രാജേഷ് തില്ലങ്കേരി

മലയാളികൾ ഭയങ്കര സംഭവമാണെന്നാണ് പൊതുവേയുള്ള വിചാരം. കാരണം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നാണല്ലോ ചൊല്ല്. എന്നാൽ എല്ലാ തട്ടിപ്പുകളിലും കുരുങ്ങുകയെന്നതാണ് മലയാളിയുടെ പൊതു സ്വഭാവം. ലോകത്ത് മറ്റൊരിടത്തും നടക്കാത്ത നിരവധി തട്ടിപ്പുകളാണ് കേരളത്തിൽ അരങ്ങേറുന്നത്. എല്ലാ തട്ടിപ്പുകളും അരങ്ങേറുന്നതാവട്ടെ ഉന്നതന്മാരുടെ ഒത്താശയോടെയും. കള്ളന്മാരെയും കൊള്ളക്കാരെയും തട്ടിപ്പന്മാരെയും കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കാൻ ബാധ്യതയുള്ളവർതന്നെയാണ് ഇത്തരം തട്ടിപ്പന്മാർക്ക് കുടിചൂടി നിൽക്കുന്നത്. അധികാര കേന്ദ്രങ്ങളിൽ നിൽക്കുന്നവരെയും ഉന്നതന്മാരെയും എളുപ്പത്തിൽ കൂട്ടിലാക്കാൻ ഇവർക്ക് എങ്ങിനെയാണ് കഴിയുന്നതെന്ന് ദുരൂഹമാണ്.  

 പ്രമുഖൻമാരുമായി അടുപ്പം കാണിച്ച് തട്ടിപ്പ് നടത്തുകയെന്നത് എളുപ്പമാണ്. സോളാർ കേസിൽ സരിതാ നായർ തട്ടിപ്പ് നടത്തിയത് അന്നത്തെ മുഖ്യമന്ത്രിയുമായുള്ള അടുപ്പവും രാഷ്ട്രീയ നേതാക്കളുടെയും മറ്റും ബന്ധങ്ങളുടെയും മറവിലായിരുന്നു. കോടികളാണ് ബിജു രാധാകൃഷ്ണനും സരിതാ നായരും തട്ടിയെടുത്തത്. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റംവരെയുള്ള കോടതികളിൽ സരിതയ്ക്കും ബിജു രാധാകൃഷ്ണനും എതിരെ കേസുകൾ വന്നു. പലരും സരിതയ്ക്ക് തട്ടിപ്പിനുള്ള സൗകര്യമൊരുക്കി. കേരളം ഈ തട്ടിപ്പുവാർത്തകൾ ഏറെ ദിനങ്ങൾ ആഘോഷിച്ചു. കോൺഗ്രസിന്റെ അടിത്തറയിളക്കിയ തട്ടിപ്പായിരുന്നു സോളാർ തട്ടിപ്പ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഈ കൊച്ചു സംസ്ഥാനത്ത് നടന്ന സാമ്പത്തിക തട്ടിപ്പുകൾ ഏറെയാണ്. ടോട്ടൽ ഫോർ യു തട്ടിപ്പ്, ലിസ് തട്ടിപ്പ്,
പോപ്പുലർഫിനാൻസ് തട്ടിപ്പ്, എം എൽ എയുടെ ജ്വല്ലറി തട്ടിപ്പ്, നിരവധി ചിട്ടിതട്ടിപ്പുകൾ, സഹകരണ ബാങ്കിലെ തട്ടിപ്പുകൾ എന്നിങ്ങനെ പോവുന്നു തട്ടിപ്പുകളുടെ കഥ…
ലാബല്ലാ രാജനും ഓറിയന്റൽ സാജനുമൊക്കെ ഇവിടെ വൻകിട തട്ടിപ്പുകൾ നടത്തിയവരാണ്. എന്നിട്ട് അവരൊക്കെ ശിക്ഷിക്കപ്പെട്ടുവോ എന്നന്വേഷിച്ചാൽ ഒരു കാര്യം വ്യക്തമാവും, ആരും ശിക്ഷിക്കപ്പെടാറില്ലെന്ന്.

ഇതാ പുതിയൊരു തട്ടിപ്പിന്റെ കഥകളാണ് കേരളം ചർച്ച ചെയ്യുന്നത്. ഇതുവരെ കണ്ട തട്ടിപ്പുകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായൊരു തട്ടിപ്പാണ് കൊച്ചി കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ആന്റിക്ക് കച്ചവടത്തിന്റെ മറവിൽ നടത്തിയ കോടികളുടെ തട്ടിപ്പ്. പുരാവസ്തുവെന്ന് പറഞ്ഞ് നാട്ടുകാരെ പറഞ്ഞു പറ്റിച്ചത് മാത്രമല്ല കേസ്, പുരാവസ്തുവെന്ന് പറഞ്ഞ് സിനിമാക്കാരുടെ കയ്യിൽ നിന്നും വാങ്ങിയ വസ്തുക്കൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതത്രേ. ശ്രീകൃഷ്ണന്റെ ഉറി, മോശയുടെ അംശവടി, ടിപ്പുവിന്റെ വാൾ….. ഇങ്ങനെ പോവുന്നു മോൻസൻ  എന്ന തട്ടിപ്പുവീരന്റെ കയ്യിലുള്ള ആന്റിക്കുകളുടെ പട്ടിക.

ഇതൊക്കെ സാധാരണക്കാരെ പറഞ്ഞു പറ്റിച്ചതല്ല, മുൻ ഡി ജി പി ലോക്‌നാഥ് ബഹറ മുതൽ നിരവധി പേരാണ് മോൻസൻ എന്ന തട്ടിപ്പുവീരന്റെ കെണിയിൽ വീണവർ. പലരിൽ നിന്നും പണം തട്ടാൻ മോൻസൻ ഉപയോഗിച്ചതും ഇതൊക്കെതന്നെയായിരുന്നു. മോൻസന്റെ കൊച്ചിയിലുള്ള വീട്ടിൽ എത്തിയവരെല്ലാം പ്രമുഖരായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി മുതൽ ആ പട്ടിക ഇങ്ങനെ നീളുകയാണ്. പൊലീസുകാരുടെ വലിയൊരു സംഘത്തെ തന്നെ മോൻസൻ കൈവെള്ളയിലാക്കിയിരുന്നു.

ഉന്നതർ കയ്യിലായതാണ് മോൻസന്റെ തട്ടിപ്പുലോകം വളർന്ന് വികസിച്ചത്. ഒരു സാമ്രാജ്യം സ്ഥാപിച്ച മോൻസൻ പാരലൽ പൊലീസ് സംവിധാനം വരെ ഉണ്ടാക്കി. ഇനി വരാനിരിക്കുന്നത് കഥകളാണ്. കുറേ ദിവസങ്ങൾ മാധ്യമങ്ങൾ ഇത് ആഘോഷിക്കും.
കേരളത്തിൽ നിലനിൽക്കുന്ന മറ്റ് വിവാദങ്ങളെല്ലാം മോൻസൻ കൊടുങ്കാറ്റിൽ പറന്നകന്ന് പോവും. കാലം മോൻസനെയും വെറുതെ വിടും. മറ്റൊരു തട്ടിപ്പിന്റെ കഥവരും വരെ മോൻസൻ തുടരട്ടേ… ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനിയും എത്ര സാത്താന്മാർ വരാനിരിക്കുന്നു.

രാഹുൽ സ്വന്തം മണ്ഡലം സന്ദർശിക്കുന്നത് വലിയ വാർത്തയാവുന്നു

രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്നു എന്ന വാർത്ത ഇടയ്‌ക്കൊക്കെ പത്രത്തിൽ കാണാം. കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ എത്തുന്ന രാഹുൽ ഗാന്ധി ഉച്ചയോടെ വയനാട്ടിൽ എത്തുമെന്നും, വിവിധ പരിപാടികളിൽ പങ്കെടുത്ത് , തൊട്ടടുത്ത ദിവസം ഡൽഹിയിലേക്ക് തിരിക്കുമെന്നും ആണ് വാർത്ത. രാഹുൽ ഗാന്ധി വയനാടിനോടുള്ള താല്പര്യം കൊണ്ടു വരുന്നതാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ അതൊന്നുമല്ലല്ലോ സന്ദർശന ലക്ഷ്യം. സ്വന്തം മണ്ഡലമാണ് വയനാട്, വയനാടിന്റെ എം പിയായ രാഹുൽ ഇങ്ങനെ ഇടയ്‌ക്കൊക്കെ വരുന്നത് വലിയ പുണ്യമാണല്ലോ….

കുളിപ്പിച്ച് കുളിപ്പിച്ച് കോൺഗ്രസിനെ ഇല്ലാതാക്കുന്ന ഗാന്ധിമാർ


കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉള്ള ഉന്നതമായ സ്ഥാനത്തെ കുറിച്ച് ആർക്കും സംശയമില്ല. രാജ്യം ഏറെക്കാലം ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. മഹാത്മാഗാന്ധിയും, ജവർഹർലാൽ നെഹ്രുവും വളർത്തി വലുതാക്കിയ രാഷ്ട്രീയ പ്രസ്താനമാണ് കോൺഗ്രസ്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ ഓരോ ഭാരതീയന്റെയും അഭിമാനമായിരുന്നു കോൺഗ്രസ്… പറഞ്ഞുവരുന്നത് കോൺഗ്രസ് ഐ എന്ന പാർട്ടിയെ കുറിച്ചല്ല. പഴയ കോൺഗ്രസിനെ കുറിച്ചാണ്. മഹാത്മാഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസല്ല, രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തുടങ്ങി ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ നേതൃത്വം നൽകുന്ന കോൺഗ്രസിനെ കുറിച്ചാണ് പറയുന്നത്.
ഇന്ദിരാന്ധിയിൽ നിന്നും രാജീവ് ഗാന്ധി ഏറ്റെടുത്ത കോൺഗ്രസ്, പിന്നീട് സോണിയാ ഗാന്ധി താൽക്കാലിക നടത്തിപ്പിനായി ചുമതല ഏറ്റെടുത്ത കോൺഗ്രസ് ഇന്ന് ഉപ്പുവച്ച കലം പോലെയായി.

ഓരോ ദിവസവും കോൺഗ്രസ് ശോഷിച്ചു കൊണ്ടിരിക്കയാണ്. ദേശീയതലത്തിൽ ശക്തമായൊരു നേതാവില്ലാത്തതിന്റെ ദുരന്തമാണ് കോൺഗ്രസ് നേരിടുന്നത്.
ബി ജെ പി എന്ന പിന്തിരിപ്പൻ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന നിലപാടാണ് ഓരോ കോൺഗ്രസ് നേതാവിന്റെയും പ്രഖ്യാപിത ലക്ഷ്യം.
രാജ്യത്ത് കോൺഗ്രസിന് അധികാരമുള്ളത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ്. അത്യാവശ്യം നല്ല നിലയിലായിരുന്നു പഞ്ചാബിലെ കോൺഗ്രസ്. എന്നാൽ പഞ്ചാബിലെ കോൺഗ്രസിന്റെ അവസ്ഥ ഇന്ന് പരിതാപകരമായിരിക്കുന്നു. അമരീന്ദറിനെ ഇറക്കിവിട്ടു, നവജ്യോതിന്റെ കളി ഏറ്റു. ഇപ്പോ നവജ്യോത് സിദ്ദുവും രാജിവച്ചിരിക്കയാണ്. പി സി സി അധ്യക്ഷൻ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അമരീന്ദർ സിംഗ് ബി ജെ പിയിലേക്കും നീങ്ങുകയാണ്. ഹൈക്കമാന്റിന് വ്യക്തമായ തീരുമാനം എടുക്കാൻ കഴിയുന്നില്ല. എടുക്കുന്ന തീരുമാനങ്ങളാവട്ടെ എല്ലാം പാളുന്നു. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, ആ കേസരയിൽ നിന്നും ഇറങ്ങിയിട്ട് കാലമേറെയായി, ആരോഗ്യപരമായ കാരണങ്ങളാൽ യാത്ര ചെയ്യാൻ പോലും പറ്റാത്ത സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കി മകൻ ഗാന്ധി രക്ഷപ്പെട്ടു. പ്രത്യേകിച്ച് ഭാരവാഹിത്വമൊന്നും ഇല്ലെങ്കിലും കാര്യങ്ങളൊക്കെ ഇളമുറ തമ്പുരാനായ രാഹുൽ ഗാന്ധി തന്നെയാണ് തീരുമാനിക്കുന്നത്.  ഗാന്ധിയെന്ന് പേരുണ്ടായിട്ട് കാര്യമില്ലല്ലോ, അണികൾക്ക് ഇത് ശക്തനായ നേതാവാണ് എന്ന് വിശ്വാസവും ഉണ്ടാവണമല്ലോ.
ശശി തരൂർ അടക്കമുള്ള നിരവധി നേതാക്കൾ കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിലവിലുള്ള നേതൃത്വം  ഗാന്ധിമാർഗം വെടിഞ്ഞതും  രാജ്യം കണ്ടതാണ്.
നിരവധി പേർ കോൺഗ്രസ് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ചേക്കേറുകയാണ്.  സി പി ഐയിലെ വിപ്ലവ സിംഹങ്ങളായ കനയ്യകുമാറിനെയും മേവാനിയെയും കോൺഗ്രസ് ക്യാമ്പിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഏക നേട്ടം.

വാൽകഷണം : 
പ്രവർത്തനങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് വി ഡി സതീശൻ. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയായിരിക്കും പാർട്ടി മുന്നോട്ടു പോവുകയെന്നും സതീശൻ പറയുന്നു.
ഓരോ ദിവസവും ഓരോ മുതിർന്ന നേതാവ് എന്ന നിലയിൽ കലാപമുയർത്തുന്നതിനാൽ പാർട്ടിയുമായി സതീശൻ മുന്നോട്ട് പോവുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here