ന പരിപാടിക്ക് എന്തായാലും സി പി എം നിന്നുകൊടുക്കില്ല.

അപ്പോ ഈ ജലീൽ പാർട്ടി സൂക്തങ്ങളൊന്നും പഠിച്ചിട്ടില്ലേ…?


കെ ടി ജലീൽ ഇടത് സഹയാത്രികനായിട്ട് വർഷം പതിനാലായി. കൃത്യമായി പറഞ്ഞാൽ 2006 ൽ കുഞ്ഞാപ്പയെ തകർത്ത് തരിപ്പണമാക്കിയാണ് ജലീൽ തന്റെ കരുത്ത് കാട്ടിയത്. ഇടത് സ്വതന്ത്രനായാണ് ജലീൽ അന്നും ഇന്നും നിലകൊള്ളുന്നത്. പാർട്ടിയിൽ ചേർന്നിരുന്നുവെങ്കിൽ പാർട്ടി സൂക്തങ്ങൾ പഠിക്കണം, പാർട്ടിയുടെ ചൊൽപ്പടിയിൽ നിൽക്കണം. രണ്ട് വട്ടം മത്സരിച്ചുകഴിഞ്ഞാൽ മത്സര രംഗത്തുനിന്നും മാറി നിൽക്കണം.

എന്നാൽ ഇതൊന്നും പിന്തുടരേണ്ടതില്ലല്ലോ ഇടത് സഹയാത്രികനായാൽ. പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും, എന്നാൽ പാർട്ടിയെ അനുസരിക്കേണ്ടതില്ല, പ്രസ്താവന നടത്തുമ്പോൾ പാർട്ടി സെക്രട്ടറിയോട് ചോദിക്കേണ്ട, ഹോ…! എന്തൊരു സൗഭാഗ്യം എന്നൊക്കെ നമ്മൾ ആലോചിച്ചുപോവും. കഴിഞ്ഞ പതിനാല് വർഷമായി സി പി എമ്മിന്റെ കൂടെയുണ്ടായിട്ടും ഈ കെ ടി ജലീൽ എന്തുകൊണ്ടാണ് പാർട്ടി അംഗമാവാതിരുന്നതെന്ന് ഇന്നേവരെ ഒരു സഖാവും സംശയം പ്രടിപ്പിച്ചിട്ടില്ലത്രേ… പാർട്ടി സീറ്റു നൽകും, തവനൂരിൽ ജയിക്കും, ഇതാണ് കെ ടി ജലീലിന്റെ അവസ്ഥ.

ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു ജലീൽ, ആദ്യം തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. അവിടെ ചില അലമ്പുകൾ ഉണ്ടായതോടെയാണ് ഇല്ലാത്ത വകുപ്പുണ്ടാക്കി  ഉന്നത വിദ്യാഭ്യാസമുള്ള ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ തൽകി ആദരിച്ചത്. ന്യൂനപക്ഷത്തിനു വേണ്ടിയാണല്ലോ ജലീലിന്റെ പിന്നീടുണ്ടായ പോരാട്ടമെല്ലാം. മാർക്ക് ദാനം, ഖുറാൻ കടത്തൽ,  ന്യൂനപക്ഷപിന്നോക്ക സമുദായങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തൽ തുടങ്ങി നിരവധി റോളുകളായിരുന്നു ജനാബ് ജലീലിന്.  
ബന്ധുനിയമന വിവാദത്തിൽ അവസാന ഘട്ടത്തിൽ മന്ത്രിസ്ഥാനം രാജിവച്ചൊഴിയേണ്ടിവന്നെങ്കിലും വിവാദങ്ങളിലെല്ലാം അകപ്പെട്ടിട്ടും പാർട്ടിയുടെ കട്ടസപ്പോർട്ടായിരുന്നു.

സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകനായിരുന്നു ജലീൽ. പിന്നീട് യൂത്ത് ലീഗിന്റെ അമരത്താണ് ജലീലിനെ കാണുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറിയായായി. നേതൃത്വവുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായി. അങ്ങിനെയാണ് കുഞ്ഞാപ്പയെ നേരിടാനായി കുറ്റിപ്പുറത്ത് എത്തുന്നത്. കുഞ്ഞാപ്പ ആകെ  തകിടം മറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. ഇതോടെ കുറ്റിപ്പുറം മണ്ഡലം പോലും ഇല്ലാതായി എന്ന മറ്റൊരു ചരിത്രം.

കെ ടി ജലീലിനെ കൂടെ നിർത്തിയത് കുഞ്ഞാലിക്കുട്ടിയെ നേരിടാനാണെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. എന്നാൽ കുഞ്ഞിലിക്കുട്ടിയും പിണറായിയും തമ്മിലുള്ള അടവു നയമൊന്നും എളാപ്പ അത്രയങ്ങ് സീരിയസായി എടുത്തിരുന്നില്ലെന്ന് വേണം കരുതാൻ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചില്ലറ പൊല്ലാപ്പൊന്നുമല്ലലല്ലോ ഈ ജലീൽ മൂപ്പരുമായി ഉണ്ടായത്. ഇ ഡി, എൻ ഐ എ, കസ്റ്റംസ് തുടങ്ങിയ വലിയവലിയ മൂപ്പിലാന്മാർ മാറി മാറി ചോദ്യം ചെയ്ത വ്യക്തിയായിരുന്നു കെ ടി ജലീൽ.

തലയിൽ തുണിയിട്ടായിരുന്നു അന്നൊക്കെ ജലീൽ സാഹിബിന്റെ യാത്രകൾ, എത്രപെട്ടെന്നാണ് എല്ലാം മറന്നതെന്ന് പറഞ്ഞത് മാറ്റാരുമല്ല, സാക്ഷാൽ പിണറായി വിജയൻ… മുഖ്യമന്ത്രി തന്നെ…. മുഖ്യമന്ത്രി ജലീലിനെ താക്കീത് ചെയ്തിട്ടുണ്ട്. ” പി കെ കുഞ്ഞാലിക്കുട്ടിയെ ഇല്ലാതാക്കാൻ ചിലപ്പോൾ പറ്റുമായിരിക്കും, എന്നാൽ സഹകരണ മേഖലയിലേക്ക് അപകടം വിളിച്ചുവരുത്തരുത്….” ഇതോടെ കെ ടി ജലീലിന് കാര്യങ്ങൾ മനസിലായി.


രാജമെലിഞ്ഞാൽ കാനത്തിന്റെ തൊഴുത്തിൽ കെട്ടാനാവുമോ ?


കാനം രാജേന്ദ്രൻ എന്ന വിപ്ലവകാരിയുടെ ചങ്കുറപ്പിന് എന്തോ….ഒരു കുറവുണ്ടായിരിക്കുന്നുവെന്നും, കാനത്തിന് കുറച്ചുകാലമായി പഴയൊരു ആവേശമില്ലെന്നുമൊക്കെ പറഞ്ഞത് വെറുതേയാണെന്ന് തിരിച്ചറിഞ്ഞ ദിനമായിരുന്നു ഇന്നലെ. ഡി രാജയെന്ന സി പി ഐയുടെ ദേശീയ സെക്രട്ടറിയെ വിറപ്പിച്ചു നിർത്തിയിരിക്കയാണ് കാനം. കേരളത്തിലെ സർക്കാരിനെയും പൊലീസിനെയും ഒക്കെ വിമർശിച്ചുള്ള ആ പരിപാടിയുണ്ടല്ലോ, അതൊന്നും ഇവിടെ വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞിരിക്കയാണ് കാനം. ഒരു സംസ്ഥാന സെക്രട്ടറിക്ക് പാർട്ടിയുടെ സമുന്നത പദവിയിലിരിക്കുന്ന നേതാവിനെ പരസ്യമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്നൊരു സംശയം നിങ്ങൾക്കും ഉണ്ടായേക്കാം, മുഖ്യമന്ത്രി പിണറായിയുടെ ഭാഷ കടമെടുത്താൽ, അത് സ്വാഭാവികം……എന്നാൽ എസ് എ ഡാങ്കെയെ വരെ വിമർശിച്ചിട്ടുള്ള പാരമ്പര്യമുള്ള പാർട്ടിയാണ് സി പി ഐ . ഹും….പിന്നല്ലേ….ഈ രാജ… കേരളത്തിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് അത്യാവശ്യം ചെലവുനടന്നുപോവുന്ന സി പി ഐ ദേശീയ സെക്രട്ടറിയെ നിലയ്ക്ക് നിർത്താൻ തന്നെയാണ് വിപ്ലവ സിംഹം കാനം രാജേന്ദ്രന്റെ തീരുമാനം.  

ഇത് ഏത് ഡി രാജയല്ലേ, ബല്ലാരിരാജയോമറ്റുമൊന്നുമല്ലല്ലോ എന്നാണ് രാജേന്ദ്രൻ സഖാവിന്റെ ചോദ്യം. 
രാജയായാലും രാജാവായാലും പാർട്ടി സൂക്തം വ്യക്തമായി പഠിച്ചിട്ടുവേണം അഭിപ്രായം പറയാനെന്ന താക്കീതും രാജയ്ക്ക് കൊടുത്തിരിക്കയാണ്. ഇതൊക്കെ കേട്ട്  പാവം സാധാരണ സി പി ഐക്കാർക്കൊരു വെപ്രാളം മാത്രമേയുള്ളൂ, നാളെ കാനം സഖാവ് സംസ്ഥാന സി പി ഐ കമ്മിറ്റി പിരിച്ചുവിട്ട് സി പി എമ്മിൽ ചേർന്നതായി പ്രഖ്യാപിച്ചുകളയുമോ എന്ന ഉൾഭയംമാത്രം. കേരളത്തിലെ പൊലീസിനെയെന്നല്ല എന്ത് വിഷയത്തിലും സംസാരിക്കാൻ ഞാനിവിടെയുണ്ട്… ദേശീയ നേതാക്കൾ വരുമ്പോൾ ഇവിടെ എന്ത് വ്യാപാരമാണ് നടക്കുന്നതെന്ന് വ്യക്തമായി അന്വേഷിച്ചുവേണം അഭിപ്രായം പറയാനെന്ന് കാനം നേരത്തെ വ്യക്തമാക്കിയതാണ്. 
 
സംഭവത്തിൽ ആനിയെ തിരുത്തണമെന്ന കാനത്തിന്റെ പരാതി സഖാവ് ബനോയ് വിശ്വമെന്ന അതിവിപ്ലവകാരിയുടെ കയ്യിലാണ് ഡൽഹിയിലേക്ക് കൊടുത്തുവിട്ടത്. എന്നാൽ കേരളത്തിലെ പൊലീസിനെയും യു പിയിലെ പൊലീസിനെയും തെറ്റു കണ്ടാൽ വിമർശിക്കുമെന്നായിരുന്നു രാജയുടെ പ്രതികരണം.   സ്വന്തം ഭാര്യയായതിനാൽ പാർട്ടി സൂക്തം വിഴുങ്ങി തെറ്റുകാരിയെ സംരക്ഷിക്കാനായി ഇറങ്ങിത്തിരിച്ച ഡി രാജയ്ക്ക്  കാനം നല്ല ചുട്ട മറുപടികൊടുത്തെന്ന വാർത്ത ഓരോ സി പി ഐ വിപ്ലവകാരിയെയും രോമാഞ്ചംകൊള്ളിക്കുന്നതായിരുന്നു. ദേശീയ നേതാക്കൾ ദേശീയമായ കാര്യങ്ങളിൽ അഭിപ്രായം പറയുക, ദേശീയ തലത്തിൽ ശക്തിപ്പെടാൻ ശ്രമിക്കുക തുടങ്ങിയ കലാപരിപാടിയാണ് നടത്തേണ്ടതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കയാണ് സഖാവ് കാനം.

പാവം രാജ, ഈ കാനത്തിന്റെ വഴക്ക് കേട്ട് എന്തെങ്കിലും കടുകൈ ചെയ്തുകളയുമോ എന്ന ഭയം നമുക്കില്ലാതില്ല…. ഈ വിഷമത്തിൽ ആസ്വാശവാക്ക് ആരുപറയും. കാനത്തിന്റെ ദൂതുമായി അങ്ങ് ദില്ലിയിലേക്ക് പോവുന്ന പാവം ബിനോയ് വിശ്വം ആ വിപ്ലവകാരിയെ ആശ്വസിപ്പിക്കുമോ ആവോ…  


ഡി രാജയല്ല ബെല്ലാരി രാജയായാലും ശരി,  പാർട്ടി നിലപാടാണ് രാജ പാലിക്കേണ്ടതെന്ന് ഒരു വിപ്ലവകാരിയുടെ ചങ്കുറപ്പോടെ പ്രഖ്യാപിച്ചിരിക്കയാണ് കാനം രാജേന്ദ്രൻ. കേരളത്തിലെ പൊലീസിനെ വിമർശിക്കാൻ ഇനിയാരും ഇതുവഴി വരേണ്ടെന്നും കാനം വ്യക്തമാക്കിയിരിക്കയാണ്.

ആനി രാജ മലയാളിയായതിനാൽ അവർ നാട്ടിൽ വരുമ്പോഴൊക്കെ ഇങ്ങനെ സർക്കാരിനിട്ട് ഓരോ തട്ടു നൽകിയങ്ങ് പോവും. ഇനി ആ പരിപാടി ഇവിടെ നടക്കില്ലെന്നാണ് കാനം സംസ്ഥാന സമിതിയോഗത്തിൽ വ്യക്തമാക്കിയത്.

സി പി ഐയുടെ ദേശീയ സെക്രട്ടറിയാണ് രാജ, രാജയുടെയും ആനിയുടെയും അഭിപ്രായ പ്രകടനങ്ങൾ അവിടെ ഡൽഹിയിൽ മതിയെന്നാണ് കാനത്തിന്റെ താക്കീത്. പാവം സി പി ഐയുടെ ദേശീയ നേതാക്കൾ. ഈ സി പി ഐ എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളോട് എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് വൃത്തിയായി അച്ചടിച്ചുവരുന്ന ഏക സംസ്ഥാനമാണ് കേരളം , ഭരണത്തിലിരിക്കുമ്പോൾ തന്നെ സ്വന്തം സർക്കാരിനെ കാനവും വിമർശിച്ചിരുന്നുവല്ലോ, അപ്പോൾ പൊലീസിനെകുറിച്ചുള്ള പൊതു പരാതിയിൽ അഭിപ്രായം പറഞ്ഞപ്പോൾ ഒന്ന് ആവേശം കൊണ്ടുപോയി എന്നൊരു തെറ്റുമാത്രമാണ് ആനി സഖാവിനുണ്ടായത്. അതാണിപ്പോൾ ദേശീയ തലത്തിൽ തന്നെ വലിയ പൊല്ലാപ്പായി മാറിയിരിക്കുന്നത്.

രാജ ബെല്ലാരി രാജയാണോ, അതോ രാജമാണിക്യമാണോ എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളത്തിലെ കാനം ആരാധകർ. മുട്ടിൽ മരങ്ങൾ വെട്ടി മാറ്റിയ ആ കോടാലി അവിടെതന്നെ സൂക്ഷിച്ചിട്ടുണ്ടെന്നായിരിക്കും ഇനി രാജയോട് കാനം പറയുന്ന അവസാന മറുപടിയെന്നാണ് പൊതുവേയുള്ള ജന സംസാരം.

വിപ്ലവം ജയിക്കട്ടേ, വലതുപക്ഷ കമ്യൂണിസ്റ്റുപാർട്ടി തട്ടുകേടൊന്നുമില്ലാതെ  നീണാൾ വാഴട്ടേ… രക്തസാക്ഷികൾ സിദ്ദാബാദ്…


ഹരിത വീണ്ടും ഹരിതാഭമാകുന്നു 

എം എസ് എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ  പ്രഖ്യാപിച്ചിരിക്കയാണ് ലീഗ് നേതൃത്വം. . പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡൻറ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി ലീഗ് നേതൃത്വം പിരിച്ചു വിട്ടിരുന്നു.
നവാസിനെതിരെയുണ്ടായ ലൈംഗിക ആരോപണവും, വനിതാ കമ്മീഷനുനൽകിയ പരാതിയുമാണ് ലീഗിനെ ഞെട്ടിച്ചത്.



 പുതിയ കമ്മിറ്റിയെ ഇപ്പോൾ പ്രഖ്യാപിച്ചതും ലീഗ് സംസ്ഥാന നേതൃത്വം തന്നെയാണ്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡൻറ് ആയിഷ ബാനു. ജനറൽ സെക്രട്ടറിയായ റുമൈസ റഫീഖ് നേരത്തെ കണ്ണൂർ ജില്ലാ പ്രസിഡൻറും ട്രഷററായ നയന സുരേഷ്  മലപ്പുറം ജില്ലാ ഭാരവാഹിയും ആയിരുന്നു. ഹരിത വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ ഭാരവാഹികൾക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിൻറെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കൾ പറഞ്ഞത്.

എന്നാൽ പാർട്ടിക്ക് കിട്ടിയ പരാതിയിൽ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻറെ പൊതുവികാരം. സമവായ ചർച്ചകളെത്തുടർന്ന് നവാസും കബീർ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കൾ. നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത. ഇതിന് പിന്നാലെ ഹരിത നേതാക്കൾ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.
ഇനി ഹരിത പച്ചപിടിച്ച് മുന്നോട്ടു പോവാം.





കണ്ണൂർ സർവ്വകലാശാലയിലെ വിവാദങ്ങൾ


കണ്ണൂർ സർവ്വകലാശാലയിൽ പി ജി വിദ്യാർത്ഥികൾ സവർക്കറെ പഠിക്കേണ്ടതുണ്ടോ എന്നാണ് തർക്കവിഷയം.
ആർ എസ് എസിന്റെ ഹിന്ദുത്വ അജണ്ട സർവ്വകലാശാലയിൽ പഠിപ്പിക്കേണ്ടെന്നാണ് കെ എസ് യുവിന്റെയും എ ഐ എസ് എഫിന്റെയും നിലപാട്.

വിദ്യാർത്ഥികൾ എല്ലാ അഭിപ്രായങ്ങളും പഠിക്കേണ്ടതാണെന്നും, നെല്ലും പതിരും അവർ തിരിച്ചറിയുമെന്നുമാണ് വി സി യുടെ അഭിപ്രായം. ഇതേ അഭിപ്രായം തന്നെയാണ് ശശിതരൂർ എം പിയുടെത്. കെ സുധാകരനും, കെ മുരളീധരനും, വി ഡി സതീശനും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.




വാൽകഷണം :

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്ന ഭയമാണ് ഗുജറാത്തിലെ നേതൃമാറ്റത്തിനു പിന്നിൽ. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവച്ചൊഴിഞ്ഞതും ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതും.

LEAVE A REPLY

Please enter your comment!
Please enter your name here