അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന പകൽ–രാത്രി മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 98 റൺസിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. നാലു വിക്കറ്റെടുത്ത സ്പിന്നർ അക്സർ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആധിപത്യം സമ്മാനിച്ചത്. 37.3 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്രീസിൽ ബെൻ ഫോക്സ് (മൂന്ന്), സ്റ്റുവാർട്ട് ബ്രോഡ് (0) എന്നിവർ. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച ഇരു ടീമുകളും നിലവിൽ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.

ഇംഗ്ലിഷ് നിരയിൽ ഇതുവരെ തിളങ്ങിയത് കരിയറിലെ നാലാം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളി മാത്രം. 84 പന്തുകൾ നേരിട്ട ക്രൗളി 10 ഫോറുകൾ സഹിതം 53 റൺസെടുത്തു. ക്രൗളിക്കു പുറമെ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ജോ റൂട്ട് (37 പന്തിൽ 17), ജോഫ്ര ആർച്ചർ (18 പന്തിൽ 11) എന്നിവർ മാത്രം. ഓപ്പണർ ഡൊമിനിക് സിബ്‍ലി (ഏഴു പന്തിൽ 0), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ആറ്), ഒലീ പോപ്പ് (ഒന്ന്), ജാക്ക് ലീച്ച് (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ഇതുവരെ 16 ഓവറുകൾ ബോൾ ചെയ്ത അക്സർ പട്ടേൽ, 35 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ 12 ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു ഇഷാന്ത് ശർമ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴത്തി.

ഏഴു പന്തു മാത്രം നേരിട്ട സിബ്‍ലിയെയാണ് കരിയറിലെ 100–ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ പുറത്താക്കിയത്. രോഹിത് ശർമ ക്യാച്ചെടുത്തു. പരമ്പരയിൽ ആദ്യമായി കളത്തിലിറങ്ങിയ ജോണി ബെയർസ്റ്റോ ആകട്ടെ, അക്സർ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചു. പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ബെയർസ്റ്റോ മടങ്ങിയത്. ഇതോടെ രണ്ടിന് 27 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഓപ്പണർ സാക് ക്രൗളിക്കൊപ്പം ക്യാപ്റ്റൻ ജോ റൂട്ട് രക്ഷപ്പെടുത്തുമെന്നാണ് കരുതിയത്. ക്ഷമയോടെ ക്രീസിൽനിന്ന ഇരുവരും ‌സ്കോർബോർഡിലേക്ക് റണ്ണൊഴുക്കിയെങ്കിലും അത് അധികം നീണ്ടില്ല. സ്കോർ 74ൽ നിൽക്കെ റൂട്ടിനെ എൽബിയിൽ കുരുക്കി രവിചന്ദ്രൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തിൽ രണ്ട് ഫോറുകൾ സഹിതം 17 റൺസെടുത്ത റൂട്ടിനെ അശ്വിൻ എൽബിയിൽ കുരുക്കി.

ടീമിലേക്കുള്ള തിരിച്ചുവരവിൽ കരിയറിലെ നാലാം അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളിയുടെ ഊഴമായിരുന്നു അടുത്തത്. അക്സർ പട്ടേലിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട ക്രൗളി, എൽബിയിൽ കുരുങ്ങി. 84 പന്തിൽ 10 ഫോറുകൾ സഹിതം 53 റൺസെടുത്താണ് ക്രൗളി മടങ്ങിയത്. സ്കോർ 81ൽ നിൽക്കെ ഒലീ പോപ്പിനെ (12 പന്തിൽ ഒന്ന്) അശ്വിൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ, ബെൻ സ്റ്റോക്സിനെ (24 പന്തിൽ ആറ്) അക്സർ പട്ടേൽ എൽബിയിൽ കുരുക്കി. പിന്നാലെ രണ്ട് ഫോറുകൾ സഹിതം തിരിച്ചടിക്കാനൊരുങ്ങിയ ആർച്ചറിനെയും അക്സർ പട്ടേൽ ക്ലീൻ ബോൾ ചെയ്തു. ജാക്ക് ലീച്ചിന്റെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ മൂന്നു റൺസെടുത്ത ലീച്ചിനെ അശ്വിൻ പൂജാരയുടെ കൈകളിലെത്തിക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർ 98 റൺസ് മാത്രം.

രണ്ടാം ടെസ്റ്റിൽ ദയനീയമായി തോറ്റ ടീമിൽ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓപ്പണിങ് നിരയിൽ അഴിച്ചുപണി നടത്തിയ ഇംഗ്ലണ്ട് റോറി ബേൺസിനു പകരം സാക് ക്രൗളിയെ കളത്തിലിറക്കി. ഇതുൾപ്പെടെ നാലു മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീമിൽ വരുത്തിയത്. ബേൺസിനു പുറമെ ലോറൻസ്, സ്റ്റോൺ, മോയിൻ അലി എന്നിവർ പുറത്തിരുന്നപ്പോൾ ജയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, ജോഫ്ര ആർച്ചർ, സാക് ക്രൗളി എന്നിവർ ടീമിലെത്തി.

ണ്ടാം ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറും മുഹമ്മദ് സിറാജിനു പകരം ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് പിങ്ക് ബോളിൽ കണ്ണുനട്ട് മൂന്ന് പേസർമാരെ കളത്തിലിറക്കിയപ്പോൾ കൂട്ടിനുള്ളത് ഒരേയൊരു സ്പിന്നർ മാത്രം. ഇന്ത്യയാകട്ടെ, പരമ്പരാഗത രീതിയിൽ നാട്ടിൽ രണ്ടു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here