രാജേഷ് തില്ലങ്കേരി

ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് വോട്ടെടുപ്പിനുള്ളത്. ഇരുമുന്നണികളും വലിയ വിജയ പ്രതീക്ഷയിലാണ് അവസാനഘത്തിൽ.
ആദ്യഘട്ടത്തിൽ ഇടുമുന്നണിക്ക് വലിയ മേൽക്കൈയുണ്ടായിരുന്ന മണ്ഡലങ്ങളിൽ അവസാന ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


100 സീറ്റുകൾ നേടി ഭരണ തുടർച്ചയുണ്ടാവുമെന്നാണ് എൽ ഡി എഫ് നേതാക്കൾ ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ വണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിച്ച് ഭരണത്തിലെത്തുമെന്ന് യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. 74 മുതൽ 78 സീറ്റുകൾ വരെ നേടുമെന്നാണ് യു ഡി എഫ് പറയുന്നത്. നേമം നിലനിർത്തിക്കൊണ്ട് അഞ്ച് സീറ്റുകൾ നേടുമെന്നാണ് എൻ ഡി എ യുടെ അവകാശവാദം.
 
 


മലപ്പുറം ജില്ലയിലും, എറണാകുളം ജില്ലയിലുമാണ് നിലവിൽ യു ഡി എഫിന് ശക്തമായ മുന്നേറ്റമുള്ളത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള അവസാന തന്ത്രങ്ങളിലാണ് മുസ്ലിംലീഗ്. പൊന്നാനിയിലും തവനൂരിലും യു ഡി എഫ് വലിയ പ്രതീക്ഷയിലാണ്. മലപ്പുറത്ത് സീറ്റുകൾ വർധിപ്പിച്ചാൽ അത് യു ഡി എഫിന് ഭരണം പിടിക്കാൻ കഴിയുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടലുകൾ.

കോഴിക്കോട് കൊടുവള്ളിയിൽ യു ഡി എഫിന് ജീവന്മരണ പോരാട്ടമാണ്. എം കെ മുനീറും എൽ ഡി എഫ് സ്വതന്ത്രൻ കാരാട്ട് റസാഖും തമ്മിലാണ് പോരാട്ടം. കുന്നമംഗം പിടിക്കാൻ ലീഗ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ ഇറക്കിയാണ് പോരാട്ടം.
വയനാട്ടിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കല്പറ്റയിൽ ശ്രേയാംസ് കുമാറും അഡ്വ ടി സിദ്ദിഖും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്ന് സീറ്റുകളിലും യു ഡി എഫ് വിജയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

കാസർകോട്, കണ്ണൂർ ജില്ലകളിൽ യു ഡി എഫ് സ്വന്തം സീറ്റുകളിൽ വിള്ളൽ വീഴാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ്. പേരാവൂർ, അഴീക്കോട് , ഇരിക്കൂർ സീറ്റുകളാണ് സിറ്റിംഗ് സീറ്റ്. ഇതിൽ കണ്ണൂർ തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസിന്റെ അവസാനഘട്ടങ്ങളിലുള്ള പ്രതീക്ഷ.
കാസർകോട് മഞ്ചേശ്വരം നിലനിർത്താനും, ഉദുമ പിടിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലമാണ് മഞ്ചേശ്വരം.

എറണാകുളത്ത് തൃപ്പൂണിത്തുറയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്. എറണാകുളത്ത് എട്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി-20, വീ ഫോൺ പീപ്പിൾ സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തിയാൽ അത് യു ഡി എഫിനെ ബാധിച്ചേക്കാമെന്നാണ് ആശങ്ക. കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം സീറ്റുകളിൽ മികച്ച പ്രവർത്തനങ്ങളാണ് ട്വന്റി-20 നടത്തുന്നത്. കുന്നത്തുനാട് പിടിച്ചെടുക്കുമെന്നാണ് ട്വന്റി 20 യുടെ അവകാശവാദം. കൊച്ചിയാണ് കഴിഞ്ഞതവണ എൽ ഡി എഫ് പിടിച്ചെടുത്ത മണ്ഡലം. മുൻമേയർ ടോണി ചമ്മിണിയാണ് യു ഡി എഫ് സ്ഥാനാർത്ഥി.

രാഷ്ട്രീയ പാർട്ടികൾ തമ്മിലാണ് മത്സലമെന്നും ട്വന്റി 20 രാഷ്ട്രീയ സംഘടനയല്ലെന്നുമാണ് കോൺഗ്രസിന്റെ വാദം.
കഴിഞ്ഞ തവണ ഇടത് തരംഗത്തിലും 9 സീറ്റുകളിൽ വിജയിച്ച് യു ഡി എഫിന് കരുത്തായി നിന്ന ജില്ലയാണ് എറണാകുളം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃപ്പൂണിത്തുറ ഇത്തവണ തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കടുത്ത മത്സരമാണ് തൃപ്പൂണിത്തുറയിൽ നടക്കുന്നത്. ശബരിമല വിഷയം ഏറ്റവും ശക്തമായി ചർച്ച ചെയ്യപ്പെടുന്നതും രാജനഗരിയായ തൃപ്പൂണിത്തുറയിലാണ്.

തെക്കൻ ജില്ലകളായ ആലപ്പുഴയിൽ രണ്ട് സീറ്റാണ് നിലവിൽ യു ഡി എഫിനുള്ളത്. ഇതോടൊപ്പം കായംകുളവും, അമ്പലപ്പുഴയും പിടിച്ചെടുക്കുമെന്നാണ് യു ഡി എഫിന്റെ അവകാശവാദം. കൊല്ലം ജില്ലയിൽ യു ഡി എഫിന് നിലവിൽ സീറ്റുകളൊന്നുമില്ല. ചവറ, കൊല്ലം, കുണ്ടറ സീറ്റുകൾ പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരിക്കയാണ്. ചവറയിൽ ആർ എസ് പി നേതാവ് ഷിബു ബേബിജോണും, കൊല്ലത്ത് ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണയും, കുണ്ടറയിൽ പി സി വിഷ്ണുനാഥുമാണ് യു ഡി എഫ് സ്ഥാനാർത്ഥികൾ. കുണ്ടറയിൽ ജെ മേഴ്‌സിക്കുട്ടിയമ്മയും, കൊല്ലത്ത് സിനിമാ താരം മുകേഷുമാണ് മത്സരിക്കുന്നത്. ചവറയിൽ നേരത്തെ എം എൽ എയായിരുന്ന വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനാണ് സ്ഥാനാർത്ഥി.

തിരുവനന്തപുരത്ത്  അരുവിക്കര, തിരുവനന്തപുരം നിലനിർത്താനും, നേമം, കഴക്കൂട്ടം, വട്ടിയൂർകാവ്,  നെയ്യാറ്റിൻകര, കോവളം, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുമാണ് യു ഡി എഫിന്റെ തീരുമാനം. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ  ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്നുണ്ട്. നേമം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളാണിവ.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ പോരാട്ടമാണ് അരങ്ങേറുന്നത്. പാലായിൽ മാണി സി കാപ്പൻ ഉയർത്തിയിരിക്കുന്ന പ്രതിരോധം മറികടക്കാൻ ജോസ് കെ മാണിക്ക് ഏറെ പണിപ്പെടേണ്ടതുണ്ട്. പൂഞ്ഞാറിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. പി സി ജോർജിന്റെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റതോടെ മണ്ഡലത്തിൽ യു ഡി എഫ് അല്പം മുന്നിലെത്തിയിരിക്കയാണ്. ഏറ്റുമാനൂരിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിലാണ്. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് യു ഡി എഫിന് വലിയ പ്രതിരോധമില്ലാത്തത്.
കേരളാ കോൺഗ്രസുകൾ തമ്മിൽ മത്സരം നടക്കുന്ന കടുത്തുരുത്തിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അവസാന റൗണ്ടിൽ മോൻസ് ജോസഫ് വിജയിക്കുമെന്നാണ് പ്രതിക്ഷ.

കോട്ടയം ജില്ലയിൽ അഞ്ച് സീറ്റുകളാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.

തൊടുപുഴയിൽ പി ജെ ജോസഫാണ് യു ഡി എഫ് സ്ഥാനാർത്ഥി. ജോസഫിന് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്.

പത്തനംതിട്ടയിലും കേരളാ കോൺഗ്രസ് ഫാക്റ്റർ ഇടതിന് തുണയാവുമോ, അതോ യു ഡി എഫ് ശക്തമായി നിലനിൽക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ശബരിമല വലിയ വിഷയമായി ഉന്നയിക്കപ്പെട്ടതോടെ ബി ജെ പി വോട്ടുകൾ നിർണായകമാവുമോ എന്നൊക്കെ പത്തനംതിട്ടയിലെ ആശങ്കകളാണ്.

റാന്നിയിലും കോന്നിയിലും ജയിക്കേണ്ടത് ഇരുമുന്നണികൾക്കും അനിവാര്യമാണ്. എൽ ഡി എഫിലെ രാജു ആന്റണി 25 വർഷം എം എൽ എയായിരുന്ന മണ്ഡലമാണ് റാന്നി, കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് 25 വർഷം എം എൽ എയായിരുന്ന മണ്ഡലമാണ് കോന്നി. കോന്നിയിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

തൃശ്ശൂരിൽ കഴിഞ്ഞ തവണ വടക്കാഞ്ചേരിയിൽ അനിൽ അനിൽ അക്കരയുടെ വിജയം മാത്രമാണ് യു ഡി എഫിന് ഉണ്ടായിരുന്നത്. ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ജില്ലയിലെ ചിത്രം പരിശോധിച്ചാൽ അതി ശക്തമായ മത്സരമാണ് നടക്കുന്നത്. തൃശ്ശൂരിൽ ബി ജെ പി പ്രതീക്ഷവെക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥി. പത്മജാ വേണുഗോപാലാണ് എതിരാളി. മന്ത്രി വി എസ് സുനിൽകുമാറായിരുന്നു കഴിഞ്ഞ തവണ തൃശ്ശൂരിലെ സ്ഥാനാർത്ഥി.
ഗുരുവായൂരിലെ മത്സരം ശക്തമാണ്. യു ഡി എഫ് ഏറെ വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് ഗുരുവായൂർ. കെ എൻ എ ഖാദറാണ് യു ഡി എഫ് സ്ഥാനാർത്ഥി.
ഇരിഞ്ഞാലക്കുടയാണ് യു ഡി എഫ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലം. സി പി എം നേതാവ് എ വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആർ ബിന്ദുവാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. തോമസ് ഉണ്ണിയാടൻ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലമാണിത്. മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ്ബ് തോമസാണ് എൻ ഡി എ സ്ഥാനാർത്ഥി. കയ്പ്പമംഗലമാണ് കോൺഗ്രസ് വിജയപ്രതീക്ഷയർപ്പിച്ചിരിക്കുന്ന മറ്റൊരു മണ്ഡലം.

പാലക്കാട് മലമ്പുഴ, പാലക്കാട്, ഷൊർണൂർ മണ്ഡലങ്ങളിലാണ് ത്രികോണ മത്സരം. പാലക്കാട്, തൃത്താല മണ്ഡലങ്ങൾ യു ഡി എഫിന് നിലനിർത്തേണ്ടതുണ്ട്. തൃത്താലയിൽ എം ബി രാജേഷാണ് സിറ്റിംഗ് എം എൽ എ വിടി ബലറാമിനെ നേരിടുന്നത്. കടുത്ത പോരാട്ടമാണ് ഇവിടെ അരങ്ങേറുന്നത്.

പാലക്കാട് മെട്രോമാനാണ് ബി ജെ പി സ്ഥാനാർത്ഥി, ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് ഇ ശ്രീധരൻ.  

LEAVE A REPLY

Please enter your comment!
Please enter your name here