ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ റെക്കോർഡിട്ട് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ (2015ൽ ഡൽഹി ക്യാപിറ്റൽസ് – അന്ന് ഡൽഹി ഡൽഹി ഡെയർഡെവിൾസ്) റെക്കോർഡ് തകർത്താണ് മോറിസിനെ രാജസ്ഥാൻ റാഞ്ചിയത്. പഞ്ചാബ് കിങ്സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാൻ മോറിസിനെ സ്വന്തമാക്കിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. മുംബൈ താരം ശിവം ദുബെയാണ് ഈ വർഷത്തെ താരലേലത്തിലെ ആദ്യ ഇന്ത്യൻ കോടിപതി. ആർസിബി റിലീസ് ചെയ്ത ദുബെയെ. 4.40 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

നേരത്തെ, മോശം പ്രകടനത്തെ തുടർന്ന് താരലേലത്തിനു മുന്നോടിയായി പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത മാക്സ്‍വെലിനെ 14.25 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് മാക്സ്‍വെലിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് മാക്സ്‍വെലിനെ സ്വന്തമാക്കിയത്. ഇംഗ്ലിഷ് ഓൾറൗണ്ടർ മോയിൻ അലിയെ 7 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസനെ 3.20 കോടിക്ക് കൊൽക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും ടീമിലെത്തിച്ചു. വൻ വില പ്രതീക്ഷിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലനെ 1.50 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. അതേസമയം, ഇംഗ്ലിഷ് താരങ്ങളായ ജേസൺ റോയ്, അല‍ക്സ് ഹെയ്‍ൽസ്, ഇന്ത്യൻ താരം കരുൺ നായർ എന്നിവരെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങിയില്ല.

164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളിൽനിന്ന് 22 പേർക്കാണു ടീമുകളുടെ വിളിയെത്തുക. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേർന്ന് 139 താരങ്ങളെയാണ് നിലനിർത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ചെന്നൈയിൽ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ പഞ്ചാബ് കിങ്സാണ് ശ്രദ്ധാകേന്ദ്രം. ടീമുകൾക്ക് അനുവദിച്ച ആകെ ലേലത്തുകയുടെ (85 കോടി) 75 ശതമാനവും ചെലവിടണമെന്ന ബിസിസിഐ നിർദേശമാണു കിങ്സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലേലത്തിൽ 53. 2 കോടി രൂപയുടെ വമ്പൻ ബജറ്റുമായെത്തുന്ന കിങ്സിനു 9 താരങ്ങൾക്കായി 31.7 കോടി നിർബന്ധമായും ചെലവിടേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here