ചെന്നൈ: കടലാസിലെ ബാറ്റിങ് കരുത്ത് കളത്തിൽ പുറത്തെടുക്കാനാകാതെ ഉഴറിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 150 റൺസ് വിജയലക്ഷ്യം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരിക്കൽക്കൂടി ബോളർമാർ ആധിപത്യം പുലർത്തിയപ്പോൾ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. ചെന്നൈയിലെ പിച്ചിൽ തന്ത്രപരമായ ബോളിങ് മാറ്റങ്ങളിലൂടെയാണ് സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ ബാംഗ്ലൂരിനെ താരതമ്യേന ചെറിയ സ്കോറിൽ തളച്ചത്.

നാലാമനായി ഇറങ്ങി ‘സാവകാശം’ അർധസെഞ്ചുറി കുറിച്ച ഗ്ലെൻ മാക്സ്‌വെലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. 41 പന്തുകൾ നേരിട്ട മാക്സ്‌വെൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായി ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി. ഒരിക്കൽക്കൂടി ഓപ്പണറായെത്തിയ ക്യാപ്റ്റൻ വിരാട് കോലി 29 പന്തിൽ നാലു ഫോറുകൾ സഹിതം 33 റൺസെടുത്ത് പുറത്തായി. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയും കോലി 29 പന്തിൽ 33 റൺസെടുത്ത് പുറത്തായിരുന്നു.

മൂന്നാം വിക്കറ്റിൽ വിരാട് കോലിയും മാക്സ്‌വെലും ചേർന്ന് 38 പന്തിൽ കൂട്ടിച്ചേർത്ത 44 റൺസാണ് ബാംഗ്ലൂർ നിരയിലെ മികച്ച കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ വിരാട് കോലി – ഷഹബാസ് അഹമ്മദ് സഖ്യം കൂട്ടിച്ചേർത്ത 28 റൺസാണ് രണ്ടാമതെന്നത് ബാംഗ്ലൂർ ബാറ്റിങ്ങിന്റെ ദൈന്യത വെളിവാക്കുന്നു.

ഏറെ പ്രതീക്ഷ വച്ചിരുന്ന ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ഉൾപ്പെടെയുള്ളവർ ക്ലിക്കാകാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. ഡിവില്ലിയേഴ്സ് അഞ്ച് പന്തു നേരിട്ട് ഒരു റൺ മാത്രം നേടി പുറത്തായി. ദേവ്ദത്ത് പടിക്കൽ (13 പന്തിൽ 11), ഷഹബാസ് അഹമ്മദ് (10 പന്തിൽ 14), എബി ഡിവില്ലിയേഴ്സ് (അഞ്ച് പന്തിൽ ഒന്ന്), വാഷിങ്ടൻ സുന്ദർ (11 പന്തിൽ എട്ട്), ഡാനിയൽ ക്രിസ്റ്റ്യൻ (രണ്ട് പന്തിൽ ഒന്ന്), കൈൽ ജാമിസൻ (ഒൻപത് പന്തിൽ 12) എന്നിവരെല്ലാം നിരാശപ്പെടുത്തി.

സൺറൈസേഴ്സിനായി ജേസൺ ഹോൾഡർ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ റാഷിദ് ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. നടരാജൻ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഷഹബാസ് നദീം നാല് ഓവറിൽ 36 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here