തിരുവനന്തപുരം : സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു. അത്‌ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്‌കാരത്തിന് അർഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും ഫലകവും  പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാസ്‌ക്കറ്റ് ബോൾ താരം പി.എസ് ജീന ജൂറിയുടെ പ്രത്യേക പരാമർശവും അംഗീകാരവും നേടി.
സ്‌പോർട്‌സ് കൗൺസിലിന്റെ 2019-ലെ സംസ്ഥാന കായിക അവാർഡുകളും പ്രഖ്യാപിച്ചു. ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ബോക്സിങ്ങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും  പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി വോളീബോൾ  പരിശീലകൻ വി അനിൽകുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിലെ സുജ മേരി ജോർജ്ജിനാണ് കോളേജ് തലത്തിൽ മികച്ച കായിക അധ്യാപികക്കുള്ള പുരസ്‌കാരം. മികച്ച കായിക നേട്ടം കൈവരിച്ച കോളേജായി കണ്ണൂരിലെ എസ് എൻ കോളേജിനെയും സ്‌കൂളായി പാലക്കാട് ജില്ലയിലെ മാത്തൂർ സി എഫ് ഡി എച്ച് എസിനെയും തെരെഞ്ഞെടുത്തു. കോളേജ് തലത്തിൽ മികച്ച സ്പോട്സ് ഹോസ്റ്റൽ താരങ്ങളായി പി എസ് അനിരുദ്ധനും പി ഒ സയനയും തെരെഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്പോട്സ്  ജേണലിസ്റ്റായി അച്ചടിമാധ്യമത്തിൽ നിന്ന് മാതൃഭൂമിയിലെ സിറാജ് കാസിമും ദൃശ്യമാധ്യമത്തിൽ നിന്ന് മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും അർഹരായി. ദേശാഭിമാനിയിലെ കെ എസ് പ്രവീൺകുമാറാണ് മികച്ച ഫോട്ടോഗ്രാഫർ. സ്പോട്സ് പുസ്തകമായി പ്രകാശ് താമരക്കാട്ട് രചിച്ച ”കായികരംഗത്തെ പ്രതിഭകളുടെ ജീവിത കഥകൾ” അർഹതനേടി.

LEAVE A REPLY

Please enter your comment!
Please enter your name here