രാജേഷ് തില്ലങ്കേരി


കെ പി സി സി പുന:സംഘടന പാർട്ടിയെ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കയാണ്. പാർട്ടി ഇല്ലാതായാലും കുഴപ്പമില്ല, തങ്ങളുടെ ആളുകൾ വേണം നേതൃത്വത്തിലേക്ക് വരാനെന്ന നിലപാടിലാണ് നേതാക്കളെല്ലാം.  കോൺഗ്രസിൽ വീണ്ടും കലാപക്കൊടിയുമായി പ്രമുഖനേതാക്കൾ രംഗത്തെത്തിയതോടെ  സെമികേഡറായ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും, കുറച്ചുകൂടി കേഡറായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശരിക്കും പെട്ടിരിക്കയാണ്.
കേരളത്തിലല്ലാത്തതിനാൽ കേഡർ സ്വഭാവത്തിലേക്ക് മാറേണ്ടതില്ലാത്ത കെ സി വേണുഗോപാലാണ് കെ പി സി സി പുന:സംഘടന വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. എന്നാൽ എല്ലാം തന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

 
ഒരറ്റം ശരിയാക്കി തിരികെ വരുമ്പോൾ മറ്റേയറ്റം കുഴപ്പത്തിലാകുന്ന പ്രതിഭാസത്തിലാണ് കോൺഗ്രസ് നേതൃത്വം അകപ്പെട്ടിരിക്കുന്നത്.  ഭാരവാഹികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ എത്തിയ നേതാക്കളൊക്കെ കേരളത്തിലേക്ക് തിരികെയെത്തിയിരിക്കയാണ്. ഡി ഡി സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോഴുണ്ടായ പുകിലുകൾക്ക് ഇന്നുവരെ ശമന മുണ്ടായിട്ടില്ല, അതിനിടയിലാണ് കെ പി സി സി ഭാരവാഹി പട്ടിക ഉണ്ടാക്കിയത്. 51 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിക്കേണ്ടത്. ആരൊക്കെ, ഏത് ഗ്രൂപ്പ് എന്നൊക്കെയുള്ള ചർച്ചകൾ ഒരുഭാഗത്ത് നടത്തിയിട്ടാണ് ദില്ലിയിലേക്ക് വണ്ടികയറിയത്.
 
 അവിടെ ദില്ലിവാലാ രാജകുമാരനുമായി സംസാരിച്ച് പട്ടിക പ്രഖ്യാപിച്ച് തിരികെ ഉടൻ എത്തുമെന്ന് പറഞ്ഞാണ് പോയതെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ. സുധീരൻ, മുല്ലപ്പള്ളി, എം എം ഹസ്സൻ എന്നീ ത്രിമൂർത്തികൾ ആകെ ക്ഷുഭിതരാണ്. എല്ലാം രാജിവച്ച് സന്യാസത്തിലേക്ക് വഴിമാറാനായി തയ്യാറായി നിൽക്കുന്ന സുധീര മുനിയെ മയപ്പെടുത്തിയെടുക്കണം. നത്തിംഗ് ഡൂയിംഗ് ….നേതാവായ മുല്ലപ്പള്ളിയെ ഒതുക്കിയെടുക്കണം, ഹസ്സനെയും പ്രീതിപ്പെടുത്തണം. ഇതൊക്കെ ഒരു ഭാഗത്ത്. ഹൈക്കമാന്റ് ഗോപാലന്റെ താല്പര്യങ്ങളും സംരക്ഷിക്കണം. ഹോ… സുധാകരന്റെയൊരു സമയദോഷം.

ഉമ്മൻ ചാണ്ടി, ചെന്നിത്തല സഖ്യത്തെ ഒന്നു മയപ്പെടുത്തിവരവെയാണ് സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും യുദ്ധമുന്നണിയിൽ പോരാട്ടത്തിനായി എഴുന്നേറ്റ് നിൽക്കുന്നത്.
ഹൈക്കമാന്റ് ഗോപാലൻ പറയുന്നത് തന്റെ പേരിൽ ഒരു തർക്കവുമില്ലെന്നാണ്. എന്തായാലും അതൊക്കെ ഇനി താരിഖ് അൻവർ പറഞ്ഞ് തീർക്കട്ടെ എന്നാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാട്.

ഭാരവാഹി പട്ടിക വരുമ്പോൾ വീണ്ടും കുറേയാളുകൾ കോൺഗ്രസ് വിടും. ആരൊക്കെ വിടുമെന്നുള്ള പട്ടികകൂടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണേ്രത കെ സുധാകരൻ. കേഡറാവാൻ തയ്യാറുള്ളവർക്ക് നിൽക്കാം, അല്ലാത്തവർക്കൊക്കെ പോവാം എന്നാണ് കോൺഗ്രസ് നേതാക്കളോടുള്ള കെ പി സി സി അധ്യക്ഷന്റെ നിലപാട്.

സി പി എമ്മിൽ എത്തുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടിക ഇനിയും വിപുലമാവുമത്രേ, പാർട്ടി കോൺഗ്രസ് അടുത്തുവരവെ ഈ കോൺഗ്രസുകാരെല്ലാം എത്തിയാൽ ഈ പാർട്ടി കോൺഗ്രസിനേക്കാൾ മോശമാവുമോ എന്ന ഭയവും ചില സി പി എം നേതാക്കൾക്കുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്.

ചെമ്പോലയും ബഹറയും പിന്നെ മോൻസനും


ഈ മോൻസൻ കഥകൾ കേരളത്തെ ശരിക്കും ത്രില്ലടിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ വർഷം മൊത്തം കേട്ടകഥകൾ സ്വർണക്കടത്തിന്റെയും ഡോളർകടത്തിന്റെയും ഈന്തപഴം കടത്തിന്റെയുമൊക്കെയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, നിയമസഭാ സ്പീക്കർ, മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും, ഇ ഡിയെയും സി ബി ഐയും എൻ ഐ എയുമൊക്കെ വട്ടമിട്ടുപറന്നതും ഒക്കെയായിരുന്നു കഥകൾ.

പത്താം ക്ലാസ് പാസാവാത്ത സ്വപ്‌നാ സുരേഷ് ഒന്നര ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന ജോലി നേടിയതും, ഉന്നതരെപോലും സാരിത്തുമ്പിൽ വരിഞ്ഞതുമായ കഥകൾ കേട്ട് കേരളം പുളകിതരായി.  പലകഥകൾ, വിവിധ തട്ടിപ്പുകൾ, റെഡ് ക്രസന്റ് ഭവന നിർമ്മാണത്തിലുണ്ടായ കോടികളുടെ അഴിമതി, കരാറുകാരനായ സന്തോഷ് ഈപ്പന്റെ മൊബൈൽ ഫോൺ സമ്മാനം…. ഇങ്ങനെ പോയി കഥകളും ഉപകഥകളും….എല്ലാം തീർന്നു.

ആഴക്കടൽ മത്സ്യബന്ധനം, അമേരിക്കൻ കമ്പനി തുടങ്ങിയ തട്ടിപ്പുകളും വിവാദങ്ങളും മറുഭാഗത്തും.

രണ്ട് തെരഞ്ഞെടുപ്പുകൾ. രണ്ടിലും കോൺഗ്രസ് പൊട്ടിപാളീസായി, നിയമസഭാതെരഞ്ഞെടുപ്പിൽ വിവാദങ്ങളെല്ലാം ഉണ്ടായിട്ടും പിണറായി സർക്കാരിന് രണ്ടാം ഊഴം ലഭിച്ചു.

ഇതോടെ സ്വർണവും, ഡോളറും, സ്വപ്‌നയും, വടക്കാഞ്ചേരി ഭവന പദ്ധതിയും എല്ലാം ആളുകൾ മറന്നു.

കെ സുരേന്ദ്രന്റെ സുന്ദര, സി കെ ജാനുവിവാദം, കൊടകര കുഴൽപണ വിവാദം, മുട്ടിൽ മരം മുറി കേസ് തുടങ്ങിയവയൊന്നും മലയാളിക്ക് അത്ര ആവേശമുണ്ടാക്കുന്നതായിരുന്നില്ല.

അങ്ങിനെയിരിക്കെയാണ് മോൻസൻ മാവുങ്കൽ എന്ന ഭൂലോക തട്ടിപ്പൻ അറസ്റ്റിലാവുന്നത്.

സിനിമാ ഷൂട്ടിംഗിനുണ്ടാക്കിയ സാധനങ്ങൾ ആന്റിക്ക് ആണെന്ന് പ്രചരിപ്പിച്ച് കോടികളുടെ തട്ടിപ്പുനടത്തിയ മോൻസൻ മാവുങ്കലിന്റെ അടുത്ത ആളുകളൊന്നും ചില്ലറക്കാരായിരുന്നില്ല.
അന്നത്തെ പൊലീസ് മേധാവി ബഹറയടക്കമുള്ള പൊലീസ് ഉന്നതന്മാർ. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, സിനിമാ താരങ്ങൾ. അതിൽ എടുത്തു പറയേണ്ടത് ശ്രീമാൻ ശ്രീനിവാസന്റെ കാര്യമാണ്.

ഒ സി കിട്ടിയാൽ ആസിഡും കുടിക്കുന്ന ടീമാണ് സെലിബ്രിറ്റികൾ. എത്ര പണം കയ്യിലുണ്ടെങ്കിലും സൗജന്യമായി കിട്ടിയാൽ വലിയ സന്തോഷമാണ് ഇവർക്ക്. ലോകത്തിലെ എല്ലാവരോടും പുച്ഛമുള്ള നടനാണ് ശ്രിനിവാസൻ, പുച്ഛമെന്നുപറഞ്ഞാൽ പരമ പുച്ഛം.  എല്ലാവരെയും വിമർശിക്കും, സഹപ്രവർത്തകരെയും വിമർശിക്കും, രാഷ്ട്രീയക്കാരെയും വിമർശിക്കും. ഇതുകൊണ്ട്  ശ്രീനിവാസന് സിനിമയ്ക്ക് പുറത്തൊരു ആരാധകരുണ്ട്. ഭൂലോക ഫ്രോഡായ മോൻസൻ മാവുങ്കലുമായി ഏറ്റവും അടുത്ത ബന്ധമാണ് ശ്രീനിവാസൻ പുലർത്തിയിരുന്നതത്രെ. ശ്രീനിവാസന്റെ ചികിൽസാ ചിലവുപോലും മോൻസനാണേ്രത വഹിച്ചിരുന്നത്. മോൻസൻ തട്ടിപ്പിൽ കുരുങ്ങിയതോടെയാണ് ശ്രീനിവാസനെ മലയാളികൾക്ക് തിരിച്ചറിയാൻ പറ്റിയത്.

ചെമ്പോലയും വ്യാജമാണ് ശ്രീനിവാസന്റെ നിലപാടും വ്യാജമാണെന്ന് ജനം തിരിച്ചറിയുന്നു.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമാക്കുന്ന ചെമ്പോല വായിച്ച ചരിത്രകാരനായ എം ആർ രാഘവ വാര്യരും വ്യാജമാണെന്ന്  തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയും കുറേ വ്യാജന്മാരെ തിരിച്ചറിയാനുണ്ട്. കാലം സാക്ഷി ചരിത്രം സാക്ഷി.


പ്രിയങ്ക ഗാന്ധി കോൺഗ്രസിന് ജീവശ്വാസം ആവുമോ ?


ബി ജെ പിയുടെ കരുത്തിൽ പതറിപ്പോയ രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. രാജ്യംഭരിച്ചിരുന്ന കോൺഗ്രസ് ഇന്ന് ആർക്കും വിശ്വാസമില്ലാത്ത പാർട്ടിയായി മാറി. ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസിന്റെ പതിനത്തിന് പ്രധാനകാരണം. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം തിരിച്ചടികിട്ടി. പ്രമുഖ നേതാക്കളെല്ലാം ബി ജെ പിയിലേക്കും, തൃണമൂൽ കോൺഗ്രസിലേക്കും കൂടുമാറി. പശ്ചിമബംഗാളിൽ തൃണമൂലും, കേരളത്തിൽ സി പി എമ്മും ശക്തരായതോടെ നേതാക്കൾ അധികാരമുള്ള പാർട്ടിലേക്ക് കൂടുമാറിക്കൊണ്ടേയിരിക്കുകയാണ്.
 

കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ നീങ്ങവെയാണ് യു പിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ വണ്ടി ഓടിച്ചുകയറ്റിയത്. സംഭവത്തിൽ എട്ട് കർഷകർ കൊല്ലപ്പെട്ടു. പ്രിയങ്ക ഗാന്ധി അവിടെക്ക് കുതിച്ചെത്തി. വലിയ പോരാട്ടമാണ് പ്രിയങ്ക നടത്തിയത്. പൊലീസ് കസ്റ്റഡിയിൽ പ്രിയങ്ക രണ്ടുദിവസം, ശക്തമായ സമരത്തിലേക്ക് കർഷകർക്കൊപ്പം നീങ്ങിയ പ്രിയങ്ക യു പിയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. ദേശീയതലത്തിൽ പ്രിയങ്കയ്ക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. പ്രിയങ്ക ഇപ്പോഴും സമര മുഖത്താണ്.
രാഹുൽ ഗാന്ധിയല്ല പ്രിയങ്ക, രാഹുലിന് ലഭിക്കാത്ത സ്വീകാര്യത പ്രിയങ്കയ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു. സോണിയാ ഗാന്ധി രണ്ടുമാസത്തിനകം അധ്യക്ഷ സ്ഥാനം ഒഴിയും, അവർക്ക് ആശ്വാസത്തോടെ അധ്യക്ഷ പദവിയൊഴിയാം. മകൾ നല്ലൊരു രാഷ്ട്രീയ നേതാവായിരിക്കുന്നു. ബി ജെ പിയോട് ഏറ്റമുട്ടാനുള്ള കരുത്തുള്ള ഒരു പെൺകരുത്താണ് പ്രിയങ്ക.

ദേശീയതലത്തിൽ കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പ്രിയങ്കാ ഗാന്ധിതന്നെയായിരിക്കും കോൺഗ്രസ് പ്രസ്ഥാനത്തെ ഇനിയങ്ങോട്ട് നയിക്കുക.
ലഖിംപൂരിലെ കർഷകരുടെ കണ്ണീരൊപ്പാൻ പ്രിയങ്കയെത്തിയതോടെ യു പിയിൽ ഒരു പുതുയുഗമാണ് കോൺഗ്രസ് തുറന്നത്.
കർഷകരുടെ പിന്തുണയും പ്രിയങ്കയ്ക്കുണ്ടെന്ന് വേണം കഴിഞ്ഞ ദിവസമുണ്ടായ പൊതുയോഗത്തിലെ ജനപ്രവാഹം വ്യക്തമാക്കുന്നത്.

മന്ത്രിമാർ രണ്ടു തട്ടിൽ; 
മുൻ മന്ത്രിയെ ഇപ്പോഴത്തെ മന്ത്രി തിരുത്തുന്നു

സി പി എമ്മിന്റെ ഒരു മന്ത്രി മറ്റൊരു മന്ത്രിയെ വിമർശിക്കുന്നത് പതിവില്ലാത്തതാണ്. വിമർശനങ്ങളെല്ലാം പാർട്ടി കമ്മിറ്റികളിൽ മാത്രം എന്നാണല്ലോ വിപ്ലവപാർട്ടിയുടെ രീതി. എന്നാൽ തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും ധനമന്ത്രി കെ എൻ ബാലഗോപാലുമാണ് പരസ്പരം ആരോപണവുമായി രംഗത്തെത്തിയത്.
ഈ മന്ത്രിസഭയിൽ രണ്ടാമൻ ആരാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ഉണ്ടായിട്ടില്ല. എം വി ഗോവിന്ദനാണ് രണ്ടാമൻ എന്നാണ് ഗോവിന്ദൻ കരുതുന്നത്. അങ്ങിനെയല്ല ധനമന്ത്രിയെന്ന നിലയിൽ താനാണ് രണ്ടാമൻ എന്ന് ബാലഗോപാലും കരുതുന്നു വിശ്വസിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനമന്ത്രിയുടെ ഉത്തരവിലാണ് രണ്ട് മന്ത്രിമാർ പരസ്പരം പഴിചാരിക്കൊണ്ടുള്ള പരസ്യപ്രതികരണം നടത്തിയത്. 
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവ് പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്നാണ് വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്റെ ആരോപണം. കൂടിയാലോചനകളില്ലാതെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും എം വി ഗോവിന്ദൻ സഭയിൽ പറഞ്ഞു. ഇതൊരു ഭാഗത്ത് പുകയവെയാണ് മുൻ മന്ത്രി കടകംപള്ളി ഇംകലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

വിരമിച്ച ഐ എ എസുകാരുടെ കേന്ദ്രമായി ഇംകൽ മാറിയെന്നും കാര്യക്ഷമമല്ലാത്ത ഒരു സ്ഥാപനമാണിതെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. എന്നാൽ കടകംപള്ളിയുടെ ആരോപണം ശരിയെല്ലെന്നായിരുന്നു  മന്ത്രി പി രാജീവിന്റെ തിരുത്ത്.


ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് തുടരും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം, മുണ്ടുമുറുക്കിയുടുക്കാനാണ് സർക്കാറിന്റെ നിർദ്ദേശം. കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങിയാണ് സർക്കാർ കാര്യങ്ങൾ നടന്നുപോവുന്നത്. അതിനിടയിലും ധൂർത്തിന് ഒരു മാറ്റവുമില്ല, സംസ്ഥാന സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് ശംഖുമുഖത്ത് സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.
 
ആകെ പറന്നത് നാലു തവണമാത്രമായിരുന്നു.  22 കോടി രൂപയാണ് ആ ഹെലികോപ്റ്റർ പൊടിച്ചുകളഞ്ഞത്. ഏറെ വിവാദങ്ങളുണ്ടാക്കിയതാണ് ഈ ഹെലികോപ്റ്റർ ഇടപാട്.  വാടക കലാവധി കഴിയുന്ന മുറയ്ക്ക് ഇരട്ട എഞ്ചിനുള്ള ഒരു ഹെലികോപ്റ്റർ മൂന്നു വർഷത്തേക്ക് വാടകയ്ക്ക് എടുക്കാൻ അഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കയാണ്.

ഊർജ്ജ പ്രതിസന്ധി


കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. കൽക്കരി ഖനിയുടെ പ്രവർത്തനം നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ജലവൈദ്യുതിയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോവുന്നത്. എന്നാൽ രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉണ്ടാക്കുന്നത് കൽക്കരിയുപയോഗിച്ചാണ്.

കേരളവും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന വാർത്തയിൽ ഞെട്ടിയിരിക്കയാണ്. കാരണം, ഡാമുകളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കയാണ്. അധിക ജലം തുറന്നു വിടേണ്ട അവസ്ഥയിൽ പോലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉണ്ടാക്കാൻ പറ്റുന്നില്ല. കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയാണ് കേരളത്തിൽ ഇതുവരെ വൈദ്യുതി പ്രതിസന്ധിയില്ലാതാക്കിയിരുന്നത്. ഇത് കെ എസ് ഇ ബി ഇതുവരെ തുറന്നു പറഞ്ഞിരുന്നില്ല. അധിക വൈദ്യുതിയുണ്ടെന്നായിരുന്നു മന്ത്രിമാരുടെ നേരത്തെയുള്ള നിലപാട്.

എയർ ഇന്ത്യ എന്തുകൊണ്ടാണ് നഷ്ടത്തിലായത്

എയർ ഇന്ത്യ  എന്ന വിമാന കമ്പനി ഒടുവിൽ സർക്കാർ വിറ്റൊഴിഞ്ഞു. ടാറ്റയാണ് വിമാനകമ്പനി സ്വന്തമാക്കിയത്. ഒരുകാലത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു എയർ ഇന്ത്യ. പിന്നീട് നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ കേരളത്തിലെ കെ എസ് ആർ ടി സർവ്വീസ് പോലെയായി എയർ ഇന്ത്യ.
 
 കെടുകാര്യസ്ഥതയാണ് എയർ ഇന്ത്യയെ നശിപ്പിച്ചത്. സ്വകാര്യ വിമാന കമ്പനികളെല്ലാം ലാഭത്തിൽ സർവ്വീസ് നടത്തുമ്പോഴാണ് സർക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയർ ഇന്ത്യ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.


 

വാൽകഷണം :   
കനത്ത മഴയാണ് കേരളത്തിൽ, കാലവർഷം വെള്ളപ്പൊക്കമില്ലാതെ കഴിഞ്ഞുപോയതാണ്. എന്നാൽ തുലാവർഷം കുഴപ്പമുണ്ടാക്കുമെന്ന ഭയത്തിലാണ് സംസ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here