.



രാജേഷ് തില്ലങ്കേരി



ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിൽ നരേന്ദ്രമോദി എത്തിയിട്ട് ഏഴ് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. സംശുദ്ധമായ ഭരണമായിരുന്നു ഇക്കാലത്ത് നടത്തിയതെന്നാണ് മോദിയുടെ അവകാശവാദം.
എന്നാൽ കൊറോണ വ്യാപനത്തോടെ മോദി അന്തർ ദേശീയതലത്തിൽ തന്നെ നാണം കെട്ടിരിക്കയാണ്.
കോവിഡിനെ പാട്ടകൊട്ടിയും, ടോർച്ച് ലൈറ്റ് തെളിച്ചും ഓടിക്കാൻ ശ്രമിച്ച നരേന്ദ്രമോദിയും മറ്റ് സംഘപുത്രരും ശരിക്കും പരാജയപ്പെട്ട് ഒന്നും മിണ്ടാതെ കിടപ്പായിരുന്നു.
ചാണകവും, ഗോമൂത്രവും ഉപയോഗിച്ച് കൊറോണ നിർമ്മാർജനമെന്ന തിയറിയുമായി മോദി ശിഷ്യർ ഇറങ്ങിയതോടെ കോവിഡ് ബാധിച്ച് ഭാരതീയർ മരിച്ചുവീഴുന്ന കാഴ്ചയാണ് ലോകം കണ്ടത്.
മരിച്ചവരെ ഒന്ന് നേരാംവണ്ണം സംസ്‌കരിക്കാൻപോലും പറ്റാത്ത സ്ഥലമായി ആർഷ ഭാരതം മാറിയതിൽ കുണ്ഠിതപ്പെട്ടിരിപ്പാണ് ആർ എസ് എസുകാർ.
മോദിയുടെ വില ഓരോദിവസവും ഇടിയുകയും പെട്രോളിന്റെ വില ദിനം പ്രതി ഉയരുകയും ചെയ്യുന്ന അത്ഭുതവിദ്യയാണിവിടം നടമാടുന്നത്.

കോവിഡ് പിടിച്ചു നിർത്തുന്നതിൽ മാത്രമല്ല നമ്മുടെ രാജ്യം പരാജയപ്പെട്ടത്. സമസ്ത മേഖലകളിലും പരാജയപ്പെട്ടിരിക്കയാണ് എന്നാണ് വസ്തുത. ഒന്നാം മോദി സർക്കാർ വലിയ സംഭവമായി അവതരിപ്പിച്ച നോട്ടു നിരോധനമെന്ന അത്ഭുതത്തിന്റെ രക്തസാക്ഷികൾ ഏറെയുണ്ട് ഈ രാജ്യത്ത്. രാമരാജ്യം സ്വപ്‌നം കണ്ടവർക്ക് രാവണ രാജ്യം നൽകാനായതിന്റെ സന്തോഷത്തിലായിരുന്നു അപ്പോഴെല്ലാം കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പി. മൃഗീയ ഭൂരിപക്ഷത്തിൽ വീണ്ടും ബി ജെ പി അധികാരത്തിലേറിയതോടെ രാജ്യത്ത് എന്തു നിലപാടും സ്വീകരിക്കാമെന്നായി.
ഒന്നാം മോദി സർക്കാർ നടപ്പാക്കിയ തലതിരിഞ്ഞ പദ്ധതികൾ രാജ്യത്തെ വികസനം പിന്നോട്ടടിക്കാൻ കാരണമായി എന്നു പറഞ്ഞവരെ നോട്ടമിട്ടു. രണ്ട് വർഷം പിന്നിട്ടതോടെ എല്ലാറ്റിലും ഏതാണ്ട് തീരുമാനമായി എന്നു വ്യക്തം.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റൊഴിവാക്കാനുള്ള പ്രഖ്യാപനമാണ് രണ്ടാം മോദി സർക്കാർ ആദ്യം നിർവ്വഹിച്ചത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ബി പി സി എൽ മുതൽ എൽ ഐ സിയുടെ ഓഹരിവരെ വിൽക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുകയാണ് മോദി ചെയ്യുന്നത്. ജനാധിപത്യത്തെത്തെ വെല്ലുവിളിക്കുകയെന്നതാണ് മോദിയുടെ പ്രഖ്യാപിത ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിൽ പണം ഉപയോഗിച്ച് ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങി, ഭരണം പിടിച്ചു.
പശ്ചിമ ബംഗാളിൽ ബി ജെ പി അജണ്ട നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും ജനം അവർക്ക് ഇടം നൽകിയില്ല, മമതാ ബാനർജിയെന്ന പെൺപുലിയോട് തോറ്റു. ഇതോടെ പലതരത്തിലുമുള്ള അക്രമങ്ങളാണ് പശ്ചിമബംഗാളിൽ മോദി ഭക്തർ അഴിച്ചുവിട്ടതെന്ന് പരിശോധിച്ചാൽ അറിയാം.  തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഏത് വിധേനയും അട്ടിമറിക്കുന്നതിനുള്ള അവസാന ശ്രമത്തിലാണ് മോദി. സ്വന്തം രാജ്യത്ത് എല്ലാതരത്തിലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരി, സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള അവസാന ശ്രമങ്ങൾ തുടരുകയാണിപ്പോഴും.  
രാജ്യത്ത് വൻകിട പദ്ധതികൾ പ്രഖ്യാപിക്കുകയും, അതൊന്നും നടപ്പാവാതിരിക്കുകയും ചെയ്തിട്ടും അതിലൊന്നും യാതൊരു വിഷമവുമില്ലാത്ത ഒരു ഭരണാധികാരിയായി മോദി മാറി. പാർലമെന്റ് മന്ദിരവും, പ്രധാനമന്ത്രിയുടെ മന്ദിരവും കോടികൾ ചിലവിട്ട് പുതുക്കിപ്പണിതാൽ രാജ്യം വികസിച്ചുവെന്ന് കരുതുന്ന ഒരു ഭരണാധികാരിയായി മോദി മാറിയതാണ് രാജ്യം ഇന്ന് നേരിടുന്ന ദുരന്തം. കോവിഡ് മഹാമാരിയിൽ നിന്നും ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള ചുമതല ഈ കേന്ദ്രസർക്കാരിനുണ്ടെന്നെങ്കിലും മോദി തിരിച്ചറിഞ്ഞിരുന്നെങ്കിൽ രാജ്യം രക്ഷപ്പെടും. അല്ലാത്ത പക്ഷം രാജ്യം നിരന്തരമായ അടച്ചിടൽ കാരണം, സാമ്പത്തികമായി തകർന്ന് തരിപ്പണമാവും. ഒരു വർഷവും രണ്ടുമാസവുമായി നാം കോവിഡിനോടൊപ്പം ജീവിക്കുകയാണ്. എന്നിട്ടും രക്ഷാ പാക്കേജ് പ്രഖ്യാപിക്കാനോ, ഒരു വാക്‌സിനേഷൻ നയം പ്രഖ്യാപിക്കാനോ കഴിയാതെ ഭരണാധികാരികൾ ഇരുട്ടിൽ തപ്പുകയാണ്.
കോവിഡിന്റെ പിടിയിൽ അകപ്പെട്ട് തകർന്നുപോയ രാജ്യത്തെ കൈപിടിച്ചുയർത്താനുള്ള ക്രീയാത്മകമായ ഇടപെടലുകൾ ഒന്നും നടക്കുന്നില്ല. തിരിച്ചൊരു ചോദ്യവും ഉന്നയിക്കാനാവില്ലെന്നതിനാൽ റേഡിയോ പ്രഭാഷണം നടത്തി എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതായി അറിയിക്കുന്ന പ്രധാനമന്ത്രിയായി മോദി മാറി.
രാജ്യം നേരിടുന്ന രണ്ട് ദുരന്തങ്ങളായി മോദി സർക്കാരും കോവിഡും മാറിയെന്നതാണ് യാഥാർത്ഥ്യം. പ്രഖ്യാപനങ്ങൾ നടത്തി സുരക്ഷിതമായി കഴിയുകയാണ് പ്രധാനമന്ത്രി. കോവിഡിൽ ജീവൻവെടിയേണ്ടിവന്നവരെ ചൊല്ലി മുതലകണ്ണീർ വാർക്കുകയല്ല ഒരു ഭരണാധികാരി ചെയ്യേണ്ടത്. മരണമുണ്ടാവാതെ നോക്കുകയാണ്, നിർഭാഗ്യവശാൽ നമ്മുടെ പ്രധാന മന്ത്രി ഒരു മഹാനടനായി എന്നത് പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു.

നോട്ട് നിരോധനം പോലെ തലതിരിഞ്ഞ നടപടികൾ പ്രഖ്യാപിച്ച് ജനതത്തെ ആകെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോഴും വലിയ പ്രതിഷേധങ്ങളുണ്ടായില്ല. വ്യവസായ മേഖലയെ തകർത്ത ജി എസ് ടി ധൃതിപിടിച്ച് നടപ്പാക്കിയപ്പോഴും കടുത്ത പ്രതിഷേധമുണ്ടായില്ല. രാജ്യംപുരോഗതിയിലേക്ക് കുതിച്ചു ചാടുകയാണ് എന്ന് വിശ്വസിപ്പിക്കാൻ ഭരണാധികാരികൾക്ക് കഴിഞ്ഞുവെന്നതാണ് അവർക്ക് ലഭിച്ച പിന്തുണയ്ക്ക് കാരണം. എന്നാൽ മോദിയുടെ രണ്ടാം വരവ് രാജ്യത്തെ വികസനത്തിൽ നിന്നും പിന്നോട്ട് നടക്കാൻ പഠിപ്പിച്ചു.

പെട്രോൾ, ഡീസൽ വില വർധനയിൽ രാജ്യം പൊറുതി മുട്ടിയിരിക്കയാണ്. കോവിഡ് കാലത്ത് പോലും വിലക്കയറ്റം നിത്യസംഭവമായി. വിലവർധിപ്പിക്കുന്നത് കക്കൂസ് നിർമ്മിക്കാനാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും, രാജ്യത്ത് ദാരിദ്ര്യം കാരണം ഭക്ഷണം കഴിക്കാനില്ലാത്ത ജനതയെക്കുറിച്ച് ഒരിക്കലും ആലോചിക്കുന്നില്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുകിട്ടുന്ന പണംകൊണ്ട് രാജ്യം ഭരിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറിയിരിക്കുന്നത്. കോവിഡ് വ്യാപനം കഴിയുന്നതോടെ എല്ലാ സ്ഥാപനങ്ങളും വിൽക്കും. പ്രതിപക്ഷമില്ലാത്ത ഒരു രാജ്യത്ത് എന്തും ചെയ്യുമെന്ന സന്ദേശമാണ് ബി ജെ പി നൽകുന്നത്. മോദിയുടെ ഏഴ് വർഷത്തെ ഭരണം വിലയിരുത്തേണ്ടത് ജനങ്ങളാണ്, വോട്ട് ചെയ്ത പൊതുജനമെന്ന കഴുതകൾ.
ജാതിയുടെയും വർഗത്തിന്റെയും പേരിൽ ഒരു പാർട്ടാക്കി ജനതയെ വിഭജിച്ച്, തമ്മിലടിപ്പിച്ച് രാജ്യം ഭരിക്കാനുള്ള നീക്കമാണ് ബി ജെ പി നേരത്തെ നടത്തിയത്. ഒരു പരിധിവരെ വിജയിച്ചു എന്നു വേണം കരുതാൻ. പശ്ചിമ ബംഗാളിൽ ബി ജെ പി എല്ലാതരത്തിലുമുള്ള അടവുകൾ പയറ്റിയിട്ടും മമതാ ബാനർജിക്ക് മുന്നിൽ മോദി തോറ്റു.
കേരളത്തിലും, തമിഴ്‌നാട്ടിലും നീക്കങ്ങൾ പാളി. ഇനി യു പി യിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്ന് രാജ്യം ഉറ്റു നോക്കുകയാണ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ രാജ്യ തലസ്ഥാനത്ത് നടത്തി വരുന്ന സമരങ്ങളെ കണ്ടില്ലെന്നു നടിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ഇത് യു പി യിൽ തിരിച്ചടിയാവുമെന്നുതന്നെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതീക്ഷിക്കുന്നത്. ഒറ്റയ്ക്കുള്ള എതിർപ്പുകളെ അതിജീവിക്കാൻ ബി ജെ പിക്ക് സാധിക്കും, എന്നാൽ സംഘടിത നീക്കത്തെ അതിജീവിക്കാൻ അവർക്ക് കഴിയുകയില്ല. ഇവിടെ രാമ രാജ്യമൊന്നുമല്ല സ്ഥാപിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതെന്ന് യു പിയിലെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ മോദിയുടെ തിരിച്ചടികൾത്ത് തുടക്കം യു പിയിൽ നിന്നാവാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതീക്ഷകൾ. എന്തായാലും ഏഴുവർഷങ്ങൾ കൊണ്ട് തകർന്ന നമ്മുടെ രാജ്യത്തെ എങ്ങിനെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നു മാത്രമാണ് നാം ആലോചിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here